Image

നികുതിയായി റോംനി നല്‍കിയത് 6.2 മില്യണ്‍ ഡോളര്‍; ഓസ്കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു; റോംനിയെക്കുറിച്ചുള്ള മതിപ്പ് കുറയുന്നുവെന്ന് സര്‍വെ

Published on 24 January, 2012
നികുതിയായി റോംനി നല്‍കിയത് 6.2 മില്യണ്‍ ഡോളര്‍; ഓസ്കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു; റോംനിയെക്കുറിച്ചുള്ള മതിപ്പ് കുറയുന്നുവെന്ന് സര്‍വെ
വാഷിംഗ്ടണ്‍: ഒടുവില്‍ മിറ്റ് റോംനി നികുതിവിവരങ്ങള്‍ പരസ്യപ്പെടുത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ ആകെ വരുമാനമായ 42.5 മില്യണ്‍ ഡോളറില്‍ 6.2 മില്യണ്‍ ഡോളര്‍ നികുതായായി നല്‍കിയെന്ന് റോംനി വ്യക്തമാക്കി. 2010ല്‍ ആകെ വരുമാനത്തിന്റെ 13.9 ശതമാനമാണ് നികുതിയായി നല്‍കിയത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തിന്റെ 15.4 ശതമാനം നികുതിയായി നല്‍കും.

പ്രൈമറി തെരഞ്ഞെടുപ്പുകളില്‍ മുന്‍ മാസാച്യുസെറ്റ്‌സ് ഗവര്‍ണറും വ്യവസായ പ്രമുഖനുമായ റോംനിയുടെ വരുമാനവും നികുതി നല്‍കുന്നതിലെ പിശുക്കും എതിരാളികള്‍ പ്രചാരണ വിഷയമാക്കിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ റോംനിയ്ക്ക് ശത്കമായ വെല്ലുവിളി ഉയര്‍ത്തുന്ന ഗിന്‍ഗ്രിച്ച് കഴിഞ്ഞ ആഴ്ച നികുതിവിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. തന്റെ ആകെ വരുമാനത്തിന്റെ 31 ശതമാനം നികുതിയായി നല്‍കിയെന്ന് ഗന്‍ഗ്രിച്ച് വ്യക്തമാക്കിയിരുന്നു. വരുമാനത്തിന്റെ 35 ശതമാനംവരെ നികുതിയായി നല്‍കണമെന്നിരിക്കെ ധനികനായ റോംനി 15 ശതമാനം മാത്രം നികുതി നല്‍കിയതും എതിരാളികള്‍ പ്രചാരണ ആയുധമാക്കാനിടയുണ്ട്. എന്നാല്‍ നിയമപരമായി നല്‍കേണ്ട നികുതി നല്‍കിയിട്ടുണ്‌ടെന്നും ഒരു ഡോളര്‍ പോലും അധികമായി നല്‍കിയിട്ടില്ലെന്നും നികുതി വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് റോംനി പറഞ്ഞു.

ഓസ്കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

ബെവര്‍ലി ഹില്‍സ്: ഈ വര്‍ഷത്തെ ഓസ്കര്‍ പുരസ്കാരത്തിനുള്ള അന്തിമ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. മാര്‍ട്ടിന്‍ സ്‌കോര്‍സെയുടെ "ഹുഗോ' മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നിവയടക്കം 11 നോമിനേഷനുകള്‍ നേടി മുന്നിലെത്തി. 10 നോമിനേഷനുകള്‍ നേടിയ "ദ് ആര്‍ട്ടിസ്റ്റ്' രണ്ടാം സ്ഥാനത്തുണ്ട്.

ഇവയ്ക്കു പുറമെ ദ് ഡിസെന്‍ഡന്റ്‌സ്, എക്‌സ്ട്രീമിലി ലൗഡ് ആന്‍ഡ് ഇക്രഡിബിലി ക്ലോസ്, ദ് ഹെല്‍പ്, മിഡ്‌നൈറ്റ് ഇന്‍ പാരീസ്, മണി ബോള്‍, ദ് ട്രീ ഓഫ് ലൈഫ്, വാര്‍ ഹോഴ്‌സ് എന്നീ ചിത്രങ്ങളും മികച്ച ചിത്രത്തിനുള്ള നോമിനേഷനുകള്‍ നേടി. എ ബെറ്റര്‍ ലൈഫിലെ അഭിനയത്തിന് ഡെമിയാന്‍ ബെക്കിര്‍, ഡിസെന്‍ഡന്റ്‌സിലെ അഭിനയത്തിന് ജോര്‍ജ് ക്ലൂണി, ദ് ആര്‍ട്ടിസ്റ്റിലെ അഭിനയത്തിന് ജീന്‍ ഡുജാര്‍ഡിന്‍, മണി ബോളിലെ അഭിനയത്തിന് ബ്രാഡ് പിറ്റ്, ടിങ്കര്‍ ടെയ്‌ലര്‍ സോളിജ്യര്‍ സ്‌പൈയിലെ അഭിനയത്തിന് ഗാരി ഓള്‍ഡ്മാന്‍ എന്നിവര്‍ മികച്ച നടനുള്ള നോമിനേഷന്‍ നേടി.

ആല്‍ബര്‍ട്ട് നോബ്‌സിലെ അഭിനയത്തിന് ഗ്ലെന്‍ ക്ലോസ്, ദ് ഹെല്‍പിലെ അഭിനയത്തിന് വയോള ഡേവിസ്, ദ് ഗോള്‍ വിത്ത് ദ ഡ്രാഗണ്‍ ടാറ്റുവിലെ അഭിനയത്തിന് റൂണി മാറ, അയണ്‍ ലേഡിയിലെ അഭിനയത്തിന് മെറില്‍ സ്ട്രീപ്, മൈ വീക്ക് വിത്ത് മാര്‍ ലിനിലെ അഭിനയത്തിന് മിഷേല്‍ വില്യംസ് എന്നിവര്‍ മികച്ച നടിക്കുള്ള നോമിനേഷനുകള്‍ നേടി. മാര്‍ട്ടിന്‍ സ്‌കോര്‍സെയ്ക്കു പുറമെ ആര്‍ട്ടിസ്റ്റിന്റെ സംവിധായകന്‍ മൈക്കല്‍ ഹസ്‌നാവിഷ്യസ്, ഡിസെന്‍ഡന്റിന്റെ സംവിധായകന്‍ അലക്‌സാണ്ടര്‍ പെയ്ന്‍, മിഡ്‌നൈറ്റ് ഇന്‍ പാരീസിന്റെ സംവിധായകന്‍ വൂഡി അലന്‍, ദ് ട്രീ ഓഫ് ലൈഫിന്റെ സംവിധായകന്‍ ടെറന്‍സ് മാലിക് എന്നിവര്‍ മികച്ച സംവിധായകര്‍ക്കുള്ള നോമിനേഷന്‍ നേടി.ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തില്‍ മലയാളി സംഗീത സംവിധായകന്‍ ഒസേപ്പച്ചന്‍ പരിഗണിക്കപ്പെട്ടില്ല. ഫെബ്രുവരി 26ന് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും.

റോംനിയെക്കുറിച്ചുള്ള മതിപ്പ് കുറയുന്നുവെന്ന് സര്‍വെ

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ നിശ്ചിക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുന്നതിന് പിന്നാലെ മിറ്റ് റോംനിയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. മിറ്റ് റോംനിയെക്കുറിച്ചുള്ള ജനങ്ങളുടെ മതിപ്പ് കുറയുകയാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്-എബിസി ന്യൂസ് പോള്‍ സര്‍വെ വ്യക്തമാക്കുന്നു. സ്വതന്ത്രവോട്ടര്‍മാരില്‍ റോംനിയെക്കുറിച്ച് മതിപ്പുകുറഞ്ഞവരുടെ എണ്ണം 50 ശതമാനത്തിലധികമായതായി സര്‍വെ പറയുന്നു. അതേസമയം റോംനിയുടെ എതിരാളിയായ ന്യൂട്ട് ഗിന്‍ഗ്രിച്ചിനെക്കുറിച്ചുള്ള മതിപ്പ് 55 ശതമാനമായി ഉയര്‍ന്നതായും സര്‍വെ വ്യക്തമാക്കുന്നു. ജനുവരി ആദ്യം നടത്തിയ സര്‍വെയില്‍ നിന്ന് വ്യത്യസ്തമായി മിറ്റ് റോംനിയെക്കുറിച്ച് മതിപ്പില്ലാത്തവരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

പൗരത്വ കേസില്‍ ഒബാമ ഹാജരവാണമെന്ന് ജോര്‍ജിയ കോടതി

വാഷിംഗ്ടണ്‍: പൗരത്വ കേസില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയോട് നേരിട്ട് ഹാജരാവാന്‍ ജോര്‍ജിയ കോടതി ഉത്തരവിട്ടു. ഒബാമ യുഎസില്‍ അല്ല ജനിച്ചതെന്നും യുഎസില്‍ ജനിച്ച ഒരാള്‍ക്ക് മാത്രമെ പ്രസിഡന്റ് പദം അലങ്കരിക്കാനാകൂ എന്ന വാദവുമായി "ബര്‍ത്തര്‍ മൂവ്‌മെന്റ്' അംഗമായ ജോര്‍ജിയ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജോര്‍ജിയ ഡെപ്യൂട്ടി ചീഫ് ജഡ്ജി മൈക്കല്‍ മാലിഹിയുടെ ഉത്തരവ്. പ്രസിഡന്റിനോട് കോടതിയില്‍ ഹാജരാവുന്നതിന് ഉത്തരവിടാന്‍ ജില്ലാ കോടതിക്ക് അധികാരമുണ്‌ടോ എന്ന കാര്യം ഇനിയും വ്യക്തമല്ല. അതേസമയം പ്രസിഡന്റ് കോടതിയില്‍ ഹാജരാക്കുന്നത് ഒഴിവാക്കാന്‍ നിയമവിദഗ്ധര്‍ നടപടി സ്വീകരിക്കുമെന്നാണ് സൂചന.

വിവാദ പരാമര്‍ശം: യുഎസ് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു

ന്യൂഡല്‍ഹി: അമൃത്‌സറിലെ സുവര്‍ണക്ഷേത്രത്തെക്കുറിച്ച് പ്രമുഖ യുഎസ് ടെലിവിഷന്‍ അവതാരകന്‍ ജെയ് ലെനോ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ ശക്തമായി പ്രതിഷേധം അറിയിച്ചു. യുഎസ് സ്ഥാനപതി റോബര്‍ട്ട് ബ്ലേക്കിനെ വിളിച്ചുവരുത്തിയാണ് വിദേശകാര്യവകുപ്പ് പ്രതിഷേധം അറിയിച്ചത്. സിഖ് വികാരം വൃണപ്പെടുത്തുന്നതാണ് ജെയ് ലെനോയുടെ പ്രസ്താവനയെന്ന് ഇന്ത്യ അറിയിച്ചു. അതേസമയം ലെനോയുടെ പ്രസ്താവനയെ യുഎസ് ന്യായീകരിച്ചു. സിഖ് സമൂഹത്തിന്റെ സംഭാവനകളെ ഉയര്‍ത്തിക്കാട്ടുന്ന രീതിയിലാണ് ജെയ് ലെനോ സംസാരിച്ചതെന്നും അങ്ങനെ പറയാന്‍ ഭരണാഘടനാപരമായി അദ്ദേഹത്തിന് അവകാശമുണ്‌ടെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വിക്‌ടോറിയ നൂലാന്‍ഡ് പറഞ്ഞു. സിഖ് വംശജരുള്‍പ്പെടെയുള്ള ഇന്ത്യാക്കാരോട് യുഎസിന് ബഹുമാനമാണുള്ളതെന്നും നൂലാന്‍ഡ്‌സ് പറഞ്ഞു. ഗുരു നാനാക് ദിനാഘോഷത്തില്‍ പങ്കെടുത്ത ആദ്യ പ്രസിഡന്റാണ് ഒബാമയെന്നും നൂലാന്‍ഡ്‌സ് പറഞ്ഞു.

എന്‍ബിസി ചാനലിലെ ജനപ്രിയ പരിപാടിയായ "ദ ടുനൈറ്റ് ഷോ'യ്ക്കിടെ ലെനോ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. സിഖുകാരുടെ മുഖ്യ ആരാധനാലയമായ സുവര്‍ണ ക്ഷേത്രത്തിന്റെ ചിത്രം കാണിച്ച്, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി മല്‍സരിക്കുന്ന മിറ്റ് റോംനിയുടെ വേനല്‍ക്കാല വസതിയാണോ ഇതെന്നു തമാശ പറഞ്ഞതാണ് ഇന്ത്യയുടെ പ്രതിഷേധത്തിനിടയാക്കിയത്. ജെയ് ലെനോയുടെ പരാമര്‍ശത്തില്‍ ഇന്ത്യ നേരത്തെ തന്നെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോള്‍ യുഎസില്‍ സന്ദര്‍ശനം നടത്തുന്ന പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയാണ് ഇന്ത്യയുടെ എതിര്‍പ്പ് വ്യക്തമാക്കിയത്. ഇക്കാര്യം യുഎസ് വിദേശകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇവിടത്തെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമാ റാവുവിന് വയലാര്‍ രവി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ജനുവരി 19ന് സംപ്രേഷണം ചെയ്ത പരിപാടിക്കിടെയാണ് ലെനോ വിവാദ പരാമര്‍ശം നടത്തിയത്. ഇതേത്തുടര്‍ന്ന് അമേരിക്കയിലെ സിഖ് വംശജര്‍ പരാതി നല്‍കിയിരുന്നു.

മെഗാ അപ്‌ലോഡ് സ്ഥാപകനു ജാമ്യമില്ല

ഓക്ക്‌ലന്‍ഡ്: ഇന്റര്‍നെറ്റിലെ പ്രമുഖ ഫയല്‍ പങ്കിടല്‍ വെബ്‌സൈറ്റുകളിലൊന്നായ "മെഗാഅപ്‌ലോഡി ' ന്റെ സ്ഥാപകന്‍ കിം ഡോട്ട്‌കോം എന്ന കിം ഷ്മിറ്റ്‌സിനു ന്യൂസീലന്‍ഡിലെ കോടതി ജാമ്യം നിഷേധിച്ചു. പകര്‍പ്പവകാശലംഘനത്തിലൂടെ കോടികള്‍ അനധികൃതമായി സമ്പാദിച്ചെന്ന കേസില്‍ അമേരിക്കയില്‍ അന്വേഷണം നേരിടുന്ന കിമ്മിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ന്യൂസീലന്‍ഡില്‍ അറസ്റ്റ് ചെയ്തത്. അമേരിക്കയുടെ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ അഭ്യര്‍ഥനപ്രകാരമായിരുന്നു ഇത്.

നിരപരാധിയാണെന്നും ജാമ്യം അനുവദിക്കണമെന്നും കിം തിങ്കളാഴ്ച കോടതിയില്‍ അപേക്ഷിച്ചു. എന്നാല്‍, ജാമ്യം നല്‍കിയാല്‍ ഇദ്ദേഹം രാജ്യം വിടാനിടയുണെ്ടന്നു പ്രോസിക്യൂട്ടര്‍ വാദിച്ചു. കേസിന്റെ സങ്കീര്‍ണത പരിഗണിച്ച് ഇപ്പോള്‍ ജാമ്യം അനുവദിക്കുന്നില്ലെന്നും ഇക്കാര്യം ബുധനാഴ്ച തീരുമാനിക്കാമെന്നും ജഡ്ജി പ്രസ്താവിച്ചു. ജര്‍മന്‍ പൗരനായ കിം 2010 മുതല്‍ ന്യൂസീലന്‍ഡിലാണ് താമസം. കിമ്മിനെ അമേരിക്കയ്ക്കു വിട്ടുകിട്ടണമെന്ന് എഫ്ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റര്‍നെറ്റിലെ പകര്‍പ്പവകാശലംഘനം നിയന്ത്രിക്കുന്നതിന് അമേരിക്ക നടത്തുന്ന നിയമനിര്‍മാണശ്രമം ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണ് കിമ്മിനെതിരായ എഫ്. ബി.ഐ. നീക്കം എന്നത് ശ്രദ്ധേയമാണ്. നിര്‍ദിഷ്ട നിയമനിര്‍മാണത്തിനെതിരെ അമേരിക്കയിലെ ഇന്‍ര്‍നെറ്റ് കമ്പനികള്‍ സമരപാതയിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക