Image

കമ്പനിയില്‍ നിന്ന്‌ മലയാളി ലക്ഷക്കണക്കിന്‌ ദിര്‍ഹവുമായി മുങ്ങിയതായി പരാതി

Published on 24 January, 2012
കമ്പനിയില്‍ നിന്ന്‌ മലയാളി ലക്ഷക്കണക്കിന്‌ ദിര്‍ഹവുമായി മുങ്ങിയതായി പരാതി
അബൂദബി: കാറ്ററിങ്‌ കമ്പനിയില്‍നിന്ന്‌ ലക്ഷക്കണക്കിന്‌ ദിര്‍ഹം തട്ടിയെടുത്ത്‌ മലയാളി യുവാവ്‌ മുങ്ങി. ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാളുടെ സഹോദരങ്ങളും മുങ്ങിയെന്ന്‌ കമ്പനി അധികൃതര്‍ പറയുന്നു.

അബൂദബിയിലെ കിഫാ കാറ്ററിങ്‌ സര്‍വീസസില്‍ മാനേജരായിരുന്ന ചാവക്കാട്‌ കടപ്പുറം സ്വദേശി സുബൈര്‍ (44)നെതിരെയാണ്‌ പരാതി. പാസ്‌പോര്‍ട്ടില്‍ ഇയാളുടെ പേര്‌ `ദുബൈര്‍' റംലാന്‍ അബ്ദുറഹ്മാന്‍ എന്നാണ്‌. നേരത്തെ ഇയാള്‍ക്കെതിരെ കമ്പനി അച്ചടക്ക നടപടിയെടുക്കുകയും മാനേജര്‍ സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്‌തതായി പത്രപരസ്യം നല്‍കുകയും ചെയ്‌തിരുന്നു. അറസ്റ്റിലായ സുബൈര്‍, പാസ്‌പോര്‍ട്ട്‌ ജാമ്യം വെച്ച്‌ പുറത്തിറങ്ങിയ ശേഷം വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യം വിടുകയായിരുന്നു. ഇവിടെ ജോലി ചെയ്‌തിരുന്ന ഇയാളുടെ സഹോദരന്‍മാരായ ഇല്യാസ്‌, സക്കരിയ എന്നിവര്‍ ഇപ്പോള്‍ ജോലിക്ക്‌ ഹാജരാകുന്നില്ല. പാസ്‌പോര്‍ട്ട്‌ കമ്പനിയിലുണ്ടെങ്കിലും ഇവരും രാജ്യം വിട്ടതായാണ്‌ സൂചന.

ഏതാണ്ട്‌ നാലു വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്‌തുവന്ന സുബൈറിന്‌ ചെക്ക്‌ ഒപ്പിടാന്‍ സ്വദേശിയായ ഉടമ അധികാരം നല്‍കിയിരുന്നു. ഇതിന്‍െറ മറവിലാണ്‌ തട്ടിപ്പ്‌ നടന്നത്‌. 40 ലക്ഷം ദിര്‍ഹമിന്‍െറ ക്രമക്കേട്‌ നടത്തിയതിന്‌ പുറമെ കമ്പനിക്ക്‌ 20 ലക്ഷത്തിന്‍െറ കടബാധ്യതയും വരുത്തിയെന്ന്‌ ജനറല്‍ മാനേജര്‍ ഉമ്മര്‍ അബ്ദുല്ല പറഞ്ഞു.

വിവിധ സ്ഥാപനങ്ങള്‍ക്ക്‌ നല്‍കാനുള്ള പണം പലപ്പോഴും ഉടമയില്‍നിന്ന്‌ വാങ്ങിയ സുബൈര്‍, ഇതില്‍ കുറച്ചു മാത്രം അവര്‍ക്ക്‌ നല്‍കിയ ശേഷം ബാക്കി പണത്തിന്‌ തന്‍െറ വ്യക്തിഗത ചെക്ക്‌ നല്‍കുകയാണ്‌ ചെയ്‌തത്‌. അതേസമയം, ഈ അക്കൗണ്ടില്‍ വേണ്ടത്ര പണമുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ്‌ കമ്പനിക്ക്‌ കടബാധ്യതയുണ്ടായത്‌. ഉടമയുടെ പേരിലുള്ള ചെക്ക്‌ വന്‍ തോതില്‍ ദുരുപയോഗപ്പെടുത്തി. മൂന്നു മാസത്തിനിടെ 350 ചെക്ക്‌ നല്‍കിയതോടെ ബാങ്ക്‌ അധികൃതര്‍ കമ്പനിയുമായി ബന്ധപ്പെട്ടതോടെയാണ്‌ തട്ടിപ്പ്‌ പുറത്തായത്‌.

രണ്ടു ലക്ഷം ദിര്‍ഹമിന്‍െറ ചെക്ക്‌ ബാങ്കില്‍നിന്ന്‌ മടങ്ങിയതിനെ തുടര്‍ന്ന്‌ കിഫാ കാറ്ററിങിനെതിരെ ഒരു കമ്പനി കോടതിയെ സമീപിച്ചു. നോട്ടീസ്‌ ലഭിച്ചതിനെ തുടര്‍ന്ന്‌ സുബൈറിനെയും കൂട്ടി കിഫാ കാറ്ററിങ്‌ ഉടമ കോടതിയില്‍ ഹാജരായി. കുറ്റം സമ്മതിച്ച സുബൈറിനെ പിന്നീട്‌ അറസ്റ്റ്‌ ചെയ്‌തു. ആദ്യം 50,000 ദിര്‍ഹമും ബാക്കി പണം ഘട്ടം ഘട്ടമായും നല്‍കാമെന്ന്‌ സുബൈര്‍ കോടതിയില്‍ സമ്മതിച്ചത്രെ. മാത്രമല്ല, പാസ്‌പോര്‍ട്ട്‌ ജാമ്യം വെച്ച്‌ പുറത്തിറങ്ങുകയും ചെയ്‌തു.

ഇതിനിടയില്‍ സാമ്പത്തിക ക്രമക്കേടിന്‍െറ പേരില്‍ സുബൈറിനെ മാനേജര്‍ സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്‌തതായി കമ്പനി വക പത്രപരസ്യമുണ്ടായി. ജാമ്യത്തിലിറങ്ങിയ സുബൈര്‍ പിന്നീട്‌ വിചാരണ തിയതികളില്‍ കോടതിയില്‍ ഹാജരായില്ല. വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യം വിട്ടതായി അന്വേഷണത്തില്‍ മനസ്സിലായെന്ന്‌ സ്‌പോണ്‍സര്‍ കോടതിയെ അറിയിച്ചു. പല തവണ സുബൈര്‍ ഹാജരാകാത്തതിനാല്‍ കോടതി, വിധി പ്രസ്‌താവിക്കുകയും ചെയ്‌തു. പരാതി നല്‍കിയ കമ്പനിക്ക്‌ രണ്ടു ലക്ഷം ദിര്‍ഹം നല്‍കുന്നതിന്‌ പുറമെ കോടതിയില്‍ ഹാജരാകാത്തതിന്‌ തടവു ശിക്ഷയും വിധിച്ചു.

കേസ്‌ നടപടികള്‍ തുടരുന്നതിനിടയിലാണ്‌ സുബൈറിന്‍െറ സഹോദരന്‍മാരായ ഇല്യാസ്‌, സകരിയ എന്നിവരും മുങ്ങിയത്‌. എന്നാല്‍, ഇവരുടെ യഥാര്‍ഥ പാസ്‌പോര്‍ട്ട്‌ ഇപ്പോഴും കമ്പനിയിലുണ്ടത്രെ. അതിനിടെ, കമ്പനി ഉടമക്കും ജീവനക്കാരനായ ഉമ്മറിനും നാട്ടില്‍നിന്ന്‌ ഭീഷണി സന്ദേശവും ഫോണ്‍ കോളുകളുമുണ്ടായത്‌ സംബന്ധിച്ച്‌ കേരള പൊലീസിന്‌ രണ്ടു തവണ പരാതി നല്‍കിയിരുന്നു. ഫോണ്‍ നമ്പറുകള്‍ സഹിതമാണ്‌ പരാതി നല്‍കിയത്‌. സുബൈറിനെ പിടികൂടാന്‍ ഇന്‍റര്‍പോളിന്‍െറ സഹായം തേടാനുള്ള ശ്രമത്തിലാണ്‌ കമ്പനി അധികൃതര്‍.
കമ്പനിയില്‍ നിന്ന്‌ മലയാളി ലക്ഷക്കണക്കിന്‌ ദിര്‍ഹവുമായി മുങ്ങിയതായി പരാതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക