Image

വിധി അനുവദിച്ചില്ല; ജര്‍മനിയില്‍ ഹൃദയ ശസ്‌ത്രക്രിയ ചെയ്യാനിരുന്ന ആനക്കുട്ടി വിടവാങ്ങി

ജോസ്‌ കുമ്പിളുവേലില്‍ Published on 24 January, 2012
വിധി അനുവദിച്ചില്ല; ജര്‍മനിയില്‍ ഹൃദയ ശസ്‌ത്രക്രിയ ചെയ്യാനിരുന്ന ആനക്കുട്ടി വിടവാങ്ങി
മ്യൂണിച്ച്‌: ജര്‍മനിയില്‍ ഹൃദയ ശസ്‌ത്രക്രിയ നടത്താനിരുന്ന ആനക്കുട്ടി ചെരിഞ്ഞു. മ്യൂണിച്ചിലെ ഗ്രോസ്‌ ഹാഡേണ്‍ ആശുപത്രിയിലാണ്‌ ഇതു നടത്താനിരുന്നത്‌. ശനിയാഴ്‌ചയാണ്‌ ആനക്കുട്ടി ചെരിഞ്ഞത്‌. പള്‍മൊണറി എംബൊലി മൂലമാണ്‌ മരണം സംഭവിച്ചത്‌. സിടി സ്‌കാന്‍ നടത്തി ശസ്‌ത്രക്രിയ്‌ക്ക്‌ വിധേയമാക്കാന്‍ എല്ലാം സജീകരിച്ചിരുന്ന നേരത്താണ്‌ മരണപ്പെട്ടത്‌.

മ്യൂണിക്കിലെ ഹെല്ലാബ്രോണ്‍ മൃഗശാലയിലെ ലോല എന്നു പേരുള്ള ആനക്കുട്ടി ശസ്‌ത്രക്രിയ ചെയ്‌തില്ലെങ്കില്‍ ആഴ്‌ചകള്‍ക്കുള്ളില്‍ ചരിയുമെന്നായിരുന്നു കണ്‌ടെത്തല്‍. മൂന്നു മാസം മാത്രമായിരുന്നു ഇതിന്റെ പ്രായം. വെള്ളം മാത്രം കുടിച്ചിരുന്ന ആനക്കുട്ടി പിന്നീട്‌ അമ്മയില്‍ നിന്ന്‌ പിഴിഞ്ഞെടുത്ത പാല്‍ കുടിച്ചു തുടങ്ങിയിരുന്നു.

ആദ്യം രോഗലക്ഷണങ്ങള്‍ കണ്‌ടപ്പോള്‍ നീര്‍ദോഷമായിരിക്കുമെന്നാണ്‌ അധികൃതര്‍ കരുതിയത്‌. എന്നാല്‍, പിന്നീട്‌ ശ്വാസതടസവും കാണപ്പെട്ടു. ഇതെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ ഹൃദയത്തിനു തകരാറ്‌ കണ്‌ടെത്തിയത്‌. ഹൃദയത്തില്‍ രക്തം കട്ടപിടിയ്‌ക്കുന്ന രോഗമാണ്‌ ഈ ആനക്കുട്ടിയുടേത്‌.

ലോകത്തില്‍ ആദ്യമായി നടത്തുന്ന സര്‍ജറി കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ നടക്കേണ്‌ടിയിരുന്നത്‌. ഇതു കാണാന്‍ ലോകം കാത്തിരുന്നെങ്കിലും അതിനു മുമ്പേ മരണത്തിനു കീഴടങ്ങിയ ലോലയുടെ വേര്‍പാടിന്റെ ദുംഖത്തിലാണ്‌ മൃഗശാല ഡയറക്‌ടര്‍ ആന്ത്രയാസ്‌ ക്‌നീയറിമും കൂട്ടരും.

കഴിഞ്ഞ 18 മാസത്തിനുള്ളില്‍ ഇത്‌ രണ്‌ടാമത്തെ ആനക്കുട്ടിയാണ്‌ ഈ കാഴ്‌ചബംഗ്‌ളാവില്‍ ചെരിയുന്നത്‌. 2010 ജൂണില്‍ ആറുമാസം പ്രായമുള്ള ഒരാനക്കുട്ടി ഇവിടെ ചെരിഞ്ഞിരുന്നു.
വിധി അനുവദിച്ചില്ല; ജര്‍മനിയില്‍ ഹൃദയ ശസ്‌ത്രക്രിയ ചെയ്യാനിരുന്ന ആനക്കുട്ടി വിടവാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക