Image

ഞാനല്ലാതെ! (ഗദ്യകവിത:­ മീനുഎലിസബത്ത്)

Published on 13 February, 2016
ഞാനല്ലാതെ! (ഗദ്യകവിത:­ മീനുഎലിസബത്ത്)
"ഞാന്‍ അല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത് പ്രിയാ'
അവള്‍ അവനില്‍ പൂര്‍വ്വാധികം പ്രസാദിച്ച ദിവസങ്ങളില്‍ ഒന്നില്‍ അരുള്‍ ചെയ്തു!!
നെറ്റിയിലേക്ക് വീഴാന്‍ തുടങ്ങിയ അവളുടെ കുഞ്ഞളകങ്ങള്‍ മാടി ഒതുക്കുമ്പോള്‍ അവന്‍ തലയാട്ടി സമ്മതിച്ചു.

"നീയല്ലാതെ ആരും ഇല്ല ദേവി..മഹാ മായേ..നീ തന്നെ ശരണം, നീ തന്നെ ശക്തി, നീ തന്നെ മോക്ഷം" 
അവള്‍ സംതൃപ്തിയോടെ ചിരിച്ചു, അവന്റെ കാണിക്കകള്‍ കൈ നീട്ടി സ്വീകരിച്ചു,
പാലിലും, പഴത്തിലും അവനവളെ അഭിഷേകം ചെയ്തു.
മഞ്ഞളും ചന്ദനവും ആവോളം പൂശി,...നിറുകയില്‍ കുങ്കുമം തൊടുവിച്ചു.
ചുവന്ന പട്ടും, ഉടയാടകളും 
ആടയാഭരണങ്ങളും അണിയിച്ചു.
അവളെ അവന്റെ ദേവിയായി വാഴിച്ചു.
ഈരേഴു പതിന്നാലു ലോകങ്ങളും അവളവനു കാണിച്ചു കൊടുത്തു.
അവളുടെ കാലടിയില്‍ അവന്‍ തെങ്ങിന്‍ പൂക്കുല പോലെ തുള്ളി വിറച്ചു.
'ദേവി ദേവി ദേവി..മഹാ
മായേ.... കൈ വിടരുതേ'
അവന്റെ നിലവിളി ഉച്ചസ്ഥായിയില്‍ അലയടിച്ചു.
പാര്‍വതിയുടെ ശാന്തമായ മുഖം അവന്‍ ദര്‍ശിച്ചു.
സുര്യപ്രഭ ചൊരിയുന്ന ആ മായികാവലയത്തില്‍ അവന്റെ മുഖം തെളിഞ്ഞു
അവന്റെ മടിത്തട്ട് അവള്‍ക്കായ്­ ഉഴിഞ്ഞു വെച്ചു.
അവര്‍ താണ്ഡവ
നൃത്തത്തിനു ചുവടുകള്‍ വെച്ചു.
അവന്റെ നെഞ്ചില്‍ ഒരു പഴന്തുണിക്കെട്ട് പോലെ കുഴഞ്ഞു വീഴുമ്പോള്‍ അവള്‍ മന്ത്രിച്ചതും
വീണ്ടും ഒരേ ഒരു കാര്യം മാത്രം."പ്രിയാ ഞാനല്ലാതെ,".....
അവനവളുടെ വായ്­ പൊത്തി, 
അധരപുടങ്ങളാവോളം നുകര്‍ന്നു.
"നീ മാത്രം ദേവി.പാര്‍വതി....നീ മാത്രം..നീയാനെനിക്കെല്ലാം, നീയാണ് മഹാ മയെ ലോകമാതാവ്
ഞാന്‍ നിന്റെ ഒരു ശിശു മാത്രം മാതെ..
നീയെനിക്കമ്മയും, താതനും, പ്രണയിനിയും, എല്ലാം എല്ലാം പ്രിയേ..

ആ തേനോലും വാക്കുകള്‍ അവളുടെ ഉള്ളില്‍ പിന്നെയും മധുര മഴ പെയ്യിച്ചു
അവള്‍ വീണ്ടും വീണ്ടും അവനില്‍ പ്രസാദിച്ചു.
ഐശ്വര്യ ലക്ഷ്മിയായ് വന്നവന് വരമാരുളി
താമരപൂവില്‍ പാദങ്ങള്‍ ഉറപ്പിച്ചു, മൂന്നു കൈകളിലും താമരപ്പൂക്കള്‍ പിടിച്ചു നില്‍ക്കവേ,
നാലാം കയ്യാല്‍ അവള്‍ അവനു 
സ്വര്‍ണനാണയങ്ങള്‍ വര്‍ഷിച്ചു.
താമരക്കൈകളാല്‍ ലക്ഷ്മി അവനെ പുണര്‍ന്നു.
അവളുടെ വിഷ്ണുവായ് അവന്‍ ഉയിര്‍ത്തപ്പെട്ടു.

പക്ഷെ, അവന്‍ ദേവന്‍ അല്ലല്ലോ, പാവം സാധാരണ പുരുഷന്‍. ഈ വേഷം കേട്ടാല്‍ അവനെ ശ്വാസം മുട്ടിച്ചിരുന്നിരിക്കണം.
അവനു അവരെ വേഗം മടുത്തു തുടങ്ങിയിരുന്നു.ദേവിയെയും .പാര്‍വതിയെയും ലക്ഷ്മിയെയും.!!
അവന്‍ ഒരു എട്ടുകാലിയെപ്പൊലെ വലകള്‍ നെയ്തു കൊണ്ടേയിരുന്നു.
ചെറു ശലഭങ്ങളെ വീഴ്ത്തിക്കൊണ്ടേയിരുന്നു ...

അവനു , അവളല്ലാതെ വേറെയും ഉപാസന മൂര്‍ത്തികള്‍ ഉണ്ടെന്നു മനസിലായപ്പോള്‍ ദേവി,
അവള്‍ ചന്ദ്രഹാസം ഇളക്കി. ഭൂമിയെ കീഴ്മേല്‍ മറിച്ചു. കൊടുംകാറ്റും പേമാരിയും പെയ്യിച്ചു.
ഇടിമ്മിന്നലായ് വന്നവനെ 
സംഹരിക്കാന്‍ ശ്രമം നടത്തി.
സംഹാരരൂപിണി അവനു നേരെ അട്ടഹസിച്ചു. അവള്‍ ദുര്‍ഗ്ഗയായിരുന്നു.

ഗര്‍ജ്ജിക്കു സിംഹത്തിന്റെ പുറത്തായിരുന്നു അവളുടെ വരവ്.
അവന്‍ ഒരു കാട്ടു പോത്തായി 
രൂപമെടുക്കുമ്പോഴേയ്ക്കും അവള്‍ അതിന്റെ തലയറഞ്ഞു, ചുടുരക്തം അവളുടെ മുഖം കൂടുതല്‍ തുടുപ്പിച്ചു.
അവനപ്പോള്‍ തീര്‍ച്ചയായും മഹിഷാസുരനാവാതെ താരമില്ലാതെ വന്നു. അവന്‍ അറിയാവുന്ന മൃഗങ്ങളുടെ എല്ലാം രൂപം എടുക്കുകയും
അവള്‍ അതിന്റെ തല നിഷ്ക്കരുണം അറുത്തു മാറ്റുകയും ചെയ്തു.
തന്റെ അനേകം കൈകകള്‍ കൊണ്ടവനെ വക വരുത്താന്‍ അവനു നേരെ ചീറിയടുത്തു.
അവന്റെ നെഞ്ച് പിളര്‍ന്നവളാ ഹൃദയം പറിച്ചെടുത്തു..
അവന്റെ 
ഹൃദയത്തോടൊട്ടിയിരിക്കുന്ന  അവളുടെ വിതുമ്പുന്ന ഹൃദയം വേദനയോടെ അടര്‍ത്തി മാറ്റി. 
അപ്പോളെല്ലാം അവള്‍ തന്റെ സ്ഥിര ഭാവമായ ശാന്തത നില നിര്‍ത്താന്‍ ശ്രമിച്ചു.
വീണ്ടും ദേവിയായി, പാര്‍വതിയായി, ലക്ഷമിയായി ...അമ്മയായി ദേവതയായി....മഹാമായയായി..

അവളപ്പോഴും കണ്ണുനീര്‍ പൊഴിച്ച് കൊണ്ടേ ഇരുന്നു...കാരണം ഉള്ളിന്റെ ഉള്ളില്‍ അവള്‍ വെറും ഒരു സ്ത്രീ മാത്രം ആയിരുന്നു. സ്‌നേഹിക്കുവാനും ലാളിക്കപ്പെടാനും ആഗ്രഹിച്ച ഒരു 
സാധാരണ സ്ത്രീ.

*********

2015 ലാനാ കണ്‍വന്‍ഷനില്‍ പുറത്തിറക്കിയ ലാനേയത്തില്‍ പ്രസിദ്ധീകരി­ച്ചത്.
ഞാനല്ലാതെ! (ഗദ്യകവിത:­ മീനുഎലിസബത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക