Image

ഒ.എന്‍.വി കുറുപ്പ് (84) അന്തരിച്ചു

Published on 13 February, 2016
ഒ.എന്‍.വി കുറുപ്പ് (84) അന്തരിച്ചു

തിരുവനന്തപുരം:   അറുപത് വര്‍ഷത്തിലേറെയായി മലയാള സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന ഒ.എന്‍.വി കുറുപ്പ് (84) അന്തരിച്ചു. 

ഒ.എന്‍.വേലുക്കുറുപ്പ് എന്ന ഒ.എന്‍.വി 1931 മെയ് 27ന് കൊല്ലം ജില്ലയിലെ ചവറയില്‍ ഒ.എന്‍. കൃഷ്ണക്കുറുപ്പിന്റേയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി ജനിച്ചു. പി.പി. സരോജിനിയാണ് ഭാര്യ. മക്കള്‍: രാജീവന്‍,ഡോ. മായാദേവി. 

ധനതത്വശാസ്ത്രത്തില്‍ ബി.എ.ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഒ.എന്‍.വി 1957 ലാണ് എറണാകുളം മഹാരാജാസ് കോളജില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്.  തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കോഴിക്കോട്, ഗവ. ബ്രണ്ണന്‍ കോളജ് തലശ്ശേരി, ഗവ. വിമന്‍സ് കോളജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ മലയാള വിഭാഗം തലവനായിരുന്നു. 

1986 മേയ് 31ന് വിരമിച്ചശേഷം ഒരു വര്‍ഷം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായി. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. 

ജ്ഞാനപീഠം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം,  വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്, ആദ്യത്തെ മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 

ചലച്ചിത്രഗാനരചനയ്ക്ക് 12 തവണ കേരള സംസ്ഥാന അവാര്‍ഡ് നേടി. ദേശീയ അവാര്‍ഡും (1989) പദ്മശ്രീയും ലഭിച്ചു (1998). കലാമണ്ഡലം ചെയര്‍മാന് ആയിരുന്നു. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നല്‍കി ആദരിച്ചു (1999). 

പൊരുതുന്ന സൗന്ദര്യം, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്നിശലഭങ്ങള്‍, ഉപ്പ്, ഭൂമിക്ക് ഒരു ചരമഗീതം, ശാര്‍ങ്ഗകപ്പക്ഷികള്‍, മൃഗയ, വെറുതെ, അപരാഹ്നം, ഉജ്ജയിനി, സ്വയംവരം, ഭൈരവന്റെ തുടി, ഈ പുരാതന കിന്നരം എന്നിവ മുഖ്യകൃതികള്‍. 

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1971 അഗ്‌നിശലഭങ്ങള്‍), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1975 അക്ഷരം), എഴുത്തച്ഛന്‍ പുരസ്‌കാരം (2007), ചങ്ങമ്പുഴ പുരസ്‌കാരം, സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു പുരസ്‌കാരം (1981 ഉപ്പ്), വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് (1982 ഉപ്പ്), വിശ്വദീപം അവാര്‍ഡ് (1986 ഭൂമിക്കൊരു ചരമഗീതം), ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭില്‍വാര അവാര്‍ഡ് (1989 മൃഗയ), മഹാകവി ഉള്ളൂര്‍ അവാര്‍ഡ് (ശാര്‍ങ്ഗക പക്ഷികള്‍), ഓടക്കുഴല്‍ പുരസ്‌കാരം (മൃഗയ), ആശാന്‍ പ്രൈസ് (1991 ശാര്‍ങ്ഗക പക്ഷികള്‍), ആശാന്‍ മെമ്മോറിയല്‍ അവാര്‍ഡ് (1993 അപരാഹ്നം), 2007ല്‍ സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം, തര്‍ജമകളിലൂടെയും ലേഖനങ്ങളിലൂടെയും റഷ്യന്‍ സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ക്ക് 2009ല്‍ യെസിനിന്‍ പുരസ്‌കാരം എന്നിവ ഒ.എന്‍.വിക്ക് ലഭിച്ചിട്ടുണ്ട്.

1973 (സ്വപ്നാടനം), 1976 (ആലിംഗനം), 1977 (മദനോത്സവം), 1979 (ഉള്‍ക്കടല്‍), 1980 (യാഗം, അമ്മയും മകളും), 1983 (ആദാമിന്റെ വാരിയെല്ല്), ഇത്തിരിപ്പൂവേ ചുവന്നപൂവേ), 1984 (അക്ഷരങ്ങള്‍, 1986 (നഖക്ഷതങ്ങള്‍), 1987 (മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍), 1988 (വൈശാലി), പുറപ്പാട്), 1989 (ഒരു സായാഹ്നത്തിന്റെ സ്വപ്നത്തില്‍, 1990 (രാധാമാധവം), 2008 (ഗുല്‍മോഹര്‍) എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്ക് മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1989ല്‍ വൈശാലിയിലെ ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരവും നേടി. 

കാലാസാസ്‌കാരിക രംഗത്തിന് തീരാനഷ്ടം. പ്രകൃതിയേയും മനുഷ്യനേയും സ്‌നേഹിച്ച വ്യക്തിയായിരുന്നു-മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു 

ഒരു സഹോദരന്‍ നഷ്ടപ്പെട്ട ദുഃഖം-വി.എസ്.അച്യുതാനന്ദന്‍

 ഒരു മകനെ പോലെയുള്ള സ്‌നേഹവും വാല്‍സല്യവും എനിക്കും എന്റെ തലമുറയ്ക്കും തന്ന ആളാണ് ഒഎന്‍വി സര്‍, എം.എ.ബേബി  പറഞ്ഞു. അദ്ദേഹത്തേപ്പോലുള്ള മഹാനായ വ്യക്തിയെ അടുത്ത് കാണാനും ഇടപെടാനും കഴിഞ്ഞതാണ് എന്റെ തലമുറയുടെ ഭാഗ്യം. മലയാള കവിതയുടെയും നാടക ഗാനത്തിന്റേയും ചലച്ചിത്ര ഗാനത്തിന്റേയുമൊക്കെ മേഖലയില്‍ സ്വന്തമായ ഒരു മഹായുഗം സൃഷ്ടിച്ച വ്യക്തിയായിരുന്നു. വയലാര്‍ രാമവര്‍മയേയും പി.ഭാസകരനേയും പോലെയുള്ള, തന്റെ സഹോദരന്മാരെന്ന് ഒഎന്‍വി സര്‍ വിശേഷിപ്പിക്കാറുള്ള, അതുല്യ പ്രതിഭകള്‍ക്കൊപ്പം അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിശേഷമാണ്.

എന്നാല്‍ അവരില്‍നിന്നു വ്യത്യസ്തമായി നാടക ഗാനത്തിനും ചലച്ചിത്ര ഗാനത്തിനും വലിയ വലിയ സംഭാവനകള്‍ നല്‍കിയതിനൊപ്പം കാവ്യശാഖയ്ക്ക് അവരിരുവരേക്കാള്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കി. ജ്ഞാനപീഠം ലഭിച്ചതിനുശേഷം തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തില്‍ 'എന്റെ കയ്യിലുള്ള ചെങ്കൊടി ഞാന്‍ താഴെ വയ്ക്കുമെന്ന് കരുതരുത്' എന്ന് മുന്‍ കെപിസിസി അധ്യക്ഷനടക്കം പങ്കെടുത്ത മഹാസമ്മേളനത്തില്‍ വച്ച് പറഞ്ഞു. ആദ്ദേഹത്തിന്റെ വേര്‍പാട് സാഹിത്യത്തിനും സംസ്‌കാരത്തിനും തീരാനഷ്ടമാണ്.

കേരളത്തിന്റെ സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന് പ്രവര്‍ത്തിച്ച ഒരു വ്യക്തിയായിരുന്നു ഒ.എന്‍.വി.കുറുപ്പ്, സി.പി.എം. സെക്രട്ടറി കോടിയേരി പറഞ്ഞു 

അദ്ദേഹത്തിന്റെ നിര്യാണം അപരിഹാരകരമായ ഒരു നഷ്ടമാണ് നമ്മുടെ സാഹിത്യലോകത്ത് സൃഷ്ടിച്ചിട്ടുള്ളത്. വിദ്യാര്‍ഥിയായിരുന്ന കാലത്ത് പുരോഗമന ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തനായ ഒരു വക്താവായിരുന്നു അദ്ദേഹം. പ്രശസ്തനായ ഒരു അധ്യാപകനാണ്. കേരളത്തിന്റെ വിവിധ കോളജുകളില്‍ പഠിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന് വളരെ വലിയ ശിഷ്യസമ്പത്താണുള്ളത്. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠപദവി നേടിയെടുക്കുന്നതിലെ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് ഒഎന്‍വി അതിനുവേണ്ടി മുന്‍കൈയെടുത്തത്. സര്‍ക്കാരിനൊപ്പം നിന്ന് അതിനുവേണ്ടി പരിശ്രമിച്ചു.

ഒ.എന്‍.വി കുറുപ്പ് (84) അന്തരിച്ചു
Join WhatsApp News
വായനക്കാരൻ 2016-02-13 11:35:07
താരകളേ നിങ്ങൾ കാവൽ നിൽക്കൂ
താരുകളേ തല താഴ്ത്തി നിൽക്കൂ
ആർദ്രമധുരമാം സ്വാന്ത്വനമേൽക്കാത്തൊരാത്മാവിൻ
തേങ്ങലുണ്ടിവിടെ
ആറിത്തണുക്കാത്ത നൊമ്പരം പേറിടും
ഈറൻ മിഴികളുണ്ടിവിടെ
നീല നിശൂന്യതേ നീയേറ്റു വാങ്ങുക
നീറിപ്പുകയുന്ന ബാഷ്പ ബിന്ദു
സ്നേഹത്തിൻ ബാഷ്പ ബിന്ദു
സ്നേഹത്തിൻ ബാഷ്പ ബിന്ദു...    (ഓ. എൻ. വി - ആരണ്യകം)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക