Image

ഭൂമിയിലെ നക്ഷത്രങ്ങള്‍ (ചെറുകഥ ­ ഗുരുജി )

Published on 11 February, 2016
ഭൂമിയിലെ നക്ഷത്രങ്ങള്‍ (ചെറുകഥ ­ ഗുരുജി )
യു എസ്സില്‍ നിന്നും പുറപ്പെടുന്നതിനു മുന്‍പ് തന്നെ സോജന് ഹൈസ്കൂള്‍
പി ടി എ പ്രസിഡണ്ട്­ ജോണ്‍ പോളിന്‍റെ ഇ മെയില്‍ കിട്ടി .

"സ്കൂള്‍ ശതാബ്ദി ജനുവരി 17, 18 തിയ്യതികളിലാണ്. ലീവ് അഡ്ജസ്റ്റ്
ചെയ്തു വരണം, പങ്കെടുക്കണം. എല്ലാവര്‍ക്കും സോജന്‍ ഒരു അഭിമാനമാണല്ലോ. ഉന്നത സ്ഥാനത്തെത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ കുട്ടികള്‍ കാണട്ടെ അത് അവര്‍ക്കും ഒരു പ്രചോദനമാകും".

ജോണ്‍ പോള്‍ തന്‍റെ സഹപാഠി കൂടിയാണ്. ഭാഗ്യത്തിന് ലീവും
സൌകര്യപെടുത്താന്‍ പറ്റി. തനിക്കു അക്ഷരം പകര്‍ന്നു തന്ന വിദ്യാലയത്തിന്‍റെ ജൂബിലിയാഘോഷത്തോടനുബന്ധിച്ച് നടന്ന
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്തു. പഴയ ചില അദ്ധ്യാപകരെ
കണ്ടുമുട്ടി. എല്ലാവരും സന്തോഷകരമായ ഭാവി ആശംസിച്ചു.

സോജന്‍ അമേരിക്കയിലെ ഒരു ഗവേഷണ സ്ഥാപനത്തിലെ സയന്റിസ്റ്റ് ആണ് . ഭേദപെട്ട വരുമാനം, കൊല്ലത്തില്‍ ഒരു തവണ നാട്ടില്‍ വരും.
മൂന്നാഴ്ച്ചത്തെ ലീവ് . സ്വന്തക്കാരുടെ വീടുകളില്‍ കയറി ഇറങ്ങുമ്പോഴേയ്ക്കും ദിവസങ്ങള്‍ കൊഴിഞ്ഞു പോകും .
സ്വന്തം അമ്മായിമാര്‍ മൂന്ന്, ഭാര്യയ്ക്ക് അമ്മാവന്മാരും അമ്മായി മാരുമായി ഏഴോ, എട്ടോ, എല്ലാവരേയും കാണും. വിദേശ സാധനങ്ങളായും ഡോളര്‍ ആയും സമ്മാനങ്ങള്‍ നല്‍കും. ദൈവം സഹായിച്ച് ഇത്രയുമൊക്കെ ചെയ്യാന്‍ സാധിയ്ക്കുന്നതില്‍ സോജന്‍ ഏറെ കൃതാര്‍ത്ഥനാണ് .

സ്കൂളില്‍ വെച്ചാണറിഞ്ഞത് കേശവന്‍മാസ്റ്റര്‍ ആശുപത്രിയില്‍ ആണെന്ന്. കേശവന്‍ മാസ്റ്റര്‍ ­ തന്‍റെ എല്ലാ ഔന്നത്യത്തിനും ചുക്കാന്‍ പിടിച്ച അദ്ധ്യാപകന്‍. ക്വിസ്, പ്രസംഗ മത്സരങ്ങള്‍ക്കും മറ്റും പങ്കെടുക്കാന്‍ പ്രേരണയും പ്രോത്സാഹനവും തന്ന ഗുരുനാഥന്‍. ഒരു വിദ്യാര്‍ത്ഥിയുടെ കഴിവിനെ അങ്ങേയറ്റം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രേരിപ്പിക്കുകയാണ് ഒരു അദ്ധ്യാപകന്‍റെ കടമയെന്നു തികച്ചും ഓര്‍മ്മപ്പെടുത്തുന്ന അപൂര്‍വ്വ വ്യക്തിത്വം. കായിക പ്രതിഭകളേയും, ചിത്രകലാ പ്രതിഭകളേയും സാഹിത്യതല്‍പരരേയും അഭിരുചി തിരിച്ചറിഞ്ഞു ശരിയായി വഴി കാണിക്കുന്ന ഉത്തമ ഗുരുഭൂതന്‍.

സെന്റ്­ ജോണ്‍സ് ഹോസ്പിറ്റലില്‍ ആണ് കേശവന്‍ മാസ്റ്റര്‍ . അദ്ദേഹത്തെ കണ്ടിട്ടേ വീട്ടില്‍ പോകൂ എന്നുറച്ചു.

ഹോസ്പിറ്റലില്‍ എത്തി. അദ്ദേഹം റൂമില്‍ ഉണ്ട്. കടുത്ത പ്രമേഹവും രക്ത സമ്മര്‍ദ്ദവും. മൂത്ത മകളാണ് കൂടെയുള്ളത് ടീച്ചര്‍ ആണ്.

"ആരാ മനസ്സിലായില്ലല്ലോ' ടീച്ചര്‍

"ഞാന്‍ സോജന്‍, മാസ്റ്ററുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി'

"സോജനോ? അമേരിക്കയിലല്ലേ? സ്കൂള്‍ ശതാബ്ദി യ്ക്ക് വന്നതാവും അല്ലേ?' മാസ്റ്റര്‍ എഴുന്നേറ്റു.

"മാസ്റ്റര്‍ കിടന്നോളൂ'

"എനിക്കത്ര കുഴപ്പം ഒന്നും ഇല്ല, ഇവരൊക്കെ കൂടി എന്നെ പിടിച്ചു കിടത്തുകയാ'

"ലീവിന് വന്നതാ ജോണ്‍ പോള്‍ ജൂബിലി യുടെ കാര്യം പറഞ്ഞപ്പോള്‍
അതിലും പങ്കെടുത്തു'.

മാസ്റ്റര്‍ അമേരിക്കന്‍ ജീവിതത്തെ പറ്റിയും കുടുംബത്തെ പറ്റിയുമൊക്കെ ചോദിച്ചറിഞ്ഞു. നന്മകള്‍ ആശംസിച്ചു കൊണ്ടു യാത്രയാക്കി. ഇനി ഒരു കാണല്‍ ഉണ്ടാകുമോ എന്തോ?

ആശുപത്രി റിസപ്ഷന്‍ കൌണ്ടറിലെത്തിയപ്പോള്‍ ഒരു വൃദ്ധന്‍ സോജന്‍റെ കണ്ണില്‍ പെട്ടു. നെറ്റിയിലുള്ള ഒരു മുറിവിന്‍റെ അടയാളമാണ് പെട്ടെന്ന് പിടിച്ചു നിര്‍ത്തിയത്. ഉദ്ദേശം എഴുപത്തിയഞ്ച് വയസ്സ് കാണും. സോജന്‍ എതിര്‍വശത്തെ സോഫയില്‍ ഇരുന്നു. വൃദ്ധന്‍ അറിയാതെ അദ്ദേഹത്തെ ശ്രദ്ധിച്ചു.

ആകെ ദുഃഖവും അക്ഷമയും, മൊബൈല്‍ ഫോണില്‍ ഇടയ്ക്കിടെ
സംസാരിയ്ക്കുന്നുണ്ട്. റിസപ്ഷനിസ്റ്റ്ന്‍റെ അടുത്ത് ചെന്ന് എന്തോ സംസാരിച്ചു മടങ്ങി വന്ന്! ഇരുന്നു. ആരെയോ പ്രതീക്ഷിയ്ക്കുന്നതുപോലെ. ഒരു പഴയ ഓര്‍മ്മയില്‍ മനസ്സ് വ്യാപരിച്ചു. എന്തായാലും ഒന്നറിയണം.

റിസപ്ഷനിസ്റ്റ് ന്‍റെ അടുത്ത് ചെന്നു. "എക്‌സ്ക്യുസ് മി ഒരു കാര്യം ചോദിച്ചോട്ടെ. ആ വയസ്സനായ ആള്‍ ആരാണ്? എന്താണ് പ്രശ്‌നം?'

"ഇപ്പോള്‍ സംസാരിച്ച ആള്‍? അയാളുടെ മകന് ഹാര്‍ട്ട് സര്‍ജറി യ്ക്കുള്ള ഒരുക്കമാണ്. എട്ടു ലക്ഷം രൂപ വേണം. നാട്ടുകാരും
മറ്റുമായി ആറുലക്ഷം വരെ എത്തിയിട്ടുണ്ട്. ആള്‍ വലിയ ടെന്‍ഷനില്‍
ആണ്'.

"എന്തായിരുന്നു അങ്ങേര്‍ക്കു ജോലി?'

"െ്രെഡവര്‍ ആയിരുന്നു പല െ്രെപവറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.'

"പേര് പറയാമോ?'

"അപ്പു കുട്ടന്‍'

അപ്പു കുട്ടന്‍ ­ ആ പേര് മനസ്സില്‍ ശരവേഗത്തില്‍ പാഞ്ഞു കയറി. നെറ്റിയിലെ ആ വെട്ടിന്‍റെ അടയാളവും. ഒരു നിമിഷം ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. ആ സോഫയില്‍ തരിച്ചിരുന്നു പോയി.
ആ മനുഷ്യനെ ഒന്നുകൂടി നോക്കി. അയാള്‍ ആരെയും ശ്രദ്ധിക്കുന്നില്ല.
സോജന്‍റെ മനസ്സില്‍ ഒരു തീരുമാനം രൂപപ്പെടുകയായിരുന്നു.

"അദ്ദേഹത്തെ ഒന്ന് വിളിക്കാമോ' റിസപ്ഷനിസ്റ്റ് നോട് ചോദിച്ചു.

അവര്‍ കൈകാണിച്ചു വിളിച്ചു. അയാള്‍ എഴുന്നേറ്റു വന്നു. റിസപ്ഷനിസ്റ്റ് സോജനെ ചൂണ്ടി പറഞ്ഞു

"ഇദ്ദേഹമാണ് വിളിച്ചത്'

"ആരാ?'

"സര്‍ജറി യ്ക്ക് ഇനി എത്ര രൂപ വേണം?'

"രണ്ടു ലക്ഷം കൂടി വേണം, എന്ത് ചെയ്യണം എന്നറിയില്ല'.

"പോരാത്ത രണ്ടു ലക്ഷം ഞാന്‍ തരാം ഏര്‍പ്പാടുകള്‍ ഒക്കെ ചെയ്‌തോളൂ'.

വൃദ്ധനോടൊപ്പം റിസപ്ഷനിസ്റ്റും ഞെട്ടി.

"ആരാ മനസ്സിലായില്ല' രണ്ടുപേരും ഒപ്പം ചോദിച്ചു

"അതൊക്കെപ്പറയാം, െ്രെഡവര്‍ ആയിരുന്നു അല്ലേ?'

"അതെ'

"പേര് അപ്പുകുട്ടന്‍'

"അതെ'

"വരൂ നമുക്ക് ഒരു കട്ടന്‍ ചായ കുടിയ്ക്കാം കാന്‍റീന്‍ അടുത്തല്ലേ?'

ഒരു പാവയെപ്പോലെ എന്ത് പറയണം എന്നറിയാതെ വൃദ്ധന്‍ നടന്നു.
കാന്‍റീനില്‍ ഒരു ഒഴിഞ്ഞ ഭാഗത്ത്­ സീറ്റ് പിടിച്ചു.

"രണ്ടു കട്ടന്‍ ചായ' സോജന്‍ ഓര്‍ഡര്‍ ചെയ്തു.

ഒന്നും മിണ്ടാനാവാതെ വൃദ്ധന്‍ ഇരുന്നു.

"നിങ്ങള്‍ക്ക് എന്‍റെ ഒരു കട്ടന്‍ ചായയുടെ കടമുണ്ട് അത് വീട്ടാനാണ് ഞാന്‍ വന്നത്'.

"എനിക്കൊന്നും മനസ്സിലായില്ല'

"ഇരുപത്തിയഞ്ചു കൊല്ലം മുന്‍പാണ്, നിങ്ങള്‍ മനോരമ യുടെ െ്രെഡവര്‍ ആയിരുന്നില്ലേ?'

"അതെ'

ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞു നില്‍ക്കുന്ന കാലം കോളേജില്‍ ചേരാന്‍ പണമില്ല. മദ്യപാനവും ചീട്ടുകളിയുമാണ് അപ്പന്. ഭക്ഷണത്തിനു പോലും വകയില്ല. അന്ന് എന്‍റെ മലയാളം അദ്ധ്യാപകന്‍ ആയിരുന്ന കേശവന്‍ മാസ്റ്റര്‍ മനോരമ നടത്തുന്ന ഒരു പ്രസംഗ മത്സരത്തിനു പോകാന്‍ എന്നെ പ്രേരിപ്പിച്ചു.

തൃശൂര്‍ ജില്ലയില്‍ എനിക്ക് ഒന്നാം സ്ഥാനം. ഫൈനല്‍ മത്സരത്തിനു കോട്ടയത്തിനു പോകണം. പണമില്ല. സാമ്പത്തികമായി എന്നെ സഹായിക്കാന്‍ കഴിയാത്തതില്‍ മാസ്റ്റര്‍ വിഷമിച്ചു. പോംവഴി തേടിയപ്പോള്‍ ആരോ മാസ്റ്ററോട് പറഞ്ഞു

‘മനോരമയുടെ വാന്‍ ദിവസവും പുലര്‍ച്ചയ്ക്ക് പത്രക്കെട്ട്­ തൃശൂര്‍ ഇറക്കി കോട്ടയത്തിനു തിരിച്ചു പോകും. സോജന് അതില്‍ പോകാം’.

മത്സര ദിവസം പുലര്‍ച്ചയ്ക്ക് തന്നെ ഞാനും മാസ്റ്ററും തൃശൂര്‍ പത്രം ഇറക്കുന്ന സ്ഥലത്തെത്തി. നിങ്ങളാണ് െ്രെഡവര്‍. ഞാന്‍ വിവരം പറഞ്ഞു. ഉടനെ ഒരു ചോദ്യം

"എഡിറ്ററുടെ കത്തുണ്ടോ'

"ഇല്ല' ഞാന്‍ പറഞ്ഞു

"പറ്റില്ല' എന്ന് പറഞ്ഞു നിങ്ങള്‍ ഒരു ബീഡിയ്ക്ക് തീ കൊളുത്തി.

എന്‍റെ ആവശ്യം നിഷ്കരുണം തള്ളി. എന്‍റെ സ്വപ്നങ്ങളെല്ലാം കരിഞ്ഞു പോകുമോ?

മാസ്റ്റര്‍ എന്നെ ആശ്വസിപ്പിച്ചു

"ഞാന്‍ ഒന്ന് കൂടി അദ്ദേഹത്തോടു ചോദിയ്ക്കാം സമ്മതിയ്ക്കും'.

നിങ്ങള്‍ തിരിച്ചു വന്നു വാനില്‍ കയറി, എന്നെ നോക്കി ഒരു വാക്ക്

"കയറി ഇരിക്ക്'.

എനിക്ക് സ്വര്‍ഗ്ഗം കിട്ടിയ പോലെ, മാസ്റ്റര്‍ നിറമിഴികളോടെ എന്നെ യാത്രയാക്കി.
ഫൈനല്‍ മത്സരത്തിനു ചോദിയ്ക്കാന്‍ ഇടയുള്ള സമകാലീന വിഷയങ്ങളുടെ ഒരു ലിസ്റ്റ് മാസ്റ്റര്‍ തയ്യാറാക്കി തന്നിരുന്നു.
ആ തുണ്ട് കടലാസ്സ് എന്‍റെ പോക്കറ്റില്‍ ഉണ്ടെന്നു ഒരിക്കല്‍ കൂടി ഉറപ്പാക്കി ഞാന്‍ വാനില്‍ കയറി ഇരുന്നു.

വഴിയില്‍ വെച്ച് പല കഥകളും പറഞ്ഞു. ഞാന്‍ നെറ്റിയിലെ കലയെ പറ്റി ചോദിച്ചു.
രണ്ടു അയല്‍ക്കാര്‍ തമ്മില്‍ നടന്ന വാക്ക് തര്‍ക്കം അടിപിടിയില്‍ എത്തിയപ്പോള്‍ പിടിച്ചുമാറ്റാന്‍ പോയ തനിക്കു കിട്ടിയ സമ്മാനമാണെന്നാ യിരുന്നു മറുപടി.
വഴിയില്‍ ഒരു ചായ ക്കടയില്‍ കയറി. പരിചയക്കാരനായ കടക്കാരന്‍ വിളിച്ചു
"അപ്പുട്ടേട്ടാ'
ആ പേര് ഞാന്‍ മറന്നില്ല. നിങ്ങള്‍ രണ്ടു കട്ടന്‍ ചായ പറഞ്ഞു, കുടിയ്ക്കുമ്പോള്‍ എന്നോടു ചോദിച്ചു, "മടക്കത്തിനു കാശുണ്ടോ?'

"അമ്മ കയറു പിരിച്ചു ഇരുപതു രൂപ തന്നിട്ടുണ്ട്. മൂന്നു രൂപ കാപ്പി കുടിയ്ക്കാനും ഉണ്ട്'.

നിങ്ങള്‍ പോക്കറ്റില്‍ നിന്നും അഞ്ചു രൂപ എടുത്തു തന്നു.
"മത്സരത്തിനു പോകുമ്പോള്‍ വിശന്നു പോകരുത് കാപ്പി കുടിയ്ക്കണം'
അല്പം മടിയോടെ ഞാന്‍ ആ കാശ് വാങ്ങി.

ചുരുക്കി പറയാം എനിക്ക് ഫൈനലില്‍ ഒന്നാം സ്ഥാനം ലഭിച്ചു.
ഒന്നാം സമ്മാനം ആയി മനോരമ പ്രഖ്യാപിച്ചിരുന്നത് സൗജന്യ
അഖിലേന്ത്യാ പര്യടനം ആയിരുന്നു.
എന്‍റെ സ്ഥിതി മനസ്സിലാക്കിയപ്പോള്‍ എഡിറ്റര്‍ അഖിലേന്ത്യാപര്യടനം എന്നത് മാറ്റി എനിക്ക് കോളേജ് പഠനത്തിനുള്ള പണം തന്നു.
ഒരു കൊല്ലം നഷ്ടപ്പെട്ടെങ്കിലും ഞാന്‍ കോളേജില്‍ ചേര്‍ന്നു.
ബി എസ് സി യ്ക്ക് രണ്ടാം റാങ്ക്, എം എസ് സി യ്ക്ക് ഒന്നാം റാങ്ക്, സ്‌കോളര്‍ഷിപ്പില്‍ അമേരിക്കന്‍ യുണിവേര്‍സിറ്റി യില്‍ ഉപരി പഠനം.
ഡോക്ടറെററ് എടുത്തു. ഇപ്പോള്‍ അമേരിക്കയില്‍ സയന്റിസ്റ്റ്.
കേശവന്‍ മാസ്റ്ററെ കാണാനാണ് ഹോസ്പിറ്റലില്‍ വന്നത്. നിങ്ങളുടെ നെറ്റിയിലെ മുറിവ് എന്നെ പിടിച്ചു നിര്‍ത്തി.

"ദാ കട്ടന്‍ ചായ' വെയിറ്റര്‍.

സോജന്‍ ചായ ഗ്ലാസ്സ് എടുത്തു നീട്ടി.

"ദാ കുടിയ്ക്കൂ, നിങ്ങളുടെ വണ്ടിയിലെ സീറ്റും അന്നത്തെ കട്ടന്‍ ചായയും എന്‍റെരക്ഷയ്ക്കുള്ള അമൃത് ആയിരുന്നു. ദൈവം എന്നെ ഈ നിലയില്‍ എത്തിച്ചത് നിങ്ങളുടെ കൈകളിലൂടെ ആയിരുന്നു'.

വൃദ്ധന്‍റെ കണ്ണുകള്‍ നിറഞ്ഞു, അയാള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു.

"എനിക്കൊന്നും പറയാനില്ല, ദൈവം മോനെ അനുഗ്രഹിയ്ക്കും'.

"എനിക്കും അത്രയേ പറയാനുള്ളൂ, അപ്പുട്ടേട്ടന്‍റെ മകനെ ദൈവം കൈ വെടിയില്ല, തീര്‍ച്ചയായും എല്ലാം മംഗളമാകും'

"വരൂ, നമുക്ക് ഹോസ്പിറ്റല്‍ ഡയറക്ടറെ കാണാം. കാശിന്‍റെ കാര്യം ശരിയാക്കാം'.

രണ്ടുപേരും എഴുന്നേറ്റു. വൃദ്ധന്‍റെ കണ്ണില്‍ നിന്ന് ഇറ്റു വീഴാറായ കണ്ണുനീര്‍ത്തുള്ളികള്‍ നിലത്തു വീഴാനനുവദിക്കാതെ സോജന്‍ ഒപ്പിയെടുത്തു.
Join WhatsApp News
Mohan Parakovil 2016-02-11 09:32:48
അമേരിക്കൻ മലയാളികൾ തൂലിക നാമ പ്രേമികളാണെന്ന് കമന്റുകൾ വായിക്കുമ്പോൾ ചില രചനകൾ കാണുമ്പോൾ ആലോചിക്കാരുണ്ട്
ആരാണു ഗുരുജി? അവിടത്തെ ഒരു എഴുത്തുകാരന്റെ അതേ ശൈലി . അതുകൊണ്ട്
കഥയിലെ വികാര രംഗം വായിച്ച് കരഞ്ഞ് കരഞ്ഞ്
ഞാൻ വിതുമ്പി  ചിരിച്ച് ചിരിച്ച് മണ്ണു കപ്പാതെ , അങ്ങനെ ആളെ പിടികിട്ടിയ ഒരു തോന്നൽ, എന്താണു അമേരിക്കൻ
മലയാളികളെ സ്വന്തം പേരു പറയാൻ സങ്കോചം
പേരു മോശമാനെങ്കിൽ  അവിടെ അത് മാറ്റാൻ
സൌകര്യമുണ്ടല്ലോ.  
യദാർത്ഥ ഗുരുജി 2016-02-11 10:15:49
തൂലികാ നാമത്തോടു പ്രേമം ഉണ്ടായിട്ടാല്ല പാറക്കോവിലെ ഞങ്ങൾ മറഞ്ഞിരുന്നു എഴുതുന്നത്‌.  ഇവിടുത്തെ എഴുത്തുകാരുടെ ചീത്തവിളിയും അടിയും പേടിച്ചിട്ടാണ്.  എന്റ ചേട്ടൻ ഒരെഴുത്തുകാരനാ. അങ്ങേരു എഴുതി വിടുന്നത് എന്താണെന്ന് രാവിലെ ചോദിച്ചാൽ പറയും വൈകിട്ട് ആകട്ടെ എന്ന്. വൈകിട്ട് ചോദിക്കാൻ ചെന്നാൽ വെള്ളം അടിച്ചു വെളിവില്ലാതെ ഇരുന്ന് എഴുത്തോടെ എഴുത്താ.  പക്ഷെ ഇ-മലയാളി വായിക്കും. അത് വായിക്കുമ്പോഴും പുള്ളിയുടെ കയ്യിൽ കള്ളാ.  പിന്നെ കമന്റ് എഴുതിയവനെ ചീത്തവിളിയോടെ ചീത്ത വിളിയാ . കൂടുതലും വിദ്യാധരനെയാ . അവനാണ് അമേരിക്കൻ സാഹിത്യകാരന്മാരുടെ കാച്ചവടംപൂട്ടിയതെന്നാ പറയുന്നത്. എന്റ ജേഷ്ഠനോട്‌ നേരിട്ട് പറഞ്ഞാൽ അദ്ദേഹത്തിനു ഇഷ്ടം അല്ല അതുകൊടാണ് ഞാൻ ഗുരുജി എന്ന പേരിൽ എഴുതിയത് പക്ഷെ ഇന്നലെ പറഞ്ഞു. ആ പേര് നല്ലതാ കേൾക്കുന്നോർക്ക് തോന്നും ഒരു പണ്ഡിതാനാണെന്ന്. അറിയാവുന്നവർക്കല്ലേ അറിയാവു സംഗതിയുടെ കിടപ്പ്.   പിന്നെ മോഷണത്തിലും ഇവരാരും മോശമല്ല . കഥ മോഷണം. പേര് മോഷണം,  അവാർഡു മോഷണം പൊന്നാട മോഷണം.  അങ്ങനെ പോകുന്നു ആ നീണ്ട കഥ. എന്ത് പറയാന കൂടെപിറ പ്പായി പോയില്ലേ?

വായനക്കാരൻ 2016-02-11 14:58:12
നല്ല കഥ.  അന്ത്യത്തിൽ ‘ദൈവം മോനെ അനുഗ്രഹിക്കും’, ‘ദൈവം കൈ വെടിയില്ല’ എന്നൊക്കെയുള്ള സംഭാക്ഷണം എഴുതുമ്പോൾ സൂക്ഷിക്കണം. പ്രസിദ്ധ നിരീശ്വരവാദികൾ ചാടിവീണ് ആക്രമിക്കുവാൻ പഴുതാകും.
Geetha Jose 2016-02-12 06:27:14
ദുഖത്തോടോപ്പമുള്ള   യാത്രയിൽ നിന്നാണ് മനുഷ്യൻ
നന്മയുടെ പാഠങ്ങൾ ഹൃദ്യസ്ഥമാക്കുക....
ഹൃദയസ്പര്ശിയായ കഥ... 
Thomas 2016-02-12 06:58:12
ഭൂമി ഒരു ചെറിയ ശതമാനം ആളുകളുടെ നന്മയെ ആശ്രയിക്കുന്നു 
അവളുടെ നിലനില്പ്പിനു എന്ന് തോന്നാറു ണ്ട്. 
അറിയപ്പെടുന്നവരും അല്ലാത്തവരും ആയ 
അവർ തന്നെ ഭൂമിയിലെ താരങ്ങൾ.
 
Santhosh 2016-02-12 07:02:39
 
സാധാരണ മനുഷ്യന്റെ ജീവിതത്തിൽ
 നിന്ന് ഒരു കഥ ..ആശംസകൾ . Sweet and Simple.
Somehow Reminded me stories of O Henry "Last Leaf"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക