Image

ജലം: കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ വേദന (ആശ പണി­ക്കര്‍)

Published on 09 February, 2016
ജലം: കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ വേദന (ആശ പണി­ക്കര്‍)
വികസനത്തിന് വഴി മാറിക്കൊടുക്കേണ്ടി വരുന്നവരും അതിനായി കുടിയൊഴിപ്പിക്കുന്നതും എന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ദരിദ്ര ജനവിഭാഗമാണ്. അത്യാധുനിക സൗധങ്ങളില്‍ താമസിക്കുന്ന സമ്പന്നര്‍ക്ക് അതു ബാധകമാവുന്നില്ല. അടിസ്ഥാന സൗകര്യവികസനത്തിനായി സര്‍ക്കാര്‍ അന്ത്യശാസനം നല്‍കുമ്പോള്‍ തല ചായ്ക്കാനാകെയുള്ള ഇത്തിരി മണ്ണും കൂരയും വിട്ട് തെരുവിലേക്കിറങ്ങേണ്ടി വരുന്നതും ഈ പാവങ്ങള്‍ക്കു തന്നെ.

രണ്ടു മണിക്കൂര്‍ ചിരിയും കളിയും പ്രണയവുമൊക്കെയായി നമ്മെ രസിപ്പിക്കുന്ന ഒരു സിനിമയല്ല "ജലം'
അത് മനുഷ്യന്റെ ഏറ്റവും വലിയ സങ്കടങ്ങളെയും നിസഹായതയേയും പോലും ഏറ്റവും ദയാരഹിതമായി ചൂഷണം ചെയ്യാന്‍ മടിക്കാത്ത സമൂഹമാണിതെന്നു വിളിച്ചു പറയുന്ന, വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ ആവിഷ്ക്കാരമാണ്. മെട്രോയും സ്മാര്‍ട്ട് സിറ്റിയും ഇന്‍ഫോപാര്‍ക്കുമൊക്കെ വരുമ്പോഴും അതിലൂടെ കൈവരുന്ന വികസനത്തിന്റെയും തൊഴില്‍ സാധ്യതകളുടെയും കണക്കുകള്‍ നിരത്തുമ്പോള്‍ ഒരിടത്തും അടയാളപ്പെടുത്താതെ പോകുന്ന മനുഷ്യരുടെ കഥയാണ് "ജലം.'

കൊച്ചിയില്‍ നദിക്കു കുറുകെ പാലത്തിന്റെ അടിയില്‍ താമസിക്കുന്ന ഒരു നിര്‍ദ്ധന കുടുംബത്തെ കുറിച്ചുള്ള പത്രവാര്‍ത്തയില്‍ നിന്നാണ് ചിത്രം പിറക്കുന്നത്. പ്രിയങ്ക അവതരിപ്പിക്കുന്ന സീതയെന്ന കഥാപാത്രമാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. ഏതൊരു സാധാരണ പെണ്‍കുട്ടിയേയും പോലെ വലിയ പ്രതീക്ഷകളോടെ വിവാഹജീവിതത്തിലേക്കു പ്രവേശിച്ചവള്‍. വികസനത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട നിരവധി മനുഷ്യരില്‍ അവളും കുടുംബവും കൂടി ചേരുകയാണ്. തല ചായ്ക്കാനൊരിടം തേടി അവളും മകനും കൂടി പാലത്തിന്റെ അടിയിലേക്ക് താമസം മാറുന്നു. ജലത്താല്‍ ചുറ്റപ്പെട്ട തൂണിന്റെ ചുവട്ടില്‍ എല്ലാ വിധ അരക്ഷിതാവസ്ഥയേയും നേരിട്ടുകൊണ്ട് അവള്‍ മകനുമൊത്ത് ജീവിക്കുകയാണ്. ചുറ്റുപാടുമുള്ള മനുഷ്യരേക്കാള്‍ തനിക്കു ചുറ്റും ഒഴുകുന്ന ജലമാണ് അവളുടെ സുരക്ഷ.

പ്രതിസന്ധികളും നിരവധിയായ പ്രശ്‌നങ്ങളും നേരിടുകൊണ്ട് തനിക്കും കുടുംബത്തിനും തല ചായ്ക്കാന്‍ ഇത്തിരി മണ്ണിനു വേണ്ടി അവള്‍ സഹിക്കുന്ന യാതനകള്‍ ചില്ലറയല്ല. പക്ഷേ, ദാരിദ്ര്യവും നിസഹായതയും ഒരുമിച്ചു പേറേണ്ടി വരുന്ന ഒരു സ്ത്രീക്ക് ഈ സമൂഹത്തില്‍ നിന്നു നേരിടേണ്ടി വരുന്ന ഏറ്റവും വലിയ തിക്താനുഭവത്തിന് അവളും കീഴടങ്ങുകയാണ്. സമൂഹം എത്രമാത്രം വികസനം സ്വന്തമാക്കിയാലും സ്ത്രീ സുരക്ഷിതയല്ലെന്ന സത്യം, എവിടെ വച്ചും അവളുടെ മാനത്തിന് വിലപറയപ്പെടാമെന്ന അപ്രിയ സത്യം ഈ സിനിമ നമുക്ക് മുന്നില്‍ വിളിച്ചു പറയുന്നു.

വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവന്റെ വേദന അടുത്തു നിന്നു കാണാന്‍ ഈ ചിത്രം നമ്മെ സഹായിക്കും. പത്രവാര്‍ത്തകള്‍ വായിച്ച് വെറും ഉപരിപ്‌ളവമായ രോഷവും വേദനയും പ്രകടിപ്പിക്കുന്ന സമൂഹത്തിന് മുന്നിലേക്ക് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവരുടെ ദൈന്യത ഒരു മറയും കൂടാതെ കാട്ടിത്തരികയാണ് സംവിധായകന്‍ എം. പദ്മകുമാര്‍. അമ്മക്കിളിക്കൂട്, വാസ്തവം എന്നീ മികച്ച ചിത്രങ്ങള്‍ മലയാള പ്രേക്ഷകര്‍ക്കായി ഒരുക്കിയ പദ്മകുമാറിന് സമകാലീന പ്രസക്തിയുള്ള ഒരു ചിത്രമൊരുക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കാം. എസ്. സുരേഷ് ബാബുവിന്റെ തിരക്കഥ ശക്തമാണ്. യഥാര്‍ത്ഥ സംഭവങ്ങളുടെ പച്ചയായ ആവിഷ്ക്കാരമായി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്.

സീത എന്ന കഥാപാത്രത്തെ അത്യുജ്വലമായി അവതരിപ്പിക്കാന്‍ സംസ്ഥാന പുരസ്കാര ജേതാവു കൂടിയായ പ്രിയങ്കക്കു കഴിഞ്ഞിട്ടുണ്ട്. കുറച്ചു നാളുകള്‍ കൊണ്ടു തന്നെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായ സേതുലക്ഷ്മി ഈ ചിത്രത്തിലും ശക്തമായ സാന്നിധ്യമാണ്. പ്രകാശ് ബാരെ, ജയന്‍ സിറിയക്, പി.ബാലചന്ദ്രന്‍ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഈ ചിത്രത്തിന്റെ വിജയം ഉദാത്തമായൊരു ലക്ഷ്യം കൂടി നിറവേറ്റുന്നുണ്ട്. ലാഭവിഹിതം ഭുരഹിതര്‍ക്കും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. അങ്ങനെ നോക്കുമ്പോള്‍ പ്രേക്ഷകരുടെ അകമഴിഞ്ഞ പിന്തുണ ഈ ചിത്രത്തിനു ലഭിക്കുന്നത് വലിയ കാര്യം തന്നെയാണ്. വല്ലപ്പോഴും സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ സന്തോഷം പ്രേക്ഷകര്‍ക്കും അനുഭവിക്കാന്‍ കഴിയുമെങ്കില്‍ അതു നിസാരമല്ല. അതിനുള്ള അവസരം കൂടിയാണ് ഈ ചിത്രം.
ജലം: കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ വേദന (ആശ പണി­ക്കര്‍)
ജലം: കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ വേദന (ആശ പണി­ക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക