Image

റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതം അര ശതമാനം കുറച്ചു

Published on 24 January, 2012
റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതം അര ശതമാനം കുറച്ചു
മുംബൈ: റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) അര ശതമാനം കുറച്ചു. മൂന്നാം പാദ പണ-വായ്പാനയ അവലോകനത്തിലാണ് ആര്‍ബിആ സിആര്‍ആര്‍ കുറച്ചത്. എന്നാല്‍ റിപോ, റിവേഴ്‌സ് റിപോ നിരക്കുകളില്‍ മാറ്റമില്ല.

ബാങ്കുകള്‍ അവരുടെ നിക്ഷേപത്തിന്റെ ചെറിയൊരു ഭാഗം റിസര്‍വ് ബാങ്കില്‍ കരുതല്‍ ധനമായി സൂക്ഷിക്കണം. ഇതാണ് സിആര്‍ആര്‍. 5.50 ശതമാനമായാണ് ഇത് കുറച്ചത്. നിലവില്‍ 6 ശതമാനമാണ് സിആര്‍ആര്‍. ഇതോടെ ബാങ്കുകളിലെ പണലഭ്യതയില്‍ 32,000 കോടി രൂപയുടെ വര്‍ധനവുണ്ടാകും.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് 8.50 ശതമാനവും ബാങ്കുകളുടെ അധിക ഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപോ 7.50 ശതമാനമായും നിലനിര്‍ത്തി.

പണപ്പെരുപ്പം ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് 2010 മാര്‍ച്ചിന് ശേഷം റിസര്‍വ് ബാങ്ക് 13 തവണ റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. ഇത് ഒടുവില്‍ രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ചാ മുരടിപ്പിന് വരെ ഇടയാക്കി.

പണപ്പെരുപ്പം കൂടി കുറയാന്‍ തുടങ്ങിയതോടെ ഇത്തവണ നിരക്കുകള്‍ കുറയ്ക്കുമെന്നായിരുന്നു കരുതിയിരുന്നത്. ഡിസംബറില്‍ പണപ്പെരുപ്പം 7.47 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയാണ്. ഭക്ഷ്യവിലപ്പെരുപ്പം ഡിസംബര്‍ മധ്യത്തില്‍ പൂജ്യത്തിനും താഴേക്ക് കൂപ്പുകുത്തി. ജനവരി ഏഴിന് അവസാനിച്ച ആഴ്ചയില്‍ ഇത് 0.42 ശതമാനമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക