Image

ബൈക്ക് യാത്രികന്‍ കാറിടിച്ച് മേല്‍പ്പാലത്തില്‍ നിന്ന് വീണുമരിച്ചു

Published on 24 January, 2012
ബൈക്ക് യാത്രികന്‍ കാറിടിച്ച് മേല്‍പ്പാലത്തില്‍ നിന്ന് വീണുമരിച്ചു
കോഴിക്കോട്: മാവൂര്‍ റോഡ് അരയിടത്തുപാലത്തിലെ മേല്പാലത്തില്‍ കാറിടിച്ച് ബൈക്ക് യാത്രികന്‍ പാലത്തില്‍നിന്ന് താഴേക്ക് തെറിച്ചുവീണു മരിച്ചു. തല പൊട്ടി ശരീരമാസകലം ഒടിവുകളും മുറിവുകളുമായി ബൈക്ക് ‌യാത്രികനെ ബേബി മെമ്മോറിയല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പാലക്കാട് കൂറ്റനാട് വടക്കേ വാവന്നൂര്‍ ശ്രീനിലയത്തില്‍ എ.വി. ശരത് (17) ആണ് മരിച്ചത്.

അപകടം വരുത്തിയ കാര്‍ മറ്റൊരു ബൈക്കിലും ഇടിച്ചു. ഇതിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു.തിങ്കളാഴ്ച രാത്രി ഏഴേമുക്കാലിനാണ് അപകടം. മാവൂര്‍റോഡ് ബസ്സ്റ്റാന്‍ഡ് ഭാഗത്തുനിന്ന് കോട്ടൂളി പട്ടേരിയിലെ താമസസ്ഥലത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന ശരത്തിനെ എതിര്‍ദിശയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇതേസമയം മറ്റൊരു ബൈക്കിലും ഇടിക്കുകയായിരുന്നു.

വെള്ളയില്‍ ഉഷാ ടെക്‌നിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഒന്നാം വര്‍ഷ എം.എം.വി. വിദ്യാര്‍ഥിയായ ശരത് സുഹൃത്തിന്റെ വീട്ടില്‍ പോയശേഷം താമസസ്ഥലമായ പട്ടേരിയിലെ മുത്തച്ഛന്റെ വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ശരത്തിന്റെ ഹെല്‍മെറ്റ് തെറിച്ചുപോയി. ശരത് പാലത്തില്‍നിന്ന് നേരേ താഴേക്ക് പതിച്ചു.

താഴത്തെ റോഡിലൂടെ വന്ന കാര്‍ ഉടന്‍ ബ്രേക്കിട്ട് നിര്‍ത്തിയത് മറ്റൊരപകടം ഒഴിവാക്കി. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരായിരുന്ന തൃശ്ശൂര്‍ നട്ടുശ്ശേരി മിനിനഗറില്‍ കളപ്പുരയ്ക്കല്‍ അജിത് (42), കൊണ്ടോട്ടി ഒഴുകൂര്‍ തച്ചിറത്തൊടി മുഹ്മദ്ജാബിര്‍ (23), കാര്‍ ഓടിച്ചിരുന്ന കണ്ണൂര്‍ കരിവെള്ളൂര്‍ പ്രതീക്ഷയില്‍ അരുണ്‍ (24) എന്നിവരും പരിക്കേറ്റ് ചികിത്സയിലാണ്. ഓറിസ് ബയോ സര്‍വീസ് കമ്പനിയിലെ മാനേജരാണ് പരിക്കേറ്റ അജിത്.

ബൈക്ക് യാത്രികന്‍ കാറിടിച്ച് മേല്‍പ്പാലത്തില്‍ നിന്ന് വീണുമരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക