Image

കാണാന്‍ കൊതിക്കും പ്രതികാരം

ആശ എസ് പണിക്കര്‍ Published on 08 February, 2016
കാണാന്‍ കൊതിക്കും പ്രതികാരം
ഫഹദ് ഫാസിലിനെ കുറിച്ച് പ്രവചിക്കുക അസാധ്യമാണ് പലപ്പോഴും. കാരണം അത്യൂഗ്രനെന്നു കരുതി അദ്ദേഹത്തിന്റേതായി പുറത്തു വരുന്ന ചിത്രങ്ങളില്‍ ചിലതെങ്കിലും സമീപകാലത്ത് പ്രേക്ഷകനെ വേണ്ട വിധം തൃപ്തിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ഫഹദ് അസാമാന്യ വിജയത്തിലേക്കു കുതിക്കുന്നു. ഒപ്പം തന്റെ താരമൂല്യവും ജനപ്രീതിയും വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 

യാഥാര്‍ത്ഥ്യങ്ങളോടും സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളോടും  നീതി പുലര്‍ത്തുന്നതോ സമാനതയുള്ളതോ ആയ കഥകള്‍ പറയുന്ന സിനിമകളാണ് സമീപകാലത്ത് മലയാളത്തില്‍ പ്രദര്‍ശന വിജയം നേടുന്നത്. നായകന്‍ ഒറ്റയ്ക്ക് ഇരുപത്തിയഞ്ച് പേരെ നേരിട്ടു തോല്‍പ്പിക്കുന്നതും  സ്‌ളോ മോഷനില്‍ രംഗപ്രവേശം ചെയ്യുന്നതുമെല്ലാം പ്രേക്ഷകന് അത്ര ദഹിക്കുന്ന മട്ടില്ല.  മറിച്ച് നിത്യജീവിതത്തില്‍ നാം കണ്ടു പരിചയമുള്ള കഥാപാത്രങ്ങള്‍ അവതരിക്കുന്ന സിനിമകളോടാണ് അവര്‍ക്ക് പ്രിയവും. 

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദ് നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രവും വളരെ ലളിതമായ ഒരു കഥയെ അടിസ്ഥാനമാക്കി രൂപപ്പടുത്തിയതാണ്. ലളിതമെങ്കിലും നല്ല മികച്ച കഥയും തിരക്കഥയും അതിനൊപ്പം ഫഹദ് എന്ന നടന്റെ മാന്ത്രികതയുള അഭിനയ മികവും കൂടി ചേര്‍ന്നാണ് ചിത്രത്തെ ഇത്ര മേല്‍ മനോഹരമാക്കിയിരിക്കുന്നത്. 

മലയോര ഗ്രാമത്തിന്റെ മുഴുവന്‍ ഭംഗിയും വിശുദ്ധിയും ക്യാമറയിലേക്ക് ആവാഹിക്കാന്‍ ഛായാഗ്രാഹകനായ ഷൈജു ഖാലിദിനു കഴിഞ്ഞിട്ടുണ്ട്. ഈ ഗ്രാമത്തില്‍ ഒരു സ്റ്റുഡിയോ നടത്തുകയാണ് മഹേഷ്. അയാളുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. സാധാരണ ചെറുപ്പക്കാരില്‍ നിന്നും വ്യത്യസ്തനായി തീര്‍ത്തും പാവമായ ഒരാളാണ്.  ചെറുപ്പം മുതലുളള കൂട്ടുകാരി സൗമ്യയാണ് മഹേഷിന്റെ കാമുകി. 

ഫോട്ടോഗ്രാഫിയില്‍ അത്ര പ്രാവീണ്യമൊന്നും മഹേഷിനില്ല. വളരെ പരമിിതമായ സാങ്കേതിക വിദ്യ മാത്രമാണ് അയാള്‍ക്കുളളത്. ആര്‍ക്കും ശല്യമില്ലാതെ തനിക്കുള്ള ജോലിയുമായി ഒതുങ്ങിക്കൂട്ടി കഴിയുന്നിനിടയിലാണ് അയാള്‍ ഒരു ദിവസം ഒരു പ്രശനത്തില്‍ അകപ്പെടുന്നത്. അതില്‍ നിന്ന തലയൂരാന്‍ ശ്രമിക്കുന്ന അയാളെ ആ സംഭവം ഒരു പ്രതികാരത്തിലാണ് കൊണ്ടെത്തിക്കുന്നത്. ആ പ്രതികാരം പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിലെ വ്യത്യസ്തതയും പുതുമയുമാണ് ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. 

തനിഗ്രാമീണതയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയൊരു ആകര്‍ഷണീയത. ഇരുപതോളം പുതുമുഖങ്ങളെയാണ് ഈ ചിത്രത്തില്‍ സംവിധായകന്‍ അണിനിരത്തിയിട്ടുളത്. ഇടുക്കിക്കരുടെ നാടന്‍ സംഭാഷണ ശൈലി അതേപടി പകര്‍ത്തിയിട്ടുണ്ട് സിനിമയില്‍. 

ഈ ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം പലപ്പോഴും നമ്മളില്‍ തന്നെയുളള ആരോ ആണെന്നു തോന്നിപ്പോകും. കഥയ്ക്ക് അനുയോജ്യമായ നാടന്‍ സംഭാഷണങ്ങളും നര്‍മ്മവും വികാരതീവ്രമായ രംഗങങളും പ്രണയവും വളരെ കൈയ്യടക്കത്തോടെ ഈ സിനിമയില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആസ്വാദ്യകരമാണ് കഥയുടെ ഓരോ നിമിഷവും. ഒടുവില്‍ പ്രേക്ഷകന് ഒരിക്കലും ഊഹിച്ചെടുക്കാന്‍ കഴിയാത്ത ഒരു ക്‌ളൈമാക്‌സിലേക്ക് ചിത്രമെത്തുമ്പോഴാണ് പ്രേക്ഷഖര്‍ ശരിക്കും ത്രില്ലടിച്ചു പോകുന്നത്. 

സംവിധായകന്‍ ആഷിക് അബുവിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ദലീഷ് പോത്തന്റെ ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റായ മാറുന്നതില്‍ അദ്ദേഹത്തിന് അഭിമാനിക്കാം. ഒപ്പം ഈ ചിത്രം നിര്‍മിച്ച ആഷിക് അബുവിനും. ശ്യാം പുഷ്‌ക്കറിന്റെ തിരക്കഥയുടെ ശക്തി തന്നെയാണ് സിനിമയ്ക്കും കെട്ടുറപ്പ് നല്‍കുന്നത്. സൗബിന്‍ താഹിറും അലന്‍സിയറും നല്ല കൈയ്യടി നേടുന്നുണ്ട്. പുതുമുഖങ്ങളായ അപര്‍ണ ബാലമുരളി, ലിജോ മോള്‍ എന്നിവരും തങ്ങളുടെ ഭാഗം ഗംഭീരമാക്കി. 
ബിജി പാലിന്റെ സംഗീതം ഹൃദ്യമാണ്. പ്രത്യേകിച്ച് ടൈറ്റില്‍ സോങ്ങ്. രണ്ടര മണിക്കൂര്‍ ആസ്വദിച്ചിരുന്ന് കാണാന്‍ കഴിയുന്ന ഒരു നല്ല ചിത്രമാണ് മഹേഷിന്റെ പ്രതികാരം എന്ന് നിസംശയം പറയാം. 

കാണാന്‍ കൊതിക്കും പ്രതികാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക