Image

പോസ്റ്റല്‍ കുടുംബമേള വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 24 January, 2012
പോസ്റ്റല്‍ കുടുംബമേള വര്‍ണ്ണാഭമായി
ഷിക്കാഗോ: ഷിക്കാഗോയിലെ വിവിധ പോസ്റ്റല്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന മലയാളി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നടത്തിയ പോസ്റ്റല്‍ കുടുംബമേള വ്യത്യസ്‌തമായ പരിപാടികളാല്‍ വര്‍ണ്ണാഭമായി. ഷിക്കാഗോയിലെ പതിനെട്ട്‌ പോസ്റ്റല്‍ ഓഫീസുകളിലെ മലയാളി ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട്‌ ഇദംപ്രഥമമായാണ്‌ വിപുലമായ രീതിയില്‍ പോസ്റ്റല്‍ കുടുംബമേള സംഘടിപ്പിക്കുന്നത്‌. ഷിക്കാഗോയിലെ ക്‌നാനായ കമ്യൂണിറ്റി ഹാളില്‍ സോഷ്യല്‍ അവറോടുകൂടി ആരംഭിച്ച കുടുംബമേള മലയാളി ജീവനക്കാര്‍ തമ്മില്‍ പരസ്‌പരം പരിചയപ്പെടുന്നതിനും ബന്ധങ്ങള്‍ പുതുക്കുന്നതിനുമുള്ള അവസരമായി മാറി.

ഉദ്‌ഘാടന സമ്മേളനത്തില്‍ ജെബിന്‍, ക്രിസ്റ്റല്‍, ഇസബെല്‍ എന്നിവര്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. കുടുംബ മേളയുടെ മുഖ്യ സംഘാടകരില്‍ ഒരാളായ ജോര്‍ജ്‌ പണിക്കര്‍ ചടങ്ങിന്‌ സ്വാഗതം ആശംസിച്ചു.

ഓക്‌പാര്‍ക്ക്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ വികാരി ഫാ. നൈനാന്‍ ജോര്‍ജ്‌ പോസ്റ്റല്‍ കുടുംബമേള ഉദ്‌ഘാടനം ചെയ്‌തു. നന്മകള്‍ ചിന്തിക്കുവാനും, പ്രവര്‍ത്തിക്കുവാനും ഉള്ള വര്‍ഷമായി 2012 മാറട്ടെ എന്ന്‌ ഫാ. നൈനാന്‍ തന്റെ പുതുവത്സര സന്ദേശത്തില്‍ ആശംസിച്ചു. പോസ്റ്റല്‍ ജീവനക്കാരുടെ പുതിയ കൂട്ടായ്‌മാ സംരംഭത്തിന്‌ ബഹുമാനപ്പെട്ട അച്ചന്‍ എല്ലാവിധ ആശംസകളും നേര്‍ന്നു. തുടര്‍ന്ന്‌ പോസ്റ്റല്‍ സര്‍വീസില്‍ ഇരുപതില്‍ അധികം വര്‍ഷക്കാലം സേവനം ചെയ്‌ത സണ്ണി ജോണ്‍, ഫ്രാന്‍സീസ്‌ ഇല്ലിക്കല്‍, മാനുവല്‍ തോമസ്‌, സിബി ജോസഫ്‌, തോമസ്‌ വിന്‍സെന്റ്‌, ജന്നി തണ്ണിക്കരി, അലക്‌സ്‌ മാത്യു, ഫിലിപ്പ്‌ ജോസഫ്‌ എന്നിവരെ ആദരിച്ചു.

പോസ്റ്റല്‍ സര്‍വീസിലെ വിവിധ തസ്‌തികളില്‍ മികച്ച സേവനം ചെയ്യുന്ന തോമസ്‌ മാത്യു, ജോര്‍ജ്‌ ചാക്കോ എന്നിവര്‍ക്ക്‌ യോഗം ആശംസകള്‍ നേര്‍ന്നു.

പോസ്റ്റല്‍ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ കുടുംബമേളയെ വര്‍ണ്ണാഭമാക്കി. നേഹ, കരോളിന്‍, ക്രിസ്റ്റീന, കെസിയ, മാര്‍ക്ക്‌, ജസ്റ്റിന്‍, ബ്രിട്‌നി, ഷാനറ്റ്‌, സെറിന്‍, ജോവാന, കെവിന്‍, ജാക്ക്‌, അനീറ്റാ, ഷെറില്‍ എന്നീ കുട്ടികളാണ്‌ കുടുംബമേളയ്‌ക്ക്‌ ചാരുത പകര്‍ന്നുകൊണ്ട്‌ നൃത്തനൃത്യങ്ങളും ഗാനങ്ങളും പ്രസംഗങ്ങളും അവതരിപ്പിച്ചത്‌. തുടര്‍ന്ന്‌ അച്ചീവ്‌ റിയാലിറ്റി, ഇംപീരിയര്‍ ട്രാവല്‍സ്‌, പ്രിന്‍സ്‌ ട്രാവല്‍സ്‌ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്‌ത സമ്മാനങ്ങള്‍ കുട്ടികള്‍ക്ക്‌ വിതരണം ചെയ്‌തു. കുടുംബമേളയ്‌ക്ക്‌ ആനന്ദം പകര്‍ന്നുകൊണ്ട്‌ ഡിന്നറോടുകൂടി ആരംഭിച്ച ഗാനമേളയ്‌ക്ക്‌ ജോര്‍ജ്‌ പണിക്കര്‍ നേതൃത്വം നല്‍കി. സെറിന്‍ മടയനകാവില്‍, ലൈബി ഫിലിപ്പ്‌ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. ആഷ്‌ലി ജോര്‍ജ്‌ കൃതജ്ഞത രേഖപ്പെടുത്തിയ കുടുംബമേളയ്‌ക്ക്‌ സജി പുതൃക്കയില്‍ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായിരുന്നു.

പോസ്റ്റല്‍ കുടുംബമേളയുടെ വിജയകരമായ നടത്തിപ്പിനും ക്രമീകരണങ്ങള്‍ക്കും മത്യാസ്‌ പുല്ലാപ്പള്ളി, വില്‍സണ്‍ വടക്കുംചേരി, സിബി ചൂട്ടുവേലില്‍, ബെന്നി ജോസഫ്‌, ജോബി ചാക്കോ, സാബു തറത്തട്ടേല്‍, സണ്ണി ജോണ്‍, ജയിംസ്‌ പണയപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പോസ്റ്റല്‍ കുടുംബമേള വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക