Image

നിലച്ചു പോയോ നിന്റെ മധുരഗാനം?

ആശ എസ് പണിക്കര്‍ Published on 08 February, 2016
            നിലച്ചു പോയോ നിന്റെ മധുരഗാനം?
നിനച്ചിരിക്കാതെ നിലച്ചു പോയ ഒരു മനോഹര ഗാനം പോലെയായിരുന്നു ഷാന്‍ ജോണ്‍സണ്‍. മലയാള സിനിമാശാഖയില്‍ എന്നെന്നും ഓര്‍ത്തിരിക്കാനും പാടാനും കേള്‍ക്കാനും കൊതിക്കുന്ന നിരവധി ഗാനങ്ങള്‍ സമ്മാനിച്ച ജോണ്‍സണ്‍ മാസ്റ്ററുടെ പാത പിന്തുടരാന്‍ ആഗ്രഹിച്ച മകള്‍. 

ദുരന്തങ്ങളുടെ ആവര്‍ത്തനമായിരുന്നു ജോണ്‍സണ്‍ മാസ്റ്ററുടെ മരണത്തോടെ ഷാനെയും അമ്മ റാണിയേയും കാത്തിരുന്നത്. ഏറെ പ്രിയപ്പെട്ട അച്ഛന്റെ മരണത്തിന്റെ വേദനകളുമായി പൊരുത്തപ്പെടാന്‍ കഴിയും മുമ്പു തന്നെ സ്വന്തം അനിയന്‍ അച്ചുവെന്നു വിളിക്കുന്ന റെന്‍ ജോണ്‍സണ്‍ ചെന്നൈയില്‍ ഉണ്ടായ ഒരു ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു. ഈ രണ്ടു മരണങ്ങളും തകര്‍ത്തു കളഞ്ഞ ജീവിതത്തില്‍ നിന്നും അമ്മയ്ക്ക് ധൈര്യം നല്‍കിയും സ്വയം ധൈര്യമാര്‍ജിച്ചും ജീവിതത്തിലേക്ക് സന്തോഷവതിയായി നടന്നു കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാന്റെയും അപ്രതീക്ഷിത വേര്‍പാട്. ഇതോടെ ഇരുള്‍ വീണ ജീവിതത്തില്‍ അമ്മ റാണി തനിച്ചാകും. സഹോദരന്‍ പ്രിയപ്പെട്ട അച്ചുവിനെ കവര്‍ന്ന മരണം ഷാനെയും മറ്റൊരു ഫെബ്രുുവരിയില്‍ തട്ടിയെടുത്തത് യാദൃശ്ചികതയാകാം. 

അച്ഛനെ പോലെ  പാട്ടുകാരിയാകണമെന്നായിരുന്നു ഷാന്റെ ആഗ്രഹം. സ്വാകാര്യ കമ്പനിയിലെ മാര്‍ക്കറിറിംഗ് വിഭാഗത്തിലെ ജോലിക്കൊപ്പം തന്നെ സംഗീതവും ഒപ്പം കൊണ്ടു പോകാനായിരുന്നു ഷാന്റെ തീരുമാനം. അതിനായി തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുമൊത്ത് ഒരുമ്യൂസിക്ബാന്‍ഡ് രൂപീകരിച്ചിരുന്നു. രാത്രിയില്‍ പാട്ടെഴുതും. പിന്നെ സംഗീതവും റിക്കോര്‍ഡിംഗും ഒക്കെയായി പ്രസരിപ്പു നിറഞ്ഞ പൂവു പോലെയായിരുന്നു ഷാന്‍ര്‍ എല്ലാവര്‍ക്കും. ഹിസ് നെയിം ഈസ് ജോണ്‍ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഷാനാണ്. സംഗീത ലോകത്ത് തന്റേതായ ഒരു വ്യക്തി മുദ്ര പതിപ്പിക്കാനുള്ള എല്ലാ പ്രതിഭയും ഒത്തിണങ്ങിയ കലാകാരിയായിരുന്നു ഷാന്‍ എന്ന് അവരുമായി അടുപ്പമുള്ളവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. 

അച്ചന്റെയും അനിയന്റെയും മരണ ശേഷം ഷാന്റെ അമ്മ റാണി നാട്ടിലായിരുന്നു. സംഗീത പരിപാടികുമായി പോകുന്നതോടൊപ്പം കൊച്ചിയില്‍ അമ്മയോടൊപ്പം വന്നു താമസിക്കണമെന്നുളള അതിയായ ആഗ്രഹമായിരുന്നു ഷാനിന്. ആ ആഗ്രഹം സാധിക്കാതെയാണ് ഷാന്‍ പാട്ടിന്റെ ലോകത്തു നിന്നു യാത്രയാകുന്നത്. ഉടന്‍ തന്നെ വിവാഹിതയാകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു ഷാന്‍. പക്ഷേ അതിനു മുമ്പു തന്നെ മരണം മടക്കി വിളിക്കുകയായിരുന്നു ഷാനെന്ന പാട്ടുകാരിയെ. തന്റെ സംഗീതവും സ്വപ്നങ്ങളും ബാക്കി വച്ച് അവള്‍ പറന്നകന്നു......ഒരു പക്ഷി കണക്കെ...



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക