Image

എസ്റ്റേറ്റ് സൂപ്പര്‍വൈസറുടെ കൊല: ദുരൂഹത തുടരുന്നു

Published on 23 January, 2012
എസ്റ്റേറ്റ് സൂപ്പര്‍വൈസറുടെ കൊല: ദുരൂഹത തുടരുന്നു
പെരുമ്പാവൂര്‍: വേങ്ങൂര്‍ കോഴിക്കോട്ടു കുളങ്ങരയില്‍ ഷില്‍വ്യൂ എസ്‌റ്റേറ്റിലെ സൂപ്പര്‍വൈസറെ വെട്ടിക്കൊന്ന സംഭവം ദുരൂഹത തുടരുന്നു. ഇടുക്കി രാജക്കാട്ട് പന്ന്യാന്‍കുടി അമ്പഴത്താനാലില്‍ തോമസിന്റെ മകന്‍ ടിനു തോമസ് (30) ആണ് ഇന്നലെ രാവിലെ എസ്‌റ്റേറ്റിലെ താമസ വീടിന് മുന്നില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. കൊലപാതകം നടന്നിട്ടുള്ളത് കവര്‍ച്ചാശ്രമം അല്ലെന്ന് വ്യക്തമായി എങ്കിലും മറ്റു വിവരങ്ങള്‍ ഒന്നും തന്നെ പോലീസിന് കണെ്ടത്താനായിട്ടില്ല. 

ഒരു വര്‍ഷമായി പെരുമ്പാവൂരിലെത്തിയ ടിനു അഞ്ച് മാസം മുന്‍പാണ് എസ്റ്റേറ്റ് സൂപ്പര്‍ വൈസര്‍ ആയത്. ഇതിനു മുന്‍പ് പെരുമ്പാവൂര്‍ ആശ്രമം സ്‌കൂളിനടുത്ത് പൂച്ചെടി നഴ്‌സറിയിലാണ് ജോലി ചെയ്തിരുന്നത്. അവിവാഹിതനായ ടിനു ജോലിക്ക് നിന്നിരുന്ന സ്ഥലങ്ങളില്‍ എല്ലാം ഒരു വര്‍ഷം തികച്ചു നിന്നിട്ടില്ല. അന്യജില്ലക്കാരനായ ടിനു മറ്റുജില്ലകളില്‍ മാത്രം ജോലി നോക്കിയതിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. 

കൊലയ്ക്ക് ഉപയോഗിച്ച മാരകായുധങ്ങള്‍ ഒന്നും കണെ്ടത്താനായില്ല. ആസൂത്രിതമാണ് കൊലപാതകമെന്ന് പോലീസിന്റെ നിഗമനം. പോലീസ് നായ എത്തി മണം പിടിച്ച് വീടിന് ചുറ്റം നടന്നതല്ലാതെ മറ്റു സൂചനകളൊന്നും നല്‍കിയില്ല. ടിനുവിന്റെ പക്കല്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണ്‍ ആണ് പ്രധാനമായും തെളിവായി ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നു തുമ്പുണ്ടാക്കുമെന്ന് പോലീസ് പറയുന്നു. എറണാകുളം സ്വദേശി പുരയ്ക്കല്‍ മറിയാമ്മ മാമ്മന്റെ ഉടസ്ഥയില്‍ 60 ഏക്കര്‍ സ്ഥലത്തിന്റെ സൂപ്പര്‍ വൈസര്‍ ആയിട്ടാണ് ജോലി നോക്കിയിരുന്നത്. പൂര്‍ണ നഗ്നനനായ നിലയില്‍ കിടന്ന ടിനുവിന്റെ കഴുത്തിലും പുറത്തും കാലിലും മുറിവുണ്ട്. ടിനു ധരിച്ചിരുന്ന ലുങ്കിമുണ്ടും തോര്‍ത്തും സമീപത്തു നിന്നും കണെ്ടടുത്തു. 

അവിവാഹിതനായ ടിനുവിന് നാട്ടുകാരുമായി അധിക ബന്ധമുണ്ടായിരുന്നില്ല. എറണാകുളത്തെ ഉടമ ഇടയ്ക്കിടെ സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു. ടിനുവിന്റെ ദേഹത്തുള്ള മുറിവിന്റെ ആഴമാണ് ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ചുള്ള സൂചനയ്ക്ക് വഴി തെളിയിച്ചിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക