Image

ആഘോഷിക്കുന്ന മലയാളീ, ലജ്ജിക്കൂ (സുനിത കൃഷ്­ണന്‍)

Published on 03 February, 2016
ആഘോഷിക്കുന്ന മലയാളീ, ലജ്ജിക്കൂ (സുനിത കൃഷ്­ണന്‍)
യുക്­തിക്കു നിരക്കാത്ത ചില കാര്യങ്ങളാണു കേരളത്തില്‍ നടക്കുന്നത്. എല്ലാ ദിവസവും ചില "വെളിപ്പെടുത്തലുകള്‍....' അതും കുറ്റവാളിയായി ആരോപിക്കപ്പെടുന്ന ഒരാളുടെ ഭാഗത്തുനിന്ന്. ഒരു സ്­ത്രീ ഒരു സംസ്­ഥാനത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തുന്നു, കുടുംബശ്രീ പോലെ സ്ത്രീശാക്തീകരണ മികവില്‍ ദേശീയശ്രദ്ധ നേടിയ പ്രസ്ഥാനങ്ങളുള്ള കേരളം ഒരു സ്ത്രീയുടെ ബ്ലാക്ക്‌മെയിലിങ്ങിന്റെ പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

ജാര്‍ഖണ്ഡില്‍ കഴിഞ്ഞദിവസം ചെന്നപ്പോള്‍ പലരും ഈ സ്ത്രീയെക്കുറിച്ചാണു കൗതുകത്തോടെ ചോദിച്ചത്. നമ്മള്‍ പുറത്ത് അറിയപ്പെടേണ്ടത് ഇങ്ങനെയാണോ? ഈ വ്യക്­തി സെലിബ്രിറ്റിയാണെന്നു ചിലര്‍ പറയുന്നു. ഇവര്‍ "ഹെലിബ്രിറ്റി' ആണെന്നാണ് എന്റെ അഭിപ്രായം; മറ്റുള്ളവരുടെ ജീവിതം നരകമാക്കുന്നയാള്‍.

ഈ കഥയിലെ ഏറ്റവും വലിയ കുറ്റവാളി മാധ്യമങ്ങളാണെന്നു ഞാന്‍ ആരോപിക്കുന്നു. ദൃശ്യമാധ്യമങ്ങള്‍ റേറ്റിങ് ഉയര്‍ത്താനായി രാവിലെ മുതല്‍ ഈ "വെളിപ്പെടുത്തലുകള്‍' കിട്ടാന്‍ ആഞ്ഞുശ്രമിക്കുന്നു. ഇതു നിയമവിരുദ്ധമല്ലേ? കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിനെപ്പറ്റി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യാമോ? ...ഇതു ജനങ്ങള്‍ക്കിടയില്‍ മുന്‍വിധികള്‍ സൃഷ്­ടിക്കില്ലേ? ഇതിന്റെ ഗുണം കിട്ടുന്നതു കുറ്റവാളികള്‍ക്കാണ്. തങ്ങള്‍ പറയുന്നതു ശരിയാണോ തെറ്റാണോ എന്ന് അന്വേഷണത്തിലൂടെയും കോടതിവിചാരണയിലൂടെയും കണ്ടെത്തുന്നതിനു മുന്‍പേ ജനം വിധിയെഴുതുന്ന അവസ്­ഥ അവരെ രക്ഷിക്കും.

ദൃശ്യമാധ്യമങ്ങള്‍ സമാന്തര കോടതികളായി മാറി കേസ് വിചാരണ ചെയ്യുകയാണു ചര്‍ച്ചകളിലൂടെ നടത്തുന്നത്. പറയുന്നതോ വെറും ഊഹാപോഹങ്ങള്‍ മാത്രം. കേസ് പ്രക്രിയ തീരട്ടെ, കുറ്റവാളി ആരെന്നു തീരുമാനമാകട്ടെ. എന്നിട്ടാകാം ചര്‍ച്ച.ഇതു റിപ്പോര്‍ട്ട് ചെയ്യുന്നതിനെതിരെ ജുഡീഷ്യല്‍ കമ്മിഷന്‍ ഉത്തരവിറക്കണം. ഇല്ലെങ്കില്‍ ഇത്തരക്കാര്‍ നമ്മുടെ കുട്ടികളുടെ റോള്‍ മോഡലുകള്‍ ആവും.

അതേസമയം, ചെയ്യേണ്ടതു പലതും മാധ്യമങ്ങള്‍ ചെയ്യുന്നുമില്ല. ശക്തമായ പിന്തുണയില്ലാതെ ഈ സ്ത്രീക്ക് ഇതൊക്കെ ചെയ്യാന്‍ കഴിയില്ല എന്നുറപ്പ്. ഇന്നയാള്‍ക്ക് ഇത്ര ലക്ഷം കൊടുത്തു എന്നൊക്കെ പറയുന്നു. എന്നാല്‍, ഈ പണം എവിടെനിന്നു കിട്ടുന്നു? അവര്‍ ഇത്രയും പണക്കാരിയാണോ? അവരുടെ കമ്പനി അത്രയും ലാഭത്തിലായോ? ഇവര്‍ക്കു പിന്നില്‍ ആര്? എന്നൊന്നും ആരും ചോദിക്കുന്നില്ല. ഇത്തരക്കാര്‍ക്കുവേണ്ടി സമയം കളയുന്നതു ചാനലുകള്‍ നിര്‍ത്തണം. മൈക്കും ക്യാമറയും മുന്നി!ല്‍ വയ്ക്കുന്നതുകൊണ്ടു മാത്രമല്ലേ, ഇവര്‍ താരങ്ങളാകുന്നത്.

വെളിപ്പെടുത്തലുകള്‍ നടത്തുന്ന വ്യക്­തിക്കെതിരെ ഒട്ടേറെ ക്രിമിനല്‍ കേസുകളുണ്ട്. അങ്ങനെയൊരാളുടെ വാക്കുകളാണോ ഉറക്കമെണീറ്റ ഉടന്‍ മലയാളി കേള്‍ക്കേണ്ടത്? കുറ്റം ചെയ്­ത ഭാവം അവരുടെ നോക്കിലോ വാക്കിലോ പോലും ഇല്ല.

താന്‍ മാനഭംഗം ചെയ്യപ്പെട്ടെന്നും പീഡിപ്പിക്കപ്പെട്ടെന്നും ഒരു ദിവസം പറയും. അടുത്ത ദിവസം മാറ്റിപ്പറയും.മാനഭംഗം എന്നതിന്റെ അര്‍ഥം ഇവര്‍ക്ക് അറിയുമോ? ഒരു സ്­ത്രീ ഏറ്റവും വേദനിക്കുന്ന അവരുടെ ജീവിതത്തിലെ ദുരന്തമാണത്. അതിനെയും കളിയാക്കുകയാണോ? മാനഭംഗം ചെയ്യപ്പെട്ടെങ്കില്‍ എന്തുകൊണ്ട് ആ കേസുമായി മുന്നോട്ടുപോകുന്നില്ല. മുഖ്യമന്ത്രിയെ വരെ കോടതികയറ്റാന്‍ ധൈര്യമുള്ളയാള്‍ക്ക് അതിനു ധൈര്യമില്ലേ? ലൈംഗിക പീഡനത്തിനിരയായ ഒട്ടേറെപ്പേരുടെ ജീവിതത്തില്‍ പ്രവര്‍ത്തിച്ച എനിക്ക് ഇത്രയും സങ്കടം തോന്നിയ സംഭവമില്ല. ഈ കേസ് ഒരു കുംഭകോണവുമായി ബന്ധപ്പെട്ടതല്ലേ? അഴിമതിക്കേസ് മറ്റെന്തെല്ലാമോ ആയി മാറുകയല്ലേ ഇവിടെ?.

ഇനി ഈ വ്യക്­തിയെ ചടങ്ങുകളിലെ മുഖ്യാതിഥി ആക്കിയാലോ മാളുകളുടെ ഉദ്­ഘാടനത്തിനു വിളിച്ചാലോ അദ്ഭുതപ്പെടേണ്ടതില്ല. ഇവര്‍ അഭിനയിക്കുന്ന നാലു സിനിമകള്‍ വരികയാണത്രേ. ഇതിന്റെ സംവിധായകരോടും നിര്‍മാതാക്കളോടും ഞാന്‍ ചോദിക്കട്ടെ – നിങ്ങള്‍ക്കു നാണമില്ലേ?.
മലയാളികളോട് ഒരു ചോദ്യം. കേരളത്തില്‍ എത്രയോ നല്ല സാമൂഹികപ്രവര്‍ത്തകരും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ആക്­ടിവിസ്­റ്റുകളുമുണ്ട്. അവരെ എന്തുകൊണ്ടു നിങ്ങള്‍ ഹീറോകള്‍ ആക്കുന്നില്ല. അത്തരക്കാര്‍ക്ക് ഒരു ചെറിയ പിഴവു പറ്റിയാല്‍പ്പോലും നിങ്ങള്‍ പരിഹസിച്ചു മൂലയിലൊതുക്കില്ലേ?.

കേരളത്തിന്റെ അടിസ്ഥാനപരമായ മനോനിലയ്ക്കുതന്നെ തകരാര്‍ സംഭവിച്ചിട്ടുണ്ട്. മലയാളികള്‍ കുറച്ചുകൂടി യുക്­തിബോധം ഉപയോഗിക്കണം. ആരെ കൊണ്ടാടണം, ആരെ അവഗണിക്കണം എന്നു ചിന്തിക്കണം. സൂര്യനെല്ലിയെന്നും പറവൂരെന്നും സ്­ഥലപ്പേരില്‍ ഒളിപ്പിച്ചുനിര്‍ത്തുന്ന ലൈംഗികാതിക്രമത്തിന്റെ ഇരകളെ നിങ്ങള്‍ പരിഹസിച്ചുകൊല്ലും.അതേസമയം, ഈ വിവാദ വനിതയെപ്പോലുള്ളവരെ തലയിലേറ്റി നടക്കും. ഇതു ശരിയാണോ?.

സ്­ത്രീശാക്­തീകരണത്തിന് ഇതൊരു വെല്ലുവിളിയാണ്. ഇനി കഴിവും അന്തസ്സുമുള്ള ഒരു സ്­ത്രീക്ക് ബിസിനസ് സംരംഭവുമായി ഭരണാധികാരികളുടെ അടുത്തു പോകാന്‍ കഴിയുമോ? പോയാല്‍ മൊബൈല്‍ ഇല്ലെന്നു വരുത്തിയിട്ടല്ലേ അവര്‍ അകത്തേക്കു കയറ്റൂ? വാതില്‍ തുറന്നുവയ്­ക്കാനും നാലു പേരെ സാക്ഷികളായി കൂടെ നിര്‍ത്താനും പറയില്ലേ?

എനിക്ക് അവരോടു പറയാനുള്ളത്: നിങ്ങളുടെ ശരീരത്തെ, മനസ്സിനെ ശരിയായി ഉപയോഗിക്കൂ. അതിന് ഒരു ബഹുമാനമുണ്ട്.അതു കളയരുത്. സത്യം കോടതിയില്‍ തെളിയിക്കൂ. ഇതുകൊണ്ടു താരമാകാന്‍ നോക്കേണ്ട. അതു നിങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യില്ല.

(പ്രമുഖ മനുഷ്യാവകാശ, സ്ത്രീശാക്തീകരണ പ്രവര്‍ത്തകയും 2009 ലെ വനിത വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാര ജേതാവുമായ സുനിത കൃഷ്ണന്‍ സെക്‌­സ് മാഫിയകളുടെ വലയില്‍ വീണ സ്­ത്രീകളുടെയും പെണ്‍കുട്ടികളുടെയും സംരക്ഷണത്തിന് ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധ പ്രസ്­ഥാനത്തിന് നേതൃത്വം നല്‍കുന്നു).

മലയാള മനോരമ "നോട്ടം'
ആഘോഷിക്കുന്ന മലയാളീ, ലജ്ജിക്കൂ (സുനിത കൃഷ്­ണന്‍)
Join WhatsApp News
TexanAmerican 2016-02-05 21:04:56
സുനിത , സത്യത്തിൽ സ്ത്രീ ശാക്തീകരണത്തിന് പ്രവര്ത്തിക്കുന്നു എന്ന് പറയുന്ന നിങ്ങളുടെ സരിതയെ പ്പറ്റി ഉള്ള അഭിപ്രായത്തോട് യോജിക്കുന്നില്ല. നിങ്ങൾ സഹായിക്കുന്നു എന്ന് പറയുന്ന പീടനതിനും മനഗ്ഭാങ്ങതിനും ഇരയായി എന്ന് പറയുന്ന സ്ത്രീകള്ക്ക് സരിത ഒരു മാതൃക ആണ് ആകേണ്ടത്. സമ്പത്തിന്റെയും അധികാരത്തിന്റെയും ഹുങ്കിൽ തന്നെ കബളിപ്പിച്ച പകല മാന്യന്മാരായ പുരുഷന്മാരെ ഇങ്ങനെ പച്ചയ്ക്ക് തൊലിയുരിച് കാണിക്കുക തന്നെയാണ് വേണ്ടത്  . അല്ലാതെ താങ്കൾ പറയുന്നത് പോലെ കോടതി കേറി ഇരങ്ങളല്ല. അതിനുള്ള തന്റേടം കാണിച്ച സരിതയ്ക്ക് അഭിവാദ്യങ്ങൾ. അതെ സരിത സ്വര്തയാണ് ഒരു വേ... ആണ്. സംസയമില്ല. ആ തൊഴിൽ ചെയ്തു ജീവിക്കുന്നവരെ പോലും പറ്റിച്ചു ജീവിക്കുന്ന നമ്മുടെ രാഷ്ട്രീയക്കാർക്ക് ഇതൊരു പാഠം ആവട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക