Image

ദീപങ്ങള്‍ കെടുത്തരു­ത്* (കവിത: അന്‍വര്‍ ഷാ ഉമയ­നല്ലൂര്‍)

Published on 27 January, 2016
ദീപങ്ങള്‍ കെടുത്തരു­ത്* (കവിത: അന്‍വര്‍ ഷാ ഉമയ­നല്ലൂര്‍)
ക്ഷിതിയെന്ന സ്ഥിതി തന്നെയസ്തമിപ്പിക്കുമീ,
മുകുളങ്ങളോരോന്നരിഞ്ഞതിന്‍ സാമ്യമായ്
പൊലിയുന്നുവോ നിന്നകതാരിലൊരുമ തന്‍
പുലരികള്‍ കനിവിന്റെ കാലൊച്ചകള്‍ നവ്യ
സുകൃതങ്ങള്‍ കാംക്ഷിച്ച ചിന്തകള്‍ നിറ ദീപ
സന്ധ്യകള്‍; സൗഹൃദം മൊട്ടിട്ട പടവുകള്‍
മനസ്സുക,ളന്യോന്യമൊരു കുടക്കീഴില്‍ നാം
പങ്കിട്ടിരുന്നതിന്‍ സുഖസൗമ്യ സ്മരണയും?

ശോഷിച്ചതെന്തെ നിന്‍ ശേഷിച്ച ധൈര്യവും
വേഷപ്പകര്‍ച്ചയാലണയാത്ത സ്ഥൈര്യവും;
അരുമ തന്‍ ചെറുകൊഞ്ചലുയരവേ താവക
കമനീയ വദനത്തില്‍ നിറയേണ്ട സ്‌­മേരവും
സത്യമീ, ഹൃത്തുഭേദിച്ചു കൊണ്ടെത്തുമെന്‍
മര്‍ത്യ ലോകത്തെ ഗ്രസിക്കുന്ന വാര്‍ത്തകള്‍
ചേര്‍ത്തു വായിക്കവേയോര്‍ത്തു നീറുന്ന, യാ
നേത്രങ്ങളില്‍ തുളുമ്പുന്നതെന്‍ നീര്‍ക്കണം.

ചാഞ്ഞു നില്‍ക്കുന്നവര്‍ക്കുളളിലിന്നായിരം
ചാകരക്കോളിന്റെ ഗുണിതങ്ങള്‍ തികയിലും
ആഞ്ഞടിച്ചാകെ മായ്ച്ചീടാന്‍ കൊതിക്കിലും
പാഞ്ഞടുത്തെത്തുന്ന ചിന്തകള്‍പ്പെരുകിലും
പെരുവഴിയില്‍പ്പുതഞ്ഞുരുകും മനസ്സുമായ്
കഴിയുവോര്‍ക്കാശ്വാസമേകേണ്ടതാണു നാം
രണഭൂമിപോല്‍ത്തീര്‍ന്ന ഹൃത്തടങ്ങള്‍ക്കുമി
ന്നുത്തരം കണ്ടെത്തിടേണ്ടവര്‍ത്തന്നെ നാം.

വറുതിക്കുടിലുകള്‍ക്കുളളില്‍ നിന്നിപ്പൊഴും
കുരുതിക്കളങ്ങള്‍ക്കുണര്‍വ്വേകുവാന്‍ വരും
ചെറുമക്കിടാങ്ങള്‍ തന്‍ ദയനീയ മനസ്സുകള്‍
ചെറുപുഞ്ചിരിയാല്‍ വശത്താക്കിയെങ്കിലും
സ്ഥിര വൈരപാരാവാരങ്ങളായ് മനസ്സുകള്‍
ക്ഷിതിയില്‍ നാമന്യോന്യമെയ്യുന്നിതമ്പുകള്‍
സതി പോലെമാഞ്ഞു തീരേണ്ടതാം ചിന്തകള്‍
നവശക്തിയാര്‍ജ്ജിപ്പതറിയുകീ ധരണിയില്‍.

മര്‍ത്യ മസ്തിഷ്­ക്കങ്ങളില്‍ ക്ഷുദ്ര ചിന്തകള്‍
ഭദ്രമായ് സൂക്ഷിക്കുവാന്‍ മാത്രമെന്ന പോല്‍
കറവീണു വികൃതമായ്ത്തീര്‍ന്നു മനോഗതി
കാര്‍ന്നെടുത്തൊരുമതന്‍ ശുഭകാലവാരിധി
വിധിയാണിതെന്നു പഴിയ്‌­ക്കേണ്ട നാം,സഖീ
കലി കാലമെന്നു ധരിയ്‌­ക്കേണ്ട; യുണരൂ നീ
ശരിയായി സ്പന്ദിച്ചിടാന്‍ മടിയ്ക്കാതെ നീ
മിഴിപോലെകാത്തിടാം: ശാന്തി! നമുക്കിനി.


*അകാലത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേര്‍ന്നുകൊണ്ട്‌
ദീപങ്ങള്‍ കെടുത്തരു­ത്* (കവിത: അന്‍വര്‍ ഷാ ഉമയ­നല്ലൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക