Image

ആദായനികുതിവിവരങ്ങള്‍ പുറത്തുവിടും: റോംനി;കാലിഫോര്‍ണിയ സ്ട്രിപ് മാള്‍ ഹിന്ദു ക്ഷേത്രമാക്കുന്നു; ഇന്ത്യയുടെ മനം കവര്‍ന്ന് ഓപ്ര; ഓപ്രയുടെ മനം നിറച്ച് ഇന്ത്യയും

Published on 23 January, 2012
ആദായനികുതിവിവരങ്ങള്‍ പുറത്തുവിടും: റോംനി;കാലിഫോര്‍ണിയ സ്ട്രിപ് മാള്‍ ഹിന്ദു ക്ഷേത്രമാക്കുന്നു; ഇന്ത്യയുടെ മനം കവര്‍ന്ന് ഓപ്ര; ഓപ്രയുടെ മനം നിറച്ച് ഇന്ത്യയും
വാഷിംഗ്ടണ്‍: തന്റെ ആദായനികുതി വിവരങ്ങള്‍ 48 മണിക്കൂറിനകം പുറത്തുവിടുമെന്ന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുള്ള മിറ്റ് റോംനി. സൗത്ത് കരോലീന പ്രൈമറിയില്‍ തോല്‍വിയറിഞ്ഞതിനുശേഷമാണ് റോംനിയുടെ നാടകീയ പ്രഖ്യാപനം. സൗത്ത് കരോലീന പ്രൈമറിയില്‍ റോംനിയുടെ സ്വത്ത് വിവരങ്ങളെക്കുറിച്ചുള്ള എതിരാളികളുടെ പ്രചാരണം അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു. സൗത്ത് കരോലീന പ്രൈമറിയ്ക്ക് മുമ്പ് ആദായനികുതിവിവരങ്ങള്‍ പരസ്യപ്പെടുത്താത്തത് തെറ്റായിപ്പോയെന്ന് പരാജയശേഷം ടെലിവിഷന്‍ അഭിമുഖത്തില്‍ റോംനി പ്രതികരിച്ചിരുന്നു. 2010ലെ ആദായനികുതി റിട്ടേണും 2011ലെ പ്രതീക്ഷിക്കുന്ന വരുമാനവുമായിരിക്കും ചൊവ്വാഴ്ചയ്ക്കുള്ളില്‍ പുറത്തുവിടുകയെന്ന് റോംനി വ്യക്തമാക്കി. ഈ മാസം 31ന് ഫ്‌ളോറിഡയിലാണ് അടുത്ത പ്രൈമറി തെരഞ്ഞെടുപ്പ്. അതിന് മുമ്പ് നഷ്ടമായ പ്രതിച്ഛായ വീണ്‌ടെടുക്കാന്‍ പുതിയ നീക്കത്തിലൂടെ കഴിയുമെന്നാണ് റോംനിയുടെ പ്രതീക്ഷ.

കാലിഫോര്‍ണിയ സ്ട്രിപ് മാള്‍ ഹിന്ദു ക്ഷേത്രമാക്കുന്നു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ട്രേസി പ്ലാസാ റീട്ടെയില്‍ സെന്ററിലെ പതിനായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള സ്ട്രിപ് മാള്‍ ഹിന്ദു ക്ഷേത്രമാക്കി മാറ്റുന്നു. 30,500 ചതുരശ്രയടി പാര്‍ക്കിംഗ് സൗകര്യമുള്ള ട്രേസി പ്ലാസാ റീട്ടെയില്‍ സെന്റര്‍ 2009ല്‍ തുറന്നതാണെങ്കിലും ഇതുവരെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. സ്ട്രിപ് മാളില്‍ ക്ഷേത്ര നിര്‍മാണം പുരോഗമിക്കുയാണ്. ഉപഭോക്തൃ സംസ്കാരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ കഴിയുന്ന സമൂഹത്തില്‍ ഹിന്ദു സംസ്കാരം പ്രചരിപ്പിക്കാനും അത് അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കാനും ക്ഷേത്രനിര്‍മാണത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജന്‍ സെഡ് പറഞ്ഞു.

ഇന്ത്യയുടെ മനം കവര്‍ന്ന് ഓപ്ര; ഓപ്രയുടെ മനം നിറച്ച് ഇന്ത്യയും

ജയ്പൂര്‍: ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തിയ യുഎസിലെ പ്രമുഖ ടിവി ടോക് ഷോ അവതാരകയായ ഓപ്ര വിന്‍ഫ്രി ഏവരുടെയും മനംകവര്‍ന്നു. മഞ്ഞ-പച്ച എംബ്രോയിഡറിയുള്ള സല്‍വാറും കണങ്കാല്‍ വരെ എത്തുന്ന പാശ്ചാത്യ പൈജാമയുമണിഞ്ഞാണ് ഓപ്ര സാഹിത്യോല്‍സവത്തിനെത്തിയത്. ആദ്യമായാണ് ഓപ്ര ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലെ തന്റെ അനുഭവങ്ങളും കണെ്ടത്തലുകളും സാഹിത്യ ആസ്വാദകരുമായി ഓപ്ര പങ്കുവച്ചു. ഇന്ത്യയെക്കുറിച്ചുള്ള ഓപ്ര വിന്‍ഫ്രിയുടെ നിരീക്ഷണങ്ങള്‍: മാതാപിതാക്കളെയും മുത്തച്ഛന്‍-മുത്തശ്ശിമാരെയും സംരക്ഷിക്കുന്ന ഇന്ത്യയിലെ കുടുംബപാരമ്പര്യമാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. നാലു തലമുറയുള്ള കുടുംബത്തിലെ അംഗമെന്ന നിലയില്‍ അതെത്ര മഹത്തരമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നിറഞ്ഞ മനസുമായാണു തിരിച്ചുപോകുന്നത്. എന്നാല്‍ മുതിര്‍ന്നവരെ സ്‌നേഹിക്കുകയും നല്ലവണ്ണം പരിചരിക്കുകയും ചെയ്യുന്ന നാടായിട്ടും നല്ല നിലയില്‍ കഴിയുന്ന കുടുംബങ്ങള്‍ പോലും വിധവകളെ കൈവിടുന്നത് എന്തുകൊണ്ടാണെന്നു തനിക്ക് മനസ്സിലാകുന്നില്ലെന്നും ഓപ്ര പറഞ്ഞു.

ഇന്ത്യയിലെ ട്രാഫിക് ആണ് തനിക്ക് വിചിത്രമായി തോന്നിയതെന്നും ഓപ്ര പറഞ്ഞു. ട്രാഫിക് സിഗ്നലുകളിലെ ചുവന്ന ലൈറ്റ് എന്തിനാണ്? അതു കത്തിയാലും എല്ലാവരും നിര്‍ത്താതെ വണ്ടി ഓടിച്ചുപോകുന്നു. ഒറ്റ മുറിയില്‍ കഴിയുന്ന അഞ്ചംഗ കുടുംബത്തെ കാണാന്‍ പോയി. അവിടെ ഒരു എഴുത്തുകാരനുണ്ട്. ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും വീട്ടില്‍ പോയി. അവിടെയും ഒരു എഴുത്തുകാരന്‍ ഉണ്ട.് ഇതെല്ലാം ഇന്ത്യയില്‍ തന്നെ അത്ഭുതപ്പെടുത്തിയ സംഭവങ്ങളാണെന്നും ഓപ്ര പറഞ്ഞു. മനുഷ്യഹൃദയങ്ങളിലേക്കു പാലം പണിയുക എന്നതാണ് എന്റെ ജോലി. ഇന്ത്യയില്‍ വീണ്ടും വരിക എന്നതാണ് തന്റെ ആഗ്രഹം. ദാരിദ്ര്യത്തിനും വൃത്തികേടിനുമപ്പുറത്ത് ഒരിന്ത്യയുണ്‌ടെന്നും ഓപ്ര പറഞ്ഞു.

ന്യൂയോര്‍ക്ക് സബ്‌വേയില്‍ 24 മണിക്കൂറിനിടെ നാലു മരണം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സബ്‌വേയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ നാലു വ്യത്യസ്ത അപകടങ്ങളില്‍ നാലു പേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സബ്വേയിലെ എംഹസ്റ്റ് അവന്യൂ സ്റ്റേഷനു സമീപം ആദ്യത്തെയാളെ മരിച്ചനിലയില്‍ കണ്‌ടെത്തിയത്. അറുപത് വയസിനടുത്ത് പ്രായമുള്ള ഇയാള്‍ പടിക്കെട്ട് കയറുമ്പോള്‍ താഴെ വീണതാകാമെന്നാണ് പോലീസ് നിഗമനം. രാവിലെ എട്ടുമണിയോടെ മാന്‍ഹട്ടനില്‍ തേര്‍ഡ് അവന്യൂവിലെ 14 മത്തെ സ്ട്രീറ്റിലാണ് 20കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്‌ടെത്തിയത്. ശനിയാഴ്ച വൈകിട്ട് ഇതേ സ്ഥലത്ത് മറ്റൊരാളെകൂടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്‌ടെത്തി. വൈകിട്ട് നോസ്ട്രാന്‍ഡ് സ്റ്റേഷനു സമീപത്തെ ഒരു ടണലില്‍ നിന്നാണ് നാലാമത്തെയാളുടെ മൃതദേഹം കണ്‌ടെത്തിയത്. സംഭവങ്ങളെക്കുറിച്ച് ഫെഡറല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഫ്ഗാനിലെ സമാധാന ദൗത്യം തുടരും: യുഎസ്

വാഷിംഗ്ടണ്‍: അഫ്ഗാനിലെ സമാധാന ദൗത്യവുമായി മുന്നോട്ടുപോകുമെന്ന് യുഎസ്. പ്രദേശത്ത് സമാധാനം സ്ഥാപിക്കുകയെന്ന ദൗത്യം തുടരുമെന്ന് യുഎസ് നയതന്ത്ര പ്രതിനിധി മാര്‍ക് ഗ്രോസ്മാനും അഫ്ഗാന്‍ വിദേശകാര്യ സഹമന്ത്രി ജാവേദ് ലൂഡിനും വാഷിംഗ്ടണില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിന് അഫ്ഗാനിലെ ജനങ്ങള്‍ നല്ലരീതിയില്‍ പിന്തുണ നല്‍കുന്നുണെ്ടന്നും ഗ്രോസ്മാന്‍ പറഞ്ഞു. അഫ്ഗാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍തന്നെ താലിബാനുമായി സമാധാന ചര്‍ച്ചകള്‍ തുടരുമെന്നും ഗ്വാണ്ടനാമോ തടവുകാരെ ഖത്തറിലേയ്ക്ക് മാറ്റുന്നതിനെ പിന്തുണയ്ക്കുമെന്നും വിദേശകാര്യ സഹമന്ത്രി ജാവേദ് ലൂഡിന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക