Image

വിളപ്പില്‍ശാല മാലിന്യസംസ്‌കരണ പ്ലാന്റ് തുറക്കണം: ഹൈക്കോടതി

Published on 23 January, 2012
വിളപ്പില്‍ശാല മാലിന്യസംസ്‌കരണ പ്ലാന്റ് തുറക്കണം: ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന വിളപ്പില്‍ശാല മാലിന്യസംസ്‌കരണ പ്ലാന്റ് അടിയന്തിരമായി തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. മാലിന്യസംസ്‌കരണ പ്ലാന്റിന് ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്ഥാപിച്ച പൂട്ട് പൊളിക്കണമെന്നും വേണ്ടിവന്നാല്‍ അതിന് പോലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു. പ്ലാന്റ് തുറന്നുപ്രവര്‍ത്തിപ്പിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

പ്ലാന്റ് ഇന്നു തന്നെ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നും പ്ലാസ്റ്റിക് വേര്‍തിരിച്ച അഴുകുന്ന മാലിന്യങ്ങള്‍ മുഴുവന്‍ ഇന്നു തന്നെ സംസ്‌കരിച്ചു തുടങ്ങണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടു. പ്ലാന്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

ഒന്നര മാസം മുന്‍പ് വിളപ്പില്‍ശാല ഗ്രാമപഞ്ചായത്ത് ഭരണസമിതി മാലിന്യപ്ലാന്റ് അടച്ചുപൂട്ടിയതിനുശേഷം തിരുവനന്തപുരം നഗരസഭയുടെ പരിധിയിലെ പ്രദേശങ്ങളിലെ മാലിന്യപ്രശ്‌നം രൂക്ഷമായിരുന്നു. റോഡുകളും പുരയിടങ്ങളുമെല്ലാം മാലിന്യങ്ങള്‍ നിറഞ്ഞ് ജനജീവിതം തീര്‍ത്തും ദുസ്സഹമായ സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി നിയമിച്ച അഭിഭാഷക കമ്മീഷന്‍ പ്രദേശത്തെത്തി പഠനം നടത്തിയിരുന്നു. ഈ പഠനറിപ്പോര്‍ട്ടും പരിഗണിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സമരം തുടരുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക