Image

രാജ്യംവിട്ടത് ഭയംകൊണ്ട്: സര്‍ദാരിയുടെ മാധ്യമ ഉപദേഷ്ടാവ്‌

Published on 23 January, 2012
രാജ്യംവിട്ടത് ഭയംകൊണ്ട്: സര്‍ദാരിയുടെ മാധ്യമ ഉപദേഷ്ടാവ്‌
വാഷിങ്ടണ്‍: ഐ.എസ്.ഐ തട്ടിക്കൊണ്ടുപോകുമെന്ന് ഭയന്നാണ് രാജ്യംവിട്ടതെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മാധ്യമ ഉപദേഷ്ടാവായ ഫറാനസ് ഇസ്പഹാനി വെളിപ്പെടുത്തി. മുന്‍ നയതന്ത്ര പ്രതിനിധിയായ ഹുസൈന്‍ ഹഖാനിയുടെ ഭാര്യയാണ് ഇസ്പഹാനി.

രഹസ്യരേഖാവിവാദവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ഭര്‍ത്താവിനെ സമ്മര്‍ദ്ദത്തിലാക്കുന്നതിനാണ് ഐ.എസ്.ഐ തന്നെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതെന്ന് ഇസ്പഹാനി വെളിപ്പെടുത്തിയതായി ജിയോ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട ആബട്ടാബാദ് സംഭവത്തിനുശേഷം രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടായേക്കുമെന്ന് ഭയന്ന സര്‍ദാരി യു.എസ്. സഹായം അഭ്യര്‍ഥിച്ച് മുന്‍ സംയുക്തസേനാ മേധാവി മൈക്ക് മുള്ളന് കത്തയച്ചു എന്നതാണ് രഹസ്യ രേഖാ വിവാദം. സര്‍ദാരിക്ക് വേണ്ടി കത്ത് തയ്യാറാക്കിയത് യു.എസ്സിലെ മുന്‍ അംബാസഡര്‍ ഹുസൈന്‍ ഹഖാനിയാണെന്ന് വെളിപ്പെടുത്തിയത് മന്‍സൂര്‍ ഇജാസ് ആയിരുന്നു.

വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഹഖാനിയുടെ അംബാസഡര്‍ സ്ഥാനം തെറിച്ചിരുന്നു. സൈന്യവുമായുള്ള നേതൃത്വത്തിന്റെ ബന്ധം വഷളാവുകയും ചെയ്തു. രഹസ്യരേഖയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണം നടക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക