Image

യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ വാര്‍ഷികം ആഘോഷിച്ചു

ബിജു ചെറിയാന്‍ Published on 23 January, 2012
യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ വാര്‍ഷികം ആഘോഷിച്ചു
ന്യൂജേഴ്‌സി: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കന്‍ അതിഭദ്രാസനാധിപനും, പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തയുടെ എട്ടാമത്‌ മേല്‍പ്പട്ട സ്ഥാനാരോഹണ വാര്‍ഷികം ലളിതമായ ചടങ്ങുകളോടെ ന്യൂജേഴ്‌സിയില്‍ ആഘോഷിച്ചു. ന്യൂജേഴ്‌സിയിലെ ലിവിംഗ്‌സ്റ്റണ്‍ സെന്റ്‌ ജയിംസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 15-ന്‌ നടത്തപ്പെട്ട ചടങ്ങില്‍ വൈദീക ശ്രേഷ്‌ഠര്‍, ശെമ്മാശന്മാര്‍, ഭദ്രാസന ഭാരവാഹികള്‍, ഭക്തസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആര്‍ച്ച്‌ ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ റവ.ഫാ. പുന്നൂസ്‌ ചാലുവേലില്‍ (ക്‌നാനായ ആര്‍ച്ച്‌ ഡയോസിസ്‌) അധ്യക്ഷതവഹിച്ചു. ഇടവക വികാരി വെരി റവ. ഗീവര്‍ഗീസ്‌ തോമസ്‌ ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ സ്വാഗതമാശംസിച്ചു. ബിജു കുര്യന്‍ മാത്യൂസ്‌ (ട്രഷറര്‍) അവതാരകനായിരുന്നു. അമേരിക്കയില്‍ കുടിയേറിപ്പാര്‍ക്കുന്ന സുറിയാനി സഭാ മക്കളുടെ ആദ്ധ്യാത്മിക വളര്‍ച്ചയ്‌ക്കും സഭയുടെ കെട്ടുറപ്പിനുമായി പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന മെത്രാപ്പോലീത്തയുടെ നിസ്വാര്‍ത്ഥ സേവനം അനുകരണീയമാണെന്നും, തുടര്‍ന്നുള്ള പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രാര്‍ത്ഥനയും ആശംസയും നേരുന്നുവെന്നും ഫാ. പുന്നൂസ്‌ ചാലുവേലില്‍, ഗീവര്‍ഗീസ്‌ ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. ഡീക്കന്‍ ആകാശ്‌ പോള്‍ (ഇടവക വൈസ്‌ പ്രസിഡന്റ്‌), സാജു പൗലോസ്‌ (ഭദ്രാസന ജോയിന്റ്‌ ട്രഷറര്‍), രാജു ഏബ്രഹാം (സെന്റ്‌ പോള്‍സ്‌ ഫെല്ലോഷിപ്പ്‌ കോര്‍ഡിനേറ്റര്‍), ഷെവലിയാര്‍ ജയിംസ്‌ ജോണ്‍ (സണ്‍ഡേ സ്‌കൂള്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍), ജോര്‍ജ്‌ ഇട്ടന്‍ പാടിയേടത്ത്‌ (മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം), ഡീക്കന്‍ അനി സ്‌കറിയ (യൂത്ത്‌ അസോസിയേഷന്‍ പ്രതിനിധി) തുടങ്ങിയവരും അനുമോദനമര്‍പ്പിച്ചു.

പ്രതിസന്ധി ഘട്ടത്തില്‍ ഭദ്രാസനത്തെ ശുശ്രൂഷിക്കുവാന്‍ തക്കവണ്ണം ബലഹീനനായ തന്നില്‍ ഭരമേല്‍പ്പിക്കപ്പെട്ട ചുമതല നിര്‍വ്വഹിക്കുന്നതില്‍ സര്‍വ്വശക്തനായ ദൈവത്തില്‍ നിന്നും ലഭിക്കുന്ന അനുഗ്രഹങ്ങള്‍ വാക്കുകള്‍ കൊണ്ടുള്ള വര്‍ണ്ണനയ്‌ക്ക്‌ അതീതമാണെന്നും, വന്ദ്യരായ വൈദീക ശ്രേഷ്‌ഠരും, സഭാ മക്കളും നല്‍കുന്ന സ്‌നേഹ ബഹുമാനങ്ങള്‍ക്കായി നന്ദി അറിയിക്കുന്നുവെന്നും മെത്രാപ്പോലീത്ത പ്രസ്‌താവിച്ചു. പ്രവാസി സമൂഹത്തില്‍ സഭയുടെ വളര്‍ച്ചയും ആത്മീയാഭിവൃദ്ധിയും ലക്ഷ്യമാക്കി പ്രാര്‍ത്ഥനയോടും ഐക്യത്തോടുംകൂടി മുന്നേറുവാന്‍ നമുക്കാകണമെന്ന്‌ അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ആശംസകള്‍ക്ക്‌ നന്ദി പ്രകാശിപ്പിച്ചുകൊണ്ട്‌ വിശ്വാസികളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ തീത്തോസ്‌. കേക്കു മുറിച്ചുകൊണ്ട്‌ അദ്ദേഹം സന്തോഷത്തില്‍ പങ്കുചേര്‍ന്നു. ഇടവക സെക്രട്ടറി മെവിന്‍ തോമസ്‌ കൃതജ്ഞതയര്‍പ്പിച്ചു. ആഘോഷപരിപാടികളില്‍ വിവിധ ഇടവകകളില്‍ നിന്നായി ഒട്ടനവധി വിശ്വാസികള്‍ പങ്കെടുത്തു. ബിജു ചെറിയാന്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്‌.
യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക