Image

ജലവിതരണം സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര ആസൂത്രണ കമ്മിഷന്‍ശുപാര്‍ശ

Published on 22 January, 2012
ജലവിതരണം സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര ആസൂത്രണ കമ്മിഷന്‍ശുപാര്‍ശ
ന്യൂഡല്‍ഹി: കുടിവെള്ളം, വൈദ്യുതി എന്നീ അവശ്യ സര്‍വീസുകളില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി പിന്‍വാങ്ങണമെന്ന് കേന്ദ്ര ആസൂത്രണ കമ്മിഷന്‍. ജലവിതരണരംഗം സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കണമെന്ന് ദേശീയ ജലനയത്തിന്റെ കരടില്‍ പറയുന്നു. വൈദ്യുതി വില യുക്തിസഹമായി ഉയര്‍ത്തുന്നതിന് താരിഫ് റഗുലേറ്ററി കമ്മിഷനുകള്‍ക്കു മേല്‍ സംസ്ഥാനസര്‍ക്കാരുകളുടെ പരോക്ഷ ഇടപെടല്‍ ഇല്ലാതാക്കണമെന്നും ആസൂത്രണ കമ്മിഷന്‍ നിയോഗിച്ച ശുംഗ്ലു കമ്മിറ്റി ശുപാര്‍ശ ചെയ്തു.

കുടിവെള്ളത്തിനും ജലസേചനത്തിനും നല്‍കുന്ന സബ്‌സിഡികള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുക, ജലവിതരണമെന്ന സേവനത്തില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്മാറി പശ്ചാത്തല സൗകര്യമൊരുക്കുന്ന കാര്യത്തില്‍ മാത്രം ഇടപെടുക, ജലവിതരണത്തിന് ചെലവാകുന്ന തുക ഉപയോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കുക, വിതരണം സ്വകാര്യ ഏജന്‍സികളെയും പ്രാദേശിക സമൂഹങ്ങളെയും ഏല്‍പിക്കുക തുടങ്ങിയവയാണ് ദേശീയ കരട് ജലനയം പറയുന്നത്. 2005 ല്‍ ലോകബാങ്ക് നിര്‍ദ്ദേശിച്ച സാമ്പത്തിക പരിഷ്‌കരണപാതയുടെ ചുവടുപിടിച്ചാണ് നയരേഖ തയാറാക്കിയിരിക്കുന്നത്. 

വിപണിയില്‍ മത്സരക്ഷമത ഉറപ്പാക്കി എല്ലാ പൗരന്മാര്‍ക്കും ഗുണനിലവാരമുള്ള ജലം ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന രേഖ പക്ഷേ ജലത്തിന്റെ വിലയും വിപണിയുടെ തീര്‍പ്പിന് വിടുകയാണ്. എന്നാല്‍ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ മാതൃകയില്‍ വെള്ളത്തിനുള്ള പൗരന്റെ അവകാശം നിയമപരമാക്കണമെന്ന നിര്‍ദേശം രേഖയിലില്ല.

വൈദ്യുതിയുടെ കാര്യത്തില്‍ ഉല്‍പാദനച്ചെലവിന് ആനുപാതികമായ വിലനിര്‍ണ്ണയം ഉറപ്പാക്കണമെന്നാണ് ആസൂത്രണ കമ്മിഷന്‍ നിയോഗിച്ച മുന്‍ സിഎജി വി.കെ.ശുംഗ്ലു ചെയര്‍മാനായ സമിതിയുടെ നിര്‍ദേശം. താരിഫ് റഗുലേറ്ററി കമ്മീഷനുകള്‍ സംസ്ഥാനസര്‍ക്കാരുകളുടെ സമ്മര്‍ദത്തിന് വഴങ്ങി യുക്തിസഹമായ വില നിര്‍ണയം നടത്തുന്നില്ല. ഈ രീതി മാറി കമ്മിഷനെ പൂര്‍ണമായും സ്വതന്ത്രമാക്കണം. കമ്മിഷനുകളുടെ ഘടന ഉടച്ചുവാര്‍ക്കണം. ഹൈക്കോടതി സിറ്റിങ് ജഡ്ജിനെ ചെയര്‍മാനും കേന്ദ്ര താരിഫ് റഗുലേറ്ററി കമ്മിഷനംഗം, ചീഫ് സെക്രട്ടറി, മറ്റേതെങ്കിലും സംസ്ഥാനത്തെ പിഎസ്‌സി അംഗം എന്നിവര്‍ അംഗങ്ങളും ആകുന്ന വിധത്തിലായിരിക്കണം റഗുലേറ്ററി കമ്മിഷനുകളെ ഉടച്ചു വാര്‍ക്കേണ്ടത്. 

ചുരുക്കത്തില്‍, വെള്ളത്തിനും വൈദ്യുതിക്കും വന്‍തുക കൊടുക്കേണ്ടി വരുന്ന സാഹചര്യമാണ് പുതിയ നയം നടപ്പായാല്‍ വരാന്‍ പോകുന്നത്. സാമ്പത്തിക പരിഷ്‌കാരത്തിന്റെ അനന്തരഘട്ടമെന്നാണ് ഈ സമീപനത്തെ കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. പക്ഷേ പാവങ്ങള്‍ക്ക് വെള്ളവും വൈദ്യുതിയും നിഷേധിക്കുന്ന തരത്തില്‍ അവശ്യസര്‍വീസുകള്‍ വിപണിസമവാക്യങ്ങള്‍ക്കും സ്വകാര്യമേഖലയ്ക്കും വിട്ടുകൊടുക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഉറപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക