Image

ഫോമാ - ആര്‍സിസി പ്രൊജക്ടിന്റെ അഡൈ്വസറി ബോര്‍ഡ് പ്രഗത്ഭര്‍

Published on 19 January, 2016
ഫോമാ - ആര്‍സിസി പ്രൊജക്ടിന്റെ അഡൈ്വസറി ബോര്‍ഡ് പ്രഗത്ഭര്‍
അമേരിക്കന്‍ മലയാളികള്‍ ആവേശത്തോടെ ഏറ്റെടുത്ത ഫോമായുടെ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ബില്‍ഡിംഗ് പ്രൊജക്ടിന്റെ അഡൈ്വസറി ബോര്‍ഡില്‍ സാമൂഹിക,സാംസ്‌കാരിക , മെഡിക്കല്‍ രംഗത്തെ പ്രമുഖര്‍. അമേരിക്കന്‍ സംഘടനാ രംഗത്ത് ചരിത്രം കുറിച്ചുകൊണ്ട് ഒരുലക്ഷം ഡോളര്‍ മുതല്‍ മുടക്കില്‍ ഫോമായുടെ 2014-2016 ഭരണസമിതി ശ്രീ.ആനന്ദന്‍ നിരവേലിന്റെ നേതൃത്വത്തില്‍ ആണ് ഈ സ്വപ്നപദ്ധതിക്കു തുടക്കം കുറിച്ചത്. ഈ പ്രൊജക്ടിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കു ഭരണസമിതിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഒന്‍പത് അംഗ അഡൈ്വസറി ബോര്‍ഡിനെ തിരഞ്ഞെടുത്തിട്ടുണ്ട്. പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ.ജോസ് എബ്രഹാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും സഹായിക്കുവാനുമാണ് ഈ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്.

ഡോ.എം.വി.പിള്ള - പതിറ്റാണ്ടുകളായി അമേരിക്കന്‍ മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു ഭിഷശ്വരനാണ് ഇദ്ദേഹം. കൂടാതെ,  ഇവിടെ ആരോഗ്യ മേഖലയില്‍ പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളസര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉപദേഷ്ടാവായും പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം അമേരിക്കന്‍ മലയാളികള്‍ക്കും സംഘടനകള്‍ക്കും ചിരപരിചിതനാണ്.

ശശിധരന്‍ നായര്‍ - ഫോമായുടെ സ്ഥാപകപ്രസിഡന്റും അഡൈ്വസറി ബോര്‍ഡ് മുന്‍ ചെയര്‍പേഴ്‌സണും ആയ ഫോമായുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും പ്രവര്‍ത്തകരോടൊപ്പം നിലയുറപ്പിച്ചിട്ടുള്ള മുതിര്‍ന്ന  നേതാവാണ്. കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ആണ് ശ്രീ.ശശിധരന്‍ നായര്‍.

ടി.കെ.എ.നായര്‍ - 1963 ബാച്ചില്‍പ്പെട്ട ഐഎഎസ് കാരനായ ഇദ്ദേഹം മൂന്ന് മുന്‍ പ്രധാനമന്ത്രിമാരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (കോഴിക്കോട്) ബോര്‍ഡ് മെമ്പറും, സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റിന്റെ ബോര്‍ഡ് മെമ്പറുമാണ് ഇദ്ദേഹം ഇപ്പോള്‍.

ബേബി ഊരാളില്‍ - ഫോമായുടെ മുന്‍പ്രസിഡന്റായിരുന്ന ശ്രീ.ബേബി അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സ്വന്തമായി ബിസിനസ്സ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ആളാണ്. അമേരിക്കയില്‍ നിന്നും സംപ്രേക്ഷണം ചെയ്യുന്ന പ്രവാസി ചാനലിന്റെ സിഇഒ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വര്‍ക്കി ഏബ്രഹാം - പ്രമുഖ അമേരിക്കന്‍ മലയാളി ബിസിനസ്സുകാരനായ ഇദ്ദേഹം പ്രവാസി ചാനലിന്റെ ചെയര്‍മാന്‍ കൂടിയാണ്. കേരളത്തിലെ ഇടതുവലതു രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാ നേതാക്കന്മാരോടും വ്യക്തിബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം ഈ പ്രൊജക്ടിന്റെ കേരളത്തിലെ ഒരു ചാലകശക്തി കൂടിയാണ്.

കുസുമം ടൈറ്റസ് - ഫോമായുടെ മുന്‍ വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ ആയ ശ്രീമതി. കുസുമം പ്രശസ്തയായ എയ്‌റോ കണ്‍ട്രേള്‍സ് എന്ന സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ കൂടുതലും വ്യാപൃതയായിരിക്കുന്ന ഒരു ബിസിനസ്സ്‌കാരി കൂടിയാണ് ശ്രീമതി. കുസുമം ടൈറ്റസ്.

ഡോ.പി.കുസുമകുമാരി - റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ അഡീഷണല്‍ ഡയറക്ടറും, പീഡിയാട്രിക് ഓണ്‍ കോളേജ് വിഭാഗത്തിന്റെ മേധാവിയുമാണ് ഡോ.കുസുമകുമാരി. കുട്ടികളുടെ കാന്‍സര്‍ ചികിത്സാ രംഗത്ത് നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഡോക്ടര്‍ ഈ പ്രൊജക്ടിന്റെ കേരളത്തിലെ കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു.

ഡോ.സാറാ.ജെ.ഈശോ - പ്രശസ്ത ഓങ്കോളജിസ്‌ററായ ഡോ.സാറാ ഒരു തികഞ്ഞ മനുഷ്യസ്‌നേഹിയും ആതുരസേവനരംഗത്ത് ബദ്ധശ്രദ്ധയുമാണ്. സാമൂഹിക സാംസ്‌കാരിക രംഗത്തും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ജനനി മാഗസിന്റെ ലിറ്റററി എഡിറ്റര്‍ കൂടിയാണ്. 

കളത്തില്‍ വറുഗീസ് - 40-ല്‍ പരം വര്‍ഷങ്ങളായി അമേരിക്കന്‍ രാഷ്ട്രീയ രംഗത്തു  പ്രവര്‍ത്തിക്കുന്ന ശ്രീ.കളത്തില്‍ വറുഗീസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാസ്സാ, സഫോക്ക് കൗണ്ടികളുടെ പാര്‍ട്ടി വൈസ്‌ചെയര്‍മാനും ഇലക്ഷന്‍ കാണ്‍ഡിഡേറ്റ് കമ്മിറ്റിയുടെ ചെയര്‍മാനുമാണ്. മുന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷറായ ഇദ്ദേഹം ബികെഹ ഫൗണ്ടേഷന്റെ ചെയര്‍മാനാണ്. 

ഫോമായുടെ ഇപ്പോഴത്തെ പബ്ലിക് റിലേഷന്‍സ് ചെയര്‍പേഴ്‌സണ്‍ ആയ ശ്രീ.ജോസ് എബ്രഹാം ആണ് ഈ പ്രൊജക്ടിന്റെ കോര്‍ഡിനേറ്റര്‍. അമേരിക്കയിലും കേരളത്തിലേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ഈ പ്രൊജക്ട് സമയബന്ധിതമായ രീതിയില്‍ മുന്നോട്ട് പോവുകയും ചെയ്യുന്നത് ശ്രീ.ജോസിന്റെ കൃത്യതയാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ കൂടിയാണ്. ഫോമയിലെ എല്ലാ അംഗസംഘടനകളിലെ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും അതുപോലെ തന്നെ മനുഷ്യസ്‌നേഹികളായ അമേരിക്കന്‍ മലയാളികളുടെയും നിസ്സാരമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടും മനുഷ്യത്ത്വപരമായ ചിന്തകള്‍കൊണ്ടും വളരെ നല്ല രീതിയില്‍ ഈ പ്രൊജക്ട് മുന്നോട്ട് പോകുന്നു എന്ന് പ്രസിഡന്റ്, ആനന്ദന്‍ നിരവേല്‍, സെക്രട്ടറി, ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍, ജോയ് ആന്റണി എന്നിവര്‍ അറിയിച്ചു. കൂടാതെ, വൈസ്പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കല്‍, ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ് മറ്റു ആര്‍വിപിമാര്‍, നാഷണല്‍ കമ്മിറ്റി മെമ്പേഴ്‌സ് തുടങ്ങിയവരും ഈ പ്രൊജക്ടിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ഫോമാ - ആര്‍സിസി പ്രൊജക്ടിന്റെ അഡൈ്വസറി ബോര്‍ഡ് പ്രഗത്ഭര്‍ഫോമാ - ആര്‍സിസി പ്രൊജക്ടിന്റെ അഡൈ്വസറി ബോര്‍ഡ് പ്രഗത്ഭര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക