Image

റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കില്ലെന്ന് സൂചന

Published on 22 January, 2012
റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കില്ലെന്ന് സൂചന
മുംബൈ: ഈയാഴ്ച നടക്കുന്ന പണവായ്പാ നയ അവലോകനത്തില്‍ മുഖ്യ വായ്പാ നിരക്കുകള്‍ റിസര്‍വ് ബാങ്ക് കുറയ്ക്കില്ലെന്ന് സൂചന. ചൊവ്വാഴ്ചയാണ് മൂന്നാം പാദ പണവായ്പാ നയ അവലോകന യോഗം. 

പണപ്പെരുപ്പം കുറയാന്‍ തുടങ്ങിയ സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന സൂചന. മാത്രമല്ല, ഡിസംബറില്‍ നടന്ന അവലോകന യോഗത്തില്‍ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍, പണപ്പെരുപ്പം കുറഞ്ഞ നിരക്കില്‍ സ്ഥിരത കൈവരിക്കുമോ എന്ന് നോക്കിയ ശേഷം മാത്രം പലിശ കുറച്ചാല്‍ മതിയെന്നാണ് ഇപ്പോഴത്തെ ആലോചനയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസംബറില്‍ പണപ്പെരുപ്പം 7.47 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയാണ്. ഭക്ഷ്യവിലപ്പെരുപ്പം ഡിസംബര്‍ മധ്യത്തില്‍ പൂജ്യത്തിനും താഴേക്ക് കൂപ്പുകുത്തി. ജനവരി ഏഴിന് അവസാനിച്ച ആഴ്ചയില്‍ ഇത് 0.42 ശതമാനമാണ്. 

നിരക്കുകള്‍ ഈ നിലയിലേക്ക് താഴ്ന്നിട്ടുണ്ടെങ്കിലും ആര്‍ബിഐ കൊണ്ടുപിടിച്ച് നിരക്കുകള്‍ കുറയ്ക്കില്ലെന്നാണ് ബാങ്കിങ് രംഗത്തുള്ളവര്‍ നല്‍കുന്ന സൂചന. പണപ്പെരുപ്പം കാര്യമായി താഴുന്നതു വരെ ആര്‍ബിഐ നിരക്കുകള്‍ കുറയ്ക്കില്ലെന്നാണ് കരുതുന്നതെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ പ്രദീപ് ചൗധരി പറഞ്ഞു. 

ചൊവ്വാഴ്ചത്തെ യോഗത്തില്‍ നിരക്കുകള്‍ കുറയ്ക്കാനിടയില്ലെന്ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ചെയര്‍മാന്‍ എം.നരേന്ദ്രയും അഭിപ്രായപ്പെട്ടു. കരുതല്‍ ധനാനുപാത (സിആര്‍ആര്‍)വും കുറയ്ക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. 

എന്നാല്‍ സിആര്‍ആര്‍ കാല്‍ ശതമാനം കുറച്ചേക്കുമെന്ന് കാനറാ ബാങ്ക് ചെയര്‍മന്‍ എസ്.രാമന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 

പണപ്പെരുപ്പം ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് 2010 മാര്‍ച്ചിനും 2011 ഒക്ടോബറിനുമിടയില്‍ 13 തവണയാണ് ആര്‍ബിഐ മുഖ്യവായ്പാ നിരക്കായ റിപോ ഉയര്‍ത്തിയത്. 3.75 ശതമാനമായിരുന്നു ഈ കാലയവളിലെ വര്‍ധന. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക