Image

ജിബി തോമസ്: പ്രവര്‍ത്തനങ്ങളിലെ മികവ്; സേവനത്തിനു വ്യക്തമായ രുപരേഖ

Published on 18 January, 2016
ജിബി തോമസ്: പ്രവര്‍ത്തനങ്ങളിലെ മികവ്; സേവനത്തിനു വ്യക്തമായ രുപരേഖ
ജിബി തോമസ് ഒരുകാര്യം ഏറ്റെടുത്ത് നടത്തുമ്പോള്‍ അതു ഏറ്റവും ഭംഗിയായി നടക്കുമെന്ന് ചരിത്രം. രണ്ട് ഉദാഹരണം. 2014-ല്‍ ന്യൂജേഴ്‌സിയില്‍ ഫോമ നടത്തിയ യംഗ് പ്രൊഫഷണല്‍ സമ്മിറ്റും, ജോബ് ഫെയറും. വിവിധ മേഖലകളിലെ പ്രഗത്ഭരായ 27 എക്‌സിക്യൂട്ടീവുകളാണ് അതില്‍ ചര്‍ച്ചകള്‍ നയിച്ചത്. ജോബ് ഫെയറില്‍ ഏതാനും പ്രമുഖ കമ്പനികളും എത്തി. യുവജനതയ്ക്ക് ഏറ്റവും പ്രയോജനകരമായ സമ്മേളനം ഫോമയുടെ പ്രഥമ സംരംഭമായിരുന്നു.

കഴിഞ്ഞവര്‍ഷം ന്യൂജേഴ്‌സിയില്‍ നടന്ന 27-മത് ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റാണ് മറ്റൊന്ന്. പങ്കെടുത്ത ടീമുകളുടേയും കാണികളുടേയും എണ്ണം മാത്രമല്ല, മൊത്തത്തിലുള്ള പരിപാടികളെല്ലാം മികച്ചതായി.

ഈ മികവ് ദേശീയ തലത്തിലും കൊണ്ടുവരുമെന്ന ഉറപ്പാണ് ഫോമ ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്ന ജിബി തോമസിന്റെ വാഗ്ദാനം. ഫോമ നേതൃത്വം ക്രമേണ യുവതലമുറയിലേക്ക് പോകുന്നു എന്നതിന്റെ സൂചനകൂടിയാണ് ജിബി തോമസിനെപ്പോലുള്ളവരുടെ വരവ്.

പഠനകാലത്തും ഔദ്യോഗികരംഗത്തും പൊതുപ്രവര്‍ത്തന പശ്ചാത്തലമുള്ള കാഞ്ഞിരപ്പള്ളി മൊളോപ്പറമ്പില്‍ കുടുംബാംഗമായ ജിബി തോമസ് സംഘടനാ രംഗത്ത് മാത്രമല്ല, മുഖ്യധാരാ രാഷ്ട്രീയരംഗത്തും സജീവമാണ്. ന്യൂജേഴ്‌സി ഡമോക്രാറ്റിക് സ്റ്റേറ്റ് കമ്മിറ്റിയുടെ സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ കോക്കസിന്റെ മിഡില്‍ സെക്‌സ് കൗണ്ടി ഡയറക്ടറും സൗത്ത് ഏഷ്യന്‍ കമ്യൂണിറ്റി ഔട്ട് റീച്ചിന്റെ ഡയറക്ടറും വൈസ് പ്രസിഡന്റും കൂടിയാണ്.

കൃഷിയില്‍ ബിരുദവും (ബി.എസ്.സി- അഗ്രിക്കള്‍ച്ചറല്‍), എം.ബി.എ (ഫിനാന്‍സ്) യുമുള്ള ജിബി കേരള ഹോര്‍ട്ടികള്‍ച്ചറല്‍ ഡെവലപ്‌മെന്റ് ഓഫീസേഴ്‌സ് യൂണിയന്റേയും, കേരള മില്‍മാ ഓഫീസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റുമായിരുന്നു.

2004-ല്‍ അമേരിക്കയിലെത്തിയശേഷം വിവിധ മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. ഫോമ ഉണ്ടായപ്പോള്‍ ഫോമയില്‍ സജീവമായി. നിലവില്‍ ഫോമയുടെ റീജിയണല്‍ വൈസ് പ്രസിഡന്റാണ്. കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ബോര്‍ഡ് അംഗമായ ജിബി 2014-ല്‍ പ്രസിഡന്റ് സ്ഥാനത്തിനുമുമ്പ് ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഇന്ത്യന്‍ പ്രവാസി ആക്ഷന്‍ കൗണ്‍സില്‍ കോര്‍ഡിനേറ്ററും, ഓവര്‍സീസ് റിട്ടേണ്‍ഡ് മലയാളീസ് ഓഫ് അമേരിക്ക (ഓര്‍മ്മ) പ്രസിഡന്റായും പ്രവര്‍ത്തിക്കുകയുണ്ടായി.

താഴെ തട്ടില്‍ നിന്നു പ്രവര്‍ത്തിച്ച് മുന്‍നിരയിലേക്ക് വരുന്ന ചുരുക്കം ചിലരില്‍ ഒരാളാണെന്നതും ജിബിയെ ശ്രദ്ധേയനാക്കുന്നു.

യംഗ് പ്രൊഫഷണല്‍ സമ്മിറ്റും, ജോബ് ഫെയറും ഇപ്പോള്‍ ഫോമയുടെ സ്ഥിരം പരിപാടികളിലൊന്നായി മാറി. അതു യുവജനതയ്ക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നു.

ഫോമ മികവുറ്റ പ്രവര്‍ത്തനങ്ങളും വ്യക്തമായ കാഴ്ചപ്പാടുകളുമുള്ള സംഘടനയാണെന്ന് ജിബി വിലയിരുത്തുന്നു. ഓരോ ഭരണസമിതിയും പുതിയ കാര്യങ്ങള്‍ ചെയ്ത് വ്യക്തിമുദ്ര പതിപ്പിക്കുന്നു. ആ പ്രവര്‍ത്തനങ്ങള്‍ അടുത്ത തവണ വരുന്ന നേതൃത്വവും മുന്നോട്ടു കൊണ്ടുപോകുകയും, അവരുടേതായ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നു. ഈ "ചെയിന്‍ ആക്ഷന്‍' ആണ് ഫോമയുടെ ശക്തി. അതിലൊരു കണ്ണിയാകാന്‍ തനിക്കും നിയോഗമുണ്ടെന്നു ജിബി കരുതുന്നു.

ഇതേവരെയുള്ള പ്രതികരണങ്ങളില്‍ നിന്നു ഇലക്ഷനെപ്പറ്റി ആശങ്കയൊന്നുമില്ലെന്നു ജിബി ഇ-മലയാളിയോട് പറഞ്ഞു.  എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കണമെന്നതിനെക്കുറിച്ച് ഒരു പതിനഞ്ചിന രൂപരേഖ തന്നെ തയാറാക്കികഴിഞ്ഞു. ഇലക്ഷനില്‍ വിജയിച്ചശേഷം അവ പടിപടിയായി നടപ്പാക്കുകയാണ് ലക്ഷ്യം. എന്തു ചെയ്യണമെന്നിനെക്കുറിച്ച് സന്ദേഹപ്പെട്ടൊന്നും സമയം കളയില്ല.

പ്രത്യേകിച്ചൊരു പാനലിന്റെ ഭാഗമല്ല താന്‍ എന്നു ജിബി പറഞ്ഞു. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ തസ്തികകള്‍ വഹിക്കുന്നവര്‍ തമ്മില്‍ ഒരു ധാരണ വേണം. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ക്കും പോരിനുമൊക്കെ സാഹചര്യമുണ്ടാകും. ഒത്തൊരുമിച്ച് നില്‍ക്കുന്ന നല്ല ടീം വന്നാലേ സംഘടനകള്‍ക്ക് നന്മയുണ്ടാകൂ. 

കണ്‍വന്‍ഷന്‍ കേന്ദ്രീകൃതമാകാതെയുള്ള പ്രവര്‍ത്തനവും പ്രധാനമാണ്. ഓരോ മാസവും ഓരോ പരിപാടി എന്നാണ് ലക്ഷ്യമിടുന്നത്. അംഗസംഘടനകളെ പങ്കെടുപ്പിച്ചായിരിക്കും ഇത്. ഇപ്പോള്‍ എഴുപത് അംഗസംഘടനകള്‍ ഉണ്ടെങ്കിലും പലതും പിന്നണിയില്‍ ഒതുങ്ങി നില്‍ക്കുന്നു. അതു മാറണം. അംഗസംഘടനകളും കേന്ദ്രനേതൃത്വവും എല്ലാംകൂടി ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചാല്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താനാകും.

വിവിധങ്ങളായ കഴിവുകളുള്ള നിരവധി പേര്‍ അമേരിക്കയിലുണ്ട്. അവസരങ്ങള്‍ ലഭിക്കാതെ പലരുടേയും കഴിവുകള്‍ മരവിച്ചുപോകുന്ന അവസ്ഥ ഇപ്പോഴുണ്ട്. അതു മാറ്റാനും ശ്രമിക്കേണ്ടതുണ്ട്.

ഇപ്പോഴത്തെ നേതൃത്വത്തിന്റെ ശ്രമഫലമായി സഫലമായിക്കൊണ്ടിരിക്കുന്ന ആര്‍.സി.സി പ്രൊജക്ട് എക്കാലത്തേയും അഭിമാനകരമായ പദ്ധതിയാണെന്നതില്‍ സംശയമില്ല. അമേരിക്കന്‍ മലയാളിയുടെ സിഗ്‌നേച്ചര്‍ പ്രൊജക്ടായി അതു നിലനില്‍ക്കും.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ക്കായി കൂടുതലുണ്ടാവണമെന്ന പക്ഷക്കാരനാണ് ജിബി തോമസ്. കേരളം പഴയ കേരളമല്ല. സ്ഥിതിയില്‍ വലിയ മാറ്റമുണ്ട്. നമ്മുടെ ഒരുകോടിയൊന്നും അവിടെ ഒന്നുമല്ല.

നേരേമറിച്ച് ഇവിടെ ദുരിതത്തില്‍ കഴിയുന്ന ഒരുപാട് മലയാളികളുണ്ട്. പലരും ദുരിതങ്ങള്‍ മൂടിവെയ്ക്കുന്നു. ഒരു സംഘടനയും അവരെ തുണയ്ക്കുന്നില്ല. പണം മാത്രമല്ല പ്രശ്‌നം. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, മയക്കുമരുന്നിന്റേയും മറ്റും ഉപയോഗം, അറസ്റ്റ്, കരിയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അങ്ങനെ നിരവധി കാര്യങ്ങള്‍.

പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എന്തു ചെയ്യണമെന്നോ ആരെ സമീപിക്കണമെന്നോ അറിയില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. അതിനൊരു മാറ്റത്തിനു ഫോമ ശ്രമിക്കും. നമുക്ക് വിവിധ രംഗങ്ങളില്‍ ധാരാളം വിദഗ്ധര്‍ ഉണ്ട്. പക്ഷെ അവരുടെ സേവനങ്ങള്‍ നമ്മുടെ കമ്യൂണിറ്റിക്ക് ലഭിക്കുന്നില്ല. അതു മാറണം. വിവിധ രംഗങ്ങളിലെ വിദഗ്ധരുടെ ഒരു നെറ്റ് വര്‍ക്ക് തന്നെ രൂപപ്പെടുത്തി സ്ഥിരം സംവിധാനം ഉണ്ടാക്കും. കൃത്യമായ ഉപദേശം അവര്‍ മുഖേന ലഭ്യമാക്കും. ഇതിനു ഫോമ ഒരു ഫസിലിറ്റേറ്റര്‍ ആകും.

അതുപോലെ തന്നെ ഇവിടുത്തെ സാങ്കേതിക വിദ്യയും അറിവും നാട്ടിലേക്ക് എത്തിക്കാനുള്ള ടെക്‌നോളജി ട്രാന്‍സ്ഫര്‍ പ്രോഗ്രാമും ലക്ഷ്യമിടുന്നു.

പത്തുവര്‍ഷം കഴിയുമ്പോള്‍ ഫോമ ഏതു തലത്തില്‍ എത്തണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് ജിബി പറഞ്ഞു. പിന്തിരിഞ്ഞ് നില്‍ക്കുന്നവരേയും പിരിഞ്ഞു പോയവരേയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക, മലയാളി കുടുംബങ്ങള്‍ക്ക് പ്രശ്‌നങ്ങളില്‍ അത്താണിയായി ആശ്രയിക്കാവുന്ന സംഘടനയായി മാറുക തുടങ്ങിയവയൊക്കെ ഇതില്‍പ്പെടുന്നു. യുവജനത കൂടുതലായി വരുമ്പോള്‍ സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജസ്വലമാകും.

അംഗ സംഘടനകള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കാനുള്ള ബാധ്യത ഫോമയ്ക്കുണ്ട്. സംഘടനയെ ശക്തിപ്പെടുത്താനും അത് ഉപകരിക്കും. പണക്കാര്‍ക്ക് മാത്രമേ നേതൃത്വത്തില്‍ വരാന്‍ പറ്റൂ എന്ന സ്ഥിതി ശരിയല്ല. നഷ്ടം വന്നാല്‍ നേതൃത്വത്തിലുള്ളവര്‍ വ്യക്തിപരമായി വഹിക്കുന്ന സ്ഥിതി ശരിയല്ല. സാധാരണക്കാര്‍ക്കും നേതൃത്വത്തില്‍ എത്താന്‍ പറ്റണം. പ്രവര്‍ത്തിക്കാനുള്ള കഴിവും, സമൂഹ ക്ഷേമത്തിനായുള്ള അര്‍പ്പണ ബോധവും ഉള്ളവരെയാണ് നേതൃത്വത്തില്‍ കൊണ്ടുവരേണ്ടത്. എന്തായാലും സ്ഥാനം ലഭിച്ചാല്‍ തികഞ്ഞ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം ഉണ്ടാകും.

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബെന്നി വാച്ചാച്ചിറയ്ക്കു പകരം സ്റ്റാന്‍ലി കളത്തില്‍ വിജയിക്കുകയും, ജിബി സെക്രട്ടറിയായി ജയിക്കുകയും ചെയ്യുന്ന സ്ഥിതിവന്നാല്‍ എങ്ങനെയിരിക്കുമെന്ന ചോദ്യത്തിനു അത്തരം സ്ഥിതിവിശേഷത്തെപ്പറ്റിയൊന്നും ആലോചിച്ചിട്ടില്ലെന്നും ജിബി പറഞ്ഞു. 2018-ലെ കണ്‍വന്‍ഷന്‍ ചിക്കാഗോയിലായിരിക്കണമെന്ന താത്പര്യം എല്ലാ ഭാഗത്തുമുണ്ട്. ഇതേവരെ ഫോമാ കണ്‍വന്‍ഷന്‍ ചിക്കാഗോയില്‍ നടന്നിട്ടില്ല.

മതസംഘടനകള്‍ ശക്തിപ്പെടുന്നുണ്ടെങ്കിലും സെക്കുലര്‍ സംഘടനകളുടെ പ്രസക്തി ഇല്ലാതാകുന്നില്ല. മതസംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനാവാത്ത ഒട്ടേറെ മേഖലകളുണ്ട്. മികച്ച പ്രവര്‍ത്തനം നടത്തിയാല്‍ ജനം സെക്കുലര്‍ സംഘടനകളിലും സജീവമാകും.

ഇതിനൊക്കെ വ്യക്തമായ കാഴ്ചപ്പാടുള്ള നേതൃത്വം ഉണ്ടാകണം. വിഷനറിക്കേ നല്ല നേതാവാകാനാകൂ എന്നതാണ് ചൊല്ലുതന്നെ.

ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന ജിബി തോമസ് മോര്‍ട്ട്‌ഗേജ് ലെന്‍ഡറും, ഫൈനാന്‍ഷ്യല്‍ പ്ലാനറുമാണ്. റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ആര്‍. എന്‍. ആയ ഭാര്യ മാര്‍ലി, യുണൈറ്റഡ് സ്റ്റീല്‍ വര്‍ക്കേഴ്‌സിന്റെ യൂണിയന്‍ പ്രതിനിധികൂടിയാണ്. മക്കള്‍: എലിറ്റ, ആരന്‍, ക്രിസ്റ്റ്യന്‍.
ജിബി തോമസ്: പ്രവര്‍ത്തനങ്ങളിലെ മികവ്; സേവനത്തിനു വ്യക്തമായ രുപരേഖജിബി തോമസ്: പ്രവര്‍ത്തനങ്ങളിലെ മികവ്; സേവനത്തിനു വ്യക്തമായ രുപരേഖ
Join WhatsApp News
Sajimma Joseph 2016-01-19 02:07:47
കഞ്ഞിരപ്പളിക്കാരുടെ പേര് കാത്തല്ലോ!എല്ലാവിധ ആശംസകളും !!
Beena Mathew Jacob 2016-01-19 12:09:35
Excellent article! Great accomplishments for a well-deserving person. Congrats!
Raveendran Narayanan 2016-01-26 07:21:59
All the Best for your LEADER SHIP QUALITIES to bring our communities together without Cast, Cread & Relegion. I will be always with you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക