മലയാള സിനിമയുടെ അടുത്ത സൂപ്പര്‍താരം ആരാണെന്ന ചോദ്യത്തിന് ആര്‍ക്കും
സംശയമുണ്ടാവില്ല. ഉത്തരം പൃഥ്വിരാജ് എന്ന് തന്നെയാവും. മലയാള സിനിമ
കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വിജയമായ എന്നു നിന്റെ മൊയ്തീന് സമ്മാനിച്ചത്
മാത്രമല്ല പൃഥ്വിയെ ഈ താരപദവിക്ക് അര്‍ഹനാക്കുന്നത്. മറിച്ച് ഒരു പാന്‍
ഇന്ത്യന്‍ താരമെന്ന നിലയില്‍ പൃഥ്വി നേടിയിരിക്കുന്ന പൊസിഷനും അയാളെ
സൂപ്പര്‍താരമായി അവരോധിക്കുന്നുണ്ട്. ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം
പിന്നിടുന്ന കരിയറില്‍ മലയാള സിനിമയില്‍ ഗ്രൂപ്പുകളില്ലാതെ ഒറ്റയ്ക്ക്
പൊരുതി നേടിയതാണ് പൃഥ്വി ഈ താരപദവി.
എന്നാല്‍ പൃഥ്വി പറയുന്നത് ഒരു
സൂപ്പര്‍താരമെന്ന് എന്നെ വിളിക്കരുത് എന്ന് തന്നെയാണ്. അതിന് കൃത്യമായ
കാരണങ്ങളും പൃഥ്വിക്ക് പറയാനുണ്ട്. പൃഥ്വിരാജിലേക്ക്...
എന്ന് നിന്റെ
മൊയ്തീന്, അമര്‍ അക്ബര്‍ ആന്റണി, അനാര്‍ക്കലി എന്നീ മൂന്ന് സിനിമകളിലൂടെ 100
കോടിയുടെ വരുമാനം മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. സൂപ്പര്‍താര പദവി
പൃഥ്വി സ്വന്തമാക്കിയിരിക്കുന്നു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. എന്താണ്
വിലയിരുത്തല്‍?
ഞാന്‍ എപ്പോഴും പറഞ്ഞിട്ടുള്ളത് തന്നെ
ആവര്‍ത്തിക്കുന്നു. എന്നെ ആരും ഒരു സൂപ്പര്താരമാക്കേണ്ട. അതിനോട് എനിക്ക്
താത്പര്യവുമില്ല. എന്റെ ഫാന്‍സ് അസോസിയേഷന് ഞാന്‍ സൂപ്പര്‍താരമെന്ന
നിലയില്‍ ഒരുപക്ഷെ ആഘോഷങ്ങള്‍ നടത്തിയേക്കാം. അത് എന്റെ സിനിമ
വിജയിക്കുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്നതാണ്. അത് ഞാനും എന്റെ
ആരാധകരും തമ്മിലുള്ള കാര്യമാണ്. പക്ഷെ സിനിമാ ഇന്‍ഡസ്ട്രി എന്നെ ഒരു
സൂപ്പര്‍താരമായി വിലയിരുത്തേണ്ട. ഞാന്‍ അങ്ങനെ ഒരു സ്റ്റാര്‍ഡം
ആഗ്രഹിക്കുന്നില്ല. പൃഥ്വിരാജിനെ ഒരു നടനായി നിങ്ങള്‍ കണ്ടാല്‍ മതി. അങ്ങനെ
എന്നിലെ നടന് ഇണങ്ങുന്ന പ്രോജക്ടുകളുമായി നിങ്ങള്‍ എന്നെ
സമീപിക്കുന്നതാണ് എനിക്ക് ഇഷ്ടം.
പക്ഷെ പൃഥ്വിയുടെ പ്രതിഫലം രണ്ട്
കോടിയിലേക്ക് കടന്നു എന്നൊക്കെ പറയുന്നു. അതൊരു സൂപ്പര്‍താര പ്രതിഫലം
തന്നെയല്ലേ?
അങ്ങനെയൊരു പ്രതിഫലത്തെക്കുറിച്ച് ഞാന്‍
അറിഞ്ഞില്ലല്ലോ. ഇതൊക്കെ എവിടെയൊക്കെയോ പറഞ്ഞ് കേള്‍ക്കുന്നതല്ലേ. എന്റെ
സിനിമയുടെ വിജയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രതിഫലമാണ് ഞാന്‍
വാങ്ങുന്നത്. സിനിമയില്‍ നിന്ന് പ്രതിഫലം വാങ്ങിയ പണം സിനിമയില്‍ തന്നെ
മുതല്‍ മുടക്കുന്ന ആളാണ് ഞാന്‍. സിനിമ നിര്‍മ്മിക്കുമ്പോള്‍ നല്ല സിനിമ തന്നെ
പ്രേക്ഷകര്‍ക്ക് നല്‍കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
പക്ഷെ പൃഥ്വി
നിര്‍മ്മിച്ച ഡബിള്‍ ബാരല്‍ പരാജയമായിരുന്നു?
അതെ. ഡബിള്‍ ബാരല്‍
പരാജയമായിരുന്നു. പക്ഷെ ആ പരാജയം ഞാന്‍ ഏറ്റെടുക്കുന്നു. കാരണം ഡബിള്‍
ബാരല്‍ ഒരു പരീക്ഷണ ചിത്രമായിരുന്നു. വലിയ മുതല്‍ മുടക്കില്‍ പുതിയൊരു
ആശയമായിരുന്നു ഞങ്ങള്‍ പരീക്ഷിച്ചത്. അവിടെ നിര്‍മ്മാണം ഞാന്‍
ഏറ്റെടുക്കുമ്പോള്‍ പരീക്ഷണത്തിന്റെ റിസ്കും ഞാന്‍ തന്നെ എടുക്കുകയാണ്.
മറ്റൊരാളെ ഞാന്‍ ആ റിസ്ക് ഏല്‍പ്പിക്കുന്നില്ല. സിനിമയോടുള്ള എന്റെ
കമിറ്റ്മെന്റും അത് തന്നെയാണ്. ഒരു നടന് എന്ന നിലയില്‍ പുതിയ കാര്യങ്ങള്‍
ചെയ്യാനുള്ള കമിറ്റ്മെന്റാണ് എനിക്കുള്ളത്.
അപ്പോള്‍
സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കപ്പെടാന്‍ താത്പര്യമില്ല
എന്നാണോ?
തീര്‍ച്ചയായും ഇല്ല. സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുകയേ
വേണ്ട. സൂപ്പര്‍താരത്തിന്റെ കാലമൊക്കെ കഴിഞ്ഞു പോയി. ഇനിയിപ്പോള്‍ മികച്ച
തിരക്കഥകളാണ് താരം.
പക്ഷെ നിവിനും ദുള്‍ക്കര്‍ സല്മാനുമൊക്കെ
സൂപ്പര്‍താരങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്?
അവരുടെ കാര്യം
എനിക്കറിയില്ല. പക്ഷെ ഞാന്‍ മനസിലാക്കുന്നത് നല്ല തിരക്കഥകളാണ്
എപ്പോഴും വിജയിക്കുന്നത്. ഒരു മോശം തിരക്കഥയും താരമുണ്ടായത് കൊണ്ട് മാത്രം
വിജയിച്ചിട്ടില്ല. അതൊരു റിയാലിറ്റിയാണ്.
താങ്കള്‍ക്ക് പിന്നാലെ
വന്ന നിവിന്‍ പോളി ഇപ്പോള്‍ പ്രേമം പോലെ വന്‍വിജയം നേടിയിരിക്കുന്നു.
താങ്കള്‍ക്കൊപ്പം നില്ക്കാന് യോഗ്യത നേടിയിരിക്കുന്നു?
വലിയ
വിജയങ്ങള്‍ നേടാന്‍ കഴിവുള്ള ആളുകള്‍ വരുന്നത് ഇന്‍ഡസ്ട്രിക്ക് നല്ലതാണ്.
ഇപ്പോഴുള്ള ആളുകളുടെ ഒരു നല്ല കാര്യം, അതിപ്പോള്‍ നിവിന്‍ പോളിയാണെങ്കിലും
ആസിഫ് അലിയാണെങ്കിലും, അവര്‍ക്ക് സ്വന്തമായി തിരഞ്ഞെടുപ്പിന്
കഴിയുന്നുണ്ട് എന്നതാണ്. ഒരു സിനിമയില്‍ മാത്രം പ്രവര്‍ത്തിച്ച്
പരിചയമുള്ള അസിസ്റ്റന്റ് ഡയറക്ടറെപ്പോലും അവര്‍ക്ക് പരിഗണിക്കാന്‍
കഴിയും. പക്ഷെ എന്റെയൊന്നും തുടക്കത്തില്‍ അങ്ങനെയായിരുന്നില്ല
കാര്യങ്ങള്‍. നമ്മുക്ക് പുതിയ ഒരു ഡയറക്ടറില്‍ നിന്നും കഥ കേട്ട് ഇഷ്ടപ്പെട്ടു
എന്ന കാരണത്താല്‍ ആ സിനിമ ചെയ്യാന്‍ കഴിയുമായിരുന്നില്ല. അവിടെ
ഇന്‍ഡസ്ട്രിയുടെ സാമ്പത്തിക വശങ്ങളെക്കുറിച്ച് ഒരുപാട്
ആലോചിക്കണമായിരുന്നു. അങ്ങനെ നിര്‍ബന്ധിതമായി സിനിമ ചെയ്യേമ്ടി വന്ന
തുടക്കകാലമാണ് എന്റേത്. അതില്‍ നിന്നൊക്കെ ഞാന്‍ സ്വയം മാറി
വരുകയായിരുന്നു.
പൃഥ്വിക്ക് മലയാള സിനിമയില്‍
ശത്രൂക്കളുണ്ടോ?
എനിക്ക് ആരോടും ശത്രൂതയില്ല. പിന്നെ എനിക്ക്
ശത്രുക്കളുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. പിന്നെ ഇന്നത്തെ മലയാള
സിനിമ മാറിയിരിക്കുന്നു. ഇവിടെ എല്ലാവരും പ്രൊഫഷണലാണ്. ഗ്രൂപ്പുകളിയും
കോക്കസുമൊന്നും ഇന്നില്ല. എല്ലാവരും നല്ല സിനിമകള്‍ തേടിയുള്ള
ഓട്ടപ്പാച്ചിലിലാണ്. നല്ല സിനിമകള്‍ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞാല്‍
മാത്രമേ ഇവിടെ വിജയിക്കാന്‍ കഴിയു.
ഇനി കുടുംബം?
അച്ഛന്റെ
റോളിലാണ് ഇപ്പോള്‍. മുമ്പൊക്കെ എല്ലാ കാര്യവും നമ്മുടെ ഇഷ്ടത്തിനായിരുന്നു.
സുപ്രിയയുമൊത്ത് ജീവിതം തുടങ്ങിയപ്പോള്‍ ഞങ്ങളുടെ ഇഷ്ടം മാത്രം നോക്കിയാല്‍
മതി. എവിടേക്ക് വേണമെങ്കില്‍ ഒരു യാത്ര പോകാന്‍ ഞങ്ങള്‍ക്ക് ഒരു നിമിഷത്തെ
തീരുമാനം മതി. ഇപ്പോഴങ്ങനെ പറ്റില്ലല്ലോ. മകള്‍ക്കൊപ്പം എപ്പോഴും വേണം.
പുതിയ സിനിമകള്‍?
ബെന്യാമിന്റെ ആടുജീവിതം ബ്ലസി
സിനിമയാക്കുമ്പോള്‍ ഞാന്‍ നായകനായി ഉണ്ടാവും. പിന്നെ ഹരിഹരന്റെ
സ്യമന്തകം. പിന്നെ പീരീഡ് ചിത്രമായ കുഞ്ചിരക്കോട്ട് കാളി. സുജിത്ത്
വാസുദേവന്‍ സംവിധാനം ചെയ്യു ന്ന ജെയിംസ് ആന്‍ഡ് ആലീസ്. ഇവയൊക്കെയാണ് പുതിയ
പ്രോജക്ടുകള്‍.