Image

മുപ്പത് വര്‍ഷം മുമ്പുള്ള ഒരു കാനനയാത്ര- സന്തോഷ് പിള്ള

സന്തോഷ് പിള്ള Published on 12 January, 2016
മുപ്പത് വര്‍ഷം മുമ്പുള്ള ഒരു കാനനയാത്ര- സന്തോഷ് പിള്ള
മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വൃശ്ചിക മാസത്തിലെ ഒരു തണുപ്പുള്ള രാത്രിയില്‍ പത്തുമണിയുടെ കോട്ടയം ബോട്ടില്‍ യാത്ര ചെയ്യാന്‍ 12 ചെറുപ്പക്കാരുടെ സംഘം ആലപ്പുഴ ബോട്ടുജെട്ടിയില്‍ എത്തിച്ചേര്‍ന്നു. 25 വയസ്സിനടുത്ത് പ്രായമുണ്ടായിരുന്ന എല്ലാ യുവാക്കളുടേയും ലക്ഷ്യം ശബരിമല ആയിരുന്നു. വ്യവസ്ഥാപിത മതങ്ങളെല്ലാം സാധാരണക്കാരെ ചൂഷണം ചെയ്യുന്നു എന്ന വീക്ഷണം വച്ചുപുലര്‍ത്തിയിരുന്ന ജോര്‍ജ് കുട്ടിയും, എരുമേലി വാവരുപള്ളിയില്‍, അയപ്പന്‍മാര്‍ എന്താണ് ചെയ്യുന്നതെന്നറിയാന്‍ യാത്രക്കൊപ്പം കൂടിയ അബ്ദുള്‍ റസാക്കും സംഘത്തിലെ അംഗങ്ങളായിരുന്നു. നാസ്തികനായിരുന്ന ജോര്‍ജുകുട്ടി ശബരിമലയിലേക്ക് ലക്ഷങ്ങളെ ആകര്‍ഷിക്കുന്ന ഘടകം എന്തെന്ന് നേരിട്ട് കണ്ട് മനസ്സിലാക്കാനാണ് ഞങ്ങള്‍ക്കൊപ്പം കൂടിയത്. സമപ്രായക്കാരനും ശബരിമലയിലേക്ക് ചന്ദനം അരച്ച് എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്ന മണികണ്ഠന്‍ പോറ്റി ആയിരുന്നു ഞങ്ങളുടെ ഗുരുസ്വാമി.

ആലപ്പുഴ ബോട്ടുജെട്ടി കെട്ടിടത്തിന്റെ സീലിങ്ങില്‍ നിന്നും രണ്ടു വയറില്‍ തൂങ്ങി കിടന്നിരുന്ന ഇലക്ട്രിക്ക് ബള്‍ബിന്റെ അരണ്ട മഞ്ഞവെളിച്ചത്തില്‍ ശരീരത്തിനുള്ളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പിനെ വകവക്കാതെ ബോട്ടിന്റെ വരവും പ്രതീക്ഷിച്ച് ഞങ്ങള്‍ ആകാംഷയോടെ കാത്തുനിന്നു. കോട്ടയം ബോട്ട്, ജെട്ടിയിലടുപ്പിച്ചപ്പോള്‍, അടര്‍ന്നുപോയ ബോട്ടിന്റെ ഏറ്റവും പുറകിലത്തെ തകര ഭാഗത്തെ നോക്കി ജോര്‍ജു പറഞ്ഞു 'ബ്രിട്ടീഷുകാര്‍ കളഞ്ഞിട്ടു പോയ ബോട്ടാണെന്നാ തോന്നുന്നത്. ഇത് കോട്ടയം വരെ എത്തുവോ എന്തോ?'
വെളുപ്പാന്‍ കാലത്ത് കോട്ടയത്തെത്തി ഒരു ചുക്കുകാപ്പിയും കുടിച്ച് അയപ്പന്‍മാരുടെ സംഘം എരുമേലിക്കുള്ള ബസ്സില്‍ സ്ഥലം പിടിച്ചു. മണിക്കൂറുകള്‍ ബസ്സില്‍ യാത്ര ചെയ്തിട്ടും ബോട്ടിന്റെ ചെകിടടപ്പിച്ച 'ഗുഡു ഗുഡു' ശബ്ദം മസ്തിഷ്‌കത്തിനുള്ളില്‍ മുഴങ്ങികൊണ്ടിരുന്നു. പകലോന്‍ കിഴക്കുദിച്ച് വെയില്‍ വീശാന്‍ തുടങ്ങിയിട്ടും എരുമേലിയിലെ തണുപ്പിന് പിന്‍വാങ്ങാന്‍ ഒരു ലക്ഷണവുമില്ല. ആവേശഭരിതമായ ഉല്‍സവ അന്തരീക്ഷമാണ് എരുമേലിയില്‍ ഞങ്ങളെ എതിരേറ്റത്.

കൈകാലുകളില്‍ പച്ചിലകള്‍ വച്ചു കെട്ടി, ഇലകള്‍ കൊണ്ടുണ്ടാക്കിയ കിരീടം ധരിച്ച്, ശരീരം മുഴുവന്‍ നിറങ്ങള്‍ വാരിതേച്ച്, അമ്പുവില്ലും കരങ്ങളിലേന്തി പാണ്ടിമേളത്തിനൊപ്പം സ്വയം മറന്ന് നൃത്തം ചവിട്ടുന്ന തമിവ് അയപ്പന്‍മാരുടെ സംഘങ്ങള്‍ ഒന്നിനു പുറകെ ഒന്നായി നീങ്ങുന്നു. ആദ്യമായി മലക്കുപോകുന്ന കന്നി അയപ്പന്‍മാര്‍ എരുമേലിയില്‍ വന്ന് പേട്ട തുള്ളണം എന്നാണ് വിശ്വാസം. എരുമയുടെ മുഖമുള്ള മഹിഷി എന്ന രാക്ഷസിയെ, മണികണ്ഠ സ്വാമി വധിച്ചതിനു ശേഷമുള്ള ആനന്ദനൃത്തത്തെ അനുസ്മരിക്കാനാണ്, സ്വാമി തിന്തകത്തോം, അയ്യപ്പ തിന്തകത്തോം എന്ന് ചൊല്ലികൊണ്ട് പേട്ടതുള്ളുന്നത്. ഇവരെ അനുഗമിച്ച് വാവരു സ്വാമിയുടെ പള്ളിയില്‍ കയറി കാണിക്ക അര്‍പ്പിച്ച, മുസ്ലീം പുരോഹിതനെ വണങ്ങി, അദ്ദേഹം നല്‍കിയ ഭസ്മം പ്രസാദമായി സ്വീകരിച്ച്, എരുമേലി ശാസ്താവിന്റെ ക്ഷേത്രം വലം വച്ച് കര്‍പ്പൂരം കത്തിച്ച് ഞങ്ങളുടെ സംഘം കാനനയാത്രക്ക് തുടക്കം കുറിച്ചു.
കാട്ടിനുള്ളില്‍ ഒറ്റയടിപാതയിലൂടെയുള്ള ആദ്യ ദിവസത്തെ ശരണയാത്ര ആയാസരഹിതമായി അനുഭവപ്പെട്ടു. ഞങ്ങളുടെ സംഘത്തെ മറികടന്ന് വേഗത്തില്‍ മുന്നോട്ടു പോകാനായി, സ്വാമീ പാദം, സ്വാമീ പാദം എന്ന് വിളിച്ച്, വഴിമാറി കൊടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്ന തമിള്‍ അയ്യപ്പന്‍മാരെ നോക്കി ജോര്‍ജ് പറഞ്ഞു 'സ്വാമിയാര്, പി.ടി. ഉഷയുടെ അമ്മാവനാണോ? ഇത്ര വേഗത്തില്‍ ഓടി പോകുന്നത്'. ഭക്തിക്കുപരിയായി ഒരു സാഹസിക യാത്ര നടത്തുന്നതിന്റെ ത്രില്ലിലായിരുന്നു ഞങ്ങളുടെ സംഘങ്ങളില്‍ പലരും. അഴുത നദിക്കരെ വിരിവച്ച് രാത്രി അവിടെ തങ്ങിയപ്പോള്‍, വന്യമൃഗങ്ങളുടെ ശല്യമുണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ കാട്ടില്‍ നിന്നും ശേഖരിച്ച ഉണങ്ങിയ മരക്കഷ്ണങ്ങള്‍ കൊണ്ട് ഒരു ആഴി തീര്‍ത്തു.

കരിമലയുടെ കുത്തനെയുള്ള കയറ്റം നേരില്‍ കണ്ട് കയറുമ്പോള്‍ കാഠിന്യം കൂടുതല്‍ അനുഭവപ്പെടുന്നുള്ളതുകൊണ്ട്, വെളുപ്പിന് നാല്മണിക്ക് കുറ്റാകൂരിരുട്ടിലാണ് കരിമല കയറ്റം ഞങ്ങള്‍ ആരംഭിച്ചത്. തൊട്ടുമുന്നില്‍, കരടിയോ, കാട്ടാനയോ, പുലിയോ വന്നു നിന്നാല്‍ പോലും കാണാന്‍ സാധിക്കാത്തത്ര ഇരുട്ട്. ടോര്‍ച്ചിന്റെ മങ്ങിയ വെളിച്ചത്തില്‍ കുത്തനെയുള്ള കോണിപ്പടികള്‍ കയറുന്നതുപോലെ, പാറക്കൂട്ടങ്ങള്‍ ചവുട്ടിക്കയറി. നേരം പുലര്‍ന്നപ്പോള്‍ ശരീരത്തിന്റെ പലഭാഗത്തും നിന്നും രക്തമൊഴുകുന്നത് കാണാന്‍ സാധിച്ചു. മലയട്ടകള്‍ രക്തപാനം കഴിഞ്ഞ്, കൊഴിഞ്ഞുപോയ ശരീരഭാഗത്തു നിന്നും രക്തം ഒഴുകികൊണ്ടിരുന്നു. ആനകള്‍ക്ക് പ്രിയപ്പെട്ട ഈറ്റവാഴകള്‍ മലയുടെ ചരിവില്‍ ഇടതിങ്ങി വളര്‍ന്നു നില്‍ക്കുന്നു. കരിമല ഇറങ്ങി കമിയിലാം തോട്ടിലെത്തിയപ്പോഴേക്കും ഞങ്ങളെല്ലാവരും കൂടി നദിയിലേക്ക് എടുത്തുചാടി. മലമുകളില്‍ നിന്നും ഒഴുകിയെത്തുന്ന തെളിനീരും, നദിക്കരയില്‍ നിലം മുട്ടി പടര്‍ന്നു കിടന്നു വളരുന്ന വൃക്ഷശിഖരങ്ങളും ശരീരത്തിനും മനസ്സിനും ഒരു പുത്തനുണര്‍വ് പകര്‍ന്നു തന്നു.

വീണ്ടും അനേകദൂരം നടന്ന് പമ്പയില്‍ എത്തിയപ്പോഴേക്കും ആകെ തളര്‍ന്നിരുന്നു. പമ്പയില്‍ വിരിവച്ച്, പമ്പ സദ്യ ഒരുക്കി, പമ്പാ നദിയില്‍, വാഴ പിണ്ഡിയില്‍ ഒരുക്കിയ ദീപങ്ങള്‍ ഒഴുക്കി വിട്ട്, ഭജനകള്‍ പാടി, അയ്യപ്പ ഭക്തിലഹരിയില്‍ ഞങ്ങള്‍ ആണ്ടുപോയി. 'സ്വാമീ ഭസ്മം' എന്ന് വിളിച്ച് തമിള്‍ അയ്യപ്പന്‍മാര്‍ ഞങ്ങള്‍ സദ്യ ഒരുക്കിയ അടുപ്പിലെ ചാരം വാഴപിണ്ടിയില്‍ കോരിയെടുത്ത് ശേഖരിക്കുന്നത് കാണാന്‍ സാധിച്ചു. അയ്യപ്പന്‍മാര്‍ സദ്യ ഒരുക്കുന്ന അടുപ്പിലെ ചാരം പോലും പവിത്രമാണത്രെ!!! 'ഈ ഭസ്മം പുരട്ടേണ്ട താമസം, ഇവര്‍ ഇപ്പോള്‍ മോക്ഷം പ്രാപിക്കും' എന്ന ജോര്‍ജ്ജിന്റെ കമന്റുകള്‍ ഞങ്ങളെ ചിരിപ്പിച്ചുകൊണ്ടിരുന്നു.

പിറ്റേന്ന് വെളിപ്പുന് പമ്പയില്‍ സ്‌നാനം ചെയ്തത്, പിതൃക്കള്‍ക്ക് ബലിയര്‍പ്പിച്ച്, പമ്പാ ഗണപതിയെ വന്ദിച്ച് മലചവിട്ടാന്‍ തുടങ്ങിയപ്പോള്‍ തന്നെ ശരീരത്തിന് അതീവ ഊര്‍ജ്ജസ്വലത അനുഭവപ്പെട്ടു. തുടര്‍ച്ചയായി ശരണം വിളിച്ച് ഒഴുകി ഒഴുകി പോകുന്ന ഭക്തജനങ്ങള്‍ക്കൊപ്പം ശരംകുത്തിയിലെത്തിയതു മാത്രം ഓര്‍മ്മയുണ്ട്. താഴെ ശബരിമല ക്ഷേത്രം കണ്ടപ്പോള്‍ 'സ്വാമിയേ ശരണമയ്യപ്പാ' എന്ന മന്ത്രിധ്വനിയുമായി ശരവേഗത്തിലാണ് പതിനെട്ടു പടികളും ചവുട്ടിക്കയറിയത്. ശ്രീധര്‍മ്മശാസ്താവിന്റെ കമനീയ വിഗ്രഹം കണ്‍കുളിര്‍ക്കെ അടുത്തു നിന്നു കാണുവാനും, മേല്‍ശാന്തിയില്‍ നിന്നും നേരിട്ട് പ്രസാദങ്ങള്‍ സ്വീകരിക്കുവാനുമെല്ലാം ഞങ്ങളുടെ ഗുരുസ്വാമിയുടെ പരിചയം മൂലം സാധിച്ചു. ദര്‍ശനം കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ ജോര്‍ജ് ചോദിച്ചു, ക്ഷേത്രത്തിനടുത്തുവന്നപ്പോള്‍ എന്താണ് സംഭവിച്ചത്?

അതെങ്ങനെ വിവരിക്കാനാവും, ഒരു പക്ഷെ വിശ്വാസി മാത്രം അനുഭവിച്ചറിയുന്ന ഒരുതരം ഉന്മാദ അവസ്ഥ. അനേകം കഷ്ടതകള്‍ സഹിച്ച് ലക്ഷ്യത്തിലെത്തുമ്പോള്‍ പതിന്മടങ്ങാവുന്ന അനുഭൂതി. വ്രതനിഷ്ഠകള്‍ പരിപൂര്‍ണ്ണമായി പാലിച്ചാല്‍ വീണ്ടും ഇരട്ടിക്കുന്ന അവര്‍ണ്ണനീയ സായൂജ്യം. ശ്രീധര്‍മ്മശാസ്താവിന് മകരവിളക്കിന് ചാര്‍ത്താനുള്ള തിരുവാഭരണം അടങ്ങുന്ന പെട്ടി തലയിലേന്തി, മലകയറി, പതിനെട്ടാം പടിയുടെ മുകളിലെത്തുന്ന അമ്പലപ്പുഴ സംഘത്തിലെ എഴുപതു വയസ്സിനടുത്തു പ്രായമുള്ള ഗുരുസ്വാമി അനുഭവിക്കുന്ന ആഹ്ലാദം, അദ്ദേഹത്തിന്റെ ശരീരം മുഴുവന്‍ സ്ഫുരിച്ചു നില്‍ക്കുന്ന ആ ശക്തി.

വാക്കുകള്‍ക്കതീതമായ ഒരു അവസ്ഥാവിശേഷമാണ് ശബരിമലയിലേക്ക് അയപ്പന്‍മാരെ ആകര്‍ഷിക്കുന്നതെന്ന് ജോര്‍ജ്ജും സ്ഥിരീകരിച്ചു. എരുമേലിയിലെ ശാസ്താ ക്ഷേത്രവും വാവരു പള്ളിയും അയ്യപ്പ ഭക്തര്‍ക്ക് ഒരേ അനുഭൂതി പകര്‍ന്ന് നല്‍കുന്നത് നേരില്‍ കണ്ട് മനസ്സിലാക്കാന്‍ സാധിച്ചു എന്ന് അബ്ദുള്‍ റസാക്കും അഭിപ്രായപ്പെട്ടു.
ദിവ്യദര്‍ശനം കഴിഞ്ഞ് വാനം മുട്ടെ വളരാന്‍ വേണ്ടി തായ്തടി ഭൂമിയില്‍ സ്പര്‍ശിക്കുന്നതിനുമുമ്പായി പിരിഞ്ഞു വളര്‍ന്ന് നില്‍ക്കുന്ന പടുകൂറ്റന്‍ വൃക്ഷങ്ങളും, അവര്‍ക്കുമുകളില്‍ വസിക്കുന്ന പക്ഷി മൃഗാദികളെയും ആസ്വദിച്ച് അയ്യപ്പന്റെ പൂങ്കാവനത്തിലൂടെ ത്രിവേണിയിലെ സ്‌നാനം സ്വപ്‌നം കണ്ട് മലയിറങ്ങി.

മുപ്പത് വര്‍ഷം മുമ്പുള്ള ഒരു കാനനയാത്ര- സന്തോഷ് പിള്ള
Join WhatsApp News
c.k.thamby 2016-01-20 17:18:15
Thanks for writing this inspirational true story and sharing.

"Love is formless and timeless "
D Nair 2016-01-26 20:18:32

Thank you for sharing the story of your wonderful experience! It certainly brought back good memories for me too… 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക