Image

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിലളിത് ഭാനോട്ടിനും ജയചന്ദ്രനും ജാമ്യം ലഭിച്ചു

Published on 21 January, 2012
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിലളിത് ഭാനോട്ടിനും ജയചന്ദ്രനും ജാമ്യം ലഭിച്ചു
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി മുന്‍ സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ടിനും ട്രഷറര്‍ എം.ജയചന്ദ്രനും സി.ബി.ഐ.പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. അഞ്ചുലക്ഷം രൂപയ്ക്കും തത്തുല്യമായ ആള്‍ജാമ്യത്തിലുമാണ് ജാമ്യം. മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്ന് ഇരുവരോടും കോടതി നിര്‍ദേശിച്ചു.

രണ്ടുദിവസം മുമ്പ് മുന്‍ചെയര്‍മാന്‍ സുരേഷ് കല്‍മാഡിക്കും ഗെയിംസ് കരാറുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കൂട്ടുപ്രതിയായ സംഘാടക സമിതി മുന്‍ ഡയറക്ടര്‍ ജനറല്‍ വി.കെ വര്‍മയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 

ഒമ്പത് മാസത്തെ ജയില്‍വാസത്തിനുശേഷമാണ് കല്‍മാഡിക്ക് ജാമ്യം ലഭിച്ചത്. കല്‍മാഡിയെ കഴിഞ്ഞ ഏപ്രില്‍ 25നും വര്‍മയെ ഫിബ്രവരി 23നുമാണ് സി.ബി.ഐ. അറസ്റ്റ്‌ചെയ്തത്. ടൈമിങ്‌സ്‌കോറിങ്‌റിസല്‍ട്ട്(ടി.എസ്.ആര്‍.) സംവിധാനം സ്ഥാപിക്കുന്നതിന് സ്വിസ് കമ്പനിക്ക് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് മറ്റ് ഒമ്പത് പ്രതികള്‍ക്കൊപ്പം കല്‍മാഡിയെയും വര്‍മയെയും പ്രതിചേര്‍ത്തത്.

കഴിഞ്ഞ മെയില്‍ സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കല്‍മാഡിയെ കേസിലെ ഒന്നാംപ്രതിയാക്കിയിരുന്നു. കല്‍മാഡിക്കും വര്‍മയ്ക്കും പുറമേ സംഘാടക സമിതി മുന്‍ സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ട്, ഡയറക്ടര്‍ ജനറല്‍ സുര്‍ജിത് ലാല്‍, ജോയന്റ് ഡയറക്ടര്‍ ജനറല്‍ എ.എസ്.വി പ്രസാദ്, ട്രഷറര്‍ എം.ജയചന്ദ്രന്‍, ഹൈദരാബാദിലെ എ.കെ.ആര്‍. കണ്‍സ്ട്രക്ഷന്‍സ് മാനേജിങ് ഡയറക്ടര്‍ എ.കെ. റെഡ്ഢി, എ.കെ. മദന്‍, പി.ഡി. ആര്യ എന്നിവര്‍ കേസില്‍ പ്രതികളാണ്. എ.കെ.ആര്‍. കണ്‍സ്ട്രക്ഷന്‍സ്, സ്വിസ് ടൈമിങ് എന്നീ കമ്പനികളെയും പ്രതികളാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക