Image

ക്ലാസ്‌മേറ്റ്‌സ് പ്രണയനായിക വിവാഹിതയാകുന്നു; വരന്‍ അഭില്‍ കൃഷ്ണ; താലികെട്ട് ഫെബ്രുവരി 12ന് ആലപ്പുഴയില്‍

Published on 09 January, 2016
ക്ലാസ്‌മേറ്റ്‌സ് പ്രണയനായിക വിവാഹിതയാകുന്നു; വരന്‍ അഭില്‍ കൃഷ്ണ; താലികെട്ട് ഫെബ്രുവരി 12ന് ആലപ്പുഴയില്‍
അങ്ങനെ ഒരു പ്രണയം കൂടി പൂവണിയാന്‍ പോകുന്നു. ക്ലാസ്‌മേറ്റ്‌സ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം പ്രണയനായികയായി മലയാളികളുടെ മനസില്‍ വന്നെത്തുന്ന ഒരാള്‍ റസിയയായിരിക്കാം. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിനുശേഷം രാധിക മലയാളികളുടെ മനസില്‍ അത്രമാത്രം ഇടംപിടിച്ചിരുന്നു. മറ്റ് ഹിറ്റ് ചിത്രങ്ങളൊന്നും പിന്നീട് വന്നില്ലെങ്കിലും രാധിക മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ്.

തനിക്കും ഒരു പ്രണയമുണ്ടെന്ന് രാധിക മുന്‍പ് പറഞ്ഞിരുന്നു. മനസില്‍ ഒളിപ്പിച്ചുവെച്ച പ്രണയനായകന്റെ പേരോ വിവരമോ പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴാണ് കഥാനായകന്‍ രംഗപ്രവേശം ചെയ്തത്. മനസില്‍ ഒളിപ്പിച്ചുവെച്ച പ്രണയകഥയിലെ നായകനെ വിവാഹം ചെയ്യാന്‍ പോകുകയാണ് നമ്മുടെ റസിയ കുട്ടി.

പ്രവാസി മലയാളിയും ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉദ്യോഗസ്ഥനുമാണ് രാധികയുടെ വരന്‍. അഭില്‍ കൃഷ്ണയുമായുള്ള വിവാഹത്തെപ്പറ്റി രാധിക തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഫെബ്രുവരി 12ന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് അഭില്‍ രാധികയുടെ കഴുത്തില്‍ താലി ചാര്‍ത്തും.വിവാഹം കഴിഞ്ഞാല്‍ രാധികയും കുടുംബ ജീവിതവുമായി മുന്നോട്ട് പോകാനാണ് സാധ്യത. വിവാഹം കഴിഞ്ഞാല്‍ അഭിലിനൊപ്പം രാധിക ഗള്‍ഫിലേക്ക് പോകും. 

മോഹന്‍ലാലിന്റെ വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിലൂടെയാണ് രാധിക ബാലതാരമായി എത്തുന്നത്. ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും രാധിക ക്ലാസ്‌മേറ്റ്‌സിലൂടെയാണ് മലയാളികളുടെ മനസില്‍ ഇടംപിടിക്കുന്നത്. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിനുശേഷം ആളുകള്‍ രാധികയെ റസിയ എന്നാണ് വിളിക്കാറുള്ളത്.

വിയറ്റ്‌നാം കോളനിയില്‍ തുടങ്ങി 2013ല്‍ പുറത്തിറങ്ങിയ അന്നും ഇന്നും എന്നും എന്ന ചിത്രം വരെയാണ് രാധികയുടെ സിനിമാ ജീവിതം. ഇതിനിടയില്‍ ഡാര്‍ലിങ് ഡാര്‍ലിങ്, ഷാര്‍ജ ടു ഷാര്‍ജ, ചങ്ങാതിപ്പൂച്ച, മിന്നാമിന്നിക്കൂട്ടം, ട്വന്റി20, മായാമോഹിനി, കഥയിലെ നായിക തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക