Image

കാരുണ്യത്തിന്റെ സുവിശേഷം കല്‍ത്തുറങ്കില്‍

ജോയി­ച്ചന്‍ പുതു­ക്കുളം Published on 07 January, 2016
കാരുണ്യത്തിന്റെ സുവിശേഷം കല്‍ത്തുറങ്കില്‍
മയാമി: കരുണയാണ് സുവിശേഷത്തിന്റെ കാതല്‍ എന്ന് ഉച്ചസ്വരത്തില്‍ പ്രഘോഷിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സീസ് പാപ്പ 2015 ഡിസംബര്‍ എട്ടാം തീയതി മുതല്‍ കത്തോലിക്കാ സഭ "കരുണയുടെ വര്‍ഷമായി' ആചരിക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. സഹജീവിയോടും ലോകത്തോടും കരുണ കാണിക്കാത്തവന്‍ ക്രിസ്ത്യാനിയെന്നു വിളിക്കപ്പെടാന്‍ അര്‍ഹനല്ലെന്നാണ് അദ്ദേഹം സഭയെ ഉത്‌ബോധിപ്പിക്കുന്നത്.

സ്‌നേഹത്തിന് ഇരുള്‍വീണുകൊണ്ടിരിക്കുന്ന ലോക മനസാക്ഷിക്കുമുന്നില്‍ മാര്‍പാപ്പയുടെ അനുകമ്പയാര്‍ന്ന ഈ ശബ്ദം പതിയുമ്പോള്‍, സ്‌നേഹരാഹിത്യംകൊണ്ട് കൊട്ടി അടയ്ക്കപ്പെട്ട കറുത്ത വാതിലുകള്‍ മെല്ലെ തുറക്കപ്പെടുമെന്നാണ് ലോകം വിശ്വസിക്കുന്നത്.

പാപിയെ സ്‌നേഹിക്കുക; പാപത്തെ വെറുക്കുക എന്നു പഠിപ്പിച്ച യേശുക്രിസ്തു മനുഷ്യരാശിയുടെ രക്ഷയ്ക്കായി അവതരിച്ച ക്രിസ്മസ് എന്ന പുണ്യദിനത്തില്‍ ഫ്‌ളോറിഡയിലെ, ബ്രോവാര്‍ഡ് കൗണ്ടി ജയിലിലെ എഴുപത്തൊമ്പതു തടവുകാര്‍ക്ക് നല്‍കിയ കാരുണ്യത്തിന്റെ ഈ സുവിശേഷം ഇപ്പോഴും അവിശ്വസനീയമാണ്.

ചിക്കാഗോ സീറോ മലബാര്‍ കത്തോലിക്കാ രൂപതയുടെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഫ്‌ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, സീറോ 
മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ അനുഗ്രഹാശീര്‍വാദത്തോടുകൂടി രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ കാര്‍മികത്വത്തില്‍ ക്രിസ്മസ് ദിനത്തില്‍ തടവുകാര്‍ക്കുവേണ്ടി ദിവ്യബലിയും, ക്രിസ്മസ് സന്ദേശവും, തുടര്‍ന്ന് ക്രിസ്മസ് വിരുന്നും ഒരുക്കിയത് നവ്യമായ സ്‌നേഹാനുഭവമായിത്തീര്‍ന്നു.

അമേരിക്കന്‍ ജയിലില്‍ തടവുകാര്‍ക്കായി നടത്തുന്ന ഇത്തരം ശുശ്രൂഷകള്‍ക്ക് ജയില്‍ നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കപ്പെടേണ്ടതുണ്ട്. അതു കൃത്യമായി പരിപാലിക്കപ്പെടാതെ ഇങ്ങനെയൊരു വോളണ്ടിയര്‍ സര്‍വീസിനു അനുവാദം ലഭിക്കുകയില്ല. അപേക്ഷയോടൊപ്പം അവിടെ നടത്താന്‍പോകുന്ന ശുശ്രൂഷയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടും, അതില്‍ പങ്കെടുക്കുന്ന ആളുകളുടെ വിവരങ്ങളും നല്‍കേണ്ടതുണ്ട്. തുടര്‍ന്ന് പോലീസ് അന്വേഷിച്ച് തൃപ്തികരമാണെങ്കില്‍ രണ്ടു മണിക്കൂര്‍ നീളുന്ന ഓറിയന്റേഷനിലും പങ്കെടുത്താല്‍ മാത്രമേ ജയിലില്‍ പ്രതികളോടൊപ്പം നടത്തപ്പെടുന്ന സര്‍വീസിന് അനുമതി ലഭിക്കുകയുള്ളൂ.

കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫൊറോനയില്‍ പ്രവര്‍ത്തിക്കുന്ന എസ്.എം.സി.സി എന്ന അത്മായ സംഘടന ചിക്കാഗോ രൂപത പ്രഖ്യാപിച്ച "ജൂബിലി ഇയര്‍ ഓഫ് മേഴ്‌സി'യില്‍ നിര്‍ദേശിച്ച കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്നായ ജയില്‍ തടവുകാരെ സന്ദര്‍ശിക്കുക എന്ന നിര്‍ദേശം പ്രാവര്‍ത്തികമാക്കുകയായിരുന്നു.

ബ്രോവാര്‍ഡ് കൗണ്ടിയുടെ പാംമ്പനോ ബീച്ചിലുള്ള ജോസഫ് കോണ്‍ട്രി ഡീറ്റഷന്‍ സെന്ററില്‍ ക്രിസ്മസ് ദിനത്തില്‍ രാവിലെ 11 മണി മുതല്‍ 12.30 വരെ ഒന്നര മണിക്കൂര്‍ സമയമാണ് തടവുകാരോടൊപ്പം ക്രിസ്മസ് സര്‍വീസിനായി ജയില്‍ അധികാരികള്‍ അനുവദിച്ചത്.

1328 തടവുകാരെ പാര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ജയിലില്‍ വിശുദ്ധ കുര്‍ബാനയും, ക്രിസ്മസ് സന്ദേശവും, തുടര്‍ന്ന് ക്രിസ്മസ് വിരുന്നും പങ്കുവെയ്ക്കുന്നതിനായാണ് അപേക്ഷ നല്‍കിയത്. അതില്‍ ഏകദേശം അമ്പതു പേര്‍ പങ്കെടുക്കുമെന്നു ജയില്‍ അധികൃതര്‍ ഞങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു കത്തോലിക്കാ ബിഷപ്പ് ക്രിസ്മസ് ദിനത്തില്‍ ബലിയര്‍പ്പിക്കുവാന്‍ ജയിലില്‍ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ 79 പേര്‍ ഒപ്പിട്ട് തങ്ങള്‍ക്ക് ബിഷപ്പിന്റെ കുര്‍ബാനയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ടിന് തടവുകാര്‍ തന്നെ അപേക്ഷ നല്‍കി.

വിശുദ്ധ കുര്‍ബാന അര്‍പ്പിക്കേണ്ട ജയില്‍ ഓഡിറ്റോറിയത്തില്‍ ഒരുസമയത്ത് അമ്പതു തടവുകാര്‍ക്ക് മാത്രമേ ഇരിക്കുവാനുള്ള ക്രമീകരണമുള്ളൂ. അതുകൊണ്ട് 79 തടവുകാര്‍ക്ക് ഒരുമിച്ച് ദിവ്യബലിയില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നില്ല. ഇങ്ങനെ വന്നതുകൊണ്ട് ബ്രോവാര്‍ഡ് കൗണ്ടി ജയില്‍ ചാപ്ലെയിന്‍ നത്താനിയേല്‍ നോവല്‍ തന്നെ ബിഷപ്പ് ജോയി ആലപ്പാട്ടിന് അനുവദിച്ചിരുന്ന സമയത്ത് രണ്ടു കുര്‍ബാന അര്‍പ്പിക്കുവാന്‍ സാധിക്കുമോ എന്നു സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുകയും, തടവുകാരുടെ ആഗ്രഹം ചാരിതാര്‍ത്ഥ്യത്തോടുകൂടി മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിക്കുകയും ചെയ്തു.

പരിമിതമായ ആവശ്യങ്ങള്‍ മാത്രം നിറവേറ്റപ്പെടുന്ന കാരാഗൃഹത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ കഴിയുന്ന തടവുകാരുടെ ഈ എളിയ ആഗ്രഹം കരുണയുടെ വര്‍ഷത്തില്‍ തനിക്ക് സഫലീകരിക്കുവാന്‍ കഴിഞ്ഞത് ദൈവത്തിന്റെ മഹാകാരുണ്യം ഒന്നുകൊണ്ടു മാത്രമാണെന്നു ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് തടവുകാര്‍ക്ക് ക്രിസ്മസ് സന്ദേശം നല്കി പങ്കുവച്ചു.

വിശുദ്ധ കുര്‍ബാന മധ്യേ ഏതാനും തടവുകാര്‍ പൊട്ടിക്കരഞ്ഞതും, കുര്‍ബാനയ്ക്കുശേഷം ഞങ്ങള്‍ നല്‍കിയ ക്രിസ്മസ് വിരുന്ന് സ്‌നേഹപൂര്‍വ്വം ഏറ്റുവാങ്ങി നെഞ്ചോടു ചേര്‍ത്ത് വിതുമ്പിയതും ഓര്‍മ്മയില്‍ എന്നും തെളിയുമ്പോള്‍, അര്‍ഹിക്കുന്ന സ്‌നേഹം നിരസിക്കപ്പെട്ട, സമൂഹം തിരസ്കരിച്ച് അകറ്റി നിര്‍ത്തുന്ന, ഇരുമ്പഴിക്കുള്ളില്‍ അനേകായിരം ദിനരാത്രങ്ങള്‍ ഇനിയും കഴിയുവാന്‍ വിധിക്കപ്പെട്ട ഈ സഹോദരങ്ങള്‍ക്ക് കാരുണ്യത്തിന്റെ സമാശ്വാസം ഏകുവാന്‍ ഈ സമൂഹത്തിന് കടമയുണ്ടെന്ന തിരിച്ചറിവാണ് തോന്നിയത്.

ബ്രോവാര്‍ഡ് കൗണ്ടി ജയിലില്‍ ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ നിന്നു ഒരു ബിഷപ്പിന്റെ നേതൃത്വത്തില്‍ സ്‌നേഹസാന്ത്വനവുമായി ഇരുമ്പഴിക്കുള്ളില്‍ കടന്നുചെല്ലുന്നത് ആദ്യമായിട്ടാണെന്നു ബ്രോവാര്‍ഡ് കൗണ്ടി ഷെറീഫ് സ്‌കോട്ട് ഇസ്രായേല്‍ ഓര്‍മ്മിപ്പിച്ചു.

ശാന്തിയുടേയും സമാധാനത്തിന്റേയും പുണ്യദിനത്തില്‍ തന്നെ നല്ല സമരിയാക്കാരന്റെ മാതൃക പകര്‍ന്നു നല്‍കിയതുകൊണ്ടാകാം, ബ്രോവാര്‍ഡ് കൗണ്ടി ജയില്‍ ചാപ്ലെയിന്‍ നത്താനിയേല്‍ നോവലും, മറ്റ് ഉയര്‍ന്ന പോലീസ് അധികാരികളും വളരെ അനുഭാവപൂര്‍ണ്ണമായ സ്വീകരണവും പ്രോത്സാഹനവുമാണ് ഈ പരിപാടിക്ക് നല്‍കിയത്.

ജയില്‍ ശുശ്രൂഷകള്‍ക്കും മറ്റു പരിപാടികള്‍ക്കും സാജന്‍ കുര്യന്‍ (ഫ്‌ളോറിഡ സ്റ്റേറ്റ് റെപ്രസന്റേറ്റീവ് സ്ഥാനാര്‍ത്ഥി), എസ്.എം.സി.സി പ്രസിഡന്റ് ജോയി കുറ്റിയാനി, വൈസ് പ്രസിഡന്റ് സാജു വടക്കേല്‍, കമ്മിറ്റി അംഗം ജിന്‍സി ജോബിഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജോയി കുറ്റിയാനി ഒരു വാര്‍ത്താ­കു­റി­പ്പി­ലൂടെ അറി­യി­ച്ച­താ­ണി­ത്.
READ PDF
കാരുണ്യത്തിന്റെ സുവിശേഷം കല്‍ത്തുറങ്കില്‍കാരുണ്യത്തിന്റെ സുവിശേഷം കല്‍ത്തുറങ്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക