Image

'സ്റ്റൈല്‍' സ്റ്റൈലില്‍ മാത്രം

ആശ എസ് പണിക്കര്‍ Published on 05 January, 2016
                                         'സ്റ്റൈല്‍' സ്റ്റൈലില്‍ മാത്രം
ആക്ഷന്‍, പ്രണയം, സെന്റിമെന്റ്‌സ് ഒരു ടിപ്പിക്കല്‍ തമിഴ് കൊമേഴ്‌സ്യല്‍ മൂവിയുടെ പതിവു ചേരുവകള്‍ ചേര്‍ത്ത് മലയാളത്തിലൊരുക്കിയ ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'സ്‌റ്റൈല്‍'. എന്നാല്‍ തന്നെയും കഥ മുന്നോട്ടു പോകുന്തോറും മികച്ച നിരവധി ഘടകങ്ങളും അതോടൊപ്പം ഒരു നല്ല സിനിമയെടുക്കാനുള്ള ശ്രമങ്ങളും സംവിധായകന്‍ നടത്തിയിട്ടുണ്ടെന്നും ചിത്രം കാണുമ്പോള്‍ നമുക്ക് മനസിലാകും. 

കാര്‍ മെക്കാനിക്കായ ടോമിനെ അവതരിപ്പിക്കുന്ന ഉണ്ണി മുകുന്ദനാണ് കഥയിലെ നായകന്‍. തന്റെ കാറിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന അധോലോകനായകനായയ എഡ്ഗറായി  എത്തുന്ന ടൊവിനോ തോമസുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ടോമിന്റെ  കാമുകിയും എഡ്ഗറുമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളും ടോം അതിലേക്ക് എത്തിപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. യുവാക്കളെയും കുടുംബപ്രേക്ഷകരെയും ഒരു പോലെ ആകര്‍ഷിക്കുന്ന വിധത്തിലാണ് സ്റ്റൈല്‍ ഒരുക്കിയിട്ടുളളത്. ടോമും തന്നേക്കാള്‍ 15 വയസിനു ഇളയ അനിയന്‍ ജെറിയുമായുള്ള അയാളുടെ ആത്മബന്ധവും ചിത്രത്തില്‍ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. 

ആകാരത്തിലും അഭിനയത്തിലും മികച്ച പ്രകടനം തന്നെയാണ് ഉണ്ണി മുകുന്ദന്‍ കാഴ്ച വച്ചിട്ടുള്ളത്. പ്രതിനായകാനായെത്തിയ ടൊവിനോ തോമസും സ്‌കീനില്‍ മിന്നിത്തിളങ്ങി.  നായികയായി എത്തിയ പ്രിയ കന്ദ്‌വാളിന് കഥയുടെ സഞ്ചാരത്തില്‍ അര്‍ഹിക്കുന്ന വിധത്തില്‍ പ്രാധാന്യം കിട്ടിയോ എന്നതു സംശയമാണ്. നായകനും നായികയും തമ്മിലുള്ള പ്രണയ രംഗങ്ങളും ഗാനരംഗങ്ങളും പലപ്പോഴും  നീണ്ടു പോകുന്നു. മാത്രവുമല്ല, ക്‌ളൈമാക്‌സ് എന്താണെന്ന് പ്രേക്ഷകന് നിസാരമായി ഊഹിച്ചെടുക്കാന്‍ കഴിയുന്നതും ചിത്രത്തിന്റെ ത്രില്ലു കുറയ്ക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. 

ആദ്യ പകുതിയില്‍ സാധാരണ വേഗത്തില്‍ പോകുന്ന കഥ ഇടവേളയ്ക്കു ശേഷം കുതിക്കുന്നതായി കാണാം. സ്റ്റണ്ട് രംഗങ്ങളുടെ അപൂര്‍വ മനോഹാരിത തന്നയുണ്ട് ഈ ചിത്രത്തില്‍. സ്റ്റണ്ട് കൊറിയോഗ്രാഫി, മാസ് രംഗങ്ങള്‍ എന്നിവയെല്ലാം തന്നെ വേറിട്ട പുതുമയുള്ള സ്റ്റൈലില്‍ സംവിധായകന്‍ ചെയ്തിട്ടുണ്ട്. പക്‌ഷേ അതോടൊപ്പം കഥയിലും പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ഒരു വേറിട്ട സ്റ്റൈലും പുതുമയും നിലനിര്‍ത്തുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു. ആക്ഷന്‍ രംഗങ്ങളില്‍ ഉണ്ണി മുകുന്ദന്‍ കാട്ടിയ മികവ് ചിത്രത്തിന്റെ  മൊത്തത്തിലുള്ള ഭംഗി കൂട്ടുന്നു.  ഗ്‌ളാമറും കരുത്തും നിറഞ്ഞ പ്രതിനായകനായി ടൊവീനോ തോമസും ഉജ്ജ്വല പ്രകടനം തന്നെ കാഴ്ച വച്ചു.  ഉണ്ണിയും ടൊവീനോയും തമ്മിലുള്ള മത്സരിച്ചുള്ള പ്രകടനവും 'സ്റ്റൈലി'ന്റെ സ്‌റ്റൈല്‍ കൂട്ടുന്ന ഘടകങ്ങളാണ്. കോടികള്‍ മുടക്കുന്ന തമിഴ് സിനിമകളിലേതു പോലെ തന്നെയാണ് കാര്‍ ചേസിംഗ്, ഡ്രിഫ്റ്റിംഗ് രംഗങ്ങളെല്ലാം വളരെ മികവോടെ ചിത്രീകരിക്കാന്‍ സംവിധായകന്‍ എസ്. ബിനു ശ്രമിച്ചിട്ടുണ്ട്.

വിജയരാഘവന്‍, സന്തോഷ് കീഴാറ്റൂര്‍, ബാലു വര്‍ഗീസ്, മാസ്റ്റര്‍ ഇര്‍ഫാന്‍ എന്നിവര്‍ തങ്ങളുടെ ഭാഗം ഭംഗിയാക്കി. ജാസി ഗിഫ്റ്റിന്റെ സംഗീതവും രാഹുല്‍ രാജിന്റെ പശ്ചാത്തല സംഗീതവും  ശരാശരി നിലവാരം പുലര്‍ത്തി. സിനോജ് പി അയ്യപ്പന്റെ ഛായാഗ്രഹണം മികച്ചതായി. വിവേക് ഹര്‍ഷന്റെ എഡിറ്റിംഗും ഗംഭീരം.

പതിവു ചേരുവകളാണെങ്കിലും ക്‌ളൈമാക്‌സിലും കഥയിലും അല്‍പം കൂടി വ്യത്യസ്തത  പുലര്‍ത്തിയിരുന്നെങ്കില്‍ സിനിമ കൂടുതല്‍ ആസ്വാദ്യമായേനെ.  


                                         'സ്റ്റൈല്‍' സ്റ്റൈലില്‍ മാത്രം                                         'സ്റ്റൈല്‍' സ്റ്റൈലില്‍ മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക