Image

പകര്‍പ്പാവകാശ നിയമം പരിഗണിക്കുന്നത് അമേരിക്ക മാറ്റി

Published on 21 January, 2012
പകര്‍പ്പാവകാശ നിയമം പരിഗണിക്കുന്നത് അമേരിക്ക മാറ്റി
വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടക്കാനിരുന്ന പകര്‍പ്പവകാശ നിയമങ്ങള്‍ സംബന്ധിച്ച ചര്‍ച്ച അനിശ്ചിതകാലത്തേയ്ക്ക് മാറ്റിവെച്ചു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ തീരുമാനം. സ്‌റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട്(സോപ), പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി ആക്ട്(പിപ) എന്നീ നിയമങ്ങളാണ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ളത്.

പകര്‍പ്പവകാശം ലംഘിക്കുന്ന വിദേശ സൈറ്റുകള്‍ക്കെതിരെ കോടതിയെ സമീപിക്കാനും ഇത്തരം വെബ്‌സൈറ്റുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് സേവനം അവസാനിപ്പിക്കാനും സെര്‍ച്ച് എന്‍ജിനുകള്‍ക്ക് ഇത്തരം സൈറ്റുകളുമായുള്ള ബന്ധം അവസാനിപ്പിക്കാനും ഈ നിയമത്തില്‍ വ്യവസ്ഥകളുണ്ട്. വ്യാജ പകര്‍പ്പുകള്‍ 50 ദശലക്ഷം ഡോളറിലേറെ അമേരിക്കയ്ക്ക് നഷ്ടമുണ്ടാക്കുന്നതായും വിദേശ സൈറ്റുകളെ നിയന്ത്രിക്കാനാണ് നിയമമെന്നും കോണ്‍ഗ്രസില്‍ വാദമുയര്‍ന്നെങ്കിലും കനത്ത പ്രതിഷേധം നിയമങ്ങള്‍ പരിഗണിക്കുന്നത് നീട്ടിവയ്ക്കാന്‍ അമേരിക്കയെ നിര്‍ബന്ധിതമാക്കി.

ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയ ഒരു ദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഫേസ്ബുക്ക്, ഗൂഗിള്‍ മുതിലായ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും ബില്ലിനെതിരെ രംഗത്തുവന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക