Image

കൂട്ടപ്രാര്‍ഥനയ്ക്ക് കളക്ടറുടെ അനുമതിവേണമെന്ന് ഹൈക്കോടതി

Published on 21 January, 2012
കൂട്ടപ്രാര്‍ഥനയ്ക്ക് കളക്ടറുടെ അനുമതിവേണമെന്ന് ഹൈക്കോടതി
കൊച്ചി: പെന്തക്കോസ്ത് വിഭാഗത്തില്‍പ്പെട്ടവര്‍ വീടുകളില്‍ കൂട്ടപ്രാര്‍ഥന നടത്താന്‍ ജില്ലാ കളക്ടറുടെ മുന്‍കൂട്ടിയുള്ള അനുമതി നേടിയിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

അയല്‍വാസികള്‍ക്ക് ഇവരുടെ പ്രാര്‍ഥന ശല്യമാകുന്നുവെന്ന പരാതിയെത്തുടര്‍ന്ന് പെന്തക്കോസ്തുകാരില്‍ ചിലരെ പന്തളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു. ഈ നടപടി തങ്ങളെ മനഃപൂര്‍വം ശല്യപ്പെടുത്തുന്നതാണെന്നും മതവിശ്വാസവുമായി പോലീസ് ഇടപെടുന്നത് തടയണമെന്നുമാണ് ബിനു ബേബിയും മറ്റും നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പൊതുജനങ്ങളുടെയും അയല്‍വാസികളുടെയും പരാതിയെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇത്തരം പ്രാര്‍ത്ഥനകള്‍ക്ക് ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ അനുമതി ആവശ്യമാണെന്ന് ഹര്‍ജിക്കാരെ അറിയിച്ചതായി പോലീസ് പറഞ്ഞു. അല്ലാതെ ഹര്‍ജിക്കാരെ ശല്യപ്പെടുത്തുകയോ അവരുടെ കൂട്ടപ്രാര്‍ഥന തടയുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

ഹര്‍ജിക്കാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കളക്ടറുടെ അനുമതി നേടിയിരിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചത് ശല്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കളക്ടറില്‍ നിന്ന് അനുമതിക്കുശേഷം പ്രാര്‍ഥന നടത്താന്‍ ഈ വിധി തടസ്സമാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക