Image

മനസു തുറന്നു ചിരിപ്പിക്കാന്‍ "ടു കണ്‍ട്രീസ്'

ആശ പണി­ക്കര്‍ Published on 04 January, 2016
മനസു തുറന്നു ചിരിപ്പിക്കാന്‍ "ടു കണ്‍ട്രീസ്'
ദിലീപിന് ഈ ക്രിസ്മസും പുതുവര്‍ഷവും കുറച്ചൊരു ആശ്വാസമായിട്ടുണ്ടാകും. കാരണം സമീപകാലത്ത് അദ്ദേഹം നായകനായി അഭിനയിച്ച പല ചിത്രങ്ങളും തിയേറ്ററില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാതെയാണ് കടന്നു പോയത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജീത്തുജോസഫ് സംവിധാനം ചെയ്ത "ലൈഫ് ഓഫ് ജോസൂട്ടി'യും പ്രതീക്ഷിച്ചത്ര വിജയത്തിന്റെ ഏഴയലത്തു പോലും എത്തിയില്ല. ഇങ്ങനെ കരിയറില്‍ ഒരു പ്രസിസന്ധി നേരിടുന്ന കാലത്ത് പുറത്തിറങ്ങിയ "ടു കണ്‍ട്രീസ്' നേടുന്ന തകര്‍പ്പന്‍ വിജയം ദീലീപ് എന്ന നടന്റെ ജനപ്രിയത വീണ്ടും ഉയര്‍ത്തുന്നു.

"ടു കണ്‍ട്രീസ്' കുടുംബസഹതിമോ കൂട്ടൂകാര്‍ക്കൊപ്പമോ ആഘോഷമായി കാണാന്‍ കഴിയുന്ന ചിത്രമാണ്. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. നിലവാരമില്ലാത്ത കോമഡികള്‍, യാതൊരു യുക്തിയുമില്ലാത്ത ഹാസ്യരംഗങ്ങള്‍, വെറുതേ കോപ്രായം കാട്ടല്‍ എന്നിങ്ങനെ നിരവധി പരാതികള്‍ മുമ്പ് ദിലീപിന്റെ ചിത്രങ്ങളെ കുറിച്ചുയര്‍ന്നിട്ടുണ്ട്. എന്നാല്‍ "ടു കണ്‍ട്രീസ്' ആ വഴിക്കല്ല നീങ്ങുന്നത്. മികച്ചൊരു കഥയും യുകതിസഹമായ തിരക്കഥയും സാഹചര്യത്തിനനുസരിച്ചുള്ള കോമഡി രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ചിത്രം. കുത്തിത്തിരുകിയ കോമഡി രംഗങ്ങള്‍ ഈ ചിത്രത്തില്‍ ഒരിടത്തുമില്ല.

വിവാഹമാണ് ഒരു പുരുഷന്റെ ഏറ്റവും വലിയ ബിസിനസ് ഡീല്‍ എന്നു വിശ്വസിക്കുന്ന ചെറുപ്പക്കാരനാണ് ഉല്ലാസ്. പേരില്‍ തന്നെയുണ്ട് അയാളുടെ സ്വഭാവത്തിന്റെ ഏതാണ്ടൊരു രൂപം. കാര്യമായി പണിയെടുക്കാതെ എങ്ങനെ സുഖമായി ജീവിക്കാം എന്നതില്‍ അതീവ തല്‍പരനായി ഗവേഷണം നടത്തുന്ന ഒരുവന്‍. ഇങ്ങനെ പണിയെടുക്കാതിരിക്കാനായി അയാള്‍ നിരവധി വേലത്തരങ്ങള്‍ കാട്ടുന്നുണ്ട്. എല്ലാറ്റിനും താങ്ങും തണലുമായി നില്‍ക്കുന്നത് അവിനാശ് എന്ന കൂട്ടുകാരനും.

ചില പ്രത്യേക സാഹചര്യങ്ങളില്‍ അയാള്‍ ലയ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നു. വിവാഹശേഷം തുടര്‍ന്ന് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് രസകരമായ രീതിയില്‍ "ടു കണ്‍ട്രീസ് ' പറയുന്നത്. ദിലീപും മംമ്തയുമൊത്തുളള "ടു കണ്‍ട്രീസിലെ ചില രംഗങ്ങള്‍ "മൈ ബോസി'ലെ ചില രംഗങ്ങളെ അനുസ്മരിപ്പിക്കും. നല്ലൊരു കഥയുടെയും തിരക്കഥയുടെയും പിന്‍ബലത്തിലാണ് സിനിമ മുന്നോട്ടു പോകുന്നത്. ഇതിലെ ഒരു രംഗം പോലും അസ്വാഭാവികമായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നില്ല. സെന്റിമെന്റ്‌സും റൊമാന്‍സും നല്ല പാട്ടുകളുമെല്ലാം പാകത്തിനുള്ള അളവില്‍ ചേര്‍ത്തതുകൊണ്ട് ആസ്വാദനത്തിന് എളുപ്പമാണ്.

നായകനായ ഉല്ലാസ് ആയി എത്തുന്ന ദിലീപും നായിക ലയയായി എത്തുന്ന മംമ്തയും അഭിനയത്തിന്റെ കാര്യത്തില്‍ ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു. രോഗത്തിന്റെ പിടിയില്‍ നിന്നും അതിനെ അതിജീവിച്ചു പുറത്തു വന്ന മംമ്ത തന്റെ കഥാപാത്രത്തെ ഉജ്ജ്വലമാക്കി എന്നു പറയാതെ വയ്യ. പ്രത്യേകിച്ച് മദ്യപിക്കുന്ന സീനുകളില്‍ പ്രകടമാക്കിയ ഒറിജിനാലിറ്റി സമ്മതിക്കാതെ വയ്യ. നമ്മുടെ നടിമാര്‍ ഇതുപോലെയുളള രംഗങ്ങളില്‍ ധീരമായി അഭിനയിക്കാന്‍ തയ്യാറായി മുന്നോട്ടു വരുന്നുണ്ട്. തമാശ രംഗങ്ങളില്‍ അതിഭാവുകത്വം കടന്നു വരാതെ ദിലീപും തന്റെ ഭാഗം ഭംഗിയാക്കി.

റാഫി-ഷാഫി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമകള്‍ പ്രേക്ഷകര്‍ക്ക് ചിരിയുടെ ഒന്നാന്തരം വിരുന്നൊരുക്കുന്നവയാണ്. ഇത്തവണയും ആ പതിവു തെറ്റുന്നില്ല. റാഫിയുടെ കഥയോ ഷാഫിയുടെ സംവിധാനമോ കൂടുതല്‍ മെച്ചം എന്നു പറയാന്‍ കഴിയാത്ത വിധം മികവാര്‍ന്നു നില്‍ക്കുന്നു രണ്ടും. കഥയുടെ ആദ്യാവസാനം കളര്‍ഫുള്‍ ആയി നിര്‍ത്താനും ഇവര്‍ക്ക് കഴിഞ്ഞു. സംഗീവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ച ഗോപീസുന്ദറും സിനിമയുടെ ഭംഗി കൂട്ടുന്നതില്‍ തന്റേതായ സംഭാവന നല്‍കിയിട്ടുണ്ട്.

മുകേഷ്, അശോകന്‍, ലെന, അജു വര്‍ഗീസ്, ജഗദീഷ്, സുരാജ്, വിജയരാഘവന്‍ എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ചിത്രത്തില്‍ റാഫിയും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കഥയെഴുതാന്‍ മാത്രമല്ല അഭിനയിക്കാനും തനിക്ക് കഴിയുമെന്ന് ഈ ചിത്രത്തിലൂടെ റാഫി തെളിയിച്ചിരിക്കുന്നു.

നിത്യജീവിത്തതിലെ തിരക്കുകളില്‍ നിന്നും മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും അല്‍പം മോചനം പ്രതീക്ഷിച്ച് തിയേറ്ററിലെത്തുന്ന പ്രേക്ഷകന് മനസു നിറഞ്ഞ് സന്തോഷത്തോടെ ഇറങ്ങി പോകാന്‍ കഴിയുന്ന വിധത്തിലാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. റാഫി-ഷാഫി കൂട്ടുകെട്ടില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്താണോ അത് നല്‍കാന്‍ ഈ ചിത്രത്തിനു കഴിയുന്നു എന്നതാണ് തിയേറ്റില്‍ കാണുന്ന തിരക്ക് വ്യക്തമാക്കുന്നത്. ക്രിസ്മസ് പുതുവല്‍സരത്തില്‍ ഒരു മനസു തുറന്ന് ആഹ്‌ളാദിക്കാന്‍ കഴിയുന്ന ഒരു ചിത്രമാണ് "ടു കണ്‍ട്രീസ്' . മലയാള സിനിമാ പ്രേക്ഷകര്‍ക്ക് റാഫി-ഷാഫി കൂട്ടുകെട്ടിന്റെ ക്രിസ്മസ് പുതുവല്‍സര സമ്മാനം.
മനസു തുറന്നു ചിരിപ്പിക്കാന്‍ "ടു കണ്‍ട്രീസ്'മനസു തുറന്നു ചിരിപ്പിക്കാന്‍ "ടു കണ്‍ട്രീസ്'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക