Image

ചാര്‍ളി: പ്രണയത്തിന്റെ പുതിയ പ്രയാണം (ആശാ എസ്. പണിക്കര്‍)

Published on 30 December, 2015
ചാര്‍ളി: പ്രണയത്തിന്റെ പുതിയ പ്രയാണം (ആശാ എസ്. പണിക്കര്‍)
താന്‍ പ്രണയിക്കുന്ന പെണ്ണിനെ തേടി കാമുകന്‍ അലയുന്നതും യാത്ര ചെയ്യുന്നതും ഒടുവില്‍ അവളെ കണ്ടെത്തുന്നതുമെല്ലാം നമുക്ക് പരിചിതങ്ങളായ പല കഥകളുടെ രൂപത്തില്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ താന്‍ കേട്ടറിഞ്ഞു മാത്രം പ്രണയിച്ച കാമുകനെ തേടി ഒരു പെണ്ണിന്റെ യാത്ര. അതാണ് 'ചാര്‍ളി'.

മറ്റുള്ളവര്‍ പറഞ്ഞുളള കാര്യങ്ങളിലൂടെ മാത്രമാണ് അവള്‍ അവനെ കുറിച്ചറിയുന്നത്. അവന്‍ താമസിച്ചിരുന്ന മുറിയില്‍ കൗതുകം ജനിപ്പിക്കുന്ന വിധത്തില്‍ അവന്‍ ബാക്കി വച്ചിട്ടുപോയ പലതുമുണ്ടായിരുന്നു വളരെ യാദൃശ്ചികമായാണ് അവള്‍ക്ക് ആ മുറിയില്‍ താമസിക്കേണ്ടി വരുന്നത്. ഒടുവില്‍ അഞ്ജാതമായ ഏതോ ശക്തിക്കു വിധേയപ്പെട്ട് അവള്‍ യാത്ര തിരിക്കുകയാണ്. അവനെ കണ്ടെത്താന്‍. പക്ഷേ ആ യാത്ര ഹ്രസ്വമല്ല. കഥയുടെ ഒടുക്കം വരെ ആ ചെറുപ്പക്കാരനെ തേടിയുള്ള യാത്ര തുടരുകയാണ് അവള്‍.

ദുല്‍ഖറിന്റെയും പാര്‍വതിയുടെയും യുവത്വവും പ്രസരിപ്പും പരമാവധി മുതലാക്കി തട്ടിക്കൂട്ടിയ ഒരു സാധാരണ പൈങ്കിളി പ്രണയമല്ല 'ചാര്‍ളി'. ആദ്യമൊരു കൗതുകമായും പിന്നീട് നിഷേധിക്കാനാവാത്ത ഒരു സാന്നിധ്യമായും മെല്ലെ മെല്ലെ മനസിലുറയ്ക്കുന്ന മധുരവികാരമായി ആ പ്രണയം രൂപപ്പെടുന്നത് കഥയിലെ നായികയായ ടെസ്സയെ പോലെ തന്നെ പ്രേക്ഷകനും അനുഭവപ്പെടുന്നു. മനസില്‍ ആദ്യമായി പ്രണയത്തിന്റെ തിരയടിച്ചു തുടങ്ങിയതെന്നാണെന്ന് അവള്‍ക്ക് പോലും മനസിലാകുന്നില്ല. ചുഴലിക്കാറ്റില്‍ പെട്ടതുപോലെ അവള്‍ അവന്റെയടുക്കലേക്ക് നയിക്കപ്പെടുകയാണ്.

ഒരല്‍പ്പം വട്ടുണ്ടെന്നു തോന്നിപ്പിക്കുന്ന ചാര്‍ളിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദുല്‍ഖര്‍ മികച്ച അഭിനയമാണ് കാഴ്ച വച്ചത്. ഓരോ സിനിമ കഴിയുന്തോറും ഈ നടന്റെ അഭിനയ മികവ് ~ഒന്നിനൊന്നു കൂടി വരുന്നതായി കാണാം. അഭിനയത്തിലെ ഫ്‌ളക്‌സിബിലിറ്റി ദുല്‍ഖറിനെ സംബന്ധിച്ച ഒരു വലിയ പ്‌ളസ് പോയിന്റാണ്. പാര്‍വതിയാണ് പ്രേക്ഷകനെ ശരിക്കും അമ്പരിപ്പിച്ചു കളയുന്നത്. ഇപ്പോഴും തിയേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രരദര്‍ശിപ്പിക്കുന്ന 'എന്ന് നിന്റെ മൊയ്തീന്‍' എന്ന സിനിമയിലെ കാഞ്ചനമാലയുടെ രൂപമാണ് പാര്‍വതിക്കിപ്പോഴും പ്രേക്ഷക മനസില്‍. അതില്‍ നിന്നും ഇത്ര പെട്ടെന്ന് ടെസയിലേക്കു നടത്തിയ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. അപര്‍ണാ ഗോപിനാഥ്, നെടുമുടി വേണു, ടൊവിനോ തോമസ് എന്നിവരും അഭിനയത്തില്‍ മുന്നിട്ടു നിന്നു.

തിരക്കഥാകൃത്ത് ഉണ്ണി ആറിന്റെ രചനാ മികവ് വളരെ വ്യക്തമയി അടയാളപ്പെടുത്തിയ ചിത്രമാണ് ചാര്‍ളി. ഒപ്പം മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന സംവിധായകന്റെ കൈയ്യടക്കവും. ജോമോന്‍ ടി ജോണിന്റെ ഛായാഗ്രഹണം ഓരോ ദൃശ്യത്തെയും മികച്ചതാക്കി. തന്റെ വിജയിച്ച രണ്ടു മുന്‍ ചിത്രങ്ങള്‍ക്കൊപ്പം ചാര്‍ളിയും ഇടം പിടിക്കുമെന്ന മാര്‍ട്ടിന് ഉറപ്പിക്കാം.

എട്ടു പാട്ടുകളുളള ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറി കൂടിയാണ് ചാര്‍ളി. ഉള്ളിലടക്കിയ പ്രണയത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് ചാര്‍ളി എന്നു വേണമെങ്കില്‍ പറയാം. മനസില്‍ വിരിഞ്ഞ പ്രണയത്തിന്റെ സൗരഭം തേടിയുള്ള ഒരു പെണ്ണിന്റെ യാത്ര. അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ കാണാന്‍ പോയാല്‍ ചാര്‍ളി രസകരമായ ഒരു ചിത്രമാണ്. ടിക്കറ്റ് ചാര്‍ജ് മുതലാകുന്ന സിനിമ. 
ചാര്‍ളി: പ്രണയത്തിന്റെ പുതിയ പ്രയാണം (ആശാ എസ്. പണിക്കര്‍)ചാര്‍ളി: പ്രണയത്തിന്റെ പുതിയ പ്രയാണം (ആശാ എസ്. പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക