Image

കേരള പ്രിമിയര്‍ ലീഗ് ട്വിന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ജനുവരി 20ന് ദുബായ് സ്‌പോര്‍ട്‌സ് സിറ്റിയില്‍

Published on 20 January, 2012
കേരള പ്രിമിയര്‍ ലീഗ് ട്വിന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ജനുവരി 20ന് ദുബായ് സ്‌പോര്‍ട്‌സ് സിറ്റിയില്‍
ദുബായ്: കേരള പ്രിമിയര്‍ ലീഗ് (കെപിഎല്‍) ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ജനുവരി 20ന് (വെള്ളി) വൈകുന്നേരം നാലിന് ദുബായ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ തുടക്കമാകും. ചടങ്ങില്‍ മന്ത്രി കെ.ഗണേഷ് കുമാര്‍ പങ്കെടുക്കും. ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ബ്രാന്‍ഡ് അംബാസഡറായ ചലച്ചിത്ര താരം സുരേഷ് ഗോപി നിര്‍വഹിച്ചു. 

ഇന്ത്യന്‍ കോണ്‍ലുലേറ്റ് ലേബര്‍ ആന്‍ഡ് ഹെഡ് ഓഫ് ചാന്‍സറി എം.പി.സിംഗ്, ബംഗ്ലാദേശ്, ബ്രിട്ടന്‍, കാനഡ, ശ്രീലങ്ക, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ കോണ്‍സുലേറ്റ് ജനറല്‍മാര്‍, ക്രിക്കറ്റ് താരം ശ്രീശാന്ത്, നടി ഭാമ, പോള്‍ ജോസഫ്, സി.ടി.കെ.നാസര്‍, ആനന്ദ് കുമാര്‍, റോയ് ജോര്‍ജ്, തോമസ് ഫിലിപ്പ്, ജതീന്ദര്‍ മേനോന്‍, മുഹമ്മദ് ലോഖന്ദ്‌വാല, മസ്ഹര്‍ ഖാന്‍, വലീത് ബുഖാതിര്‍, സെയ്ദ് അല്‍ സാബി, പോള്‍ ടി.ജോസഫ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഫെബ്രുവരി 24ന് സമാപിക്കുന്ന ടൂര്‍ണെന്റിന് ദുബായ് ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരം ഉണ്ട്. കേരളത്തിലെ എട്ട് ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. എല്ലാ ടീമുകളിലെയും ചുരുങ്ങിയത് മൂന്ന് കളിക്കാര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ പ്രാദേശിക കളിക്കാരും. രണ്ട് പേര്‍ അണ്ടര്‍ 22 കളിക്കാരും കൂടിയത് രണ്ടുപേര്‍ ദുബായ് ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരമുള്ള രാജ്യാന്തര തല കളിക്കാരുമായിരിക്കണം. ബുധന്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് രാജ്യാന്തര ക്രിക്കറ്റ് നിയമങ്ങള്‍ അനുസരിച്ച് നടക്കുന്ന മത്സരങ്ങള്‍.

സൂപ്പര്‍ എട്ട് മത്സരത്തില്‍ നാല് മത്സരങ്ങളാണുള്ളത് 60,000 ദിര്‍ഹമാണ് ചാമ്പ്യന്മാര്‍ക്ക് ലഭിക്കുക. രണ്ടാം സമ്മാനം 30,000 ദിര്‍ഹവും മൂന്നും നാലും സമ്മാനം 10,000 വീതവുമാണ്. ഓരോ മത്സരത്തിലെയും കളിയിലെ കേമന് 500 ദിര്‍ഹം നല്‍കും. ഫൈനലിലെ മികച്ച കളിക്കാരന്‍, ഓള്‍ റൗണ്ടര്‍, ബോളര്‍, ബാറ്റ്‌സ്മാന്‍, വിക്കറ്റ് കീപ്പര്‍, ഫീല്‍ഡര്‍, എന്റര്‍ടൈനര്‍ എന്നിവര്‍ക്ക് 3,000 ദിര്‍ഹം വീതവും മികച്ച ക്യാച്ച്, ടൂര്‍ണമെന്റിലും ഓരോ കളിയിലും ഏറ്റവും കൂടുതല്‍ സിക്‌സ് അടിക്കുന്നവര്‍ക്ക് ആയിരം ദിര്‍ഹം വീതവും ഭാവി വാഗ്ദാനത്തിന് 2,000 ദിര്‍ഹവും നല്‍കുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക