Image

ജയില്‍ ബന്ധനം അഭിമുഖീകരിക്കുന്ന സനല്‍ ഇടമറുകും സഭയുടെ ഫാത്‌വയും (ജോസഫ് പടന്നമാക്കല്‍)

Published on 30 December, 2015
ജയില്‍ ബന്ധനം അഭിമുഖീകരിക്കുന്ന സനല്‍ ഇടമറുകും സഭയുടെ ഫാത്‌വയും (ജോസഫ് പടന്നമാക്കല്‍)
യുക്തി വാദിയും ചിന്തകനും വാഗ്മിയും അനേക പുസ്തകങ്ങളുടെ രചയിതാവുമായ ശ്രീ സനല്‍ ഇടമറുക് ഇന്ന് ഇന്ത്യയിലെ നിയമത്തിന്റെ കുരുക്കില്‍പ്പെട്ട് സ്വന്തം രാജ്യത്തു വരാന്‍ സാധിക്കാതെ യൂറോപ്പിലുള്ള ഫിന്‍ലാന്‍ഡില്‍ പ്രവാസ ജീവിതം നയിക്കുകയാണ്. ബോംബയിലെ വേളാങ്കണ്ണി പള്ളിയിലെ ക്രൂശിതനായ യേശുവിന്റെ രൂപത്തില്‍നിന്നും പ്രവഹിച്ചിരുന്ന വിശുദ്ധ ജലം അത്ഭുതമല്ലെന്നു തെളിയിച്ചതു കൊണ്ടാണ് സഭയുടെ പീഡനങ്ങള്‍ സഹിക്കേണ്ടി വന്നത്. കത്തോലിക്കാ സഭയെ വിമര്‍ശിച്ചതിന് 'മതനിന്ദ'യെന്ന (ബ്ലാഷ്ഫമി) നിയമത്തിന്റെ മറവില്‍ മൂന്നു വര്‍ഷം ജയില്‍ ശിക്ഷയും ഭീമമായ പിഴയും കിട്ടാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് അദ്ദേഹത്തിനെതിരായ കേസുകള്‍ ഇന്ന് നിലവിലുള്ളത്. ഇന്ത്യന്‍ യുക്തി വാദി സംഘടനകളുടെ പ്രസിഡണ്ടെന്ന നിലയിലും ഒരു സാമൂഹിക സേവകനെന്ന നിലയിലും അദ്ദേഹം ഇതിനോടകം പ്രസിദ്ധനായി തീര്‍ന്നിരിക്കുന്നു. ബാബാമാരുടെയും പുരോഹിതരുടെയും ജനങ്ങളെ പറ്റിക്കുന്ന അത്ഭുതങ്ങളുടെ ചുരുളുകളഴിച്ചുകൊണ്ട് ടെലിവിഷന്‍ മീഡിയാകളില്‍ കൂടി സത്യം ബോധ്യപ്പെടുത്തുകയെന്ന ദൗത്യമായിരുന്നു ശ്രീ സനല്‍ നിര്‍വഹിച്ചു കൊണ്ടിരുന്നത്.

2013 ഏപ്രില്‍ മാസത്തില്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ഹൂമാനിസ്റ്റ്‌റ് മാഗസിനില്‍ സനല്‍ ഇടമറുകും ജെര്‍ണലിസ്റ്റ് 'റയന്‍ ഷാഫറു'മായുള്ള ഒരു അഭിമുഖ സംഭാഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഭാഷണ രൂപേണയുള്ള പ്രസ്തുത ലേഖനത്തില്‍ സനല്‍ ഇടമറുകിന്റെ വ്യക്തിപരമായ ജീവിതവും വളര്‍ച്ചയും സഭയില്‍ നിന്നും നിയമത്തിന്റെ കുരുക്കില്‌നിന്നും നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റിയും വിവരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പിതാവ് പ്രസിദ്ധ യുക്തിവാദിയായ ജോസഫ് ഇടമറുകും മാതാവ് ഹൈന്ദവ കുടുംബത്തില്‍ ജനിച്ച സോളിയുമായിരുന്നു. അവരുടെ ഗ്രാമത്തിന്റെ പേരായ 'ഇടമറുക്' പിന്നീട് പേരിന്റെ കൂടി കൂട്ടിച്ചേര്‍ത്തതാണ്. അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ വ്യത്യസ്ത മതക്കാരായതുകൊണ്ട് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അക്കാലങ്ങളില്‍ ശക്തമായ എതിര്‍പ്പുകളെ നേരിടേണ്ടി വന്നിരുന്നു. മാതാപിതാക്കള്‍ ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല. സനല്‍ ജനിക്കുന്ന സമയം ക്രിസ്ത്യാനികളായി മതം മാറാന്‍ ശക്തമായ പ്രേരണ വന്നതിനാല്‍ മാതാപിതാക്കള്‍ അവിടെ നിന്നും നാട് വിടുകയാണുണ്ടായത്. എവിടെ പോകണമെന്നറിയാതെ മഴയുള്ള ഒരു രാത്രിയില്‍, തുറന്ന ആകാശത്തില്‍, ജനിച്ചു വീണ കുഞ്ഞായ സനലിനെയും വഹിച്ചുകൊണ്ട് മാതാപിതാക്കള്‍ സ്വന്തം കുടുംബത്തില്‍ നിന്നും രക്ഷപ്പെട്ട കഥ സനല്‍ തന്നെ അദ്ദേഹത്തിന്‍റെ അഭിമുഖക്കുറിപ്പുകളില്‍ വിവരിക്കുന്നുണ്ട്.

ഓര്‍ത്തോഡോക്‌സ് സഭയില്‍ നിന്നു വളരെയേറെ പീഡനങ്ങള്‍ സഹിച്ച ഒരു കുടുംബ പശ്ചാത്തലത്തിലാണ് 'സനല്‍' മാതാപിതാക്കള്‍ക്കൊപ്പം വളര്‍ന്നത്­. അദ്ദേഹത്തിന്‍റെ അമ്മാവന്‍ ഓര്‍ത്തോഡോക്‌സ് സഭയിലെ ബിഷപ്പായിരുന്നു. സനലിന്റെ പിതാവിനെ ( ജോസഫ് ഇടമറുക് ) 'യേശു ഒരു മനുഷ്യനായിരുന്നുവെന്ന'  പുസ്തകം എഴുതിയതിന്റെ പേരില്‍ സഭയില്‍ നിന്നു പുറത്താക്കി. വിവാദപരമായ ഈ പുസ്തകം എഴുതിയതുമൂലം സമൂഹം മുഴുവന്‍ ജോസഫ് ഇടമറുകിനോട് അക്കാലങ്ങളില്‍ ശത്രുതാ മനോഭാവം പുലര്‍ത്തിയിരുന്നു. കുടുംബത്തിനു പേരുദോഷം വരുത്തിയെന്നു പറഞ്ഞ് ജീവനു ഭീഷണികളുമുണ്ടായി. അവിടെനിന്നും രക്ഷപ്പെട്ട് ഒരു ഹിന്ദു പണ്ഡിതനൊപ്പം പിന്നീട് ഇവരുടെ കുടുംബം താമസം തുടങ്ങി.

സനലിനെ സംബന്ധിച്ചടത്തോളം അദ്ദേഹമെന്നും സ്വന്തം പിതാവില്‍ ആവേശഭരിതനായിരുന്നു. ജീവിച്ചിരുന്ന നാളുകളില്‍, തനതായ ആദര്‍ശങ്ങള്‍ ബലി കഴിച്ചുകൊണ്ട് ഒരു വിട്ടുവീഴ്ചക്കും അദ്ദേഹത്തിന്‍റെ പിതാവ് തയ്യാറല്ലായിരുന്നു. തന്മൂലം നിയമത്തിന്റെ കുരുക്കില്‍ അനേക തവണകള്‍ ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1970­ല്‍ പിതാവായ ഇടമറുക് തന്റെ വിവാദപരമായ പുസ്തം പ്രസിദ്ധീകരിക്കുന്നതിനായി ഒരു പ്രസ് വിലയ്ക്ക് വാങ്ങി. പ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന സമയം നിസാര കാരണങ്ങള്‍ പറഞ്ഞ് അപ്രതീക്ഷിതമായി പിതാവിനെ അറസ്റ്റ് ചെയ്യുകയും പ്രസ് കണ്ടു കെട്ടുകയും ചെയ്തു. പോലീസ് അക്കാലത്ത് അദ്ദേഹത്തിന്‍റെ പിതാവിനെ മൃഗീയമായി ഉപദ്രവിക്കുകയും എഴുത്തുകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ വിരലുകള്‍ മുറിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി. ഇടതു പക്ഷ ചിന്താഗതിയുള്ള ഒരു പത്രത്തിന്റെ എഡിറ്ററായതു കാരണം 1975­ല്‍ അടിയന്തിരാവസ്ഥ കാലത്തു വീണ്ടും അറസ്റ്റു ചെയ്തു. അക്കാലത്ത് അടിയന്തരാവസ്ഥയുടെ പേരില്‍ കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്ത ഏക പത്രാധിപര്‍ അദ്ദേഹം മാത്രമായിരുന്നു.

സനല്‍, ചെറുപ്പകാലം മുതല്‍ സംഗീതത്തിലും കേരളത്തിലെ പാരമ്പര്യ കലകളിലും കഥകളിയിലും തല്പ്പരനായിരുന്നു. കഥകളിയില്‍ വിജയകരമായി പഠനം പൂര്‍ത്തിയാക്കി നല്ലയൊരു കലാകാരനുമായി അറിയപ്പെട്ടിരുന്നു. സ്വന്തം പിതാവിന്റെ ലൈബ്രറിയില്‍ നിന്നും യുക്തി ചിന്തകളെ സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കുകയെന്നതും അദ്ദേഹത്തിന്‍റെ ഹോബിയായിരുന്നു. അക്കാലങ്ങളില്‍ ഉണ്ടായിരുന്ന യുക്തിവാദികളും എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും ഗഹനമായ ചര്‍ച്ചകള്‍ നടത്തിയിരുന്നതും അദ്ദേഹത്തിന്‍റെ പിത്രുഭവനത്തിലായിരുന്നു. ദൈവ വിശ്വാസമില്ലാതെ സനല്‍ വളര്‍ന്നെങ്കിലും മാതാപിതാക്കള്‍ ഒരിയ്ക്കലും അങ്ങനെയുള്ള ചിന്താഗതികള്‍ക്ക് പ്രേരിപ്പിച്ചിരുന്നില്ല. സനല്‍ യുക്തിവാദിയാകാനുള്ള സാഹചര്യവും അദ്ദേഹം തന്നെ വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ അയല്‍വക്കത്തുണ്ടായിരുന്ന സൂസനെന്ന യുവതിയായ ദേശീയ സ്‌പോര്‍ട്‌സ് താരം കാന്‍സര്‍ രോഗത്തിന് അടിമപ്പെട്ടു. പ്രാര്‍ത്ഥനകളില്‍ മാത്രം വിശ്വസിച്ചിരുന്ന പെന്തകൊസ്ത് വിഭാഗത്തിലെ തീവ്ര മതവിശ്വാസികളായ മാതാപിതാക്കള്‍ സൂസന് ചീകത്സ നല്കാന്‍ സമ്മതിച്ചില്ല. ആ യുവതിയുടെ മരണം അന്നു ബാലനായിരുന്ന സനലിനെ വേദനിപ്പിക്കുകയും ഒരു യുക്തിവാദി ചിന്തകനാക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ യുക്തി വാദികളുടെ സംഘടന രൂപികരിക്കുകയും അന്ധ വിശ്വാസങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്തു.

സനല്‍ പറയുന്നു , "ഞാനൊരു ക്രിസ്ത്യാനിയായി ജനിച്ചില്ല. ഞാനൊരിയ്ക്കലും മാമ്മോദീസാ മുങ്ങിയിട്ടില്ല. എനിക്കൊരു മതമില്ല. ദൈവത്തിലോ പിശാചിലോ യഹോവായിലോ, യേശുവിലോ അള്ളായിലോ ശിവനിലോ ജൂപ്പിറ്ററിലോ ബഹു ദൈവങ്ങളിലോ വിശ്വസിക്കുന്നില്ല. ഞാനൊരു യുക്തിവാദിയാണ്. ആരും ഒരു മതത്തില്‍ ജനിക്കുന്നുമില്ല. എന്റെ മാതാപിതാക്കള്‍ യാതൊരു മതത്തിലും വിശ്വസിക്കാതിരുന്ന യുക്തിവാദികളായിരുന്നു. യേശു കരയുന്നുവെന്ന് വിശ്വാസികള്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ക്കു തെറ്റു പറ്റി, അവിടെ ക്രൂശിതനായ രൂപം കരയുന്ന കാരണം പ്ലംബിഗ് തകരാറു കൊണ്ടായിരുന്നു." ഈ ഉറച്ച തീരുമാനത്തില്‍ മാറ്റമില്ലാതെ നില്ക്കുന്ന കാരണം കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി സ്വന്തം രാജ്യത്തു പ്രവേശിക്കാനാവാതെ സനല്‍ ഇന്നും പ്രവാസ ജീവിതം നയിക്കുകയാണ്.

2012­ല്‍ ബോംബയിലെ വേളാങ്കണ്ണി പള്ളിയിലെ ക്രൂശിത രൂപത്തില്‍ നിന്നും വിശുദ്ധ ജലം വരുന്ന അത്ഭുത ക്രിയകളെ അദ്ദേഹം വീക്ഷിച്ചുകൊണ്ടിരുന്നു. കുരിശു രൂപം നിലകൊള്ളുന്ന ഭിത്തിയില്‍ നിന്നുമാണ് വെള്ളം കുരിശു രൂപത്തില്‍ക്കൂടി പുറത്തു വരുന്നതെന്ന് കണ്ടു പിടിച്ചു. ഈ സത്യം ശ്രീ സനല്‍ ഇടമറുക് ടീ.വിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ശാസ്ത്രത്തിനെതിരായ ഇത്തരം അത്ഭുതങ്ങള്‍ പ്രചരിപ്പിച്ച് വിശ്വാസികളെ കബളിപ്പിക്കുന്നതില്‍ വിമര്‍ശിക്കുകയും ചെയ്തു. അദ്ദേഹം കത്തോലിക്കാ സഭയെ വിമര്‍ശിച്ചതുമൂലം പ്രശ്‌നം സങ്കീര്‍ണ്ണമാവുകയും സഭയ്ക്കുള്ളില്‍ വലിയ ഒച്ചപ്പാടാവുകയും ചെയ്തു. കുപിതരായ വിശ്വാസികള്‍ അദ്ദേഹത്തിനെതിരെ ശത്രുതാ മനോഭാവം പുലര്‍ത്തുകയും ഔദ്യോഗിക തലങ്ങളില്‍ പരാതികള്‍ അയക്കുകയുമുണ്ടായി. ഇന്ത്യന്‍ ശിക്ഷാ നിയമം 295 (എ) അനുസരിച്ച് അദ്ദേഹത്തിനെതിരെ കേസ്സുകള്‍ സഭ ഫയല്‍ ചെയ്യുകയും ചെയ്തു. മതവികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തിയെന്ന പേരില്‍ 'മത നിന്ദ ' നിയമവും കേസിനോടൊപ്പം ഉള്‌പ്പെടുത്തി. ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ കുറ്റാരോപണങ്ങള്‍ക്കെതിരെ അദ്ദേഹത്തിന്‍റെ വക്കീലന്മാര്‍ വാദഗതികളുമായി രംഗത്തുണ്ട്. ജാമ്യമില്ലാ വാറണ്ട് നിലവിലുള്ളതിനാല്‍ ഇന്ത്യയില്‍ വരാന്‍ കഴിയാതെ അദ്ദേഹത്തിന് പ്രവാസിയായി യൂറോപ്പില്‍ കഴിയേണ്ടി വരുന്നു.

2012 ജൂലൈ നാലാം തിയതി ഡല്‍ഹി പോലീസ് സനലിനെ അറസ്റ്റ് ചെയ്യുന്നതിനായി അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തിയിരുന്നു. ബോംബെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രെറ്റിന്റെ വാറന്റ് സഹിതം ഡല്‍ഹി കോര്‍ട്ടിന്റെ ആജ്ഞ പ്രകാരമാണ് പോലീസ് അദ്ദേഹത്തെ തേടിയെത്തിയത്. അന്ന് സനല്‍ വീട്ടിലുണ്ടായിരുന്നെങ്കില്‍ അറസ്റ്റു വരിച്ച് ജയിലില്‍ പോകേണ്ടി വരുമായിരുന്നു. അദ്ദേഹം വിദേശ യാത്രയിലായിരുന്നതു കൊണ്ട് കയ്യാമം വെക്കാന്‍ സാധിച്ചില്ല. അദ്ദേഹത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും അന്ന് പോലീസുദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞുമില്ല. നാടകീയമായ ഈ സംഭവങ്ങള്‍ക്കുശേഷം സനലിനെതിരെയുള്ള പീഡനങ്ങള്‍ അതീവ ഗുരുതരമാവുകയും ചെയ്തു. കുരിശില്‍ കൂടിയുള്ള വെള്ളമൊഴുക്കല്‍ അത്ഭുതമല്ലെന്നും പ്‌ളംമ്പിംഗ് തകരാറെന്നും അദ്ദേഹം ലോകത്തെ അറിയിച്ചത് അദ്ദേഹത്തിനെതിരായ മത നിന്ദ വകുപ്പനുസരിച്ചുള്ള കുറ്റാരോപണമായി സഭ കരുതി. ക്ഷമിക്കാന്‍ സാധിക്കാത്തവിധം സഭാധികാരികള്‍ നടപടികള്‍ക്ക് തുടക്കമിട്ടു. അന്നു ഭരിച്ചിരുന്ന ഇന്ത്യാ സര്‍ക്കാരിന്റെ പൂര്‍ണ്ണമായ പിന്തുണ സഭയ്ക്കു ലഭിക്കുകയും ചെയ്തു. ഭാരതത്തെ സംബന്ധിച്ചടത്തോളം കത്തോലിക്കാ സഭ ഒരു ന്യൂന സമുദായമെങ്കിലും ഇത്തരം സാഹചര്യങ്ങളിലുള്ള കേസുകളില്‍ ലോകം മുഴുവനുമുള്ള ക്രിസ്ത്യന്‍ സഭകളുടെ പിന്തുണ സഭയ്ക്കു ലഭിയ്ക്കാറുണ്ട്. പാശ്ചാത്യ സഭയില്‍ നഷ്ടപ്പെട്ട പ്രതാപം ഭാരത സഭയില്ക്കൂടി വീണ്ടെടുക്കാനാണ് സഭ ശ്രമിക്കുന്നത്. കറുത്ത യുഗങ്ങള്‍ ഇന്ത്യയില്‍ വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് 'സനല്‍' ഒരു ടീവി പ്രോഗ്രാമില്‍ പറയുകയുമുണ്ടായി.

സഭയും സനലുമായി നടക്കുന്ന വിവാദപരമായ ഈ പ്രശ്‌നത്തില്‍ സനലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും വാര്‍ത്തകളുടെ പ്രവാഹം തന്നെയുണ്ടായിരുന്നു. യുക്തിബോധമുള്ളവര്‍ സനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും നല്കിവരുന്നു. ക്രൂശിതനായ രൂപത്തില്‍ക്കൂടി ഒഴുകിയത് അത്ഭുത വെള്ളമല്ലെന്നുള്ള സത്യം പൊതു ജനങ്ങളുടെ മുമ്പിലായിരുന്നു അദ്ദേഹം തെളിയിച്ചത്. സ്വതന്ത്രമായി സംസാരിക്കാനുള്ള പൂര്‍ണ്ണാവകാശം ഭാരതത്തിലെ ഭരണഘടന ഓരോ പൗരനും വാഗ്ദാനം ചെയ്തിട്ടുണ്ട്. ശാസ്ത്രീയമായ അറിവുകള്‍ ജനങ്ങളില്‍ പകര്‍ന്നു കൊടുക്കുന്നത് ഒരു കുറ്റമായി കരുതാനും സാധിക്കില്ല. ഭരണഘടനയുടെ പത്തൊമ്പതാം വകുപ്പ് പ്രകാരം മാനുഷിക സാംസ്ക്കാരിക മുന്നേറ്റങ്ങള്‍ക്കായുള്ള സനലിന്റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും നിയമത്തിന്റെ വ്യവസ്ഥകളിലും അടിസ്ഥാനത്തിലും തന്നെയായിരുന്നു. ആഗോള മനുഷ്യാവകാശ തത്ത്വങ്ങളുടെ ലംഘനമാണ് സഭയുടെ സനലിനെതിരെയുള്ള ഈ കുറ്റാരോപണമെന്നതിലും സംശയമില്ല. അധികാരവും പണവുമുള്ള സഭയുമായി ഏറ്റു മുട്ടുമ്പോള്‍ പ്രതികാരത്തിനായി മോഹിക്കുന്ന സഭാ ഭാഗത്തുനിന്നും പലവിധ കള്ളക്കേസുകളും പ്രതീക്ഷിക്കാം. പതിനായിരക്കണക്കിനു ഒപ്പുകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുക്തിവാദി സംഘടനകള്‍ വത്തിക്കാനില്‍ പെറ്റീഷനുകള്‍ അയച്ചിട്ടും പ്രയോജനമില്ലാതെ സഭ നിശബ്ദത പാലിക്കുന്നതും മനുഷ്യത്വത്തോട് ചെയ്യുന്ന ഒരു കൊടും ക്രൂരത തന്നെയാണ്. കരുണയുടെ കണികപോലും കാണികാണാത്ത കഠിന ഹൃദയരാണ് '2015­-2016' വര്‍ഷത്തെ കരുണയുടെ വര്‍ഷമായി' ആഘോഷിക്കുന്നതെന്നും ഓര്‍ക്കണം.

യേശുവിന്റെ പ്രതിമയില്‍ സംഭവിക്കുന്ന ഈ വെള്ളമൊഴുക്കലിനെ സ്ഥലവാസികള്‍ ഒരു അത്ഭുതമെന്നു പ്രഖ്യാപിച്ചു. അനേകര്‍ വെള്ളം പരിശൂദ്ധമെന്നു കരുതി ശേഖരിക്കാനും തുടങ്ങി. ബോംബയിലെ വേളാങ്കണ്ണി പള്ളി ഒരു തീര്‍ത്ഥാടക കേന്ദ്രമാക്കാനുള്ള ശ്രമത്തിലുമായിരുന്നു. സനല്‍, 'ഇത് വിശുദ്ധ ജലമല്ല പ്ലംബിഗ് തകരാറെന്നു പ്രഖ്യാപിച്ചപ്പോള്‍' അതിന്റെ പ്രത്യാഘാതം ഭയങ്കരമായിരുന്നു. ഭാവിയില്‍ ഒരു തീര്‍ത്ഥാടക കേന്ദ്രം വഴി സഭയ്ക്ക് നേടാവുന്ന സമ്പത്താണ് അവിടെ നഷ്ടപ്പെട്ടത്. "ബോംബയിലെ വേളാങ്കണ്ണി പള്ളിയിലെ കുരിശു രൂപത്തില്‍നിന്നും അടര്‍ന്നു വീഴുന്ന വെള്ളത്തിനെ ചൊല്ലിയുള്ള കബളിപ്പിക്കലുകള്‍ പുറം ലോകത്തെ അറിയിച്ചത് പൊതു ജനാരോഗ്യം കണക്കില്‍പ്പെടുത്തിയും കൂടിയാണെന്നും " സനല്‍ പറഞ്ഞു. രോഗം ഭേദപ്പെടുമെന്നു വിചാരിച്ച്
വിശ്വാസികള്‍ ആ വെള്ളം കുടിക്കുന്നുണ്ടായിരുന്നു. കുഴല്‍ വാഹിനികളിലെ തകരാറുമൂലം അഴുക്കു ചാലുകളില്‍ നിന്ന് മലിന വെള്ളം ഭിത്തി വഴി ക്രൂശിത രൂപത്തില്‍ ക്കൂടി വരുന്നതെന്ന വസ്തുത അവര്‍ക്കറിയില്ലായിരുന്നു. പരിശുദ്ധ ജലമെന്നു കരുതി കുരിശു രൂപത്തില്‍നിന്നും വരുന്ന അഴുക്കു വെള്ളം കുടിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് സനല്‍ അന്ന് കണ്ടുനിന്നവരെ ബോദ്ധ്യപ്പെടുത്തിയിരുന്നു. കരുണയുടെ ഈ വര്‍ഷത്തിലും പ്രതികാര മനോഭാവത്തോടെ സഭ സനിലെനെതിരെ നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

സനലിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനെ സ്വാധീനിക്കണമെന്ന് സനലും യൂറോപ്പിലെ യുക്തിവാദി സംഘടനകളും യൂറോപ്യന്‍ സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 'മതനിന്ദ' ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തെ ഒരു അപരിഷ്കൃത നിയമമാണ്. സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നിയമങ്ങള്‍ക്കു ഭേദഗതി വരാതെ ഇന്നും 'മതനിന്ദാ നിയമം' ഇന്ത്യന്‍ ഭരണഘടനയില്‍ ഒരു അപവാദമായി തുടരുന്നു. സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനും തടസമാകുന്നു. കൊളോണിയല്‍ കാലത്തെ ഈ 'മതനിന്ദ' നിയമം മാറ്റപ്പെട്ടില്ലെങ്കില്‍ മതത്തിനെതിരെ സംസാരിക്കുന്ന ആരെയും കുഴപ്പത്തിലാക്കാം. "പാകിസ്ഥാനില്‍ ഒരു പെണ്‍കുട്ടി മത നിന്ദ നടത്തിയെങ്കില്‍ അതില്‍ പ്രതികരിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമില്ലെന്നും" സനല്‍ ഇടമറുക് പറഞ്ഞു. കാരണം മത നിന്ദയെന്നാരോപിച്ച് ഈ രാജ്യത്തിലെ പൌര ജനങ്ങളെ അറസ്റ്റ് ചെയ്യുന്ന കാഴ്ചകളാണ് ഇന്ത്യയിലും സംഭവിക്കുന്നത്­. ഇതൊരു കാലഹരണപ്പെട്ട നിയമമാണ്. അതിന്റെ മറവില്‍ ഹിന്ദു, മുസ്ലിം ക്രിസ്ത്യാനികളായ മതഭ്രാന്തര്‍ നിയമത്തെ വളച്ചൊടിച്ച് ബലഹീനരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. വിരോധം തീര്‍ക്കാനും മത നിന്ദയുടെ ഈ നിയമത്തെ ആയുധമാക്കുന്നു.

കുരിശു രൂപത്തിലെ അത്ഭുതങ്ങളെ അവഹേളിച്ചതിന് ക്ഷമാപണം നടത്തിയാല്‍ കേസുകള്‍ ഇല്ലാതാക്കാമെന്ന് ബോംബയിലെ ആര്‍ച്ച് ബിഷപ്പ് ഗ്രേഷിയസ് ഓസ്‌­വാള്‍ഡ് പറഞ്ഞിരുന്നു. സനല്‍, കര്‍ദ്ദിനാളിന്റെ ക്ഷമാപണാവശ്യം നിരസിക്കുകയാണുണ്ടായത്. തെറ്റുകള്‍ ചെയ്യാത്ത താനെന്തിനു ക്ഷമ ചോദിക്കണമെന്ന തീരുമാനത്തില്‍ അദ്ദേഹം ഉറച്ചു തന്നെ നില്ക്കുന്നു. യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള സുഹൃത്തുക്കള്‍ സനലിന്റെ ഈ നിലപാടിനെയും ചിന്താഗതികളെയും പിന്താങ്ങുന്നതു അദ്ദേഹത്തിന് ബലം നല്കുന്നു. ഈ പ്രശ്‌നത്തില്‍ എന്തു വില കൊടുത്തും പൊരുതാന്‍ തന്നെയാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. സനലിനെപ്പോലെ പ്രസിദ്ധനായ ഒരാള്‍ക്ക് മതത്തിന്റെ സ്വാധീനത്തില്‍ പ്രവാസിയായി കഴിയേണ്ടി വന്നെങ്കില്‍ മതനിന്ദ നടത്തിയ സാധാരണക്കാരന്റെ ഗതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എങ്കില്‍ ചോദിക്കാനാരുമില്ലാതെ ജാമ്യമില്ലാതെ അവരെ നേരെ ജയിലില്‍ അയക്കുമായിരുന്നു.

'മതനിന്ദ' ഇന്ത്യന്‍ ഭരണഘടന വ്യവസ്ഥയിലെ ബാലിശമായ ഒരു നിയമമാണ്. യുക്തിചിന്തയില്ലാത്തവര്‍ എഴുതിയുണ്ടാക്കിയ ഒരു നിയമത്തിന്റെ പോരായ്മയാണ് ഇത് കാണിക്കുന്നത്. 'മതനിന്ദ' നിയമങ്ങളുടെ കുരുക്കില്‍ ഇസ്ലാമിക രാജ്യങ്ങളില്‍ ജയിലില്‍ അടയ്ക്കുകയോ വധിക്കുകയോ ചെയ്യാറുണ്ട്. എന്നാല്‍ സനലിന്റെ കേസ്സില്‍ ഒരു അത്ഭുതം വെറും കള്ളമെന്നു തെളിയിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ഈ പീഡനങ്ങള്‍ സഹിക്കേണ്ടി വന്നത്. ഇത്തരത്തിലുള്ള അത്ഭുതങ്ങള്‍ ബാബാമാരും മത പുരോഹിതരും ജനങ്ങളില്‍ കുത്തി വെയ്ക്കുന്നതുമൂലം അവരില്‍ ഒരു തരം ഹിസ്റ്റീരിയാ വ്യാപിക്കുന്നു. മാനസികാടിമത്വം സൃഷ്ടിക്കുന്നു. ഭ്രാന്തു പിടിച്ച ലോകം ഇവരുടെ മായാവേലകള്‍ അപ്പാടെ വിശ്വസിക്കുകയും ചെയ്യുന്നു.

മതത്തെ ചോദ്യം ചെയ്യുന്ന ബുദ്ധി ജീവികളെയും കലാകാരന്മാരെയും ഈ നിയമത്തിന്റെ മറവില്‍ നിശബ്ദരാക്കുന്ന ചരിത്രമാണ്­ ഇന്ത്യയ്ക്കുള്ളത്. ഈ നിയമത്തിന്റെ അപകടമെന്തന്നാല്‍ ഏതൊരു വര്‍ഗീയ ചിന്താഗതിക്കാരനും മത വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച് മറ്റൊരാളെ നിയമത്തിന്റെ മറവില്‍ക്കൂടി കുഴപ്പത്തിലാക്കാനും സാധിക്കുന്നു. മത നിന്ദാരോപണത്തിന്റെ പേരില്‍ സംശയമുള്ളവരെ പോലീസിനു അറസ്റ്റു ചെയ്യാം. ജാമ്യമില്ലാ വകുപ്പായതുകൊണ്ട് കോടതിയുടെ കുറ്റ വിമുക്തനെന്ന തീരുമാനം വരെ ജയിലിലും കിടക്കണം. ചിലപ്പോള്‍ കോടതിയുടെ ഒരു തീരുമാനത്തിനായി വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കാം. അതുകൊണ്ട് ഈ നിയമത്തിന്റെ അപകടം കോടതിവിധിയല്ല, കോടതിയുടെ തീരുമാനത്തിനു മുമ്പുള്ള നീണ്ടകാല വിസ്താരമാണ്. ഇന്ത്യയുടെ മതനിന്ദ നിയമത്തില്‍ക്കൂടി പ്രസിദ്ധരായ പലരെയും കുറ്റവാളികളായി കോടതി വിധിച്ചിട്ടുണ്ട്. തമിഴ് നാട്ടിലെ പ്രസിദ്ധ യുക്തി ചിന്തകനായിരുന്ന ഇ.വീ. രാമസ്വാമി നായിക്കരെ മതനിന്ദ നിയമത്തിന്റെ പേരില്‍ കീഴ്‌കൊടതിയും സുപ്രീം കോടതിയും കുറ്റവാളിയായി വിധിച്ചു. സല്മാന്‍ റഷ്ഡിയുടെ സാറ്റനിക്ക് വേഴ്‌സസ് പോലെ അനേക പുസ്തകങ്ങളും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്.

കുരിശു രൂപത്തില്‍നിന്നും വെള്ളം വരുന്നത് അത്ഭുതമല്ലെന്നു തെളിയിച്ചിട്ടും സനലിന്റെ വാദഗതികളെ സഭാധികാരികള്‍ വിദ്വേഷത്തോടെ പുച്ഛിച്ചു തള്ളുകയാണുണ്ടായത്. വെള്ളം വരുന്നതെങ്ങനെയെന്ന സനലിന്റെ വിവരണം ശ്രദ്ധിക്കാന്‍ പോലും അവര്‍ തയ്യാറായിരുന്നില്ല. വിവാദപരമായ ടി.വി. വാര്‍ത്തകള്‍ സഭാധികാരികള്‍ നിരസിക്കുകയും സനലിന്റെ യുക്തിപരമായ വാദങ്ങളില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നു വാദിക്കുകയും ചെയ്തു. ഈ പ്രശ്‌നം കൂടുതല്‍ രാഷ്ട്രീയ വല്‍ക്കരിക്കാനാണ് സഭ ശ്രമിച്ചത്. വത്തിക്കാന്‍ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുന്നു. സനലിന്റെ കേസ്സില്‍ ബോംബെ ഹൈക്കോര്‍ട്ടും ഡല്‍ഹി ഹൈക്കോര്‍ട്ടും ജാമ്യം നിഷേധിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ നിയമ വ്യവസ്ഥ അപ്പാടെ കുത്തഴിഞ്ഞതെന്നും സമൂലമായ മാറ്റങ്ങളാവശ്യമെന്നും സനല്‍ പറയുന്നു. നീതി എന്നും അധികാരവും പണവും രാഷ്ട്രീയ സാമൂഹിക സാമുദായിക പിന്തുണയുള്ളവരുടെയും പക്ഷത്തുമായിരിക്കും. മതഭ്രാന്തരെയും സമുദായ പ്രമാണികളെയും പ്രീതിപ്പെടുത്തിക്കൊണ്ട് പോലീസ് എക്കാലവും വിവേകമില്ലാതെ പ്രവര്‍ത്തിക്കും. സനല്‍ ചെയ്ത കുറ്റം സഭ വിശ്വസിക്കുന്ന ഒരു രൂപത്തിലെ വ്യാജ അത്ഭുതത്തിന്റെ സത്യാവസ്ഥ പൊതുജനത്തെ അറിയിക്കുകയും അതിനെ വിമര്‍ശിച്ചുവെന്നതുമാണ്. മത വിശ്വാസികളായ പൗരന്മാരെ സംരക്ഷിക്കുകയെന്നതു സര്‍ക്കാരിന്റെ ചുമതല തന്നെ. അതെ സമയം മതത്തെ സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമല്ല. മതമെന്നു പറയുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ പ്രശ്‌നമാണ്. മതങ്ങള്‍ തമ്മില്‍ വൈരാഗ്യം സൃഷ്ടിക്കുന്നത് മത രാഷ്ട്രീയ പുരോഹിതരുടെ ചരടുവലിയിലുമായിരിക്കും. വിശ്വാസികളുടെമേല്‍ മാനസ്സികാടിമത്വം അടിച്ചേല്‍പ്പിച്ചിരിക്കുന്നതുകൊണ്ട് നീതിയും നിയമവും എന്നും പൌരാഹിത്യത്തിനൊപ്പമായിരിക്കും. വോട്ടുബാങ്കിനായി രാഷ്ട്രീയക്കാരുടെ കൈകളിലും 'മതനിന്ദാ നിയമം' ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ '51 എ' വകുപ്പ് അനുശാസിക്കുന്നത് 'ഏതൊരു പൗരനും ശാസ്ത്രീയ ഗവേഷണത്തിനും മാനുഷിക പുരോഗതിക്കും അന്വേഷണത്തിനും സാമൂഹിക പരിഷ്ക്കാരങ്ങള്‍ക്കും പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ടെന്നുള്ളതാണ്. ബോംബയിലെ തന്റെ പ്രവര്‍ത്തനം, സാധാരണക്കാരെ സാംസ്ക്കാരിക മുന്നേറ്റത്തിനായി ബോധവല്‍ക്കരിക്കുക മാത്രമായിരുന്നുവെന്ന് സനല്‍ അവകാശപ്പെടുന്നു.
ജയില്‍ ബന്ധനം അഭിമുഖീകരിക്കുന്ന സനല്‍ ഇടമറുകും സഭയുടെ ഫാത്‌വയും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Anthappan 2015-12-30 14:34:42

Religious leaders are hypocrites.  They will convince their moronic followers   that the legal problem Sanel Idamaraku going through is the punishment from heaven.   These same people would say that the hardship Jesus and Paul went through was to get the God’s name glorified.   This world is getting weird day by day.  What a mockery?  I hope it would get worst and smoke all the wicked religious leaders out.  It is high time for the younger generation to get involved and expose the hypocrisy of religion around the world rather than taking orders from them and blowing up many innocent lives and their own life.  

Johny Kutty 2015-12-31 05:17:48
ഒരു ആത്മീയ തട്ടിപ്പ് ശാസ്ത്രീയമായി തുറന്നു കാണിച്ച ഒരാളുടെ ഗതി ഇതാണ് ഇന്ത്യയിൽ. എവിടെ പോയി ഇ മലയാളി കമന്റ്‌ എഴുത്തുകാർ ? (നന്ദി ശ്രീ അന്തപ്പൻ)
andrew 2015-12-31 11:34:57
What authority RCC has on Sanal?
He is entitled to express his opinion. This is not 14th cent. The secret of the church in generating money is by selling sainthood and miracles. The faithful get fooled all the time, priests eat & live like kings and get fatty. They encourage the faithful to produce more children and live in poverty. Religions need to keep the followers poor. Then only they will look for help to the saints and unknown gods they have created. Shame on you all selfish religious leaders. Feel sorry for the faithful. But no one is going to save you other than you, yourself. Get out of the religion and live like a normal human. Religion is a prison. Why you want to be a prisoner all your life?
 let that be your pledge for the New Year.
George V 2016-01-01 10:50:55
ഈ ലേഖനം പ്രസിദ്ധീകരിച്ചതിനു ഇ മലയാളിക്ക് അഭിനന്ദനം. നമ്മുടെ മിക്കവാറും എല്ലാ പത്രങ്ങളും മുക്കിയ അല്ലെങ്ങിൽ മുക്കാൻ ശ്രമിച്ച ഒരു വാർത്ത ആണിത്. നന്ദി ശ്രീ ജോസഫ്‌, അന്തപ്പൻ & അന്ദ്രുസ്. ജോണികുട്ടി ഇതിനു ആരും പ്രതികരിക്കില്ല കാരണം മലയാളിയുടെ കപട മുഖം അവനെ അതിനു അനുവദിക്കില്ല. രാജാവ് നഗ്നൻ എന്ന് പറയാൻ ഉള്ള ആർജവം കുറവാണ്. ഒരു പള്ളിയുടെയോ കപെളയുടെയോ ഒരു ചില്ല് ഏതെങ്കിലും മത ഭ്രാന്ഥൻ എറിഞ്ഞു പൊട്ടിക്കട്ടെ അപ്പോൾ കാണാം പ്രതികരണ തൊഴിലാളികൾ ഓടി കൂടുന്നത്.  എല്ലാർകും പുതു വത്സര ആശംസകൾ 
വായനക്കാരൻ 2016-01-02 09:18:40
ക്രിസ്ത്യാനികളുടെ ഉത്ഭവകാലത്തെ അവസ്ഥയും ഇന്നത്തെ അതിന്റെ സ്ഥിതിയും താരതമ്യപ്പെടുത്തിയാൽ മാലാഖാ ചെകുത്താനായതുപോലെയാണ് ആര്‍ക്കും തോന്നുക. സമത്വദീക്ഷയിലും സ്വരുമയിലും, ഉള്ളതെല്ലാം പരസ്പരം പങ്കുവെച്ചും ജീവിച്ചിരുന്ന ആദ്യകാല ക്രിസ്ത്യാനികളുടെ മനോഭാവമല്ല ഇന്ന് സഭയിൽ ഉള്ളത്. വേണ്ടത്ര അടുപ്പമോ പരസ്പര ബഹുമാനമോ ഇന്ത്യയിലെ അല്മായർക്കിടയിലോ അവരും മതനേതൃത്വവും തമ്മിലോ ഇലില്ല. ഇവിടെ യഥാർഥത്തിൽ നേതൃത്വം വിശ്വാസികളെ അധിക്ഷേപിച്ചും എല്ലാക്കാര്യങ്ങളിലും തങ്ങളുടെ ആശ്രിതരാക്കിയും അടക്കിഭരിച്ചുകൊണ്ടിരിക്കുകയാണ്. അവര്ക്കിതിനു കഴിയുന്നത്‌ ഇവിടെ മതകാര്യങ്ങളിൽ രാഷ്ട്രം ഇടപെടുന്നില്ല എന്നതുകൊണ്ടും, അവരുടെ കൈവശമുള്ള പണച്ചാക്കുകളുടെ ബലം കൊണ്ടുമാണ്. മതസ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കളും നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന വരുമാനങ്ങളും സംഭാവനകളും കൂടിച്ചേർന്നാൽ പൊതുഖജനാവിലുള്ളതിനെ കവിയുന്ന ധനമാണ് ഇന്ത്യയിലെ ക്രിസ്തീയ സഭകൾക്കുള്ളത്. എന്നിട്ടും, വിശ്വാസികളുടെ അത്യാവശ്യങ്ങളിൽ പോലും സഭയുടെ ഭാഗത്തുനിന്ന് ഒരൊത്താശയും കിട്ടാറില്ല. "ഒരു മള്‍ട്ടിനാഷനല്‍ കോര്‍പ്പറേറ്റിന്റെ ആസ്തിയോടു കിടപിടിക്കാനുള്ള സമ്പത്ത് കത്തോലിക്കാസഭയ്ക്കുണ്ട് . ഇതു വിശ്വാസികളില്‍ നിന്നും സമാഹരിച്ചുട്ടള്ളതാണ്. സത്യം, നീതി എന്നിവ കാറ്റില്‍ പറത്തികൊണ്ട് മെത്രാന്‍മാരും പുരോഹിതരും അതു കൈവശം വയ്ക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. ക്രിസ്തിയ ധാര്‍മികതയെപ്പറ്റി ഇവര്‍ വായ്‌തോരാതെ പ്രസംഗിക്കുന്നുവെങ്കിലും മറ്റൊരു വശത്ത് ജനചൂഷണം പരമ്പരാഗതമായി നടത്തികൊണ്ടിരിക്കുന്നു." - സത്യജ്വാല മുഖക്കുറി, സെപ്റ്റ. 2014. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക