Image

ചീമേനിയില്‍ കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കില്ല: ആര്യാടന്‍

Published on 16 June, 2011
ചീമേനിയില്‍ കല്‍ക്കരി ഇന്ധനമായി  ഉപയോഗിക്കില്ല: ആര്യാടന്‍
ന്യൂഡല്‍ഹി: ചീമേനിയിലെ നിര്‍ദ്ദിഷ്ട താപവൈദ്യത നിലയത്തില്‍ കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കില്ലെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. കല്‍ക്കരിക്ക് പകരം പ്രകൃതി വാതകം അടക്കമുള്ള ഇന്ധനങ്ങളുടെ കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പദ്ധതി ഉപേക്ഷിച്ചോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

കേന്ദ്ര ഊര്‍ജ്ജ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ഒറീസ്സയില്‍ കല്‍ക്കരി പാടമുണ്ട്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ എവിടേയും കല്‍ക്കരി നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാവില്ല. അതിനാല്‍ ആന്ധ്രാപ്രദേശിലെ രാമഗുണ്ടത്ത് പൊതുമേഖലാ സ്ഥാപനമായ എന്‍.ടി.പി.സിയുമായി ചേര്‍ന്ന് കല്‍ക്കരി ഉപയോഗിക്കുന്ന വൈദ്യുത നിലയം സ്ഥാപിക്കാനാണുദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇങ്ങനെ വൈദ്യുതി ഉല്‍പാദിപ്പിക്കുമ്പോള്‍ ഒരു വിഹിതം ആന്ധ്രാ സര്‍ക്കാരിനും എന്‍.ടി.പി.സിക്കും നല്‍കേണ്ടിവരും. ഇതുപ്രകാരം സംസ്ഥാന സര്‍ക്കാരിന് 65 ശതമാനം വിഹിതമായിരിക്കും ലഭിക്കുക. 1000 മെഗാവാട്ട് വൈദ്യുതിയായിരിക്കും ഇവിടെ നിന്ന് ഉത്പാദിപ്പിക്കുക. ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയെന്നും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥരുടെ സംയുക്ത സമിതി രൂപവത്ക്കരിച്ചുവെന്നും മന്ത്രി അറിയിച്ചു.

എന്‍.ടി.പി.സി കേരളത്തില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കും. അതിരപ്പിള്ളി തുടങ്ങി പരിസ്ഥിതി പ്രശ്‌നം മൂലം കേരളത്തില്‍ നടക്കാതെ പോയ പദ്ധതികള്‍ക്ക് പകരമായി കേന്ദ്ര പൂളില്‍ നിന്ന് 750 മെഗാവാട്ട് വൈദ്യുതി കേരളത്തിന് പ്രത്യേകമായി അനുവദിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആര്യാടന്‍ അറിയിച്ചു.

കല്‍ക്കരിനിലയം ചീമേനിയില്‍ അനുവദിക്കില്ലെന്ന പരിസ്ഥിതി സന്നദ്ധ സംഘടനകളുടേയും സി.പി.എമ്മിന്റേയും നിലപാടിനെത്തുടര്‍ന്നാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക