Image

ഡോക്ടര്‍ രോഗിയുടെ മുഖത്തേക്കു മരുന്നു വലിച്ചെറിഞ്ഞതായി പരാതി

Published on 20 January, 2012
ഡോക്ടര്‍ രോഗിയുടെ മുഖത്തേക്കു മരുന്നു വലിച്ചെറിഞ്ഞതായി പരാതി
ആലപ്പുഴ: നിര്‍ദേശിച്ച മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് മരുന്നുവാങ്ങാത്തതില്‍ പ്രകോപിതനായ ഡോക്ടര്‍ രോഗിയുടെ മുഖത്തേക്ക് മരുന്നു വലിച്ചെറിഞ്ഞു. ഇയാള്‍ക്ക് ചികിത്സയും നിഷേധിച്ചതിനേത്തുടര്‍ന്ന് ഇവര്‍ ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ പരാതി നല്കി. ചേര്‍ത്തല നഗരസഭ 19-ാം വാര്‍ഡ് പനപ്പുടത്തൈയില്‍ പുഷ്പകരനാ (36)ണ് ഡോക്ടറുടെ ക്രൂരകൃത്യത്തിന് ഇരയാകേണ്ടിവന്നത്.

തെങ്ങുകയറ്റത്തൊഴിലാളിയായ ഇയാളുടെ കൈയ്യ് വീട്ടിലെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് എടുത്തുമാറ്റുന്നതിനിടെ സ്ലാബ് വീണു മുറിഞ്ഞിരുന്നു. ആദ്യം ചേര്‍ത്തല താലൂക്കാശുപത്രിയിലെത്തി ഡ്യൂട്ടി ഡോക്ടറെ കാണിച്ചു. അസ്ഥിക്ക് കേടു പറ്റിയിട്ടുള്ളതിനാല്‍ ഇവരുടെ നിര്‍ദേശപ്രകാരം ആശുപത്രിയിലെ തന്നെ അസ്ഥിരോഗവിഭാഗം ഡോക്ടറെ വീട്ടില്‍ കാണാനെത്തുകയായിരുന്നു. പരിശോധിച്ച ഡോക്ടര്‍ ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും മരുന്നുവാങ്ങാന്‍ നിര്‍ദേശിച്ചു. എന്നാല്‍ പുഷ്‌കരന്‍ സമീപത്തെ തന്നെ മറ്റൊരു മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്നുവാങ്ങി ഡോക്ടറുടെ അടുത്തെത്തിച്ചു. എന്തിന് ഈ മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും മരുന്നുവാങ്ങിയെന്നു ചോദിച്ച് ഡോക്ടര്‍ രോഗിയുടെ മുഖത്തേക്ക് മരുന്നുകള്‍ വലിച്ചെറിഞ്ഞു. ഇതു പെറുക്കിയെടുത്ത് രോഗി ഡോക്ടര്‍ നിര്‍ദേശിച്ച മെഡിക്കല്‍ സ്‌റ്റോറിലെത്തി. 

54 രൂപയ്ക്ക് ആദ്യം വാങ്ങിച്ച മെഡിക്കല്‍ സ്റ്റോറില്‍ നിന്നു തന്ന അതേ മരുന്നുകള്‍ക്ക് ഇവിടെ 84 രൂപയായിരുന്നു. ഇത് രോഗിയും ബന്ധുക്കളും ചോദ്യം ചെയ്തതിനേത്തുടര്‍ന്ന് മെഡിക്കല്‍ സ്‌റ്റോറുകാരന്‍ ഡോക്ടറെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഇതേ മരുന്നിന് 64 രൂപയ്ക്ക് നല്കാമെന്ന് മെഡിക്കല്‍ സ്റ്റോറുകാരന്‍ സമ്മതിക്കുകയായിരുന്നു.ഈ മരുന്നുമായി ഡോക്ടറുടെയടുത്തു ചെന്നപ്പോള്‍ തനിക്കിനി ഇയാളെ ചികിത്സിക്കാനാവില്ലെന്നു പറയുകയായിരുന്നു. 
രോഗിയും ബന്ധുക്കളും ബഹളംവച്ചതിനേത്തുടര്‍ന്ന് താലൂക്കാശുപത്രിയിലെ ഓര്‍ത്തോവിഭാഗം ജനങ്ങളുടെ വീട്ടില്‍ പൊതുജനങ്ങളും ഏറെ തടിച്ചുകൂടി. എന്നിട്ടും ചികിത്സിക്കില്ലെന്ന നിലപാടില്‍ നിന്ന് ഡോക്ടര്‍ പിന്നോട്ടുപോയില്ല. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ഡോക്ടര്‍ക്കെതിരേ ചേര്‍ത്തല പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക