Image

ഫയല്‍ പങ്കിടല്‍ സൈറ്റ് പൂട്ടി; യു.എസ്.സര്‍ക്കാര്‍ സൈറ്റുകള്‍ക്കെതിരെ ആക്രമണം

Published on 20 January, 2012
ഫയല്‍ പങ്കിടല്‍ സൈറ്റ് പൂട്ടി; യു.എസ്.സര്‍ക്കാര്‍ സൈറ്റുകള്‍ക്കെതിരെ ആക്രമണം
നിയമവിരുദ്ധ ഉള്ളടക്കം പങ്കിടുന്നു എന്നാരോപിച്ച് അമേരിക്കന്‍ ഫെഡറല്‍ അധികൃതര്‍ പ്രമുഖ ഫയല്‍ ഷെയറിങ് സൈറ്റായ മെഗാഅപ്‌ലോഡ്  (megaupload) പൂട്ടിയതിനെ തുടര്‍ന്ന്, യു.എസ്. സര്‍ക്കാരിന്റെ സൈറ്റുകള്‍ക്കെതിരെ 'അനോണിമസ്' ഉള്‍പ്പടെയുള്ള ഹാക്കര്‍ ഗ്രൂപ്പുകള്‍ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു. 

യു.എസ്.കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ള പകര്‍പ്പവകാശ സംരക്ഷണ നിയമങ്ങള്‍ക്കെതിരെ വിക്കിപീഡിയ ഉള്‍പ്പടെയുള്ള സൈറ്റുകള്‍ വന്‍ പ്രതിഷേധം നടത്തിയതിന് തൊട്ടുപിന്നാലെയാണ്, മെഗാഅപ്‌ലോഡ് സൈറ്റ് പൂട്ടാന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) നടപടിയെടുത്തത്. 

സിനിമകളും ടിവി ഷോകളും ഇബുക്കുകളും നിയമവിരുദ്ധമായി പങ്കിടാന്‍ അവസരമൊരുക്കുന്നുവെന്ന കുറ്റമാണ് മെഗാഅപ്‌ലോഡ് സൈറ്റിനെതിരെ ഫെഡറല്‍ അധികൃതര്‍ ചുമത്തിയത്. അതിനെ തുടര്‍ന്ന് ഹാക്കര്‍മാരുടെ ആക്രമണത്താല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്, യൂണിവേഴ്‌സല്‍ മ്യൂസിക് തുടങ്ങിയവയുടെ വെബ്ബ്‌സൈറ്റുകള്‍ വിളിച്ചാല്‍ കിട്ടാത്ത സ്ഥിതിയുണ്ടായി.

മാത്രമല്ല, ആക്രമണത്തില്‍ പങ്കെടുക്കാന്‍ സഹായിക്കുന്ന വെബ്ബ് ലിങ്കുകളും ഇന്റര്‍നെറ്റിലൂടെ വ്യാപകമായി വിതരണം ചെയ്യപ്പെട്ടു. ഒരാള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ, ആ കമ്പ്യൂട്ടറും ആക്രമണത്തിന്റെ ഭാഗമാകും. ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് 'അനോണിമസ്' ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. 

മെഗാഅപ്‌ലോഡ് പൂട്ടിയതുമായി ബന്ധപ്പെട്ട് നടത്തിയ ആക്രമണത്തില്‍ എഫ്ബിഐ, റിക്കോര്‍ഡിങ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ ഓഫ് അമേരിക്ക, ഫ്രഞ്ച് സര്‍ക്കാര്‍ ഏജന്‍സിയായ ഹാഡോപി ഉള്‍പ്പടെ പത്ത് സൈറ്റുകളെ ഓഫ്‌ലൈനിലാക്കാന്‍ കഴിഞ്ഞതായി അനോണിമസ് അവകാശപ്പെട്ടു. യൂണിവേഴ്‌സല്‍ സ്റ്റുഡിയോസിന്റെ സൈറ്റില്‍ വെള്ളിയാഴ്ച കണ്ട പ്രസ്താവന ഇങ്ങനെ: 'This Site is under maintenance. Please expect it to be back shortly'.

ഇന്റര്‍നെറ്റിലെ ഏറ്റവും പ്രസിദ്ധമായ 'ലോക്കര്‍ സര്‍വീസു'കളില്‍ ഒന്നാണ് മെഗാഅപ്‌ലോഡ്. സിനിമകള്‍ തുടങ്ങിയ വലിയ ഫയലുകള്‍ ആരെന്ന് വെളിപ്പെടുത്താതെ പങ്കിടാന്‍ അവസരമൊരുക്കുന്ന സൈറ്റാണത്. മെഗാഅപ്‌ലോഡ് വന്‍തോതില്‍ പകര്‍പ്പവകാശം ലംഘിക്കുന്നു എന്ന് ഒട്ടേറെ മാധ്യമകമ്പനികള്‍ ആരോപണം ഉന്നയിച്ചിരുന്നു. തിയേറ്ററുകളില്‍ എത്തുംമുമ്പ് തന്നെ സിനിമകള്‍ ഈ സൈറ്റ് വഴി ഷെയര്‍ ചെയ്യപ്പെടാറുണ്ടെന്നാണ് ആരോപണം.

എഴുത്ത്, സിനിമ, സംഗീതം തുടങ്ങിയ മേഖലയ്ക്ക് പകര്‍പ്പവകാശ ലംഘനം വഴി 500 മില്യണ്‍ ഡോളര്‍ നഷ്ടം ഈ കമ്പനി വരുത്തിയിട്ടുണ്ടെന്നാണ് അന്വേഷകര്‍ ആരോപിക്കുന്നത്. മാത്രമല്ല, മെഗാഅപ്‌ലോഡിന്റെ ഉന്നതര്‍ ഈ കള്ളത്തരത്തിലൂടെ 175 മില്യണ്‍ ഡോളര്‍ സമ്പാദിച്ചുവെന്നും ആരോപിക്കപ്പെടുന്നു. 

പകര്‍പ്പവകാശ ലംഘനത്തിനെതിരെ അമേരിക്കയില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ നീക്കങ്ങളിലൊന്നാണിതെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും എഫ്ബിഐയും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മെഗാഅപ്‌ലോഡിന്റെ സ്ഥാപകന്‍ കിം ഡോട്ട്‌കോം ഉള്‍പ്പടെ കമ്പനിയുടെ ഏഴ് ഉന്നതര്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്. സ്ഥാപകന്‍ കിം ഡോട്ട്‌കോം (പഴയ പേര് കിം ഷിമിഡ്റ്റ്‌സ്) ഉള്‍പ്പടെ നാലുപേര്‍ ന്യൂസിലന്‍ഡില്‍ അറസ്റ്റിലായി. 

യു.എസ്.അധികൃതര്‍ നടത്തിയ കുറ്റാരോപണത്തില്‍ പറയുന്നത് കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളില്‍ പതിമൂന്നാംസ്ഥാനമാണ് മെഗാഅപ്‌ലോഡിനുള്ളത് എന്നാണ്. ദിവസവും 50 മില്യണ്‍ പേര്‍ സൈറ്റ് സന്ദര്‍ശിക്കുന്നു. 

അതേസമയം, വിനോദവ്യവസായ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ മെഗാഅപ്‌ലോഡിന് പിന്തുണയുമായി രംഗത്തെത്തി. കാന്‍യി വെസ്റ്റ്, കിം കാര്‍ഡാഷിയാന്‍, പി.ഡിഡി തുടങ്ങിയവര്‍ അതില്‍ ഉള്‍പ്പെടുന്നു. 

ഫയല്‍ പങ്കിടല്‍ സൈറ്റ് പൂട്ടി; യു.എസ്.സര്‍ക്കാര്‍ സൈറ്റുകള്‍ക്കെതിരെ ആക്രമണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക