Image

സൗത്ത് കരോലീനയില്‍ നാളെ വിധിയെഴുത്ത്; ഒബാമയുടെ വിശ്വസ്തരില്‍ മന്‍മോഹനും

Published on 20 January, 2012
സൗത്ത് കരോലീനയില്‍ നാളെ വിധിയെഴുത്ത്; ഒബാമയുടെ വിശ്വസ്തരില്‍ മന്‍മോഹനും
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള പ്രൈമറി തെരഞ്ഞെടുപ്പില്‍ സൗത്ത് കരോലീനയിലെ റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ നാളെ വിധിയെഴുതും. അയോവ കോക്കസിലും ന്യൂ ഹാംപ്‌ഷെയര്‍ പ്രൈമറിയിലും വിജയിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുകയായിരുന്ന മിറ്റ് റോംനിയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി ന്യൂട്ട് ഗിംഗറിച്ചും റോണ്‍ പോളും രംഗത്തെത്തിയതോടെ മത്സരം കടുത്തതാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനപ്രതിനിധിസഭയിലെ മുന്‍ സ്പീക്കറായ ഗിംഗ്‌റിച്ചിനു മേല്‍ റോംനിക്കുണ്ടായിരുന്ന ലീഡ് പൊടുന്നനെ ഇടിഞ്ഞതാണ് മത്സരം കടുകട്ടിയാകുമെന്ന സൂച നല്‍കുന്നത്.

സിഎന്‍എന്നിന്റെ ഏറ്റവും പുതിയ അഭിപ്രായ സര്‍വെ അനുസരിച്ച് രണ്ടാഴ്ച മുമ്പ് ഗിംഗ്‌റിച്ചിനെക്കാള്‍ 19 ശതമാനം വോട്ടര്‍മാരുടെ അധിക പിന്തുണ റോംനിയ്ക്കുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 10 ശതമാനമായി കുറഞ്ഞു. 27 കോടി ഡോളറിന്റെ സ്വത്തുള്ള റോംനി 15% നികുതി മാത്രം നല്‍കുകയും താന്‍ 31% നികുതി നല്‍കുകയും ചെയ്യുന്നുവെന്നും, റോംനിയുടെ നികുതി രേഖകള്‍ പുറത്തുവിടണമെന്നും ഗിംഗ്‌റിച്ച് പറഞ്ഞതോടെയാണു അദ്ദേഹത്തിന് അടിതെറ്റിയത്. യുഎസിലെ നികുതിവ്യവസ്ഥയുടെ ന്യായാന്യായങ്ങള്‍ ചര്‍ച്ചാവിഷയമായതും 10% തൊഴില്‍രഹിതരുള്ള കരോലീനയില്‍ കൂടുതല്‍ തൊഴിലിനായി ഗിംഗ്‌റിച്ച് മുദ്രാവാക്യം ഉയര്‍ത്തിയതും റോംനിക്കു വിനയായി.

പാളിപ്പോയ പഴയ പ്രചാരണ തന്ത്രം മാറ്റിയതോടെ ഗിംഗ്‌റിച്ചിന്റെ യോഗങ്ങളില്‍ വന്‍ കരഘോഷം ഉയരുന്നുണ്ട്. അടിതെറ്റിയെന്നു ബോധ്യമായതോടെ ഇതുവരെ നികുതി വിവരം പുറത്തുവിടാതിരുന്ന റോംനി അതിനു തയാറായി. എന്നാല്‍ റിട്ടേണ്‍ നല്‍കേണ്ട ഏപ്രില്‍ വരെ റോംനി അവധി ചോദിച്ചത് അദ്ദേഹത്തിന് വീണ്ടും വിനയാകും. കാരണം ഏപ്രിലിന് മുമ്പ് പ്രൈമറികള്‍ കഴിയാറാകുമെന്ന തന്ത്രം എതിരാളിലകള്‍ ആയുധമാക്കുമെന്നത് തന്നെ. കരോലീനയിലാണു താമസിക്കുന്നതെങ്കില്‍ ഗിംഗ്‌റിച്ചിനായിരിക്കും താന്‍ വോട്ട് ചെയ്യുകയെന്നു മുന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സാറ പാലിന്‍ പറഞ്ഞതും ഗിംഗ്‌റിച്ചിനു ഗുണകരമാവുമെന്നാണ് കരുതുന്നത്. എന്നാല്‍ ഗിംഗ് റിച്ചിന് വിജയം ഉറപ്പിക്കാറായിട്ടില്ലെന്ന് റോംനി പക്ഷക്കാര്‍ വാദിക്കുന്നു. ഗിംഗ്‌റിച്ചിന്റെ പഴയ ഭാര്യ ആരോപണവുമായി തന്നെ പരസ്യമായി വിവാഹം കഴിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് അദ്ദേഹത്തിനും തലവേദനയാണ്.

ഇതിനിടെ, ബറാക് ഒബാമയെ കഴിഞ്ഞതവണ വന്‍വിജയത്തിലേക്കു നയിച്ച നിഷ്പക്ഷ വോട്ടര്‍മാര്‍ അധികവും ഇക്കുറി അദ്ദേഹത്തെ കൈവിട്ടതായി അഭിപ്രായ വോട്ടെടുപ്പില്‍ വ്യക്തമായി. ഒബാമ പ്രതീക്ഷ നിറവേറ്റിയില്ലെന്നു മാത്രമല്ല, മുന്നോട്ടുള്ള വഴിയെപ്പറ്റിയും അദ്ദേഹത്തിനു ബോധ്യമില്ലെന്ന് അവരില്‍ പലരും കരുതുന്നു. സ്വതന്ത്ര വോട്ടര്‍മാരില്‍ 31% മാത്രമേ ഒബാമയെപ്പറ്റി ഇപ്പോഴും പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുള്ളൂ. കഴിഞ്ഞതവണ 52% നിഷ്പക്ഷ വോട്ടര്‍മാരും ഒബാമയെ പിന്തുണച്ചിരുന്നു.

അറ്റ്‌ലാന്റയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറന്നു

അറ്റ്‌ലാന്റ: അറ്റ്‌ലാന്റയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറന്നു. ജോര്‍ജിയ ഗവര്‍ണര്‍ നഥാന്‍ ഡീലും അറ്റ്‌ലാന്റയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അജിത് കുമാറും സംയുക്തമായാണ് കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്തത്. ജോര്‍ജിയക്ക് പുറമെ അലബാമ, ഫ്‌ളോറിഡ, മിസിസിപ്പി, സൗത്ത് കരോലീന, ടെന്നസി എന്നീ സംസ്ഥാനങ്ങള്‍കൂടി അറ്റ്‌ലാന്റയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പരിധിയില്‍ ഉള്‍പ്പെടും. ജര്‍മനിയിലെ ഫ്രാങ്കഫര്‍ട്ടിലെയും സൗത്ത് ആഫ്രിക്കയിലെ ഡര്‍ബനിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ കോണ്‍സല്‍ ജനറലായിട്ടുള്ള അജിത്കുമാര്‍ സിംബാബ്‌വെയിലെ ഇന്ത്യന്‍ അംഹാസഡറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 20 ജീവനക്കാരായാരിക്കും അറ്റ്‌ലാന്റയിലെ കോണ്‍സുലേറ്റിലുണ്ടാവുക. ജോര്‍ജിയയിലെ ഒരു ലക്ഷത്തോളം ഇന്ത്യന്‍ വംശജരുടെയും തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ 2,90000 ഇന്ത്യന്‍ വംശജര്‍ക്കും കോണ്‍സുലേറ്റ് പ്രയോജനപ്രദമാകുമെന്നാണ് കരുതുന്നത്. ഇന്ത്യയുമായുള്ള ജോര്‍ജിയയുടെ വ്യാപര ബന്ധത്തിലും കോണ്‍സുലേറ്റ് നിര്‍ണായക സ്വാധീനം ചെയലുത്തും. 2010ല്‍ ഇന്ത്യയിലേക്ക് 562 മില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ജോര്‍ജിയ നടത്തിയത്. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനം അധികമായിരുന്നു ഇത്.

ഒബാമയുടെ വിശ്വസ്തരില്‍ മന്‍മോഹനും

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് വിശ്വാസവും സൗഹൃദവുമുള്ള ലോകനേതാക്കളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും സ്ഥാനം. ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍, ദക്ഷിണ കൊറിയന്‍ നേതാവ് ലീ മ്യുംഗ് ബാക്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ എന്നിവരാണ് മന്‍മോഹനൊപ്പം ഒബാമയുടെ വിശ്വസ്തരില്‍ ഇടം നേടിയ പ്രമുഖര്‍. ടൈം മാഗസിന്് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. ലോക നേതാക്കളുമായുള്ള ഒബാമയുടെ നയതന്ത്ര ബന്ധം മോശമാണെന്ന് ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിശദകരണം. ഈ പ്രമുഖരോട് ചോദിച്ചാല്‍ തന്നോട് എന്തുമാത്രം വിശ്വാസവും സൗദൃദവും ഇവര്‍ പുലര്‍ത്തുന്നുണ്‌ടെന്ന് വ്യക്തമാവുമെന്ന് അഭിമുഖത്തില്‍ ഒബാമ പറയുന്നു. വളരുന്ന രാജ്യങ്ങളായ ഇന്ത്യയ്ക്കും ചൈനയ്ക്കും ബ്രസീലിനും യുഎസ് എപ്പോഴും പ്രത്യേക പരിഗണന നല്‍കുന്നുണ്‌ടെന്നും ഒബാമ പറഞ്ഞു. "വാഷിംഗ്ടണ്‍ പാര്‍ട്ടി'കള്‍ നടത്താതുകൊണ്ടായിരിക്കാം താന്‍ നയതന്ത്രബന്ധങ്ങളില്‍ നിന്ന് അകലം പാലിക്കുന്നവനാണെന്ന നിരീക്ഷണമുണ്ടായതെന്നും ഒബാമ പറഞ്ഞു. ഒഴിവു സമയങ്ങളില്‍ പാര്‍ട്ടി നടത്താനല്ല കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഒബാമ പറഞ്ഞു.

യാഹൂ: ജെറി യംഗിന് പിന്നാലെ കൂടുതല്‍ പേര്‍ രാജിക്കൊരുങ്ങുന്നു

വാഷിംഗ്ടണ്‍: യാഹൂ സ്ഥാപകന്‍ ജെറി യംഗിന്റെ രാജിക്ക് പിന്നാലെ നാലു പേര്‍ കൂടി ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സില്‍ നിന്ന് ഒഴിയാന്‍ ഒരുങ്ങുന്നതായി സൂചന. കൂടുതല്‍ സ്വകാര്യ പങ്കാളിത്തം നേടാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നാണ് സൂചന കമ്പനിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചതായി ബുധനാഴ്ച യംഗ് അറിയിച്ചിരുന്നു. യാഹൂവിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി സ്‌കോട്ട് തോംസണെ രണ്ടാഴ്ച മുന്‍പാണ് നിയമിച്ചത്. ജെറി യംഗിനു പിന്നാലെ ചെയര്‍മാന്‍ റോയ് ബോസ്‌റ്റോക്ക് , ആര്‍തര്‍ കേണ്‍, യോമേഷ് ജോഷി, ഗാരി വില്‍സണ്‍ എന്നിവരാണ് രാജിക്ക് ഒരുങ്ങുന്നതെന്നു അറിയുന്നു. ഡേവിഡ് ഫിലോയുമായി ചേര്‍ന്ന് 1995 ലാണ് യംഗ് യാഹൂ സ്ഥാപിച്ചത്. "ചീഫ് ഓഫ് യാഹൂ' എന്നറിയപ്പെട്ടിരുന്ന യംഗ് 1995 മുതലാണ് ബോര്‍ഡ് അംഗമായത്. 2007 മുതല്‍ 2009 വരെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായിരുന്നു. 4750 കോടി ഡോളറിന് യാഹൂവിനെ ഏറ്റെടുക്കാന്‍ 2008 ല്‍ മൈക്രോസോഫ്റ്റ് തയാറായെങ്കിലും യംഗ് ഇതിനു തടയിടുകയായിരുന്നു. 1910 കോടി ഡോളര്‍ ആസ്തിയുള്ള യാഹുവില്‍ യംഗിന് 3.8% ഓഹരി പങ്കാളിത്തം ഉണ്ട്.

കടക്കെണിയിലായ കൊഡാക് പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചു

ന്യൂയോര്‍ക്: ലോകത്തിനു മുന്നില്‍ ആദ്യമായി ഫോട്ടോഗ്രഫി സാങ്കേതികവിദ്യ അവതരിപ്പിച്ച യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫോട്ടോഗ്രഫി കമ്പനി കൊഡാക്(ഈസ്റ്റ്മാന്‍ കൊഡാക്) പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചു. 131 വര്‍ഷമായി ഫോട്ടോഗ്രഫി രംഗത്തെ അതികായരായ കൊഡാക് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു നീക്കവുമായി മുന്നോട്ടു പോകുന്നത്. സിറ്റി ഗ്രൂപ്പില്‍നിന്ന് എടുത്ത 95 കോടി ഡോളറിന്റെ വായ്പ തിരിച്ചടക്കാനാകാത്ത സാഹചര്യത്തിലാണ് കമ്പനിയെന്ന് ചീഫ് എക്‌സിക്യൂട്ടീവ് അന്റോണിയോ പരേസ് അറിയിച്ചു.

യുഎസ് ബാങ്ക്‌റപ്റ്റ്‌സി കോടതിയിലാണ് കമ്പനി പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഡിജിറ്റല്‍ ക്യാമറകളുടെ ആധിപത്യത്തോടെ ഫിലിം ഉപയോഗിച്ചുള്ള ഫോട്ടോ സംവിധാനങ്ങള്‍ പിറകോട്ട് പോയതാണ് കൊഡാക്കിന് തിരിച്ചടിയായത്. 60,000 ജീവനക്കാരുണ്ടായിരുന്ന കൊഡാക്കില്‍ ഇപ്പോള്‍ 7000മാത്രമാണുള്ളത്. 2007നു ശേഷമാണ് കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തി­യത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക