Image

ഫിലാഡല്‍ഫിയായില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ പുതുമയാര്‍ന്ന ക്രിസ്മസ് ആഘോഷം

ജോസ് മാളേയ്ക്കല്‍ Published on 21 December, 2015
ഫിലാഡല്‍ഫിയായില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ പുതുമയാര്‍ന്ന ക്രിസ്മസ് ആഘോഷം
ഫിലാഡല്‍ഫിയ: കുട്ടികളില്‍ കുരുന്നുപ്രായത്തില്‍തന്നെ വിശ്വാസവും, ഒപ്പം ബൈബിള്‍ അധിഷ്ഠിതമായ അറിവും ആഘോഷങ്ങളിലൂടെ എങ്ങനെ നല്‍കാം എന്നതായിരുന്നു ഇത്തവണ ഫിലാഡല്‍ഫിയാ സീറോമലബാര്‍ മതാധ്യാപകര്‍ കാണിച്ചുകൊടുത്തത്. ലോകമെമ്പാടും ആഘോഷിക്കുന്ന ക്രിസ്മസ് മാനവരക്ഷക്കായി മനുഷ്യാവതാരമെടുത്ത ഉണ്ണിയേശുവിന്റെ ജന്മദിനമാണെന്നുള്ള സത്യം പ്ലേ സ്കൂള്‍ മുതല്‍ കിന്റര്‍ഗാര്‍ട്ടന്‍ വരെയുള്ള കൊച്ചുകുട്ടികളില്‍ വേരുറപ്പിക്കണമെങ്കില്‍ ശരിക്കും ഒരു ബെര്‍ത്ത് ഡേ സെലിബ്രേഷന്‍ തന്നെ ഒരുക്കേണ്ടിവരും. തങ്ങള്‍ കണ്ടിട്ടുള്ളതിലെ ഏറ്റവും വലിയ കേക്ക് ജീസസിന്റെ ബര്‍ത്ത് ഡേയ്ക്ക് മാത്രമേ ഉണ്ടാവൂ എന്ന തിരിച്ചറിവും കുട്ടികളുടെ ഇളം മനസില്‍ പതിഞ്ഞു.

ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ മതാധ്യാപിക റജീനാ ജോസഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടാഴ്ച്ചകളിലായി ജീസസിന്റെ ബര്‍ത്ത് ഡേ വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. അതിനു ഫലം കാണുകയും ചെയ്തു. എല്ലാ ക്ലാസുകളിലെയും കുട്ടികളെ ഈ പ്രോജക്ടില്‍ പങ്കെടുപ്പിക്കുന്നതിനും, അവരുടെ നൈസര്‍ഗികവാസനകള്‍ പ്രകടിപ്പിക്കുന്നതിനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു. 

പ്രീകെയില്‍ പഠിക്കുന്ന കൊച്ചുകുട്ടികള്‍ ആടുമാടുകളെയും, ആട്ടിടയരെയും നിര്‍മ്മിച്ചപ്പോള്‍ രണ്ടാം ക്ലാസുകാര്‍ കാലിത്തൊഴുത്തും പുല്‍ക്കൂടും, മൂന്നാക്ലാസുകാര്‍ മാലാഖാമാരെയും തയാറാക്കി. ഒന്നാം ക്ലാസിലെ കൊച്ചുമിടുക്കര്‍ ക്രിസ്മസ് ട്രീ ക്രമീകരിച്ചപ്പോള്‍ അതില്‍ തൂക്കാനുള്ള ഓര്‍ണമെന്റ്‌സ് കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികള്‍ തയാറാക്കി. നാലും അഞ്ചും ക്ലാസുകള്‍ ചേര്‍ന്ന് ക്രിസ്മസ് കാര്‍ഡുകളും, നേറ്റിവിറ്റി സെറ്റും തയാറാക്കി. ആറുമുതല്‍ പന്ത്രണ്ടു വരെയുള്ള മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികളുടെ സഹായത്തോടെ എല്ലാം ക്രമീകരിച്ചപ്പോള്‍ പാരീഷ് ഹാളിന്റെ സ്റ്റേജില്‍ നല്ലൊരു പുല്‍ക്കൂടും, ക്രിസ്മസ് ട്രിയും, നഷത്രങ്ങളും റെഡി.  

ഡിസംബര്‍ 20 ഞായറാഴ്ച്ച ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി അര്‍പ്പിച്ച ദിവ്യബലിയെതുടര്‍ന്നാണ് ജീസസ് ബര്‍ത്ത്‌ഡേ ആഘോഷങ്ങള്‍ ക്രമീകരിച്ചിരുന്നത്. സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി, മതാദ്ധ്യാപകരായ റജീനാ ജോസഫ്, മോഡി ജേക്കബ്, ജോസ് ജോസഫ്, ജോസ് മാളേയ്ക്കല്‍, ജോസഫ് ജയിംസ്, ജാന്‍സി ജോസഫ്, ജാസ്മിന്‍ ചാക്കോ, ട്രേസി ഫിലിപ്, അജിത് തോമസ്, നീതു മുക്കാടന്‍, മോളി ജേക്കബ്, കാരൊലിന്‍ ജോര്‍ജ്, ക്രിസ്റ്റല്‍ തോമസ്  എന്നിവര്‍ക്കൊപ്പം ട്രസ്റ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനിയില്‍, പി.റ്റി.എ. പ്രസിഡന്റ് ജോജി ചെറുവേലിയുടെ നേതൃത്വത്തില്‍ പി.റ്റി.എ. ഭാരവാഹികളും ഒത്തുചേര്‍ന്നപ്പോള്‍ ആഘോഷം സജീവമായി. 

കാരലിനും, ആല്‍ബര്‍ട്ടും നേതൃത്വം നല്‍കിയ കരോള്‍ സര്‍വീസില്‍ പ്രി കെ മുതല്‍ പന്ത്രണ്ടു വരെയുള്ള കുട്ടികള്‍ വിവിധ കരോള്‍ ഗാനങ്ങള്‍ ഏറ്റുപാടി. സ്കൂള്‍ കൗണ്‍സില്‍ പ്രസിഡന്റ് കിരണ്‍ ജോസഫ് ക്രിസ്മസ് സന്ദേശം നല്‍ കി. അരുണ്‍ തലോടി സാന്റായുടെ വേഷമിട്ടപ്പോള്‍ എഡ്വിന്‍, നോബിള്‍, ഷെറില്‍ എന്നിവര്‍ എം. സി. മാരായി.

മതബോധനസ്കൂള്‍ കുട്ടികള്‍ക്കായി ക്ലാസുകളില്‍ നടത്തപ്പെട്ട സാന്റാസ് വര്‍ക്‌ഷോപ്പും ജീസസ് ബര്‍ത്ത്‌ഡേ ആഘോഷങ്ങളും വര്‍ണാഭമായിരുന്നു. പി. ടി. എ. പ്രസിഡന്റ് ജോജി ചെറുവേലില്‍ ജീസസിനായി പ്രത്യേകം സജ്ജീകരിച്ച വലിയ കേക്ക് വികാരി ഫാ. ജോണിക്കുട്ടി കുട്ടികള്‍ക്കൊപ്പം മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജോസഫും, മേരിയും കൈകളില്‍ സംവഹിച്ചുകൊണ്ടുവന്ന ഉണ്ണിയേശുവിനെ ജോണിക്കുട്ടിയച്ചന്‍ പുല്‍ക്കൂട്ടില്‍ കിടത്തി വണങ്ങി. കുട്ടികളും അതുകണ്ട് ഉണ്ണിയെ താണുവണങ്ങി. ഒരിക്കലും മറക്കാന്‍ സാധിക്കാത്ത അനുഭവമായിരുന്നു കുട്ടികളുടെ മനസില്‍ ജീസസ് ബര്‍ത്ത് ഡേ ആഘോഷത്തിലൂടെ കോറിയിട്ടത്.
ഫിലാഡല്‍ഫിയായില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ പുതുമയാര്‍ന്ന ക്രിസ്മസ് ആഘോഷംഫിലാഡല്‍ഫിയായില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ പുതുമയാര്‍ന്ന ക്രിസ്മസ് ആഘോഷംഫിലാഡല്‍ഫിയായില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ പുതുമയാര്‍ന്ന ക്രിസ്മസ് ആഘോഷംഫിലാഡല്‍ഫിയായില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ പുതുമയാര്‍ന്ന ക്രിസ്മസ് ആഘോഷംഫിലാഡല്‍ഫിയായില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ പുതുമയാര്‍ന്ന ക്രിസ്മസ് ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക