Image

ബന്ധങ്ങളും സ്വന്തങ്ങളും (തോമസ് കളത്തൂര്‍)

Published on 20 December, 2015
ബന്ധങ്ങളും സ്വന്തങ്ങളും (തോമസ് കളത്തൂര്‍)
മുറ്റത്ത്, കിഴക്കിനിയില്‍ നില്ക്കുന്ന അമ്മച്ചിപ്ലാവും സമീപമുള്ള തെങ്ങും വെട്ടിമാറ്റാന്‍ ധൃതിപിടിച്ചു നില്ക്കുന്ന മക്കളോട് കറിയാമാപ്പിള പറയുന്നത് ഒരു ബന്ധത്തിന്റെ പഴംപുരാണമാണ്. ""മക്കളെ നിങ്ങള്‍ക്ക് അത്താഴം തരാന്‍ മാര്‍ഗ്ഗം കാണാതെ വന്ന പല അവസരത്തിലും ഈ പ്ലാവിലെ ചക്കയും ഈ തെങ്ങിലെ തേങ്ങായും ആയിരുന്നു ആകെ ആലംബം. പലപ്പോഴും നിങ്ങള്‍ക്ക് സ്കൂളിലെ ഫീസടയ്ക്കാന്‍ ഈ മരങ്ങളെ തന്നെ അഭയം തേടിയിട്ടുണ്ട്, പണം തികയ്ക്കാന്‍. ഈ മരങ്ങളുടെ ചുവട്ടില്‍ കോടാലിവെയ്ക്കാന്‍, അപ്പന് മനസ്സനുവദിക്കുന്നില്ല മക്കളെ.'' ഇത് വേര്‍പെടലിന്റെ കഥ, പഴയതും പുതിയതുമായും, മനുഷ്യനും പ്രകൃതിയും തമ്മിലും. ഇന്ന്, ഇത് വെറും ബാലിശമായ ഒരു ബാന്ധവം ആയിരിക്കാം. എന്നാല്‍ മരത്തിനും മൃഗത്തിനും വളരെ സ്‌നേഹം പങ്കുവെച്ച പഴയകാലത്ത്, "വാഴക്കുലയും' "ശബ്ദിക്കുന്ന കലപ്പയും' മനുഷ്യരുടെ കണ്ണു നനച്ചു. അന്ന് സ്‌നേഹം അന്യോന്യം കൈമാറിയത് അറിവു കുറഞ്ഞ മനുഷ്യരായിരുന്നു. ഇന്ന് ശാസ്ത്രവും ടെക്‌നോളജിയും അറിവും വര്‍ദ്ധിച്ചപ്പോള്‍ സ്‌നേഹം ഒരു കച്ചവടച്ചരക്കായി മാറി. രക്തബന്ധങ്ങളിലെ രക്തത്തില്‍ വരെ മായം കലര്‍ത്തി വില്പന നടത്തി. ചിലരെ ബന്ധങ്ങള്‍ ബന്ധനങ്ങളായി അലോസരപ്പെടുത്തി.

വ്യക്തി എന്ന നിലയില്‍ ഓരോ മനുഷ്യന്റേയും ചരിത്രം ആരംഭിക്കുന്നത് അവന്റെ ജനനം മുതലാണ്. അവന്‍ സ്‌നേഹിച്ചവരും അവനെ സ്‌നേഹിച്ചവരും ചരിത്രത്തില്‍ അപഗ്രഥിക്കപ്പെടാം. പക്ഷേ മനഃപൂര്‍വ്വം മറന്നുകളയുന്നത് ആത്മനിഷേധം ആണ്; അതുപോലെ ഉപയോഗശൂന്യമെന്ന് കരുതി ചിലരെ തള്ളിക്കളയുന്നതും. ഓരോരുത്തരും ഒറ്റയ്ക്കാണ്. അനുഭവങ്ങള്‍ അതു പ്രഖ്യാപിയ്ക്കാന്‍ സാഹചര്യങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയാണ്. അതിനു മുന്നമേ അറിയുന്നവരെ, സമര്‍ത്ഥരെന്നോ ബുദ്ധിമതികളെന്നോ വിളിയ്ക്കാം. ആരെയൊക്കെയോ ""എന്നോടൊപ്പം എന്നും ഉള്ളവരെന്ന്'' ചിന്തിച്ചുവശായിട്ടുണ്ടെങ്കില്‍, അതിലെ മൂഢത്വം മനസ്സിലാക്കാന്‍ സന്ദര്‍ഭവും സമയവും വന്നുചേരാന്‍ കാത്തിരിക്കുക. 

ഞാനും എന്റെ ഭാര്യയും കുട്ടികളും, അവരുടെ കുട്ടികളും തമ്മിലും അയല്ക്കാരും സഹപ്രവര്‍ത്തകരും തമ്മിലും ഒക്കെയുള്ള ബന്ധമാണ് സമൂഹത്തെ സൃഷ്ടിക്കുന്നത്. അതിന്റെ പ്രകൃതിയെ നിശ്ചയിക്കുന്നത്. ബന്ധങ്ങള്‍ എല്ലാം ""സ്വന്തം'' എന്ന അലങ്കാരത്തോട് ചേര്‍ക്കാനാവില്ല. സമകാലീന സമൂഹത്തില്‍, ബന്ധങ്ങളിലെ സ്വന്തത്തിന്റെ ആയൂര്‍ദൈര്‍ഘ്യം ""യൂട്ടിലിറ്റേറിയനിസത്തില്‍'' അധിഷ്ഠിതമാണ്. മറ്റുള്ളവരുമായി ബന്ധപ്പെടാതെ സമൂഹത്തിന്റെ ഭാഗമാകില്ല. വ്യക്തിയുടെ വളര്‍ച്ചക്കൊപ്പം ബന്ധങ്ങളുടെ സീമകള്‍ വലുതായിക്കൊണ്ടിരിയ്ക്കും. പഴയ പലതിനേയും ചവിട്ടുപടി ആക്കിക്കൊണ്ട് പുതിയതിലേയ്ക്ക് കയറിപറ്റും. അത് വളര്‍ച്ചയുടെ ഒരു ഭാഗമാകാം. നാം ചെയ്തുകൂട്ടന്നതു പലതും, നമ്മളറിയാതെ സമൂഹത്തിനുവേണ്ടിയാണ്. നാം ഉടുത്തൊരുങ്ങി നടക്കുന്നതും വീടും പരിസരവും അലങ്കരിക്കുന്നതും പരോക്ഷമായി സമൂഹത്തിന്റെ സ്വീകാര്യത അഥവാ അഭിനന്ദനങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടാണ്. അതുകൊണ്ട് "എന്റേത്' എന്നു പറയുന്നതൊക്കെ നന്നായിരിക്കണം, സമൂഹം അഭിനന്ദിക്കുന്നതായിരിക്കണം അഥവാ സന്തോഷത്തോടെ സ്വീകരിക്കുന്നതായിരിക്കണം, എന്ന ചിന്ത സാധാരണമാണ്. അതിനാല്‍ അഭിനന്ദിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാകണം. മനുഷ്യന്‍ ഒരു സമൂഹജീവിയാണ്. സമൂഹമില്ലാതെ അവന് ഉയര്‍ച്ചയില്ല, ജയമില്ല. സമൂഹം മാനസികവും ശാരീരികവുമായ ഒരാവശ്യം കൂടിയാണ്. "സമൂഹം' എന്ന കണ്ണാടിയിലൂടെയേ, നമുക്ക് നമ്മെ കാണാനാവൂ. അങ്ങനെ സമൂഹമാണ് നമ്മളെ നമ്മളാക്കുന്നത്. കടമ്മനിട്ടയുടെ ഒരു കവിതാശകലം നമ്മെ ചിന്തിയ്ക്കാന്‍ ഓര്‍മ്മിപ്പിയ്ക്കുന്നതിങ്ങനെ, ""നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്.'' നിങ്ങളെ നിങ്ങളാക്കുന്നത് ഈ സമൂഹമാണ്. നിങ്ങള്‍ക്ക് സ്‌നേഹവും കരുതലും തന്ന് നിങ്ങളെ പുഷ്ടിപ്പെടുത്തുന്നത് ഈ സമൂഹമാണ്. നിങ്ങളിലും കുറവും കുറ്റവും എടുത്തു കാണിച്ച്, നിങ്ങളെ തിരുത്തി സഹനശേഷി ഉണ്ടാക്കുന്നതും ഈ സമൂഹമാണ്. എന്നാല്‍ കൂടുതല്‍ സഹവാസം ക്രിയാത്മകതയും വ്യക്തതയും അറിവും ഉള്ളവരോടൊപ്പം ആയിരിക്കണം. നല്ല കാഴ്ചപ്പാടില്ലാത്ത, "ഇല്ലാ' "അല്ല' മാത്രം പ്രതീക്ഷിയ്ക്കാവുന്ന നിഷേധികളായ അര്‍ത്ഥശൂന്യരില്‍ നിന്നും അകലം പാലിക്കേണ്ടതാണ്. എന്നാല്‍ ആരേയും തിരസ്കരിക്കേണ്ടതില്ല. അവര്‍ കൂടി ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ നന്മ, നമ്മുടെ പ്രതിബദ്ധതയുടെ ഭാഗമാണ്. 

എല്ലാ ജീവവസ്തുക്കളും പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയില്‍ നിന്ന് ഉത്ഭവിക്കുന്നു. പ്രകൃതിയിലേയ്ക്ക് തിരികെ പോകുന്നു. ശാരീരികമായ ഈ പ്രക്രിയയോടൊപ്പം മനുഷ്യന് മാനസികവും ബൗദ്ധികവുമായ ഒരു തലം കൂടി അവനോടൊപ്പം ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. ഈ തലത്തിലാണ് അവന്റെ സ്വാതന്ത്ര്യം വളരുന്നത്. ഈ വളര്‍ച്ച, ഒരാളില്‍ നിന്ന് വ്യത്യസ്തമായിരിക്കും മറ്റൊരാളില്‍. ഒരു വ്യക്തി എത്രതന്നെ സ്വതന്ത്രനായാലും സമൂഹത്തിന്റെ ഭാഗമമെന്ന നിലയില്‍ നിന്ന് വേര്‍പെടാനാവില്ല. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വേര്‍പെടലും തിരികെ ചേരലും, ജീവന്റെ സ്വഭാവമായി കാണാം. ""ജീവിതം,'' സാഹചര്യങ്ങള്‍ക്കനുസൃതമായി രൂപഭാവങ്ങള്‍ പ്രാപിക്കുന്ന ജലത്തിന്റെ, നീരാവിയും മഞ്ഞുകട്ടയുമായി മാറുന്ന അവസ്ഥാന്തരങ്ങള്‍ പോലെയാണ്. അവ്യക്തതയില്‍ നിന്ന് വേര്‍പെട്ട്, വ്യക്തതയിലേക്ക് വന്ന്, വ്യക്തിയായി ജീവിച്ചിട്ട്, അവ്യക്തതയിലേക്ക് തിരികെ ചേരുകയാണ്. വ്യക്തതയില്‍ അവന് ശാരീരിക വളര്‍ച്ച പ്രകൃത്യാ സംഭവിക്കുന്നു. എന്നാല്‍ ബൗദ്ധീക ആത്മീയവളര്‍ച്ചകള്‍ സ്വന്തം അറിവിലും കഴിവിലും അധിഷ്ഠിതമായി, "വ്യക്തി' രൂപപ്പെടുത്തുന്നു. ഇവിടേയും വേര്‍പെടലിന്റേയും തിരികെ ചേരലിന്റെയും സ്വാതന്ത്ര്യം അഥവാ സ്വഭാവം മനുഷ്യനുപയോഗിക്കുന്നു. വേര്‍പെടാനുള്ള അഭിനിവേശം പ്രകൃതിയുടെ ഒരാവശ്യം കൂടിയാണ്, അതുപോലെ തിരികെ ചേരലും. ഒരു വിത്തിന് മരത്തില്‍ നിന്ന് വേര്‍പെടാതെ മറ്റൊരു മരമായിത്തീരാനാവില്ലല്ലോ. ജീവന്റെ ലക്ഷണം ചലനമാണ്, പുനര്‍ജനനമാണ്, വേര്‍പെടലുമാണ്. "ചലനം' മാറ്റത്തിന് അഥവാ വളര്‍ച്ചയ്ക്ക് കാരണമാവുന്നു. വളര്‍ച്ചയോടൊപ്പം വേര്‍പെടലും തിരികെ ചേരലും നടന്നു കൊണ്ടേയിരിക്കും.

ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി, വളര്‍ന്നു വലുതായി, വളര്‍ച്ച മുറ്റിയപ്പോള്‍ തളര്‍ന്നു ചുരുങ്ങി, ക്രമേണ ഒന്നുമില്ലാതായി, ഒന്നും അല്ലാതായിതീരുക എന്നത് പ്രകൃതി നിയമമാണ്. ഈ ബൗദ്ധീക തലത്തില്‍ നിന്നും വൈകാരിക തലത്തിലേക്കിറങ്ങും മുമ്പ് ഒരു ആത്മീയ കാഴ്ചക്കായി മഹാഭാരത്തിലെ യുധിഷ്ഠിരന്റെ സ്വര്‍ഗ്ഗപ്രവേശത്തിലേക്ക് കടന്നുചെല്ലാം. ഭാര്യയും സഹോദരന്മാരുമായി ഹിമാലയം താണ്ടുന്ന യുധിഷ്ഠിരനൊപ്പം കൂടി ചേര്‍ന്നു നടന്ന ഒരു ശ്വാനന്‍. ദുര്‍ഘടമായ യാത്രയില്‍ ഭാര്യയും സഹോദരന്മാരും മരിച്ചു വീണപ്പോഴും തന്നോടൊപ്പം യാത്രചെയ്ത ശ്വാനനെ സ്വര്‍ഗ്ഗം നഷ്ടപ്പെട്ടാലും ഉപേക്ഷിയ്ക്കാന്‍ കൂട്ടാക്കാതിരുന്ന ധര്‍മ്മപുത്രര്‍, മാനിക്കപ്പെടുകയും മഹത്വീകരിക്കപ്പെടുകയും ""സ്വര്‍ഗ്ഗപ്രാപ്തി'' ലഭിക്കുകയും ചെയ്യുന്നു. ഇവിടെ ധര്‍മ്മവും കര്‍മ്മവും ബന്ധവും കെട്ടുപിണഞ്ഞു കിടക്കുന്നതാണ് കാണുക.

പലരേയും ഞാന്‍ ""സ്വന്ത''മായി കണ്ടു, അടുത്തും ദൂരെയുമുള്ള ബന്ധുക്കളെ വരെ. പക്ഷേ അവര്‍ക്കെല്ലാം സ്വന്തമായി ""സ്വന്തങ്ങള്‍'' അടുത്തു തന്നെ ഉണ്ടായിരുന്നതിനാല്‍ എനിക്ക് അവഗണന അനുഭവിക്കേണ്ടി വന്നു. എന്നാല്‍ എല്ലാവരുടേയും ""സ്വന്തങ്ങള്‍'' ജീവിതം മുന്നോട്ടു പോകുന്നതനുസരിച്ച് ചുരുങ്ങിച്ചുരുങ്ങിവരും എന്നത് ഒരു വാസ്തവം മാത്രമാണ്. മക്കളേയും ബന്ധുക്കളേയും സുഹൃദ്‌വലയത്തേയും ""സ്വന്തം'' എന്നെണ്ണി ഇടപെട്ടിരുന്നവര്‍, ആദ്യം മക്കളിലേക്കും ചുരുക്കം ചില ബന്ധുക്കളിലേക്കുമായി ചുരുങ്ങുന്നു. പിന്നീട് മക്കളും കൊച്ചുമക്കളും മാത്രമാവും ""സ്വന്തം.'' കാലപ്രവാഹത്തില്‍ മക്കളും കൊച്ചുമക്കളും അവരുടെ ജീവിത അയോധനവുമായി മുന്നോട്ടു പോവുമ്പോള്‍, അവഗണിക്കപ്പെട്ടവരായി തങ്ങളിലേക്കു തന്നെ ഒതുങ്ങുന്നു. അതിനാല്‍ ""സ്വന്തം'' എന്ന നിര്‍വ്വഹണത്തിനര്‍ത്ഥം ""താന്‍ മാത്രം'' എന്ന് വൈകിയെങ്കിലും മനസ്സിലാക്കുന്നു. 

""വ്യക്തി'' ഏകവചനമാണ്. ""വ്യക്തികള്‍'' ഏകവചനങ്ങളാണ്. ആരും എനിക്കവകാശപ്പെട്ടതോ എന്നോടൊപ്പമുള്ളതോ അല്ല. എല്ലാവരും അവരവരുടേതായ ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കണം. ആരേയും വെറുത്ത്, എന്റെ ജീവിതത്തെ മുരടിപ്പിക്കേണ്ടതില്ല. സ്‌നേഹവും സന്തോഷവും ഞാന്‍ എന്റെ ജീവിതത്തില്‍ കാത്തുസൂക്ഷിച്ചാല്‍, എന്റെ ജീവിതം പുഷ്പിച്ചു നില്ക്കും. അതിന്റെ വാസന ചുറ്റുപാടും പരന്നുകൊണ്ടിരിക്കും. എന്നോടൊപ്പം ജനിച്ച എന്റെ ചുമതലകള്‍, എന്റേതാണ്. അവ നിര്‍വ്വഹിക്കുക എന്റെ കടമയാണ്. പ്രതിഫലേച്ഛകൂടാതെ കടമകള്‍ നിറവേറ്റി സ്വന്തം ജീവിതത്തേയും സന്തോഷകരമാക്കി ജീവിക്കുക.

കറിയാമാപ്പിളയുടെ മക്കള്‍ ഇന്ന് പെന്‍ഷനായി വലിയ വീട്ടില്‍ താമസിക്കുന്നു. അവരുടെ, വളര്‍ന്നു വലുതായ മക്കള്‍ക്ക് ഒരു സങ്കടം. ""ഈ പറമ്പില്‍ ഒരു തെങ്ങും പ്ലാവുമൊക്കെ ഉണ്ടായിരുന്നെങ്കില്‍'' എന്ന്. മകളുടെ ആഗ്രഹം ""ഒരു ചെറിയ അടുക്കളെ തോട്ടം കൂടി ഉണ്ടായിരുന്നെങ്കില്‍....മനസ്സൊറപ്പിച്ച് വിഷമില്ലാത്ത പച്ചക്കറികള്‍ കൂട്ടാമായിരുന്നു.'' ഇത് വിവേകത്തിന്റെ കഥ, തിരികെ ചേരലിന്റേ­യും.
ബന്ധങ്ങളും സ്വന്തങ്ങളും (തോമസ് കളത്തൂര്‍)
Join WhatsApp News
Mathew Joys 2015-12-21 07:59:09
Good thoughts, but the present generation  is too much career oriented and most of them do not like wet soil and trees around the houses. It may be a cycle to come back to love nature and its beauty in due course. Keep it up TK

Joys
വിദ്യാധരൻ 2015-12-21 08:24:01
" ചെറുതാം നിമിഷങ്ങളും തഥാ 
പറവാൻ തക്ക എളുതല്ലയെങ്കിലും 
ഒരുമിച്ചവതന്നെ ചേർന്നെഴും 
പുരുഷായുസുകളൊക്കെ യാവതും "  എന്ന കുമാരാനാശാന്റെ കവിതാ ശകലമാണ് നിങ്ങളുടെ ഈ കഥ വായിച്ചപ്പോൾ മനസിലേക്ക് കടന്നു വന്നത്. സാമൂഹ്യജീവിതത്തിന്റെ അടിസ്ഥാനമായ  കൊച്ചു കൊച്ചു  സ്നേഹബന്ധങ്ങൾ പണത്തിന്റെ കിലുകിലാരവങ്ങൾക്ക് വഴി,മാറുമ്പോൾ  മുറ്റത്ത് നില്ക്കുന്ന അമ്മച്ചി പ്ലാവും തെങ്ങിന്റെയും കടക്ക് കോടാലി വീഴുകയാണ്.   ഇന്ന് ചക്കക്കും തെങ്ങായിക്കും ഒന്നും നാട്ടിൽ വിലയില്ല.  ചക്കപ്പുഴുക്ക് പ്രമേഹത്തിന് നല്ലതാണ് എന്ന് കേൾക്കുന്നു. ഒരു പക്ഷേ അമ്മച്ചി പ്ലാവിന് ഒരു ഉയർത്ത് എഴുന്നേൽപ്പും കറിയാമാപ്പിളക്കു ഒരു സ്മാരകവും പ്രതീക്ഷിക്കാം.   സാമൂഹ്യജീവതം യാന്ത്രികമാണ്.  അയല്പക്കകാർ വരുന്നു പോകുന്നു, എന്തിനു പറയുന്നു ചക്കയും തേങ്ങയും വിറ്റ് വളർത്തി വലുതാക്കിയ മകനും മകളും എവിടെയെന്നു ഒരു പിടിയുംമില്ല.   എഴുത്തുകാരൻ തന്റെ കഥയോട് നീതിപുലർത്തിയിരിക്കുന്നു.  ഇന്ന് ലോകത്ത് നടക്കുന്ന പലപ്രശ്നങ്ങളുടെയും അടിസ്ഥാനം ഈ 'ചെറിയ സ്നേഹം ഇല്ലായ്മയാണ്.  ആ സത്യം എഴുത്തുകാരൻ തിരിച്ചറിഞ്ഞ് വളരെ മനോഹരമായി അവധരിപ്പിചിരിക്കുന്നു.  സ്നേഹം, ആത്മാർത്തത എല്ലാം കഥയിൽ പ്രകടമായി നില്ക്കുന്നു.  അമേരിക്കയിലെ സാഹിത്യകാരന്മാരിൽ നിന്ന് നിങ്ങൾ വേറിട്ട്‌ നില്ക്കുന്നു. അതുകൊണ്ട് ഈ-മലയാളിയിലൂടെ വായനക്കാർ നൽകുന്ന  അവാർഡിന് അർഹ്മാണ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക