Image

നിയതിയുടെ താളം- ജോസന്‍ ജോര്‍ജ്ജ്

ജോസന്‍ ജോര്‍ജ്ജ്, ഡാളസ്സ് Published on 20 January, 2012
നിയതിയുടെ താളം- ജോസന്‍ ജോര്‍ജ്ജ്

കാറ്റിനൊരു താളം
കടലിനൊരു താളം
കനവുകണ്ടുണരുന്ന
കരളിനൊരു താളം.

മഴപൊഴിയും താളം
മദകരമാം താളം
മഴപെയ്തു നനയുന്ന
മണ്ണിനൊരു താളം.

ചെറുതോണി തുഴയുമ്പോള്‍
പുഴയിലൊരു
താളം.
ചെറുവണ്ടു മുരളുമ്പോള്‍
പൂവിനൊരു താളം.

മൊഴിയിലൊരു താളം
മിഴിയിലൊരു താളം.
മിഴിനനഞ്ഞൊഴുകുമാ-
ഉറവിനൊരു താളം.

അകലെയൊരു താളം
അരികെയൊരു താളം
അകലുന്ന മനസ്സുകള്‍ -
ക്കൊരു വിരഹതാളം.

ചിരിമാഞ്ഞ ചുണ്ടില്‍
വീണടിയുന്ന താളം.
ചിരകാല സ്വപ്നങ്ങള്‍
തകരുന്ന താളം.

കവിതയുടെ താളം
ശ്രുതിമധുരമാം താളം
കവിഹൃദയമുരുകി-
ത്തിളയ്ക്കുന്ന താളം.

പ്രകൃതിയുടെ താളം
പ്രശാന്തമാം താളം
പ്രകൃതിയുടെ വികൃതിക്കു
സംഹാര താളം.

പിറവിതന്‍ താളം
പുതുപുലരിതന്‍ താളം
ജനിമരണമില്ലാത്ത
നിയതി തന്‍ താളം.

Josen364@gmail.com
നിയതിയുടെ താളം- ജോസന്‍ ജോര്‍ജ്ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക