Image

നെഹ്‌റുവിന്റെ ദിനപത്രം സോണിയയെയും രാഹുലിനെയും വേട്ടയാടുന്നു.(ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 14 December, 2015
നെഹ്‌റുവിന്റെ ദിനപത്രം സോണിയയെയും രാഹുലിനെയും വേട്ടയാടുന്നു.(ഡല്‍ഹികത്ത് : പി.വി.തോമസ്)
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു 1938 ല്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ആരംഭിച്ചതും 2008-ല്‍ അതായത് 70 വര്‍ഷങ്ങള്‍ക്ക് ശേഷം-ഋണ ഭാരത്തില്‍ (90കോടിരൂപ) അടച്ചുപൂട്ടിയതുമായ നാഷ്ണല്‍ ഹെറാള്‍ഡ് എന്ന ഇംഗ്ലീഷ് ദിനപ്പത്രവും അതിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേര്‍ണ്ണല്‍സ് ലിമിറ്റഡും(മൊത്തം ആസ്തി 200 കോടി രൂപ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കും വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനുതന്നെയും വിനയായി മാറുകയാണ്. പത്രം പൂട്ടിയിട്ട് മഹത്തായ ഏഴ് വര്‍ഷം കഴിഞ്ഞെങ്കിലും സോണിയയും രാഹുലും ഒപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാരായ മോത്തിലാല്‍ വോറയും ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസും പത്രപ്രവര്‍ത്തകനായ സുമന്‍ ദുബയും കുടുംബസുഹൃത്തായ സാം പിത്രോഡയും ചതിവഞ്ചന, അഴിമതി തുടങ്ങിയ ആരോപണങ്ങള്‍ക്ക് കോടതി വിചാരണ നേരിടുകയാണ്. ഡിസംബര്‍ 19 ഇവര്‍ക്ക് നിര്‍ണ്ണായകം ആണ്. അന്ന് ഇവര്‍ക്ക് കോടതിയില്‍ നേരിട്ട് ഹാജരാകണം. നേരിട്ട് ഹാജരാകുന്നതില്‍ നിന്നും മുക്തി തരണം എന്ന് കാണിച്ചുള്ള ഇവരുടെ ഹര്‍ജി ഡല്‍ഹി കോടതി തള്ളുക  മാത്രമല്ല വളരെ കടുത്തഭാഷയിലാണ് പ്രതികളുടെ വ്യവഹാരത്തെ കോടതി വിലയിരുത്തിയത്. ഇതില്‍ ചതിയും വിശ്വാസവഞ്ചനയും അഴിമതിയും എല്ലാം ഉള്‍പ്പെടും. സോണിയും രാഹുലും മറ്റ് പ്രതികളും നേരിട്ട് ഹാജരാകുവാനുള്ള കീഴ്‌ക്കോടതിയുടെ വിധിക്കെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജ്ജിയിന്മേലാണ് ഡല്‍ഹി ഹൈക്കോടതി ശക്തമായ ഈ ഉത്തരവ് പ്രകടിപ്പിച്ചത്. സോണിയക്കും രാഹുലിനും എതിരെ അഴിമതിക്കേസ് ഫയല്‍ ചെയ്തത് മറ്റ് ആരും അല്ല, അത് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ സ്ഥിരം വ്യവഹാരിയായ ബി.ജെ.പി. നേതാവ് സുബ്രമണ്യന്‍ സ്വാമിയാണ്. അദ്ദേഹത്തിന് ഇപ്പോള്‍ സന്തോഷിക്കാം. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുടുക്കി പുറത്താക്കിയതും സ്വാമിതന്നെയാണ്. പിന്നീട് വിവാദമായ ഒരു വിധിയിലൂടെ കോടതി ജയലളിതയെ കുറ്റവിമുക്തയാക്കുകയും പുരഛിതലൈവി വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍ തിരിച്ചെത്തിയെങ്കിലും ആ കേസ് ഡൊമൊക്ലീസിന്റെ വാള്‍പോലെ ഇപ്പോഴും ജയലളിതയുടെ തലക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്നു. ഏതായാലും സ്വാമിയുടെ നാഷ്ണല്‍ ഹെറാള്‍ഡ് കേസും ഇന്‍ഡ്യയുടെ ആദ്യരാഷ്ട്രീയ കുടുംബത്തിനും ഏറ്റവും പഴയ രാഷ്ട്രീയ പാര്‍ട്ടിക്കും ഒരുവെല്ലുവിളിയായി നിലകൊള്ളുന്നുവെന്നതില്‍ യാതൊരു സംശയവും ഇല്ല. ഈ കാരണത്താല്‍ പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇരുസഭകളും- ലോകസഭയും രാജ്യസഭയും സ്തംഭിച്ചിരിക്കുകയാണ്. ഇത് രാഷ്ട്രീയ പക പോക്കല്‍ ആണെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ചില പ്രതിപക്ഷകക്ഷികളും, ഉദാഹരണമായി മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസിനെ പിന്തുണക്കുന്നുണ്ട്. ഇടതുപക്ഷം കക്ഷിചേര്‍ന്നിട്ടില്ല. ഏതായാലും ഹെറാള്‍ഡ് സംഭവത്തെ തുടര്‍ന്നുള്ള സഭാസ്തംഭനം മൂലം പല സുപ്രധാന സാമ്പത്തീക പരിഷ്‌കകരണ ബില്ലുകളും ഉദാഹരണമായി ചര്ക്ക് സേവന നികുതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ആരംഭദിവസങ്ങളില്‍ ഹെറാള്‍ഡ് സംഭവത്തിന്റെ പേരില്‍ തന്നെയാണ് പാര്‍ലിമെന്റ് കോണ്‍ഗ്രസ് സ്തംഭിപ്പിച്ചതെങ്കിലും വെള്ളിയാഴ്ച(ഡിസംബര്‍ 11) ആയപ്പോഴേക്കും പാര്‍ട്ടി വിഷയം മാറ്റുവാന്‍ ശ്രമിച്ചു. ഹെറാള്‍ഡ് കേസല്ല സഭാസ്തംഭനത്തിന്റെ കാരണം. മറിച്ച് മണ്‍സൂണ്‍ സെഷന്‍ ഇല്ലാതാക്കിയ ലളിത് മോഡി-വ്യാപം കുംഭകോണക്കേസുകള്‍ ആണെന്നു പറയുവാന്‍ ഒരു ശ്രമം നടത്തി. പക്ഷേ, അത് വിജയിച്ചില്ല. ലളിത് മോഡി കേസില്‍ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് മണ്‍സൂണ്‍ സെഷന്‍ പരിപൂര്‍ണ്ണമായും കഴുകിക്കളഞ്ഞ കോണ്‍ഗ്രസ് ശീതകാല സമ്മേളനത്തില്‍ അതിനെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാത്തതിനെകുറിച്ച് രാഷ്ട്രീയ നിരീഷകര്‍ അദ്ഭുതപ്പെടുമ്പോഴാണ് തടിതപ്പാനെന്ന മാതിരി കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഈ ലളിത് മോഡി- വ്യാപം പ്രേതത്തെ അവതരിപ്പിച്ചത്. അതിന് കാരണവും ഉണ്ടായിരുന്നു. സോണിയക്കും രാഹുലിനും എതിരെ കോടതിയില്‍ ഹാജരാകുന്നതിന് വിധിവന്നതിന്റെ പശ്ചാത്തലത്തില്‍ പാര്‍ലിമെന്റ് സ്തംഭിപ്പിച്ചാല്‍ ജനവികാരം കോണ്‍ഗ്രസിനെതിരെയാകും എന്ന ഒരു വിചാരഗതി കോണ്‍ഗ്രസില്‍ ശക്തമാകുന്നുണ്ടായിരുന്നു.

ഏതായാലും ഡിസംബര്‍ 19ന് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എന്ത് സംഭവിക്കും എന്നതിനെ ആശ്രയിച്ചിരിക്കും പാര്‍ലിമെന്റിന്റെയും ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്റെയും ഭാവി ഇനി. സോണിയയെയും രാഹുലിനെയും മറ്റും ഒരുപക്ഷേ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ടേക്കാം. അതുകൊണ്ടാണ് കേസിനോട് പ്രതികരിക്കവെ സോണിയ അവരുടെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി ഇന്ദിരഗാന്ധിയുടെ പേര് ഒരു സുരക്ഷാകവചം ആയി ഉപയോഗിച്ചത്. സോണിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു: ഞാന്‍ ഒന്നിനെയും ഭയക്കുന്നില്ല. കാരണം ഞാന്‍ ഇന്ദിരഗാന്ധിയുടെ മരുമകള്‍ ആണ്. സോണിയ തീര്‍ച്ചയായും ഉദ്ദേശിച്ചത് 1977- ല്‍ ജനതപാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ദിരഗാന്ധിയെ കേസുകളില്‍ കുരുക്കിയതും ജയിലില്‍ അടച്ചതും ഒക്കെ ആയിരുന്നിരിക്കണം. താന്‍ എന്തിനും തയ്യാറാണെന്നും ഒന്നിനെയും ഭയക്കുന്നില്ലായെന്നും ആണ് സോണിയ പറഞ്ഞത്. അങ്ങനെ ഒരു നിലപാട് ആണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ എടുത്തത്. ഒരു ആഗ്നേയശൈലത്തിന്റെ കീഴില്‍ വളര്‍ന്ന തൈ ആണ് താന്‍ എന്നൊക്കെ സോണിയ ഉദ്ദേശിച്ചിരുന്നിരിക്കാം. ഏതായാലും മറ്റൊരു പ്രതിയും മകനും ആയ രാഹുലിന്റെ പ്രതിരോധം കുറെക്കൂടെ ആക്രമണകരം ആയിരുന്നു. ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാകണമെന്ന് പറഞ്ഞ ദിവസം അദ്ദേഹം തമിഴ്‌നാട്ടിലെ പ്രളയബാധിതസ്ഥലങ്ങളില്‍ സന്ദര്‍ശനത്തില്‍ ആയിരുന്നു. അപ്പോള്‍തന്നെയാണ് ഡല്‍ഹിഹൈക്കോടതി ഗാന്ധിമാരുടെ കോടതി ഹാജരാകല്‍ സംബന്ധിച്ച കീഴ്‌ക്കോടതിയുടെ വിധിശരിവച്ച് കൊണ്ട് കര്‍ക്കശമായ ഉത്തരവ് പുറപ്പെടുവിച്ചതും. രാഹുല്‍ അതിനോട് പിന്നീട് പ്രതികരിച്ചത് ഇങ്ങനെയാണ്. കോണ്‍ഗ്രസ് ഇതിനെ നിയമപരമായി നേരിടും. അതിനുശേഷം അദ്ദേഹം പാര്‍ട്ടി വക്താവും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് മനുസിംങ്ങ്വിയോട് ഡിസംബര്‍19 ലേക്ക് രണ്ട് ജാമ്യാപേക്ഷകള്‍ തയ്യാറാക്കുവാന്‍ പറഞ്ഞു. ഒന്ന് സോണിയക്ക്. മറ്റേത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോട്ടിലാല്‍ മോറക്ക്. രാഹുലിന് ജാമ്യം വേണ്ട. ജയിലില്‍ പോകും. അങ്ങനെ മോഡിയുടെയും ബി.ജെ.പി.യുടെയും രാഷ്ട്രീയ പകപോക്കല്‍ തുറന്ന് കാണിക്കും. അതുപോലെ തന്നെ രാജ്യമെങ്ങും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു ജയില്‍ നിക്കല്‍ സമരത്തിന് തയ്യാറാകുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

എന്താണീ നാഷ്ണല്‍ ഹെറാള്‍ഡ് കേസ്? എന്താണ് അതില്‍ സോണിയക്കും രാഹുലിനും ഉള്ള പങ്ക്? നെഹ്‌റുവും സ്വാതന്ത്ര്യസമരവും ആ ഇംഗ്ലീഷ് ദിനപ്പത്രത്തിന്റെ ചരിത്രപശ്ചാത്തലം ആണ്. അത് സ്വാതന്ത്ര്യസമരകാലത്തും അനന്തരവും സ്തുത്യര്‍ഹമായ സേവനം മാധ്യമരംഗത്ത് ചെയ്തിട്ടുണ്ട്. കനപ്പെട്ട സംഭാവന ചെയ്തിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന്റെ ദീപശിഖയായി നിലകൊള്ളുവാനാണ് ഹെറാള്‍സിനെ നെഹ്‌റു രൂപകല്പന ചെയ്തത്. ചിലപ്പതിറാവുവും ഫിറോസ് ഗാന്ധിയും കുഷവന്ത് സിംങ്ങും ഈ ദിനപ്പത്രത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. ദേശീയ ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തനത്തിലെ പല പ്രമുഖരും പയറ്റിതെളിഞ്ഞത് ഈ കളരിയില്‍ ആയിരുന്നു. അതൊക്കെ ചരിത്രം. അതും ഹെറാള്‍ഡ് കേസുമായും യാതൊരു  ബന്ധവും ഇല്ല.
ആദ്യം സൂചിപ്പിച്ചതു പോലെ അസോസിയേറ്റഡ് ജേര്‍ണ്ണല്‍സ് ലിമിറ്റഡ്(എ.ജെ.എല്‍.) എന്ന ഒരു കമ്പനിയാണ് നാഷ്ണല്‍ ഹെറാള്‍ഡ് ഇംഗ്ലീഷ് ദിനപ്പത്രം പ്രസിദ്ധീകരിച്ചിരുന്നത്. എ.ജെ.എല്‍ ഉറുദുവിലും(കോമി ആവാസ്) ഹിന്ദിയിലും(നവജീവന്‍) പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. എ.ജെ.എല്ലിന് ഡല്‍ഹിയിലും മുംബെയിലും ലക്‌നൗവിലും കോടികള്‍ വിലമതിക്കുന്ന കെട്ടിട സമുച്ചയങ്ങള്‍ ഉണ്ട്. ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് ഇന്‍ഡ്യയിലെ ഫഌറ്റ് സ്ട്രീറ്റ് എന്ന് അറിയപ്പെടുന്ന ബഹദൂര്‍ഷാ സഫര്‍ മാര്‍ഗ്ഗില്‍ ആണ്. ഈ വീഥിയില്‍ ആണ് ടൈംസ് ഹൗസും(ടൈംസ് ഓഫ് ഇന്‍ഡ്യ) എക്‌സ്പ്രസ് ഹൗസും(ഇന്‍ഡ്യന്‍ എക്‌സ്പ്രസ്) ലിങ്ക്ഹൗസും(ഇപ്പോള്‍ പ്രസിദ്ധീകരണം നിലച്ച പേട്രിയറ്റ്) ശങ്കേഴ്‌സ് മ്യൂസിയവും എല്ലാം സ്ഥിതിചെയ്യുന്നത്.

2012 ല്‍ ബി.ജെ.പി. നേതാവ് സ്വാമി ഒരു കേസ് സോണിയക്കും രാഹുലിനും മറ്റുള്ളവര്‍ക്കും എതിരെ ഫയല്‍ ചെയ്തു. ഇവര്‍ എ.ജെ.എല്ലിന്റെ ഡയറക്ടേഴ്‌സ് ആയിരുന്നു. പരാതിപ്രകാരം ഇവര്‍ എ.ജെ.എല്ലിനെ വഞ്ചിച്ചുകൊണ്ട് അതിന്റെ അസ്ഥികള്‍ തട്ടിയെടുത്തു. അതിനായി യംങ്ങ് ഇന്‍ഡ്യ ലിമിറ്റഡ്(വൈ.ഐ.എല്‍.) എന്നൊരു കമ്പനി രൂപീകരിച്ചു. അതിന്റെയും പ്രധാന ഡയറക്ടര്‍മാര്‍ ഇവര്‍ തന്നെ ആയിരുന്നു. ഇവര്‍ എ.ജെ. എല്ലിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും 90 കോടി രൂപ അനുവദിച്ചു. കോണ്‍ഗ്രസിന്റെ ക്യാഷ്യര്‍ വോറ ആയിരുന്നതിനാല്‍ അതിന് പ്രയാസം ഇല്ലായിരുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് ഇങ്ങനെ ഒരു വായ്പ നല്‍കുവാനുള്ള അധികാരം ഇല്ലെന്നായിരുന്നു ജനപ്രാതിനിധ്യനിയമം ഉദ്ധരിച്ചുകൊണ്ട് സ്വാമി വാദിച്ചത്. അതുപോലെ തന്നെ വെറും 50ലക്ഷം രൂപ നല്‍കിക്കൊണ്ടാണ് വൈ.ഐ.എല്‍.എ.ജെ.എല്‍. സ്വന്തമാക്കിയത്. എ.ജെ.എല്ലിന്റെ ആസ്തികള്‍ 2000 കോടിയിലേറെയാണത്രെ. ഈ കൈമാറ്റങ്ങള്‍ അന്യായവും അവിഹിതവും വഞ്ചനാപരവും അഴിമതി നിറഞ്ഞതും ആണെന്നാണ് സ്വാമി വാദിക്കുന്നത്. അതിനെ തന്നെയാണ് പ്രഥമദൃഷ്ട്യാ വിചാരണ കോടതിയും ഹൈക്കോടതിയും അംഗീകരിച്ചതും കടുത്ത ഭാഷയില്‍ സോണിയയെയും രാഹുലിനെയും മറ്റ് പ്രതികളെയും വിമര്‍ശിച്ചതും. ഇതിനപ്പുറം കേസിന്റെ മെറിറ്റ്‌സിലേക്കും ഇപ്പോള്‍ പ്രവേശിക്കുന്നില്ല. കാരണം കേസ് കോടതി മുമ്പാകെയാണ്.

നാഷ്ണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പകപോക്കലിന്റെ ഫലം ആണോ? അതില്‍ വഞ്ചനയും ചതിയും അഴിമതിയും ഉണ്ടോ? രാഷ്ട്രീയ പകപോക്കലിനായി കോടതിയെ ഭരണകൂടം ദുരുപയോഗപ്പെടുത്തുകയാണോ? അനുകൂലമായും പ്രതികൂലമായും ആരോപണ-പ്രത്യാരോപണങ്ങള്‍ ഉണ്ട്. ഏതായാലും ഇതിന്റെ ഇര ഇപ്പോള്‍ പാര്‍ലിമെന്റാണ്. നിയമനിര്‍മ്മാണം ആണ്. ഇതിന് മുമ്പും ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. പക്ഷേ, അത് ഒരു ആശ്വാസമല്ല. പ്രതിവിധിയും അല്ല. കോടതിക്കാര്യങ്ങള്‍ കോടതിയില്‍ തീര്‍ക്കണം. സോണിയയും രാഹുലും നിരപരാധിത്വം തെളിയിക്കണം. പാര്‍ലിമെന്റിനെ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കണം.

നെഹ്‌റുവിന്റെ ദിനപത്രം സോണിയയെയും രാഹുലിനെയും വേട്ടയാടുന്നു.(ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
Tom abraham 2015-12-16 09:46:53

If National Herald was the brainchild of Nehru the Congress Leader, today s Congress leaders should not bend a bit before a Swamy who sees corruption only in Congress, and sees perfection in the rest of the current Indian powermongers, their foreign visits or luxury. 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക