Image

കാറിടിച്ച്‌ മരിച്ച വൈദീകന്റെ സംസ്‌കാരം ശനിയാഴ്‌ച

Published on 20 January, 2012
കാറിടിച്ച്‌ മരിച്ച വൈദീകന്റെ സംസ്‌കാരം ശനിയാഴ്‌ച
കീഴ്‌വായ്‌പൂര്‍ (പത്തനംതിട്ട): ഭവന കൂദാശ കഴിഞ്ഞ്‌ പള്ളിയിലേക്ക്‌ ബൈക്കില്‍ മടങ്ങവെ കാറിടിച്ച്‌ മരിച്ച പരക്കത്താനം സെന്റ്‌ തോമസ്‌ മാര്‍ത്തോമാ ഇടവക വികാരി റവ. എം.വി. ജോര്‍ജിന്റെ (60) സംസ്‌കാരം ശനിയാഴ്‌ച നടക്കും. ബുധനാഴ്‌ച രാവിലെ പത്തിന്‌ കീഴ്‌വായ്‌പൂര്‍ സ്റ്റോര്‍മുക്കില്‍ വെച്ചാണ്‌ അപകടം നടന്നത്‌.

പുറമറ്റത്തെ ഒരു കൂദാശയില്‍ പങ്കെടുത്തശേഷം വെണ്ണിക്കുളം വഴി പരക്കനാത്തേക്ക്‌ പോകുകയായിരുന്നു. കോട്ടയം ദേവലോകം അരമനയില്‍ നിന്ന്‌ തുമ്പമണ്ണിലേക്ക്‌ പോയ കാറാണ്‌ ഇടിച്ചത്‌. തലയ്‌ക്ക്‌ പരിക്കേറ്റ്‌ വികാരിയെ ഉടന്‍ ആശുപത്രയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അയിരൂര്‍ കാഞ്ഞീറ്റുകര മാന്നാകുഴിയില്‍ കൊല്ലറേത്ത്‌ എം.ജെ. വര്‍ഗീസിന്റേയും റാഹേലമ്മയുടേയും മകനാണ്‌. ഭാര്യ: തുരുത്തിക്കാട്‌ ബി.എ.എം കോളജ്‌ ചരിത്രവിഭാഗം മേധാവി സൂസന്‍ ഏബ്രഹാം. കമ്പനാട്‌ ആറ്റുമാലില്‍ കുടുംബാംഗമാണ്‌. മക്കള്‍: ജറ്റഷാ, ജൂണിയാ, പരേതനായ ജോയാഷ്‌.

മാര്‍ത്തോമാ സഭാ ഭരണഘടനാ കമ്മിറ്റിയംഗം, ക്ലെര്‍ജി വെല്‍ഫയര്‍ ഫണ്ട്‌ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇരവിപേരൂര്‍, തേവര്‍കാട്‌, വെള്ളാറ, കീഴ്‌വായ്‌പൂര്‍, യരുശലേം, വാലാങ്കര, വേങ്ങഴ, തെള്ളിയൂര്‍, മല്ലപ്പള്ളി പരിയാരം, തലവടി സെന്റ്‌ ജോണ്‍സ്‌, മുട്ടാര്‍, കല്ലൂപ്പാറ സെന്റ്‌ തോമസ്‌, ബഥേല്‍, പുതുശേരി, കവുങ്ങുംപ്രയാര്‍, കുറിയന്നൂര്‍, കുമ്പനാട്‌ ശാലേം എന്നീ ഇടവകകളില്‍ വികാരിയായി വികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

മതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കോഴഞ്ചേരി പൊയ്യാനി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. വെള്ളിയാഴ്‌ച (ഇന്ന്‌) ഉച്ചയ്‌ക്ക്‌ രണ്ടുമണിക്ക്‌ ഇവിടെ നിന്ന്‌ വിലാപയാത്ര ആരംഭിച്ച്‌ മൂന്നുമണിക്ക്‌ പരക്കത്താനം സെന്റ്‌ തോമസ്‌ പള്ളിയില്‍ എത്തും. വൈകീട്ട്‌ ആറുമണിക്ക്‌ അയിരൂര്‍ മന്നാകുഴിയില്‍ കൊല്ലറേത്ത്‌ വീട്ടില്‍ എത്തും. ശനിയാഴ്‌ച 12 മണിക്ക്‌ സംസ്‌കാര ശുശ്രുഷകള്‍ ആരംഭിക്കും.

ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത, സഖറിയാസ്‌ മാര്‍ തിയോഫിലോസ്‌ സഫ്രഗന്‍ മെത്രാപ്പോലീത്ത എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. സംസ്‌കാരം മാതൃഇടവകയായ അയിരൂര്‍ ചായല്‍ മാര്‍ത്തോമാ പള്ളിയിലെ സെമിത്തേരിയില്‍ രണ്ടുമണിക്ക്‌ നടക്കും.
കാറിടിച്ച്‌ മരിച്ച വൈദീകന്റെ സംസ്‌കാരം ശനിയാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക