Image

പശു; ദാദ്രി; ട്രമ്പ്‌: അവസ്ഥാന്തരങ്ങള്‍ (വാസുദേവ് പുളിക്കല്‍)

Published on 12 December, 2015
പശു; ദാദ്രി; ട്രമ്പ്‌: അവസ്ഥാന്തരങ്ങള്‍ (വാസുദേവ് പുളിക്കല്‍)
വ്യക്തിജീവിതത്തിലെന്ന പോലെ രാഷ്ട്രത്തിന്റെ കാര്യത്തിലും അവസ്ഥാന്തരങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു വ്യക്തിക്ക് സംഭവിക്കുന്ന അവസ്ഥാഭേദങ്ങള്‍ക്ക് കാരണം വ്യക്തിഗതമായിരുക്കുമ്പോള്‍ രാഷ്ട്രത്തിന്റെ ദിശാമാറ്റത്തിന് പല ഘടകങ്ങളും കാരണമാകുന്നുണ്ട്. ഭരണാധിപന്മാരുടെ മതപരമായ വീക്ഷണത്തിലൂടെ രാഷ്ട്രത്തിന്റെ ചുക്കാന്‍ തിരിയുമ്പോള്‍ മതം രാഷ്ട്രനിര്‍മ്മാണത്തിന്റെ അവിഭാജ്യഘടകമായി മാറുകയും അത് മതേതരത്വ വാദികളില്‍ ആശങ്കയും ഭീതിയും ജനിപ്പിക്കുകയും ചെയ്യുന്നു. ഓരോ മതവും ശ്രേഷ്ഠവും മനുഷ്യരാശിയുടെ ധാര്‍മ്മിക നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്നതുമാണ്. 

പക്ഷെ, മതത്തിന് രഷ്ട്രത്തിന്റെ ഭരണതലത്തില്‍ പ്രധാന്യം നല്‍കിയാല്‍ രാജ്യത്ത് അസ്വസ്ഥതയുണ്ടാകും. സമത്വസുന്ദരമായ ഒരു ഒരു രാഷ്ട്രം വിരിഞ്ഞു കാണാനാണ് ഏതൊരു പൗരനും ആഗ്രഹിക്കേണ്ടത്.എന്നാല്‍ വേദോപനിഷത്തുക്കളുടെ കാലഘട്ടം മാറ്റി വച്ചാല്‍ ഭാരതം സമത്വസുന്ദരമായിരുന്നില്ല എന്ന് ചരിത്രം തെളിയിക്കുന്നു. 

ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ ഇടയില്‍ നിലനിന്നിരുന്ന, ഒരു വിഭാഗം ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിച്ചിരുന്ന ജാതിവ്യവസ്ഥതിയാണ് ഇതിനു കാരണം. വിദേശഭരണ കാലത്ത് ഭാരതത്തിന് സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്നു, വിദേശീയരെ പായിച്ചാല്‍ ഭാരതീയര്‍ സ്വതന്ത്രരാകും എന്ന മുദ്രവാക്യം വ്യര്‍ത്ഥമാകുമെന്നും രാഷ്ടീയ സ്വാതന്ത്ര്യം ലഭിച്ചാലും ഭാരതീയ ജനതയുടെ ഇടയില്‍ അടിമത്വം നിലനില്‍ക്കുമെന്നുംആശാന്‍ പാടിയത് വെറുതെയായിരുന്നില്ല. 

 എങ്കിലും ആര്‍ഷസംസ്‌കാരം നിഷ്‌ക്കര്‍ഷിക്കുന്നത് സമത്വസുന്ദരമായ ഒരു രാഷ്ട്രമാണ്. അതുകൊണ്ടാണ് ഭാരതത്തിലേക്ക് ഒഴുകി വന്ന വിഭിന്ന സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ ഭാരതീയര്‍ക്ക് സാധിച്ചത്, അമ്പലവും പള്ളിയും മോസ്‌ക്കും ചേര്‍ന്ന് നില്‍ക്കാന്‍ കാരണമായത്, മന്തോച്ചാരണവും മണിനാദവും വാങ്കുവിളികളും കൊണ്ട് ഭാരതീയാന്തരീക്ഷം മുരിതമായത്. ഭാരതത്തില്‍ എത്തിയ വിഭിന്ന മതസ്തര്‍ അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായിഅവരുടേതായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഭാരതത്തിന്റെ പൊതുവെയുള്ള ഉന്നമനമായിരുന്നില്ല അവരുടെ ലക്ഷ്യം. ഭാരതീയത ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞവര്‍ ചുരുക്കം.സ്വന്തം നേട്ടങ്ങള്‍ ഉന്നം വച്ചുകൊണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്തപ്പോള്‍ അവര്‍ സമത്വചിന്തകള്‍ക്ക് അത്രക്കൊന്നും പ്രാധാന്യം കല്പിച്ചിരുന്നില്ല. അതുകൊണ്ടാണല്ലോ നിഷ്‌ക്കളങ്കരായ ഭാരതീയര്‍ക്ക് ഭയവിഹ്വലരായി പീരങ്കിയുടെയും വാള്‍മുനയുടേയും മുന്നില്‍ നില്‍ക്കേണ്ടി വന്നതും അവരുടെ വ്യക്തിത്വം ബലികഴിക്കേണ്ടി വന്നതും.

വിദേശീയരുടെ അടിമത്വത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും മോചനം ലഭിച്ചെങ്കിലും ഭാരതത്തിന് വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ല. അതിനുള്ള കാരണം അന്വേഷിച്ചു ചെല്ലുമ്പോള്‍ മുന്നില്‍ കാണുന്നത് രാഷ്ട്രീയ നേതാക്കന്മാരെയാണ്. രാജ്യത്തിന്റെ പുരോഗതി മു്യ ലക്ഷ്യമാക്കാതെ ഒരു കൂട്ടര്‍ ഹിന്ദുരാഷ്ട്ര നിര്‍മ്മാണത്തിനു വേണ്ടി ശ്രമിക്കുമ്പോള്‍ രാജ്യത്തെ തുരന്നെടുക്കാന്‍ ശ്രമിക്കുന്നന്നവര്‍ മറു വശത്ത്. ഗാന്ധിജി വിഭാവന ചെയ്ത രാമരാജ്യം എന്നാല്‍ ഹിന്ദു രാജ്യം എന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. പ്രജാക്ഷേമതല്‍പരനായ ഒരു ഉത്തമ ഭരണാധികാരി നയിക്കുന്ന ഒരു രാജ്യം എന്നും എല്ലാ മണ്ഡലങ്ങളിലും ജനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള ഒരു മാര്‍ഗ്ഗമാണ് രാഷ്ട്രീയാധികാരമെന്നുമാണ് ഗാന്ധിജി അര്‍ത്ഥമാക്കിയത്. അദൈ്വത ചിന്തയില്‍ അധിഷ്ഠിതമായ ഒരു രാജ്യം. എന്നാല്‍ രാമനെ ഹിന്ദുദൈവമായി ആരാധിക്കുന്ന ഹിന്ദുക്കള്‍ ഭാരതത്തെ ഹിന്ദു രാജ്യമാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവര്‍ ഗാന്ധിജിയുടെ ആശയാദര്‍ശങ്ങളില്‍ നിന്ന് ബഹുദൂരം നില്‍ക്കുന്നു. 

അയോദ്ധ്യയും രാമനും സീതയും പതിനറാം നൂറ്റാണ്ടില്‍ തകര്‍ക്കപ്പെട്ടക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണവുമൊക്കെ അവരുടെ ചിന്താമണ്ഡലത്തില്‍ കത്തി ജ്വലിച്ചു നില്‍ക്കുന്നു. മതാന്ധതയുടെ അന്ധകാരത്തില്‍ തപ്പിത്തടഞ്ഞുഴലുമ്പോള്‍ അവരുടെ ചിന്തകള്‍ക്ക് ഉല്‍കൃഷ്ടതയോ സാര്‍വ്വലൗകികതയോ ഉണ്ടാവുകയില്ല.ഇത്തരത്തിലുള്ള രാഷ്ട്രചിന്തകളുള്ള രാഷ്ട്രീയനേതാക്കന്മര്‍ ഉള്ളതുകൊണ്ടാണ് ഭാരതം സാംസ്‌കാരികമായി അധഃപതിക്കുന്നത്.. മറ്റൊരു കൂട്ടംരാഷ്ട്രീയക്കാരുടെ ലക്ഷ്യം രാഷ്ട്രനിര്‍മ്മാണമല്ല, കോഴ വാങ്ങിയും ജനാവ് കൊള്ളയടിച്ചും കോടികള്‍ സ്വരൂപിച്ച് വിദേശത്ത് ഫൈനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റൂഷനുകള്‍ നടത്തുന്നതിലും സ്വിസ് ബാങ്കിലെ നിക്ഷേപത്തിനും മറ്റുമാണ്. മന്ത്രി കോടതിയുടെ സമ്മര്‍ദ്ദം മൂലം രാജി സമര്‍പ്പിച്ചാലും ഭരണകക്ഷികളിലെ കൂട്ടാളികളോട് ചേര്‍ന്ന് നിന്ന് കൊള്ളയടി തുടരാന്‍ ശ്രമിച്ചു കൊണ്ടിരിക്കും. 

പഠിച്ചതല്ലേ പാടാന്‍ കഴിയൂ.അവരുടെ പാട്ടിന് ഈണം പകര്‍ന്ന് കൊഴുപ്പിക്കാന്‍ അണികളുംതയ്യാറായി നില്‍പ്പുണ്ട്. ഒരു പരിധി വരെ അനുയായികളാണ് ഭരണതലത്തില്‍ നടക്കുന്ന അഴിമതി മൂലം രാജ്യത്ത് അരിക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നത്തിന് പ്രേരകശക്തിയാകുന്നത്.

രാഷ്ട്രീയപ്രശ്‌നങ്ങളോടൊപ്പം മതപരമായ പ്രശ്‌നങ്ങളും ഭാരതത്തിന്റെ അണ്ഡതയെ കാര്‍ന്നു കൊണ്ടിരിക്കുന്നു. ഭാരതീയരില്‍ ബഹുഭൂരിപക്ഷം വരുന്ന സസ്യഭുക്കുകളുടെ ഇടയില്‍ നിന്ന് ഒരു കൂട്ടം തീവ്രവാദികള്‍ ഉയര്‍ന്നു വന്ന്മറ്റുള്ളവരുടെ ഭക്ഷണകാര്യത്തില്‍ നിയന്ത്രണം കൊണ്ടു വരാന്‍ ശമിക്കുന്നത് മൊത്തം സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നില്ല. മറ്റൊരുദാഹരണം നോക്കാം. തീവൃവാദികളായ കുറെ മുസ്ലിംഗള്‍ ചേര്‍ന്ന് നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മൊത്തം മുസ്ലിംഗളെ പ്രതിക്കുട്ടില്‍ നിര്‍ത്തി ശിക്ഷവിധിക്കുന്നതില്‍ യുക്തിയില്ല. 

മുസ്ലിംഗളുടെ അമേരിക്കന്‍ കുടിയേറ്റം നിരോധിക്കണമെന്ന റൊണാള്‍ഡ് ട്രമ്പ് ചെയ്തപ്രസ്ഥാവനക്കെതിരായി അമേരിക്കയിലെന്നല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന പ്രതിരോധശബ്ദത്തെ മതപരമായ വിവേചനം അമേരിക്കന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്നതിന്റെ അടിസ്ഥാനത്തില്‍ ന്യായീകരിക്കാമെങ്കിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അമേരിക്കയില്‍ നിലനില്‍ക്കുന്ന ഭയവിഹ്വലമായ അവസ്ഥ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. 

മതപരമായ വിവേചനം കൊണ്ടല്ല, അമേരിക്കന്‍ ജനതയുടെ സുരക്ഷിതത്വം ലക്ഷ്യമാക്കിയാണ് ആ പ്രസ്ഥാവന ചെയ്തത് എന്നാണ് മനസ്സിലാക്കേണ്ടത്. അമേരിക്കയിലേക്ക് വരുന്ന ഒരുകൂട്ടം മുസ്ലിംഗളില്‍ കുറച്ചു പേരെങ്കിലും ഭീകര പ്രവര്‍ത്തകരാണെന്നും അവര്‍ അമേരിക്കയുടെ നാശവും അമേരിക്കക്കാരുടെ സൗര്യജീവിതവും സമാധാനവും നശിപ്പിക്കാനും അവരെഭയത്തിന്റെ ജ്വാലയില്‍ നിര്‍ത്താനും ആഗ്രഹിക്കുന്നവരുമാണെന്ന് പലവട്ടം തെളിയിക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് അവരുടെ സാന്നിദ്ധ്യം ഒഴിവാക്കേണ്ടത് അനിവാര്യമായിരിക്കുന്ന ഒരു സാഹചര്യത്തിലാണ് അമേരിക്ക എത്തി നില്‍ക്കുന്നത്. 

ദാനത്തിന് മഹത്വം കല്പിച്ചപ്പോള്‍ കര്‍ണ്ണന് സ്വന്തം ജീവന്‍ നഷ്ടപ്പെട്ടു. 'അര്‍ത്ഥിക്കായ് സഹജമാം മെയ്ച്ചട്ടയടര്‍ത്തേകി മൃത്യുദണ്ഡിനു നേരെ മറു കാട്ടിയ കര്‍ണ്ണന്‍, നമ്മുടെ പൂര്‍വ്വികനാണെന്ന് ' നമുക്ക് പുകഴ്ത്തു പാട്ട് പാടാം. മാംസഭുക്കുകളായ വിദേശീയരുടെ തള്ളിക്കയറ്റം കൊണ്ടാണ് തങ്ങള്‍ ആരാധിക്കുന്ന പശുക്കള്‍ കൊല്ലപ്പെടുന്നത് എന്ന തോന്നല്‍ ഭാരതത്തിലെ ഹിന്ദുക്കള്‍ക്കുണ്ടാകാം. അവരില്‍ തീവൃവാദികളുടെ ഇന്നു കാണുന്ന വിധത്തിലുളുള്ള പ്രതികരണം അപലപനീയവും നിന്ദ്യവുമാണ്. ഒരു വിഭാഗം ഹിന്ദുക്കള്‍ ആസൂത്രിതമായി ബാബറി മസ്ജിദ് ഇടിച്ചു തകര്‍ത്തപ്പോഴും, മിഷനറിയെ ചുട്ടു കരിച്ചപ്പോഴും അതില്‍ ദുഃിച്ച ഹിന്ദുക്കളുണ്ട്. 

പശുമാംസത്തിന്റെ പേരില്‍ ഒരു മുസ്ലിം കുടുംബത്തിനു നേരെ ഉണ്ടായ അക്രമം പൊറുക്കാനാനാവാത്ത തെറ്റാണ്. അതിലും വലിയ തെറ്റാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്. ഒരോരുത്തരും നിയമം കയ്യിലെടുത്താല്‍ അരാജകത്വം ഫലം. സര്‍ക്കാര്‍ ഏതു ദിശയിലേക്കാണ് തിരിയുന്നത് എന്ന സംശയം ജനങ്ങളില്‍ ഉണ്ടാവുക സ്വാഭാവികമാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ മതവര്‍ഗ്ഗീയതക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നു എന്നേ നിഷ്പക്ഷമതികള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുകയുള്ളൂ. തീവൃവാദികള്‍ അരങ്ങേറുന്ന ഒറ്റപ്പെട്ട സംഭവം എന്ന പേരില്‍ ഇതിനെ തള്ളിക്കളയുമ്പോള്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ നിരവധി തനിയാവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരും.

വ്യവസായം നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ സാമ്പത്തീകാഭിവൃദ്ധിക്കും തൊഴില്‍ സാധ്യതക്കും അനിവാര്യമാണ്. ഭാരതത്തിലെ ഒരു പ്രമു വ്യവസായമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ബീഫ് കയറ്റുമതിയില്‍ പശു മാംസം വെറും മൂന്നു ശതമാനം മാത്രം. ഈ മൂന്നു ശതമാനം ഇല്ലെന്നു വന്നാലും വ്യവസായത്തിന് പറയത്തക്ക കോട്ടമൊന്നും സംഭവിക്കാന്‍ പോകുന്നില്ല. മൃഗങ്ങളെ കൊന്നു ഭക്ഷിക്കുന്നത് പുതിയ സംഗതിയല്ല. പശു ഹിന്ദുക്കളുടെ ആരാധാനാമൃഗമായതു കൊണ്ട് പശുവിനെ കൊന്നു ഭക്ഷിക്കുന്നതായി കാണുന്നത് അവര്‍ക്ക് അസഹനീയമായിരിക്കും. അവരുടെ വികാരങ്ങള്‍ വൃണപ്പെടും. സഹജീവികളുടെ വികാരങ്ങളെ മാനിക്കാന്‍ തയ്യാറായി പശുവിനെ കൊന്നു ഭക്ഷിക്കുന്നവര്‍ മുന്നോട്ടു വന്നാല്‍ പ്രശ്‌നത്തിന് പരിഹാരമായി. മാംസഭുക്കുകള്‍ക്ക് മാംസം ഭക്ഷിക്കണമെന്നല്ലേയുള്ളു. അതിന് വേറെ എത്രയോ മൃഗങ്ങളുണ്ട്. 

പശുവിന്റെ കഴുത്തറുക്കുന്നതു കൊണ്ട് ബഹുഭൂരിപക്ഷം ഭാരതീയര്‍ അസ്വസ്ഥരാകുന്നു. ഭാരതീയര്‍ സഹോദരി സഹോദരങ്ങളാണ് എന്നു പറയുമ്പോള്‍ ആ സാഹോദര്യം നിലനിര്‍ത്താന്‍ ശ്രമിച്ചു കുടെ. അവനാത്മസുത്തിനാചരിക്കുന്നത് അപരന്നു സുത്തിനായ് വരേണം എന്ന തത്വം പ്രായോഗികമാക്കേണ്ടതാണ്. അതിന് ആദ്യമായി വേണ്ടത് സഹജീവികളുടെ വികാരങ്ങളെ മാനിച്ചു കൊണ്ടുള്ള പ്രവൃത്തികളാണ്. 

മാംസഭുക്കുകളുടെ ആഹാരത്തിന് രുചിക്കൂട്ടായി പശുക്കളല്ലാതെ മറ്റു ധാരാളം മൃഗങ്ങള്‍ ഉള്ള സ്ഥിതിക്ക് പശുക്കളെ വെറുതെ വിടുന്നതു കൊണ്ട് അവരുടെ സഹോദരങ്ങള്‍ സംതൃപ്തരാകുന്നുവെങ്കില്‍ അങ്ങനെ ഒരു നിലപാട് സ്വീകരിച്ച് സമത്വസുന്ദരമായ ഒരു രാഷ്ട്രത്തിനു വേണ്ടി ശ്രമിക്കുന്നത് അഭികാമ്യമല്ലേ? സമത്വസാഹോദര്യം പരിപൂര്‍ണ്ണമാക്കാന്‍ പെരുമാറ്റം ത്യാഗപൂര്‍ണ്ണമായിരിക്കണം എന്നതാണ് അടിസ്ഥാനമായിരിക്കേണ്ടത്. സ്വയം നിയന്ത്രിക്കുമാറ് ജീവിതം മെച്ചപ്പെട്ടാല്‍ അയല്‍ക്കാരന് ഒരിക്കലും ഉപദ്രവം ഉണ്ടാകാത്ത വിധത്തില്‍ ജീവിക്കാന്‍ സാധിക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനാവില്ല. എങ്കിലും സാമുഹിക സംയമനത്തിന് ശ്രമിക്കുന്ന പക്ഷം സമൂഹം സമ്പന്നമാകും.

സ്‌നേഹം, ത്യാഗം കരുണ, അദൈ്വതം എന്നിവ ഉല്‍ഘോഷിക്കുന്ന മതസ്തരാണ് ഭാരതീയര്‍. അങ്ങനെയുള്ള ഒരു രാജ്യത്തില്‍ സമത്വസുന്ദരമായ ഒരു സാഹചര്യം പ്രദാനം ചെയ്യാന്‍ കഴിയുന്ന ഒരു ഭരണ സംവിധാനം ഉണ്ടാകുന്നില്ലെങ്കില്‍ അതിന് ഉത്തരവാദി ഓരോ ഭാരതീയനും സര്‍വ്വോപരി സര്‍ക്കാരുമാണ്. മതവര്‍ഗ്ഗിയവാദത്തില്‍ നിന്ന് ഉയര്‍ന്നു വന്ന് മതാതീതമായ ഒരു സംസ്‌കാരത്തില്‍ ജീവിക്കാനുള്ള സാഹചര്യം ഭാരതീയ ജനതക്കുണ്ടാകട്ടെ. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ചിന്തക്ക് ഊന്നല്‍ കൊടുത്തു കൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കട്ടെ. 
പശു; ദാദ്രി; ട്രമ്പ്‌: അവസ്ഥാന്തരങ്ങള്‍ (വാസുദേവ് പുളിക്കല്‍)
Join WhatsApp News
വായനക്കാരൻ 2015-12-12 17:45:14
എങ്ങനെ എറിഞ്ഞാലും പൂച്ച നാലുകാലിൽ ലാൻഡു ചെയ്യുമെന്ന് പറയാറുണ്ട്. അതുപോലെ കറങ്ങിത്തിരിഞ്ഞു  ഈ ലേഖനം രണ്ട് നിഗമനങ്ങളിൽ എത്തിച്ചേരുന്നു: മുസ്ലീം മതസ്ഥരെ അമേരിക്കയിൽ കടത്തരുത്, ഇന്ത്യയിൽ ഗോവധം നിരോധിക്കുക.   
thinker 2015-12-14 04:47:24
ആര്‍.എസ്.എസ്. പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ പിന്തൂണക്കുന്നു എന്നു വ്യക്തം. ഇന്ത്യയെ ഇനിയും മുറിപ്പെടുത്താനുള്ള തത്വശാസ്ത്രം.അമേരിക്കന്‍ ജനാധിപത്യത്തില്‍ ജീവിച്ചിട്ടും ഇത്തരം ചിന്താഗതി ശരിയോ? പശു ഏതു വകുപ്പിലാണു ദൈവമാകുന്നത്? ഒരു കാലത്തു സതി സമ്പ്രദായം ശരിയെന്നു കരുതി. ഇന്നു പക്ഷെ ഒരു ഹിന്ദുവും അത് അംഗീകരിക്കുന്നില്ല. അതു പോലെ തന്നെ ജാതി സമ്പ്രദായവും തെറ്റെന്നു ഇപ്പോള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്. പശുവിന്റെ കാര്യത്തിലും ഒരു പുനര്‍വിചിന്തനം ആകാം.
Aniyankunju 2015-12-14 13:56:09
Well said, Mr. Thinker.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക