Image

ദുബായ്‌ ഇന്റര്‍നാഷനല്‍ ബോക്‌സിങ്‌ ചാംപ്യന്‍ഷിപ്പ്‌ ഫെബ്രുവരി രണ്ടിന്‌

Published on 19 January, 2012
ദുബായ്‌ ഇന്റര്‍നാഷനല്‍ ബോക്‌സിങ്‌ ചാംപ്യന്‍ഷിപ്പ്‌ ഫെബ്രുവരി രണ്ടിന്‌
ദുബായ്‌: അമേരിക്കന്‍ ബോക്‌സര്‍ ബോബ്‌ ദ്‌ ബീസ്‌റ്റും യുഎഇ ചാംപ്യന്‍ ബോക്‌സര്‍ ഈസ അല്‍ ദായുമടക്കമുള്ള പ്രമുഖരുടെ ഇടി കാണാന്‍ ദുബായിക്കു വീണ്ടും അവസരം. ഇവരടക്കമുള്ള പ്രമുഖ ബോക്‌സര്‍മാര്‍ പങ്കെടുക്കുന്ന ദുബായ്‌ ഇന്റര്‍നാഷനല്‍ ബോക്‌സിങ്‌ ചാംപ്യന്‍ഷിപ്പ്‌ ഫെബ്രുവരി രണ്ടിന്‌ ദുബായ്‌ ഏവിയേഷന്‍ ക്ലബില്‍ നടക്കും. സ്വീഡിഷ്‌ ബോക്‌സര്‍ തുഫാനെതിരെയാണ്‌ എട്ടടിയോളം ഉയരക്കാരനായ ബോബ്‌ സാപ്പ്‌ എന്ന ഭീമന്‍ മല്‍സരിക്കുക. സ്വീഡനില്‍ നിന്നുള്ള പ്രഫഷനല്‍ ബോക്‌സിങ്‌ ഫെഡറേഷന്‍ ചാംപ്യന്‍ മിക്കേലയുമായും ബോബ്‌ ഇടികൂടും.

ഇറ്റലി, സ്വീഡന്‍, ഇറാന്‍, ഫ്രാന്‍സ്‌, തുര്‍ക്ക്‌മെനിസ്‌ഥാന്‍, ഉസ്‌ബെക്കിസ്‌ഥാന്‍, ഈജിപ്‌ത്‌, ഫിലിപ്പൈന്‍സ്‌, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ബോക്‌സര്‍മാരും ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. ചാംപ്യന്‍ഷിപ്പില്‍ നിന്നുള്ള എല്ലാ വരുമാനവും ദുബായ്‌ ഓട്ടിസം സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണു നല്‍കുക. ഇരുനൂറോളം കുട്ടികള്‍ ഇവിടെ ചികില്‍സയ്‌ക്കായി വെയിറ്റിങ്‌ ലിസ്‌റ്റിലുണ്ടെന്ന്‌ സെന്ററിന്റെ കമ്യൂണിറ്റി സര്‍വീസ്‌ കോ - ഓര്‍ഡിനേറ്റര്‍ സാറ അഹമ്മദ്‌ ബക്കര്‍ പറഞ്ഞു. പുതിയ കെട്ടിടം ഉണ്ടാക്കാനാണ്‌ ഈ വരുമാനം വിനിയോഗിക്കുന്നത്‌.

ഇവിടെ 150 കുട്ടികളെ ചികില്‍സിക്കാനാകും. ഇത്തരത്തിലൊരു സംരംഭത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷമുണ്ടെന്ന്‌ ഹോളിവുഡ്‌ കൊമേഡിയന്‍ കൂടിയായ ബോബ്‌ സാപ്‌ പറഞ്ഞു. മല്‍സരത്തിന്‌ 150 ദിര്‍ഹം മുതല്‍ 550 ദിര്‍ഹം വരെയാണു ടിക്കറ്റ്‌ നിരക്കുകള്‍. വെര്‍ജിന്‍ മെഗാ സ്‌റ്റോറുകള്‍ വഴിയാണു ടിക്കറ്റ്‌ വില്‍പന. ഇനോക്‌, ഇപ്‌കോ എന്നിവയുടെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും വില്‍പനയുണ്ടാകും. ദുബായ്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഇവന്റ്‌സ്‌ വിഭാഗം മേധാവി ഹെസ അല്‍ ഖൂസ്‌, സ്‌പോണ്‍സര്‍മാര്‍ തുടങ്ങിയവരും കാര്യങ്ങള്‍ വിശദീകരിച്ചു. www.boxofficeme.com എന്ന വെബ്‌സൈറ്റിലും ടിക്കറ്റുകള്‍ ബുക്കു ചെയ്യാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക