Image

മലയാളി സംഘടനകള്‍ എല്ലും തോലുമായി; മാധ്യമങ്ങള്‍ സ്തുതിപാഠകരായി-1 (സംഘടനകളും മാധ്യമങ്ങളും-എ.സി. ജോര്‍ജ്)

എ.സി. ജോര്‍ജ് Published on 07 December, 2015
മലയാളി സംഘടനകള്‍ എല്ലും തോലുമായി; മാധ്യമങ്ങള്‍ സ്തുതിപാഠകരായി-1 (സംഘടനകളും മാധ്യമങ്ങളും-എ.സി. ജോര്‍ജ്)
(ലേഖന പരമ്പര അധ്യായം ഒന്ന്))
അമേരിക്കന്‍ മലയാളി സംഘടനകളും മാധ്യമങ്ങളും

(ഈ ലേഖനം മൂന്ന് അധ്യായങ്ങളായി തിരിച്ച് മൂന്ന് പ്രാവശ്യമായി പ്രസിദ്ധീകരിക്കുന്നതിനാല്‍ തുടക്കം മുതല്‍ തന്നെ മൂന്ന് അധ്യായങ്ങളും മുഴുവനായി വായിച്ചാല്‍ മാത്രമാണ് ഈ ലേഖകന്റെ ആശയങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കയുള്ളു. മാത്രമല്ല സ്പീഡ് വായനക്കിടയില്‍ അവിടവിടെ ചില വരികള്‍ ഒഴിവാക്കിയാല്‍ തെറ്റിധാരണകള്‍ മാത്രമാകും ഫലം. അമേരിക്കന്‍ മലയാളി പ്രസ്ഥാനങ്ങളെ കുറിച്ച് എഴുതുമ്പോള്‍ അതിലെ സങ്കീര്‍ണതകള്‍ വളരെ വലുതാണല്ലോ. ഈ ശീര്‍ഷകത്തില്‍ ഉദ്ദേശിക്കുന്നത് ഒരു ഹ്രസ്വ ചരിത്രമോ ലേഖകന്റെ സമ്പൂര്‍ണമായ കാഴ്ചപ്പാടുകളോ പോലുമല്ല. കുറെ ശിഥിലമായ ചിന്തകളും അവലോകനങ്ങളും മാത്രം. ഇതൊന്നും ഒരിക്കലും മുഴുവന്‍ അമേരിക്കന്‍ മലയാളി സംഘടനകളേയും മുഴുവന്‍ മാധ്യമങ്ങളേയും പറ്റിയല്ല. ഒന്നിനേയും പേരെടുത്തുപോലും പറഞ്ഞിട്ടില്ല. ഈ ലേഖകന്റെ അഭിപ്രായങ്ങളും വീക്ഷണ കോണുകളും കുറ്റമറ്റതാണെന്നും അവകാശപ്പെടുന്നില്ല. ഈ വിഷയത്തില്‍ ലേഖകന്‍ ഉന്നയിക്കുന്ന പരാമര്‍ശങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുക മാത്രമാണ് ചെയ്യുന്നത്. പിന്നെ കുറച്ചെങ്കിലും നിഷ്പക്ഷമായി മുഖം നോക്കാതെ തുറന്നെഴുതിയില്ലെങ്കില്‍ എന്തു ലേഖന ധര്‍മ്മം. മാധ്യമ ധര്‍മ്മം. പലപ്പോഴായി പ്രസിദ്ധീകരിക്കുന്ന മൂന്ന് അധ്യായങ്ങളും പിന്‍തുടര്‍ച്ചയോടെ അനുസ്മരിച്ചുകൊണ്ട് മുഴുവനായി ചേര്‍ത്തു വായിക്കണമെന്നു മാത്രമാണ് വിനീതമായ അപേക്ഷ)

ഈ ലേഖനത്തിന്റെ ശീര്‍ഷകം പോലെ അമേരിക്കന്‍ മലയാളി സംഘടനകളും അമേരിക്കന്‍ മലയാളി മാധ്യമങ്ങളും തമ്മിലുള്ള പരസ്പര പൂരകങ്ങളായ അഭേദ്യ ബന്ധങ്ങളെ ആധാരമാക്കിയ ഒരു വിഹഗ വീക്ഷണമാണ് താഴെ കൊടുക്കുന്നത്. 1970കളോടെയാണ് കൂട്ടമായ മലയാളി കുടിയേറ്റം അമേരിക്കയില്‍ കൂടുതലായി ആരംഭിച്ചത്. ഓണം, ക്രിസ്തുമസ് തുടങ്ങിയ ഉല്‍സവങ്ങള്‍ കേരളീയ തനിമയില്‍ ആഘോഷി ക്കാനാണ് പ്രാദേശിക തലത്തില്‍ മലയാളി കൂട്ടായ്മകള്‍ ഉടലെടുത്തത്. ഈ മലയാളി കൂട്ടായ്മയുടെ അല്ലെങ്കില്‍ ആദ്യകാല മലയാളി സംഘടനകളുടെ ആഘോഷങ്ങളെ പറ്റിയൊ വിവിധ ഉദ്ദേശ പദ്ധതികളെ പറ്റിയൊ മലയാളി ജനമധ്യത്തിലും സമൂഹത്തിലും അറിയിച്ചതും അറിഞ്ഞു കൊണ്ടിരുന്നതുമായ മാധ്യമങ്ങള്‍ നേരിട്ടുള്ള പരസ്പര സംസാരത്തിലൂടെയൊ, ഫോണ്‍ വഴിയോ പോസ്റ്റല്‍ വഴിയൊ ഒക്കെയാണ.് ക്രമേണ കൈഎഴുത്ത് വാരികകള്‍, ദൈ്വവാരികകള്‍, മാസികകള്‍, കുറച്ചൊക്കെ വെട്ടിയും ഒട്ടിച്ചും മലയാളി ജനമധ്യത്തില്‍ പ്രചരിക്കാന്‍ തുടങ്ങി. അന്നു മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംഘടനയിലും അതുപോലെ സംഘടനാ പ്രവര്‍ത്തകര്‍ക്ക് മാധ്യമ രംഗത്തും പരിഗണനീയമായ ഒരു സ്ഥാനവും പരസ്പര ധാരണയു മുണ്ടായിരുന്നു. സംഘടനകള്‍ എണ്ണത്തിലും വണ്ണത്തിലും പെറ്റും പെരുകിയും പിളര്‍ന്നും തളര്‍ന്നും അമേരിക്കയിലെങ്ങും വ്യാപിച്ചു കൊണ്ടെയിരുന്നു.

അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ നിയമങ്ങള്‍ക്കനുസൃതമായി നോണ്‍ പ്രോഫിറ്റ് സ്റ്റാറ്റസും വാങ്ങി ജനാധിപത്യരീതിയിലുള്ള ഭരണഘടനകളും തയ്യാറാക്കി അതിന് അനുസൃതമാക്കിയും വ്യാഖ്യാനിച്ചും ദുര്‍വ്യാഖ്യാനിച്ചും ജനാധിപത്യത്തില്‍ വെള്ളം ചേര്‍ത്തും ഭരണഘടനയെ ലംഘിച്ചു തന്നെയും സംഘടനകളുടെ പ്രവര്‍ത്തനം തുടരുന്നു. ഒരേ ദിശയിലും ചട്ടക്കൂട്ടിലുമുള്ള വൈവിധ്യമേറിയ സംഘടനകളെ എല്ലാം ചേര്‍ത്തു വെച്ചും ഏകോപിപ്പിച്ചു കൊണ്ടും വിവിധ മെഗാ അംബ്രല്ലാ അസ്സോസിയേഷനു കളുമുണ്ടായി. കൂടാതെ ആഗോള ഭൂലോക ശൂന്യാകാശ സൗരയൂഥ മലയാളി സംഘടനകളുമുണ്ടായി. എല്ലാറ്റിന്റെയും പരമമായ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഒന്നു തന്നെ. ആര്‍ഷ ഭാരത സംസ്‌ക്കാരം, ചുരുക്കത്തില്‍ (ആ.ഭാ.സം) കൊണ്ടുവരിക, പുലര്‍ത്തുക, നട്ടുനനച്ച് വളര്‍ത്തുക, അവകാശങ്ങള്‍ക്കു വേണ്ടി പോരാടുക, അവകാശങ്ങള്‍ പിടിച്ചു പറ്റുക പിടിച്ചു പറിക്കുക തുടങ്ങിയവയാണ്. ആരുടെ അവകാശങ്ങല്‍. ആര് പിടിച്ചെടുത്തു, ആരോട് എന്തിന് എവിടെ, ഏതു വിധേനയും പല്ലും നഖവും ഉപയോഗിച്ച് പോരാടണം എന്ന കാര്യത്തില്‍ മാത്രം അത്ര വ്യക്തത പോരെന്നു മാത്രം. ഈ സംഘടനകള്‍ക്ക് വളവും വെള്ളവും വെളിച്ചവും പകര്‍ന്നു കൊണ്ടിവിടത്തെ മലയാളി അച്ചടി ദൃശ്യമാധ്യമങ്ങളും മലയാളി സാമുഹൃ പ്രസ്ഥാനങ്ങള്‍ പോലെ തന്നെ വളരാനും പിളരാനും തുടങ്ങി. ചില സംഘടനാ പ്രവര്‍ത്തകര്‍ അച്ചടി ദൃശ്യ മാധ്യമ രംഗത്തും പ്രവര്‍ത്തിച്ച് കഴിവ് തെളിയിക്കാനൊ കൊടികുത്താനൊ ശ്രമിച്ചു. അതുപോലെ ചില അച്ചടി ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ മറ്റ് മലയാളികളുടെ വിവിധ ഉദ്ദേശ സംഘടനകളിലേക്കും എടുത്തു ചാടി കഴിവു തെളിയിച്ചു. ചിലര്‍ ഒരേ സമയത്തും കാലഘട്ടത്തിലും ഈ രണ്ടു മേഖലയിലും പ്രവര്‍ത്തിച്ച് അവരുടെ സാന്നിധ്യവും കഴിവും സ്ഥാനത്തും അസ്ഥാനത്തും തെളിയിച്ച് കൊണ്ടിരിക്കുന്നു. അതുപോലെ എല്ലായിടത്തും പോയി തലയിടുന്ന ചിലര്‍ ഒരിടത്തും വിജയിക്കാതെ തോറ്റു തുന്നം പാടുന്നു.

മലയാളി കൂട്ടായ്മകളായ സമാജങ്ങളെയും അതുപോലെ മാധ്യമങ്ങളെയും അതുല്യം പ്രേമിച്ച് തലോടി തലയിലേറ്റിയ ചിലര്‍ പ്രായേണയൊ പെട്ടെന്നു തന്നെയോ ആ പ്രവര്‍ത്തനങ്ങളെല്ലാം മതിയാക്കി അതിന്റെയെല്ലാം പരമ ശത്രുക്കളും ക്രിട്ടിക്കുകളുമായി മാറുന്നുതും കാണാം. എപ്പോഴുമുള്ള അങ്ങോട്ടും ഇങ്ങോട്ടുമുള്ള ചാഞ്ചാട്ടങ്ങളും ഓന്തിന്റെ മാതിരിയുള്ള നിറം മാറ്റങ്ങളും മലയാളിയുടെ മുഖമുദ്രയാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അതു ശരിയൊ! തെറ്റോ! നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളുടെ യുവ ടര്‍ക്കികളൊ തുര്‍ക്കികളൊ ഛോട്ടാ നേതാക്കളോ മൂത്ത നേതാക്കളോ സഖാക്കളോ അമേരിക്കയിലെത്തുമ്പോള്‍ ഒന്നു തിളങ്ങാനും വിളങ്ങാനും നേതൃത്വം ചമഞ്ഞ് ലക്ഷം ലക്ഷം പിന്നാലെ എന്ന മുദ്രാവാക്യം വിളിച്ച് സംഘടിക്കുന്നത് കൂവാനും കൊക്കാനുമാണെന്ന് ചിലര്‍ പറയുന്നതില്‍ കഴമ്പുണ്ടെന്ന് പല സന്ദര്‍ഭത്തിലും വെളിവായിട്ടുണ്ട്. ആരുടേയും അപ്രീതി സമ്പാദിക്കേണ്ടതില്ലല്ലൊ എന്നുള്ള കാഴ്ചപ്പാടിലുള്ള മാധ്യമങ്ങള്‍ അവരുടെ അത്തരത്തിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും ചൂട്ടു പിടിക്കുകയാണ് പതിവ്.

ഇന്ത്യന്‍ പള്ളികളുടെയും അമ്പലങ്ങളുടേയും പൂജാരികളുടെയും പുരോഹിതരുടെയും തിരുമേനികളുടെയും സംഘടിതമായ കുടിയേറ്റവും സ്വര്‍ഗ്ഗീയ ആത്മരക്ഷാ പ്രവര്‍ത്തനങ്ങളും അമേരിക്കന്‍ മണ്ണില്‍ ആരംഭിച്ചതോടെ മലയാളികളുടെ സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകരില്‍ 95 ശതമാനവും മതങ്ങളുടെ പരിവേഷമുള്ള വളക്കൂറുള്ള ആ മണ്ണിലേക്ക് പറിച്ചു നടപ്പെട്ടു. സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്കും ആരാധനാ പ്രസ്ഥാനങ്ങള്‍ക്കുമായി കൂടുതല്‍ ആളും അര്‍ത്ഥവും സമയവും അവര്‍ ചെലവഴിക്കാന്‍ തുടങ്ങിയതോടെ ആദ്യം സൂചിപ്പിച്ച മലയാളികളുടെ സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനകള്‍ പല തരത്തില്‍ ദൂര്‍ബലമായി, കുടുതല്‍ മെലിയാന്‍, തളരാന്‍ തുടങ്ങി. മതത്തിന്റെ ഭിത്തികളില്‍ ഇവിടെ കുടിയേറിയ മലയാളികള്‍ വിഘടിതമായതോടെ മലയാളികളുടെ പൊതുവായ ഓണം തുടങ്ങിയ ദേശീയ ആഘോഷങ്ങള്‍ പോലും ദേവാലയങ്ങളിലായി. സാമൂഹ്യ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ ആളില്ലാതാകുകയും ഉള്ള പ്രവര്‍ത്തകരുടെ തന്നെ വീറും ശുഷ്‌കാന്തിയും ശുഷ്‌കിച്ച് ഒലിച്ചു പോകാനും തുടങ്ങി. സാമൂഹ്യ- സാംസ്‌ക്കാരിക സംഘടനകളില്‍ തുലോം പ്രവര്‍ത്തിക്കാന്‍ തന്നെ വരുന്നവര്‍ മതാടിസ്ഥാനത്തില്‍ വെട്ടുകിളികളുടെ മാതിരി പാനലുകളുമായി വന്ന് സംഘടനകളെ ഒന്നുകൂടി കലുഷിതമാക്കി. അവരുടെ തന്നെ ആരാധനാലയങ്ങളിലെ പുരോഹിതര്‍ ഇവിടെയും വന്ന് ഓണാഘോഷം തുടങ്ങിയവയില്‍ തിരിതെളിയിക്കാനും മുഖ്യപ്രഭാഷണം നടത്താനുമാരംഭിച്ചതോടെ സാമൂഹ്യ സംഘടനകളുടെ പ്രസക്തി തീര്‍ത്തും നഷ്ടമായി. സങ്കുചിതമായ ഓരോ മതങ്ങളുടേയും അതിപ്രസരത്തിലും വേലികെട്ടിലും ഇവിടത്തെ സാമൂഹ്യ മലയാളി സംഘടനകള്‍ ശോഷിച്ച് എല്ലും തോലുമായി പരിണമിച്ചു. ഇതിന്റെ എല്ലാം ഫോട്ടോകളും വാര്‍ത്തകളും വീഡിയോകളും ഇവിടത്തെ മലയാളി ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു., നില്‍ക്കുന്നു.

അമേരിക്കയിലെയൊ ഇന്ത്യയിലെയൊ മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തുന്നതുപോലുള്ള സ്വയം വിമര്‍ശനങ്ങളൊ സാമൂഹ്യ വിമര്‍ശനങ്ങളൊ വിലയിരുത്തലുകളൊ ഇവിടത്തെ മലയാളി മാധ്യമങ്ങളില്‍ വളരെ വിരളമായി മാത്രമെ കാണാറുള്ളൂ. മാംസമുള്ളിടത്തെ കത്തി പായൂ എന്നു പറയുന്ന പോലെ മതാധിപരേയും അവരുടെ സംഘടനകളേയും പ്രീണിപ്പിച്ചും പ്രീതിപ്പെടുത്തിയുമാണ് ഇവിടത്തെ ഭൂരിപക്ഷം മലയാളി മാധ്യമങ്ങളും നിലകൊള്ളുന്നത് എന്നുള്ളത് പരിതാപകരമാണ്. സംഘടനകളായാലും മാധ്യമങ്ങളായാലും, ആരാധനാലയങ്ങളായാലും നാട്ടിലെ ഏതു തുറയിലുള്ള സില്‍ബന്ധികളേയൂം സിലിബ്രിറ്റി കളേയൂം ഇവിടെ പൊക്കിക്കൊണ്ടു വന്ന് കൂടെ നിന്നും നടന്നും ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും പ്രദര്‍ശിപ്പിക്കാനും അവരുടെ ആട്ടവും, പാട്ടും, നൃത്തവും പ്രസംഗവും കേള്‍ക്കാനും അവരെ മുഖ്യാതിഥികളായി പ്രതിഷ്ഠിക്കാനുമാണ് തത്രപ്പെടുന്നത്. അതിനായി വലിയ അധ്വാനവും ഫണ്ടും ചെലവഴിക്കാന്‍ സംഘടനാ കണ്‍വെന്‍ഷന്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ ഏതു മേഖലയില്‍ നിന്നായാലും തയ്യാറാണ്. കൂടാതെ അവര്‍ക്കായി ഇവിടെ അവാര്‍ഡുകളും പുരസ്‌കാരങ്ങളും, അംഗീകാരങ്ങളും, പ്രശംസാ ഫലകങ്ങളും കാത്തിരുപ്പാണ്. എന്നാല്‍ ഈ പറയുന്നവരേക്കാള്‍ പതിന്മടങ്ങ് അറിവും കഴിവും പക്വതയുമുള്ള എത്രയോപേര്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ട്. അവര്‍ക്ക് അവസരങ്ങളും വേദികളും അംഗീകാരങ്ങളും അര്‍ഹിക്കുന്ന മാതിരി നല്‍കികൂടെ. എല്ലാം നാട്ടിലെ-കേരളത്തിലെ -ഇന്ത്യയിലെ മാത്രം മതി. എങ്കില്‍ പിന്നെ എന്തിനാണീ രാജ്യത്തേക്ക് അമേരിക്കയിലേക്ക് കുടിയേറിയത്? അവിടെ തന്നെ പോയികിടന്ന് നാടന്‍ സിലിബ്രിറ്റികളെ കണ്ട്, കേട്ട്, ആസ്വദിച്ച് പുരസ്‌കാരങ്ങള്‍ വാരികോരി കൊടുത്തും വാങ്ങിയും അങ്ങു കഴിഞ്ഞു കൂടെ? ഒരു നാടന്‍ സിലിബ്രിറ്റിയും ഇവിടെ ആയികൂടായെന്നല്ലാ വ്യംഗ്യം. അതുമാത്രം, അവര്‍മാത്രം എന്ന രീതിയിലുള്ള ഒരു പാരമ്യത്തിലാകരുതേ എന്നു മാത്രമാണിവിടെ ഉദ്ദേശിക്കുന്നത്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെയൊ മറ്റോ ധാരാളം ഓവര്‍സീസ് അമേരിക്കന്‍ സംഘടനകളിവിടെ കാണാന്‍ സാധിക്കും. അതുകൊണ്ട് ഇവിടെ കാര്യമായ വല്ല പ്രയോജനവുമുണ്ടൊ? ചില രാഷ്ട്രീയ കോമരങ്ങളെ അവരുടെ ലേബലില്‍ ഇവിടെ എഴുന്നള്ളിക്കാം കൂടെ നിന്ന് ഫോട്ടോ എടുക്കാം. മാധ്യമങ്ങളില്‍ ചേര്‍ക്കാം അതുകൊണ്ട് സ്വയം സായൂജ്യമടഞ്ഞ് ഞെളിയാം. അവരെ കൊണ്ട് പ്രവാസികള്‍ക്ക് അര്‍ഹമായ എന്തെങ്കിലും അവകാശങ്ങള്‍ നേടിത്തരാന്‍ സാധിച്ചിട്ടുണ്ടൊ? നാട്ടില്‍ ചെന്ന് അര്‍ഹമായ എന്തെങ്കിലും അവകാശങ്ങള്‍ ചോദിച്ചാല്‍ അവര്‍ കൈമലര്‍ത്തുക മാത്രമല്ലാ അറിയുന്ന ഭാവം പോലും നടിച്ചെന്നു വരികയില്ലാ താനും.

സംഘടനകളില്‍ പോകുന്നവരുടെയും വരുന്നവരുടെയും കാര്യത്തില്‍ വന്‍ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുകയാണെങ്കിലും വീണ്ടും സംഘടനകള്‍ പൊട്ടിമുളച്ചു കൊണ്ടിരിക്കുകയാണ്. നാട്ടിലെ വിവിധ ഡിസ്ട്രിക്ടുകളുടെ, താലൂക്കുകളുടെ സ്ഥലങ്ങളുടെ ഒക്കെ പേരില്‍ ഇവിടെ ധാരാളം സംഘടനകളായി. വിവിധ പ്രൊഫഷനുകളുടെ പേരില്‍ സ്‌പോര്‍ട്‌സുകളുടെ പേരില്‍ മാധ്യമങ്ങളുടെ തന്നെ പേരില്‍ സംഘടനകള്‍ ജനിച്ചു കൊണ്ടേയിരിക്കുന്നു. മിക്കവാറും എല്ലാ സംഘടനകളിലും ഒരു ജനാധിപത്യ തെരഞ്ഞെടുപ്പിന്റെ ഭരണഘടനയൊ പരിവേഷമോ ഉണ്ടെങ്കില്‍ തന്നെ ചിലര്‍ ചില സംഘടനാ തസ്തികകളില്‍ സ്ഥിരമായി കുത്തിയിരിക്കുന്നു. സ്ഥാനമൊഴിയേണ്ടി വന്നാല്‍ അവര്‍ക്കായി അതില്‍ തന്നെ മറ്റ് വിവിധ ബോര്‍ഡുകളും ഉപസമിതികളും തസ്തികകളും സൃഷ്ടിക്കപ്പെടുന്നു. അതുമല്ലെങ്കില്‍ അവരുടെ തന്നെ ഇഷ്ടക്കാരെ സ്ഥാനങ്ങളില്‍ തിരികി കയറ്റി പിടിവിടാതെ സംഘടനകളെ സ്വകാര്യ സ്വത്താക്കി വരുന്നു. പല സംഘടനകളും അംഗങ്ങളെ ശരിയായ വരവ് ചെലവ് കണക്കുകള്‍ ബോധിപ്പിക്കാറില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ നാട്ടില്‍ നടത്തി എന്നതിന്റെ ശരിയായ തെളിവുകള്‍, കണക്കുകള്‍ അധികം ഹാജരാക്കാറില്ല. മാധ്യമങ്ങളിലെ കീര്‍ത്തിക്കും പബ്ലിസിറ്റിക്കുമായി കുറച്ച് കടലാസ്സുകളൊ കാലി കവറുകളൊ കൈമാറുന്നതിന്റെ വാര്‍ത്തയും പബ്ലിസിറ്റിയും ഫോട്ടോകള്‍, വീഡിയോകള്‍ ഒക്കെ മാത്രം അച്ചടി ദൃശ്യമാധ്യമങ്ങളില്‍ കാണാം. വളരെ കുറച്ചു മാത്രം ആത്മാര്‍ത്ഥത നിറഞ്ഞ, സത്യസന്ധത നിറഞ്ഞ വാര്‍ത്തകള്‍ കണ്ടെന്നിരിക്കും.
(തുടരും) 
മലയാളി സംഘടനകള്‍ എല്ലും തോലുമായി; മാധ്യമങ്ങള്‍ സ്തുതിപാഠകരായി-1 (സംഘടനകളും മാധ്യമങ്ങളും-എ.സി. ജോര്‍ജ്)
Join WhatsApp News
Blesson 2015-12-10 18:51:41
Very good
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക