Image

അസ്തമിക്കാത്ത ഓര്‍മ്മകള്‍ - മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 09 December, 2015
അസ്തമിക്കാത്ത ഓര്‍മ്മകള്‍ - മീട്ടു റഹ്മത്ത് കലാം
സമപ്രായക്കാരുമായി സംസാരിച്ചിരിക്കുന്നതിനെക്കാള്‍ ഞാന്‍ ആസ്വദിക്കുന്നത് മുതിര്‍ന്നവര്‍ക്കൊപ്പമുള്ള നിമിഷങ്ങളാണ്. ഓര്‍മ്മകളുടെ ഏടുകളില്‍ നിന്ന് അവര്‍ ഭംഗിയായി കോര്‍ക്കുന്ന മൊഴിമുത്തുകള്‍ക്ക് എത്ര ചെവികൊടുത്താലും മതിവരില്ല. അതുകൊണ്ടുതന്നെ കോട്ടയത്തുനിന്ന് ആലപ്പുഴയിലേയ്ക്കുള്ള യാത്രകള്‍ എനിക്ക് പ്രിയപ്പെട്ടതാണ് പ്രത്യേകിച്ച് എഴുത്തുകാരനായ വല്ല്യച്ഛന്‍, 'വാപ്പപ്പ' എന്ന് ഞാന്‍ വിളിക്കുന്ന ആലപ്പി ഷെറീഫുമൊത്ത് ഹ്രസ്വമായ സംഭാഷണങ്ങള്‍ പോലും ആശയങ്ങളുടെ നീരുറവയാണെന്ന തിരിച്ചറിവ് എന്നെ ആ മണ്ണിനോട് അടുപ്പിക്കുന്ന ഘടകമായി. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെങ്കിലും ആശുപത്രിവാസം കഴിഞ്ഞ് പതിവിലും ഊര്‍ജ്ജസ്വലനായുള്ള തിരിച്ചു വരവ് എന്നത്തെയും പോലെ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

ആംബുലന്‍സിന്റെ ചീറിപ്പായുന്നശബ്ദം കേള്‍ക്കുമ്പോള്‍ അതിനുള്ളില്‍ ഏതജ്ഞാതനാണെങ്കിലും രക്ഷപ്പെടണേ എന്ന് പ്രാര്‍ത്ഥിച്ച് ശീലിച്ച എനിക്ക് വാപ്പപ്പയുടെ ചേതനയറ്റ ശരീരത്തെ മറ്റൊരു വാഹനത്തില്‍ അനുഗമിക്കുമ്പോള്‍ നിസ്സഹായത കലര്‍ന്ന തീവ്രവേദന നെഞ്ചില്‍ തിങ്ങി. നൂറോളം തിരക്കഥകള്‍ മലയാളത്തിന് സമ്മാനിച്ച അതുല്യപ്രതിഭയെ കേരളമണ്ണിന് നഷ്ടപ്പെട്ടപ്പോള്‍, അടുത്തിരുത്തി കയ്യില്‍ മുറുകെപ്പിടിച്ച് 'മോളേ' എന്നവിളിയില്‍ സ്‌നേഹംനിറച്ച് സൂര്യന് താഴെയുള്ള എന്തിനെക്കുറിച്ചും ആധികാരികമായ അറിവോടെ സംസാരിക്കുന്ന വാപ്പപ്പ യാത്രയായത് എനിക്ക് സ്വകാര്യനഷ്ടം കൂടിയാണ്. കേരളത്തിലെ തന്നെ അപൂര്‍വ്വഗ്രന്ഥശേഖരമുള്ള അദ്ദേഹം പുസ്തകങ്ങളെ സ്വന്തം മക്കളെപ്പോലെയാണ് കരുതിയത്. ആര്‍ക്കും നല്‍കാതെ സൂക്ഷിച്ച അവയില്‍ നിന്ന് ഞാന്‍ എഴുതിത്തുടങ്ങിയ കാലത്ത് സന്തോഷപൂര്‍വ്വം, രണ്ട് പുസ്തകങ്ങള്‍ സമ്മാനിച്ചത് ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്.

കുഞ്ഞുനാളില്‍ ഉമ്മ പറഞ്ഞുകൊടുത്ത അറബിക്കഥകളിലൂടെ ഭാവനയുടെ ലോകത്തേയ്ക്ക് പറന്നുയര്‍ന്നതാണഅ ആലപ്പി ഷെറീഫിന് എഴുത്തിനുള്ള വഴിവിളക്കായത്. 'നിങ്ങളുടെ സംഗീതം' എന്ന നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത് 'ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട ഉമ്മയ്ക്ക്' എന്നാണ്. വാപ്പപ്പ അവസാനം ഉച്ചരിച്ച വാക്കും 'ഉമ്മ' എന്നായിരുന്നു.

കാക്കനാടനും മുകുന്ദനും ഒ.വി.വിജയനും ചേര്‍ന്ന് നോവല്‍ രചനയില്‍ സൃഷ്ടിച്ചതുപോലെയൊരു മാറ്റം മലയാള തിരക്കഥാശാഖയില്‍ കൊണ്ടുവന്നതിന്റെ പേരിലായിരിക്കും കാലം 'ആലപ്പി ഷെറീഫ്' എന്ന എഴുത്തുകാരനെ ഓര്‍മ്മിക്കുക. കലാകാരന്‍ കാലത്തിന് അതീതനായി ചിന്തിക്കണം എന്നതിന് ഉദാഹരണം കൂടിയാണ് ആ രചനകള്‍. പോയ തലമുറയ്ക്ക് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയാത്തതും പുതുതലമുറയ്ക്ക് വേറിട്ട അര്‍ത്ഥതലങ്ങള്‍ തുറന്നുകൊടുക്കുന്നതുമാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍. സദാചാരത്തിന്റെ മാനദണ്ഡം കാണുന്നവന്റെ വീക്ഷണക്കോണിലാണെന്ന വിശ്വാസമാണ് ആ തൂലികയുടെ കരുത്ത്. അഭിസാരികയുടെ ഉള്ളില്‍ ആരും കാണാതെ കിടന്ന നന്മയും സ്ത്രീത്വവും പ്രമേയമാക്കി 'അവളുടെ രാവുകള്‍' പോലൊരു ചിത്രത്തിന് നിര്‍മ്മാതാവ് മുന്നിട്ടിറങ്ങിയത് ഷെറീഫിന്റെ ക്രാഫ്റ്റിലെ മാസ്മരികത അറിയാവുന്നതുകൊണ്ടാണ്. ഷെറീഫ്-ഐ.വി.ശശി കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റുകള്‍ക്ക് താരങ്ങളുടെ പിന്‍ബലം വേണ്ടിയിരുന്നില്ല. അഭിനയമികവ് പ്രകടിപ്പിക്കാനുള്ള അവസരമായാണ് നടീനടന്മാര്‍ അദ്ദേഹം ജന്മം നല്‍കിയ കഥാപാത്രങ്ങളെ കണ്ടത്. 'സ്‌ഫോടന'ത്തിലൂടെ മമ്മൂട്ടിയ്ക്കും 'ഈറ്റ'യിലൂടെ കമലഹാസനും മലയാളമനസ്സില്‍ ഇടംനേടിക്കൊടുത്തതില്‍ എഴുത്തുകാരന്റെ പങ്ക് ചെറുതല്ല.
നായകസങ്കല്പമായി 'പ്രേംനസീര്‍' മാത്രം ഉണ്ടായിരുന്ന കാലയളവില്‍ കെ.പി.ഉമ്മറിനെയും രാഘവനെയും പോലുള്ളവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ഉത്സവം എന്ന ചിത്രം അന്നത്തെ നവതരംഗ സിനിമയായിരുന്നെന്നാണ് സംവിധായകന്‍ കമല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപില്‍ കുടിവെള്ളമില്ലാതെ  വിഷമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥ തിയേറ്ററുകളില്‍ നിറഞ്ഞോടി.

കഥാപാത്രങ്ങള്‍ക്കുചേരുന്ന അഭിനേതാക്കളെ തെരഞ്ഞെടുക്കുന്ന ശൈലിയില്‍ നിന്ന് താരങ്ങള്‍ക്കായി കഥകള്‍ സൃഷ്ടിക്കുന്ന രീതിയിലേയ്ക്ക് സിനിമ മാറിയപ്പോള്‍ ആ ഒഴുക്കില്‍ ഒഴുകാന്‍ 'ആലപ്പി ഷെറീഫ്' തയ്യാറായിരുന്നില്ല. ശാഠ്യങ്ങള്‍ വെടിഞ്ഞ് ഒത്തുതീര്‍പ്പുകള്‍ക്ക് മുതിര്‍ന്നിരുന്നെങ്കില്‍ തിരക്കുള്ള തിരക്കഥാകൃത്തായി തുടരാമെന്ന അറിവോടെ തന്നെ സ്വന്തം തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ആ മനസ്സ് ഒരിക്കലും സന്നദ്ധമായില്ല.

 ആഴവും പരപ്പുമുള്ള വായനയില്‍നിന്ന് മനുഷ്യജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെട്ട്, സിനിമയെന്നല്ല ഒന്നിനും ഭ്രമിപ്പിക്കാന്‍ കഴിയാത്ത തലത്തിലേയ്ക്ക് അദ്ദേഹം എത്തപ്പെട്ടിരുന്നു. മരണം സുഖമുള്ള അനുഭവമാണെന്ന് വാപ്പപ്പ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. വെറുതെ കിടന്നുകൊടുത്താല്‍ ഇതുവരെ സ്‌നേഹിക്കാത്തവരും കാണാനെത്തുകയും കര്‍മ്മങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുകയും നഖംവെട്ടുകയും കുളിപ്പിച്ചുതരികയും തുടങ്ങി നമ്മളെ മാത്രം ശ്രദ്ധിക്കുന്ന അവന്യൂയെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വര്‍ണ്ണിച്ചതിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്.
തന്റേതായ തീരുമാനങ്ങളില്‍ ഉറച്ചുനിന്ന് തന്റേടിയായിതന്നെ വിടവാങ്ങുമ്പോഴും സാഹിത്യലോകവും സിനിമാപ്രേമികളും ആ വിയോഗദു:ഖത്തില്‍ പങ്കുചേര്‍ന്നത് ഏത് ബഹുമതിയെയും അംഗീകാരത്തെയുംകാള്‍ വിലപ്പെട്ടതാണ്. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി സ്വന്തം സൃഷ്ടികളെ വികലമാക്കാന്‍ അനുവദിക്കരുതെന്ന് പുതിയ തലമുറയിലെ എഴുത്തുകാര്‍ക്കുള്ള സന്ദേശം കൂടിയാണ് ആ ജീവിതം.

അസ്തമിക്കാത്ത ഓര്‍മ്മകള്‍ - മീട്ടു റഹ്മത്ത് കലാം
Join WhatsApp News
Krishnankutty Nair 2015-12-10 06:45:57
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയല്ലേ ഇനി നമുക്ക് ചെയ്യാനാകൂ. 
MOHAN MAVUNKAL 2015-12-10 12:00:22
Sorry to hear this. Let him rip!!!!!!!!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക