Image

ശ്രീലങ്കയ്ക്ക് 100 കോടി നല്‍കുമെന്ന് ഇന്ത്യ

Published on 19 January, 2012
ശ്രീലങ്കയ്ക്ക് 100 കോടി നല്‍കുമെന്ന് ഇന്ത്യ
കൊളംബോ: ശ്രീലങ്കന്‍ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി ഇന്ത്യ 100 കോടി രൂപയുടെ ധനസഹായം നല്‍കും. മൂന്ന് പതിറ്റാണ്ട് നീണ്ട ആഭ്യന്തരയുദ്ധത്തിന്റെ മുറിവുണക്കാന്‍ ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് സഹായഹസ്തവുമായെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയാണ് 100 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചത്.

പുതിയ കോഴ്‌സുകളും കൂടുതല്‍ സ്‌കോളര്‍ഷിപ്പുകളും നല്‍കി വിദ്യാഭ്യാസ രംഗത്തെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നതിനാണ് പദ്ധതി ഊന്നല്‍ നല്‍കുകയെന്ന് എസ്.എം.കൃഷ്ണ പറഞ്ഞു. ഇന്ത്യന്‍ സഹായത്തോടെ നിര്‍മ്മിച്ച ലങ്കയിലെ ഗില്ലി-ഹിക്കാഡുവ റെയില്‍പാതയുടെ ഉദ്ഘാടനം നിര്‍വഹിക്കവേയാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ കൃഷ്ണ തമിഴ് പുലികളുടെ ശക്തികേന്ദ്രങ്ങളായിരുന്ന ജാഫ്‌നയും കിളിനൊച്ചിയും കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. ജാഫ്‌നയിലും കിളിനൊച്ചിയിലും തമിഴ് വംശജര്‍ക്കായി ഇന്ത്യന്‍ സഹായത്തോടെ നിര്‍മിച്ച വീടുകള്‍ കൈമാറുന്ന ചടങ്ങും കിളിനൊച്ചിയില്‍ നവീകരിച്ച 79 സ്‌കൂളുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സൈന്യവും തമിഴ് പുലികളും തമ്മിലുള്ള പോരാട്ടത്തിനിടെ തകര്‍ന്ന കിളിനൊച്ചിയിലെ ആസ്പത്രിക്ക് ഒന്നരക്കോടി രൂപ വിലവരുന്ന ഉപകരണങ്ങളും ഇന്ത്യ നല്‍കി.

തമിഴ് മേഖലയുടെ പുനര്‍നിര്‍മാണത്തിന് കൂടുതല്‍ സഹായം നല്‍കാന്‍ ഇന്ത്യ സന്നദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ച അദ്ദേഹം ലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ, പ്രധാനമന്ത്രി ജയരത്‌നെ, വിദേശകാര്യമന്ത്രി ജി.എല്‍. പെയ്‌രിസ്, ധനമന്ത്രി ബാസില്‍ രാജപക്‌സെ, വ്യവസായമന്ത്രി റിഷാദ് ബാത്തിയുദ്ദീന്‍, ചെറുകിട വ്യവസായമന്ത്രി ഡഗ്ലസ് ദേവാനന്ദ എന്നിവരുമായെല്ലാം കൂടിക്കാഴ്ച്ച നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക