Image

ഗിലാനിയുടെ കേസ് ഫിബ്രവരി ഒന്നിലേക്ക് മാറ്റി

Published on 19 January, 2012
ഗിലാനിയുടെ കേസ് ഫിബ്രവരി ഒന്നിലേക്ക് മാറ്റി
ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കെതിരായ കോടതിയലക്ഷ്യക്കേസ് ഫിബ്രവരി ഒന്നിലേക്ക് മാറ്റി. സുപ്രീംകോടതിയില്‍ ഹാജരായ ഗിലാനിയുടെ ഇന്നത്തെ വാദം പൂര്‍ത്തിയായി. വാദത്തിനിടയില്‍ പക്ഷേ ഗിലാനി ഖേദപ്രകടനമൊന്നും നടത്തിയില്ല.

'ആറ് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് താന്‍. കോടതിയെ ബഹുമാനിക്കുന്നു. കോടതിയില്‍ ഹാജരാകുന്നതിന് ഒരിക്കലും വിമുഖത കാട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയലക്ഷ്യം നടത്തുന്നത് തനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. നോട്ടീസിന് എന്തുകൊണ്ട് രണ്ട് വര്‍ഷം മറുപടി നല്‍കാന്‍ വൈകിയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഫിബ്രവരി ഒന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഗിലാനിയെ കോടതി ഒഴിവാക്കി. പ്രസിഡന്‍റ് സര്‍ദാരിക്ക് നിയമനടപടികളില്‍നിന്ന് പരിപൂര്‍ണ സംരക്ഷണമുണ്ടെന്ന് ഗിലാനി കോടതിക്ക് മുമ്പാകെ ബോധിപ്പിച്ചു. ഭരണഘടനാപരമായ പരിരക്ഷയുണ്ടെന്ന കാര്യം എന്തുകൊണ്ട് ഇതുവരെ അറിയിച്ചില്ലെന്ന് കോടതി മറുപടിയായി ചോദിച്ചു. ഭരണഘടനാപരമായ പരിരക്ഷ പ്രസിഡന്റിനുണ്ടോ എന്ന കാര്യം ഫിബ്രവരി ഒന്നിന് തീരുമാനിക്കും.

സര്‍ദാരിക്കും മറ്റു പി.പി.പി. നേതാക്കള്‍ക്കുമെതിരായ അഴിമതിക്കേസുകള്‍ പുനരാരംഭിക്കാനുള്ള നിര്‍ദേശം അവഗണിച്ചതിന്റെ പേരില്‍ ഗീലാനിക്ക് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസയച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. വ്യാഴാഴ്ച നേരിട്ടു ഹാജരായി വിശദീകരണം നല്‍കാനും നിര്‍ദേശിച്ചിരുന്നു.

പ്രസിഡന്‍റ് സര്‍ദാരിക്ക് നിയമനടപടികളില്‍നിന്ന് പരിപൂര്‍ണ സംരക്ഷണമുണ്ടെന്നതിനാല്‍ അദ്ദേഹത്തിനെതിരായ കേസ് പുനരാരംഭിക്കാനാവശ്യപ്പെട്ട് സ്വിസ് സര്‍ക്കാറിന് ഗീലാനി കത്തെഴുതാത്തത് കോടതിയലക്ഷ്യമാവില്ലെന്നും ഗിലാനിയുടെ അഭിഭാഷകന്‍ വാദിച്ചു. അതിനിടെ, രഹസ്യക്കത്ത് വിവാദത്തെത്തുടര്‍ന്ന് പാക് പ്രതിരോധ സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കം ചെയ്തതിനെതിരെ ലഫ്. ജനറല്‍ (റിട്ട.) ഖാലിദ് നയീം ലോധി സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ സര്‍ദാരിക്കും ഗീലാനിക്കും ഇസ്‌ലാമാബാദ് ഹൈക്കോടതി നോട്ടീസയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക